This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധ്യാത്മരാമായണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:25, 23 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അധ്യാത്മരാമായണം

വാല്മീകി രചിച്ച പ്രസിദ്ധമായ രാമായണേതിഹാസത്തിന് പില്ക്കാലത്തുണ്ടായ ഒരു പുനരാഖ്യാനം. ശ്രീരാമനെ പരമാത്മാവിന്റെ അവതാരമായി കല്പിച്ചുകൊണ്ടുള്ള ഇതിലെ പ്രതിപാദനം മുഖേന ജീവാത്മാപരമാത്മാക്കള്‍ക്ക് തമ്മിലുള്ള ബന്ധദാര്‍ഢ്യം പ്രകാശിപ്പിക്കാന്‍ കവി ചെയ്തിട്ടുള്ള യത്നം പുരസ്കരിച്ചാണ് ഈ കൃതിക്ക് അധ്യാത്മരാമായണം എന്ന പേര് നല്കപ്പെട്ടിട്ടുള്ളത്. ഇതില്‍ അന്തര്‍ഭവിച്ചിട്ടുള്ള 'രാമഗീത', 'ലക്ഷ്മണോപദേശം' മുതലായ ഭാഗങ്ങള്‍, ആത്മജ്ഞാനതത്ത്വങ്ങളെ വിശദമാക്കുംവിധം ശ്രീരാമന്റെ ദിവ്യകഥയെ വിവരിക്കാന്‍ കവി ഉപയോഗിച്ചിരിക്കുന്നു. വാല്മീകിരാമായണത്തിന്റെ അനുബന്ധങ്ങളോ തുടര്‍ച്ചകളോ രൂപഭേദങ്ങളോ വിവര്‍ത്തനങ്ങളോ ആയി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല കാലങ്ങളിലായി ഉണ്ടായിട്ടുള്ള അദ്ഭുതരാമായണം, ആനന്ദരാമായണം, ശതമുഖരാമായണം, പാതാളരാമായണം, വസിഷ്ഠരാമായണം (യോഗവാസിഷ്ഠം) തുടങ്ങിയ രാമേതിഹാസങ്ങളില്‍ ഏറ്റവും പ്രസിദ്ധിയും പ്രചാരവുമുള്ള ഒന്നാണ് അധ്യാത്മരാമായണം.

കര്‍ത്താവ്, കാലം. അധ്യാത്മരാമായണത്തിന്റെ രചയിതാവ് ആരാണെന്ന് നിര്‍ണയിക്കപ്പെട്ടിട്ടില്ല. പതിനെട്ടു പുരാണങ്ങളില്‍ ഒന്നായ ബ്രഹ്മാണ്ഡപുരാണത്തിലെ ഒരു ഭാഗമാണിതെന്ന് പരക്കെ ഒരു വിശ്വാസമുള്ളതിന് സാര്‍വത്രികമായ സമ്മതിയോ അംഗീകാരമോ ലഭിച്ചിട്ടില്ല. ഈ വിശ്വാസത്തിന് ബാധകമായും സാധകമായും പണ്ഡിതന്മാര്‍ പല തെളിവുകളും ഹാജരാക്കിക്കൊണ്ടുതന്നെയിരിക്കുന്നു. വരരുചി മഹര്‍ഷിയാണ് ഇതെഴുതിയതെന്ന വാദം ഇതിന്റെ കര്‍തൃത്വം ദിവ്യന്‍മാരിലാരോപിച്ച് ഗ്രന്ഥത്തിന്റെ പാവനത്വം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഫലം മാത്രമാണെന്നാണ് മിക്ക ഭാഷാസാഹിത്യചരിത്രകാരന്മാരുടേയും അഭിപ്രായം. അധ്യാത്മരാമായണത്തിന്റെ ദിവ്യത്വത്തെ പര്‍വതീകരിച്ച് കാണിക്കാന്‍ ഇതില്‍ തന്നെ രചയിതാവ് വേറെയും ചില ഉപാധികള്‍ സ്വീകരിച്ചിട്ടുണ്ട്. രാമായണകഥ പാര്‍വതിക്ക് പരമേശ്വരന്‍ പറഞ്ഞുകൊടുത്തതാണെന്ന പ്രസ്താവത്തോടുകൂടി ബ്രഹ്മാവ് നാരദന് നല്കിയ ഉമാമഹേശ്വരസംവാദം, അതിന്റെ പുനരാഖ്യാനമെന്ന നിലയില്‍ നൈമിശാരണ്യത്തില്‍വച്ച് സൂതന്‍ മഹര്‍ഷിമാരെ ചൊല്ലിക്കേള്‍പ്പിച്ചതാണെന്നും, അതുകൊണ്ടാണ് വേദവ്യാസന്‍ ഇത് ബ്രഹ്മാണ്ഡപുരാണത്തില്‍ ഉള്‍പ്പെടുത്തിയതെന്നും ഈ കൃതിയില്‍ തന്നെ പറഞ്ഞിരിക്കുന്നത് മേല്പറഞ്ഞ വാദത്തിന് ഉപോദ്ബലകമാണ്. ശൃംഗിവേരപുരത്തിലെ ഒരു രാമവര്‍മരാജാവ് അധ്യാത്മരാമായണത്തിന് രചിച്ച 'സേതു' എന്ന വ്യാഖ്യാനത്തില്‍, രാമന്റെ ഈശ്വരത്വത്തെ വാല്മീകി സ്പഷ്ടമായി കാണിക്കാത്തതുകൊണ്ടാണ് ഇങ്ങനെയുള്ള ഒരു രാമായണപുനഃസൃഷ്ടി വേണ്ടിവന്നത് എന്ന സൂചന നല്കിയിട്ടുണ്ട്.


