This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനക്സിമാണ്ടര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനക്സിമാണ്ടര്‍ (ബി.സി. 611? - 547?)

Anaximander

ഏഷ്യാമൈനറിലെ മിലീറ്റസില്‍ ജനിച്ച ശാസ്ത്രജ്ഞനും ദാര്‍ശനികനും. ദാര്‍ശനികനായ തേലിസിന്റെ സുഹൃത്തും സാമോസ് ചക്രവര്‍ത്തി പോളിക്രാറ്റീസിന്റെ രാജസദസ്സിലെ അംഗവുമായിരുന്നു. ജീവിതകാലം ബി.സി. ആറാം ശ.-മായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, പ്രപഞ്ചോത്പത്തി എന്നീ ശാസ്ത്രശാഖകളില്‍ ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. അന്ന് അറിവുള്ളിടത്തോളം വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം ആദ്യമായി തയ്യാറാക്കിയത് ഇദ്ദേഹമാണ്. പ്രാകൃതഘടികാരം നിര്‍മിച്ചു ഭൂമിക്കു വൃത്തസ്തംഭാകൃതിയാണെന്നും ഭൂഭ്രമണം വക്രപഥത്തിലാണെന്നും അഭിപ്രായപ്പെട്ടു. അയനാന്തങ്ങളും, ദിനരാത്രങ്ങള്‍ തുല്യമായി വരുന്നകാലം നിര്‍ണയിക്കാനുള്ള ഘടികാരസൂചിയും കണ്ടുപിടിച്ചു.

നിര്‍വികല്പമായ ഏതോ ഒരു പദാര്‍ഥത്തെ മൌലിക ഘടകമായി സ്വീകരിച്ചു. സ്വയംഭൂവും സജീവവുമായിരുന്നു ആ കണിക. പ്രപഞ്ചഘടനയെക്കുറിച്ചുള്ള ആദ്യത്തെ ശാസ്ത്രീയതത്ത്വം അനക്സിമാണ്ടറുടേതാണെന്നു പറയാം.

അഗോചരവും അപരിചിതവുമായ ആദ്യമൂലകത്തില്‍നിന്നു ചൂട്, തണുപ്പ് എന്നീ വൈരുധ്യങ്ങളുടെ വേര്‍പെടല്‍ എന്ന പ്രക്രിയയിലൂടെയാണ് പ്രപഞ്ചമെന്ന ബാഹ്യാനുഭവമുണ്ടായത്. വൈരുധ്യങ്ങളുടെ സംഘട്ടനം തന്നെയാണ് ഈ വേര്‍പെടല്‍.' ഈ പ്രക്രിയയാണ് അനക്സിമാണ്ടറുടെ പ്രപഞ്ചസിദ്ധാന്തത്തിന്റെ കാതല്‍. ചൂടും തണുപ്പും അനന്തതയില്‍നിന്നു വേര്‍പിരിഞ്ഞുനിന്നു. തണുപ്പ് ഉള്ളിലൊതുക്കിക്കൊണ്ടുള്ള തീഗോളമുണ്ടായി. അതിന്റെ കേന്ദ്രം ഉറച്ചു ഭൂമിയായി. ഈ പ്രക്രിയ തുടര്‍ന്നുപോയി, പ്രപഞ്ചം രൂപപ്പെട്ടു. ഭൂമി, വായു, അഗ്നി, ജലം എന്നീ ഭൂതങ്ങള്‍ വീണ്ടും യോജിക്കുകയും സംഘട്ടനത്തിലൂടെ വേര്‍പെടുകയും ചെയ്യുമ്പോള്‍ പ്രപഞ്ചത്തിലെ വിവിധ ലോകങ്ങള്‍ ഉണ്ടാകുകയും നശിക്കുകയും ചെയ്യുന്നു. പ്രപഞ്ചത്തിന് ഒരു ഉദ്ഭവമുള്ളതിനാല്‍ അന്ത്യവുമുണ്ടായിരിക്കുമെന്നും അവസാനം പ്രപഞ്ചം ആദ്യമൂലകത്തിലേക്കുതന്നെ തിരിച്ചെത്തുമെന്നും അനക്സിമാണ്ടര്‍ വിശ്വസിച്ചു.

വൈരുധ്യങ്ങളുടെ വേര്‍പെടല്‍ അഥവാ സംഘട്ടനം എന്ന അനുസ്യൂതമായ പ്രക്രിയയിലൂടെതന്നെയാണ് ജീവോത്പത്തി; ജലത്തില്‍ ഊഷ്മാവിന്റെ പ്രതിപ്രവര്‍ത്തനമാണ് ജിവന്റെ ഉത്പത്തിക്കാധാരം; കടല്‍ജീവികളാണ് ആദ്യമുണ്ടായത്; മനുഷ്യന്‍ മത്സ്യത്തില്‍നിന്നാണ് പരിണമിച്ചത് എന്നിങ്ങനെ അനക്സിമാണ്ടര്‍ സിദ്ധാന്തിച്ചു. മത്സ്യാവതാരമെന്ന ഹൈന്ദവ വിശ്വാസത്തോട് ഇതിനു സാദൃശ്യം കാണാവുന്നതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