ഭാരതീയ ദര്‍ശനങ്ങളുടെ വളര്‍ച്ചയേയും ഭാഷാചരിത്രപരമായ പ്രത്യേകതകളേയും കണക്കിലെടുത്തുകൊണ്ട്, അധ്യാത്മരാമായണത്തിന്റെ രചന എ.ഡി. 14-ാം ശ.-ത്തിനടുപ്പിച്ചാണെന്ന നിഗമനത്തിലാണ് പണ്ഡിതന്മാര്‍ ചെന്നെത്തിയിരിക്കുന്നത്. മഹാരാഷ്ട്രത്തിലെ ഒരു സിദ്ധനും കവിയുമായിരുന്ന ഏകനാഥന്‍ (1548-98) വളരെ അടുത്ത കാലത്താണ് ഈ കൃതിയുടെ രചന എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. രാമനും കൃഷ്ണനും അഭിന്നത്വം കല്പിക്കുന്ന ഒരു പ്രവണത അധ്യാത്മരാമായണത്തില്‍ ചിലയിടത്ത് കാണുന്നു. ('വൃന്ദാരണ്യേ വന്ദിത വൃന്ദാകര വൃന്ദം, വന്ദേരാമം ഭവ മുഖവന്ദ്യം സുഖകന്ദം'-യുദ്ധകാണ്ഡത്തിലെ ബ്രഹ്മസ്തുതി). കബീര്‍ (1440-1518), മീരാബായി (1450-1547), തുളസീദാസ് (1527-1623) തുടങ്ങിയവരുടെ ആരാധനാപാത്രമായിരുന്ന രാമാനന്ദന്‍ (1360-1470) എന്ന വൈഷ്ണവസന്ന്യാസിയാണ് രാമനില്‍ കൃഷ്ണത്വവും കൃഷ്ണനില്‍ രാമത്വവും ആരോപിക്കുന്ന ഭക്തിപ്രസ്ഥാനത്തിന്റെ ജനയിതാവെന്നുള്ളതും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്ന ഒരു കാര്യമാണ്. ഈ വസ്തുതകളുടെ വെളിച്ചത്തില്‍ അധ്യാത്മരാമായണത്തിന് 14-ാം ശ.-ത്തെക്കാള്‍ പ്രാചീനത്വം നല്കാന്‍ പണ്ഡിതന്മാര്‍ വൈമുഖ്യം കാണിക്കുന്നു.

സംവിധാനം. മാഹാത്മ്യസര്‍ഗം ഉള്‍പ്പെടെ ആകെ 65 സര്‍ഗങ്ങളാണ് അധ്യാത്മരാമായണത്തില്‍ അടങ്ങിയിരിക്കുന്നത്. ഇതില്‍ കാവ്യഗുണം തികഞ്ഞ നാലായിരത്തിലേറെ പദ്യങ്ങളുണ്ട്. കഥാനായകനായ രാമന്‍ വിഷ്ണുവിന്റെ അവതാരമാണ്. എന്നാല്‍, വനവാസത്തില്‍, തന്നെ അനുഗമിക്കാനൊരുങ്ങുന്ന സീതയോട് 'മാ വിഘ്നം കുരു ഭാമിനി' എന്നു പറയുന്നിടത്തും മറ്റും രാമന്‍ കേവലം ഒരു മനുഷ്യനാണ്. യുദ്ധത്തിന് പുറപ്പെടുന്ന രാവണന്‍ മണ്ഡോദരിയോട് വിടവാങ്ങുന്നത് 'ജാനാമി രാഘവം വിഷ്ണും' എന്നു പറഞ്ഞുകൊണ്ടാണ്. കവിതയില്‍ സന്ദര്‍ഭം സൃഷ്ടിച്ചും ജീവാത്മപരമാത്മഭാവങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുമാണ് ഗ്രന്ഥകാരന്‍ മുന്നോട്ടുപോകുന്നതെന്നതിന്, വനസഞ്ചാരത്തില്‍ രാമലക്ഷ്മണമധ്യഗയായ സീത ജീവാത്മപരമാത്മാക്കള്‍ക്ക് മധ്യസ്ഥയായ മഹാമായയാണ് എന്നു പറഞ്ഞിരിക്കുന്നതുതന്നെ തെളിവാണ്. ('അഗ്രേയാസ്യാമ്യഹം, പശ്ചാത്-ത്വമന്വേഹി ധനുര്‍ധരഃ-ആവയോര്‍മധ്യഗാ സീതാ-മായേവാത്മ പരമാത്മനോ) സീതയെ മോഷ്ടിച്ചുകൊണ്ടുപോകുന്ന രാവണന്‍ ('ശുനകോമന്ത്രപൂതംത്വം പുരോഡാശമിവാധ്വരേ'-അധ്വരത്തിങ്കല്‍നിന്ന് ശുനകന്‍ മന്ത്രംകൊണ്ടു ശുദ്ധമാം പുരോഡാശം കൊണ്ടുപോകുന്നപോലെ-) പട്ടിയെപ്പോലെയാണെന്നാണ് ജടായു ഭര്‍ത്സിക്കുന്നത്. ഇങ്ങനെ സാംഗോപാംഗമുള്ള ആധ്യാത്മിക തത്ത്വോന്നയനം കൊണ്ട് ഭാവബന്ധുരമായ ഒരു ഉത്കൃഷ്ടകൃതിയായി അധ്യാത്മരാമായണം സമാദരിക്കപ്പെടുന്നു. സീതാദേവി രാമനെപ്പറ്റി പറയുന്ന

   'രാമം വിദ്ധി പരം ബ്രഹ്മ

   സച്ചിദാനന്ദമദ്വയം 

   സര്‍വോപാധിവിനിര്‍മുക്തം 

   സത്താമാത്രമഗോചരം.'
 

എന്ന ഭാഗവും, തന്നെപ്പറ്റി പറയുന്ന

   'മാം വിദ്ധി മൂല പ്രകൃതിം

   സര്‍ഗസ്ഥിത്യന്തകാരിണീം

   തസ്യ സന്നിധിമാത്രേണ

   സൃജാമീദമതന്ത്രിതം 

   തത്സാന്നിധ്യാന്‍മയാ സൃഷ്ടം

   തസ്മിന്നാരോപ്യതേ ബുധൈഃ'
 

എന്ന ഭാഗവും രാമകഥാവതരണത്തില്‍ കവിക്ക് മാര്‍ഗദര്‍ശനം ചെയ്ത ആധ്യാത്മികപശ്ചാത്തലത്തിന്റെ മര്‍മപ്രധാനമായ ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

പ്രധാന കഥാപ്രവാഹത്തിന്റെ ഗതിയില്‍തന്നെയുള്ളതായാലും ആധ്യാത്മികതത്ത്വങ്ങള്‍ പ്രകാശിപ്പിക്കാനുള്ള അവസരമൊന്നും കവി കൈവിട്ടുകളഞ്ഞിട്ടില്ല. ബാലകാണ്ഡത്തില്‍ കൌസല്യ, അഹല്യ, പരശുരാമന്‍ എന്നിവരുടെയും, അയോധ്യാകാണ്ഡത്തില്‍ നാരദന്റെയും, ആരണ്യത്തില്‍ അഗസ്ത്യന്റെയും, കിഷ്കിന്ധയില്‍ സുഗ്രീവന്റെയും, യുദ്ധത്തില്‍ വിഭീഷണന്റെയും സ്തുതികളും, ലക്ഷ്മണോപദേശം, താരോപദേശം, കൌസല്യോപദേശം തുടങ്ങിയ ആധ്യാത്മികോദ്ബോധനങ്ങളും, ഉത്തരകാണ്ഡത്തിലെ രാമഗീത, രാമഹൃദയം, രാമോപനിഷത്ത് തുടങ്ങിയ ഭാഗങ്ങളും, ഈ കൃതിയുടെ പര്യായങ്ങളായി ഇതില്‍ തന്നെ ഉപയോഗിച്ചിട്ടുള്ള 'അധിരാമസംഹിത', 'അധ്യാത്മചരിതം', 'പുരാണോത്തമം' തുടങ്ങിയ സവിശേഷശൈലികളും രാമകഥയില്‍ കവി ബോധപൂര്‍വം സന്നിവേശിപ്പിക്കാന്‍ വിജയകരമായി ശ്രമിച്ച പല വിശിഷ്ടാശയങ്ങളെയും വിളിച്ചോതുന്നു.

വാല്മീകിരാമായണവുമായുള്ള വ്യത്യാസങ്ങള്‍. വാല്മീകിരാമായണം, അധ്യാത്മരാമായണ കര്‍ത്താവിന് നല്ലപോലെ പരിചിതമായിരുന്നുവെന്നതിനു തര്‍ക്കമില്ല. എങ്കിലും തന്റെ ലക്ഷ്യത്തെ സാധൂകരിക്കാനും സ്ഥിരീകരിക്കാനും വിശദാംശങ്ങളില്‍ പല പുതിയ കല്പനകളും സംവിധാനങ്ങളും അധ്യാത്മരാമായണകവി കൈക്കൊണ്ടിട്ടുണ്ട്. അയോധ്യാകാണ്ഡത്തില്‍ നാരദന്‍ രാമനെ സന്ദര്‍ശിക്കുന്നതും അദ്ദേഹത്തിന്റെ ജനനോദ്ദേശ്യത്തെപ്പറ്റി ഉദ്ബോധിപ്പിക്കുന്നതും തുടര്‍ന്ന് രാമന്‍ വനവാസപ്രതിജ്ഞ ചെയ്യുന്നതും അവതാരകഥയ്ക്ക് ശക്തി വര്‍ധിപ്പിക്കാന്‍ അധ്യാത്മരാമായണകാരന്‍ കൂട്ടിച്ചേര്‍ത്തതാണ്. വസിഷ്ഠന്‍ രാമന്റെ അവതാരമഹത്ത്വത്തെപ്പറ്റി ഭരതനെ ഉദ്ബോധിപ്പിക്കുന്ന ഭാഗം വാല്മീകിരാമായണത്തിലില്ല. രാമനെ, വിഷ്ണുവാണെന്നു മനസ്സിലാക്കി കൈകേയി കാട്ടില്‍ പോയി രാമനോട് മാപ്പു ചോദിക്കുന്ന ഭാഗം-ഇത് എഴുത്തച്ഛന്‍ വിട്ടുകളഞ്ഞിരിക്കുന്നു-അധ്യാത്മരാമായണത്തിലെ മറ്റൊരു മൌലിക സൃഷ്ടിയാണ്. അതുപോലെതന്നെയാണ് രാവണന് അപഹരിക്കാന്‍ തക്ക പാകത്തില്‍ ഒരു മായാസീതയെ സൃഷ്ടിച്ചുവെന്ന കല്പനയും. സീതയ്ക്ക് രാക്ഷസസ്പര്‍ശം കൂടാതെ കഴിയുവാനും രാവണവധാനന്തരം അഗ്നിയില്‍നിന്ന് സീതയെ വീണ്ടെടുക്കുന്ന കഥ കൂടുതല്‍ യുക്തിസഹമാക്കുവാനും കവി പ്രയോഗിച്ച ഒരു പൊടിക്കൈയാണിത്. സ്വയംപ്രഭ രാമനെ സന്ദര്‍ശിക്കുന്നതും ഹനുമാന്‍ കുരുവിയെപ്പോലെ ചെറുതായി അശോകവനത്തില്‍ സീതയുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നതും കാലനേമിയുടെ കഥയും ആദികവി പറയാത്തവയാണ്. മൃതസഞ്ജീവനി കൊണ്ടുവരാന്‍ വാല്മീകി ഹനുമാനെ കൈലാസത്തിലേക്കയയ്ക്കുമ്പോള്‍ അധ്യാത്മരാമായണ കര്‍ത്താവു ചെയ്യുന്നത് ക്ഷീരസമുദ്രത്തിലെ ദ്രോണപര്‍വതത്തിലേക്ക് അയക്കുകയാണ്. അതുപോലെ രാവണന്‍ ഹോമം നടത്തുന്നതിനെയും കപികള്‍ മണ്ഡോദരിയേയും മറ്റും ഉപദ്രവിച്ച് അത് മുടക്കുന്നതിനെയും പറ്റി വാല്മീകി ഒന്നും പറയുന്നില്ല. പട്ടാഭിഷേകത്തിനുശേഷം ഹനുമാന്‍ ഹിമാലയത്തില്‍ തപസ്സിനുപോയി എന്ന പരാമര്‍ശം, ഉത്തരകാണ്ഡത്തില്‍ വിവരിച്ചിരിക്കുന്ന ബാലിസുഗ്രീവോത്പത്തി, രാവണസനല്‍കുമാരസംവാദം തുടങ്ങിയവയും അധ്യാത്മരാമായണത്തിലെ പുതിയ കല്പനകളാണ്.

അധ്യാത്മരാമായണം എന്ന കൃതിക്ക് പ്രാചീനത കുറവാണെങ്കില്‍, അതിന്റെ പ്രചാരത്തിന് അതിലും വളരെ കുറച്ച് പഴക്കമേയുള്ളു. ഭാരതത്തില്‍ തന്നെ ഇതിന് സാര്‍വത്രികപ്രചാരം സിദ്ധിച്ചിട്ടില്ല. എന്നാല്‍ ഇതില്‍ അന്തര്‍ഹിതമായിട്ടുള്ള ലക്ഷ്മണോപദേശം, രാമഗീത, ആദിത്യഹൃദയം, അഗസ്ത്യസുതീഷ്ണസംവാദം തുടങ്ങിയ ഭാഗങ്ങള്‍ക്ക് ഭാരതത്തിന്റെ പല ഭാഗങ്ങളിലും, (വിവിധ പാഠഭേദങ്ങളോടുകൂടി) ഭക്തന്മാരുടെ ഇടയില്‍ നല്ല സ്ഥാനമുണ്ട്. വ്യാഖ്യാനങ്ങളും, വിവര്‍ത്തനങ്ങളും. ഭക്തിപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായ ശക്തിയേറിയ ഒരു ഘടകം എന്ന നിലയിലാണ് അധ്യാത്മരാമായണത്തിന്റെ പ്രചാരം. 20-ാം ശ.-ത്തില്‍ ഹിന്ദിയില്‍ ഉണ്ടായിട്ടുള്ള ഏതാനും വിവര്‍ത്തനങ്ങള്‍ മൂലത്തിന്റെ അര്‍ഥം പറഞ്ഞുപോകുന്നതേയുള്ളു. ഒറിയയില്‍ ഇതിന് മൂന്ന് വിവര്‍ത്തനങ്ങളുണ്ട്. ബംഗാളി, മറാഠി, ഗുജറാത്തി തുടങ്ങിയ ഭാഷകളില്‍ ഇതിന് കാര്യമായ ഭാഷാന്തരങ്ങളൊന്നും കാണാനില്ല.

അധ്യാത്മരാമായണത്തിന് മലയാളത്തില്‍ ഉണ്ടായിട്ടുള്ള വിവര്‍ത്തനം പ്രസിദ്ധമാണ്. തുഞ്ചത്ത് എഴുത്തച്ഛന്റെ അധ്യാത്മരാമായണം വിവിധ രാമായണകഥാഖ്യാനങ്ങളിലെന്നല്ല, മലയാള ഭാഷാസാഹിത്യചരിത്രത്തിന്റെ വളര്‍ച്ചയിലും ഒരു സുവര്‍ണാധ്യായം കുറിച്ചു. എഴുത്തച്ഛന്റെ പ്രധാന കൃതികളില്‍ ആദ്യത്തേതും ഏറ്റവും പ്രചാരമുള്ളതുമാണിത്.

   'അധ്യാത്മരാമായണമിദമെത്രയു-

   മത്യുത്തമോത്തമം മൃത്യുഞ്ജയപ്രോക്തം,

   അധ്യയനം ചെയ്കില്‍ മര്‍ത്ത്യനജ്ജന്‍മനാ

   മുക്തിസിദ്ധിക്കുമതിനില്ല സംശയം'
 

എന്ന ഫലശ്രുതി യുദ്ധകാണ്ഡത്തിന്റെ അവസാനത്തില്‍ കാണുന്നത് അക്കാലത്തെ രാമഭക്തന്മാരുടെ വിശ്വാസത്തെ സ്ഫുടീകരിക്കുന്നു. ഭക്തിസംവര്‍ധകമാംവണ്ണം ഭാഷാനുവാദം ചെയ്യപ്പെട്ടിരിക്കുന്ന ഈ കൃതി മൂലത്തിലെ ഗുണോത്തരഭാഗങ്ങളെ സ്വീകരിച്ചും ശുഷ്കഭാഗങ്ങള്‍ ഉപേക്ഷിച്ചും യഥോചിതം സങ്കോചവികാസങ്ങള്‍ സൃഷ്ടിച്ചും രസാനുഗുണമായ പദവിന്യാസങ്ങള്‍ വരുത്തിയും പുനഃസംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ഒരു മഹല്‍സാഹിത്യസൃഷ്ടിയാണ്. എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിന്റെ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന 'ഉത്തരരാമായണം' അദ്ദേഹം തന്നെ ചെയ്ത വിവര്‍ത്തനമാണോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരല്ല.

വള്ളത്തോള്‍ നാരായണമേനോന്‍ വാല്മീകിരാമായണം തര്‍ജുമചെയ്ത് പ്രസിദ്ധപ്പെടുത്തുന്നതുവരെ (1909) മലയാളികള്‍ക്ക് രാമകഥയെ സമീപിക്കാനുള്ള ഏറ്റവും സുഗമമായ രാജപാത എഴുത്തച്ഛന്റെ അധ്യാത്മരാമായണം ആയിരുന്നു. അതിനുശേഷവും അതിന്റെ സ്ഥാനത്തിനു വലിയ മാറ്റം ഉണ്ടായിട്ടില്ല. ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ രാജാവിന്റെ സദസ്യനും കഥകളി കലാപണ്ഡിതനും നടനുമായിരുന്ന ഈശ്വരപിള്ള വിചാരിപ്പുകാര്‍ 1853-ല്‍ എഴുത്തച്ഛന്റെ കൃതി ആദ്യമായി, തന്റെ കേരളവിലാസം അച്ചുകൂടത്തില്‍നിന്ന് മുദ്രണം ചെയ്ത് പ്രകാശിപ്പിച്ചു. മുദ്രിത പ്രസാധനങ്ങള്‍ സാര്‍വത്രികമാകുന്നതുവരെ അധ്യാത്മരാമായണത്തിന്റെ പ്രതികള്‍ ഓലയില്‍ പകര്‍ത്തി എഴുതി പ്രചരിപ്പിക്കുന്നതില്‍ നരിക്കുനി ഉണ്ണീരിക്കുട്ടിവൈദ്യന്‍ (1848-1909) എന്ന പണ്ഡിതന്‍ മുന്‍കൈയെടുത്തിരുന്നതായി പറയപ്പെടുന്നു. കുണ്ടൂര്‍ നാരായണമേനോന്‍ (1861-1936) ഇത് വൃത്താനുവൃത്തം വിവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കിലും അത് അച്ചടിച്ച് പുറത്തുവന്നിട്ടില്ല. എന്നാല്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി (1855-1937) യുടെ തര്‍ജുമ പ്രസിദ്ധീകൃതമായിട്ടുണ്ട് (1912). പേട്ടയില്‍ രാമന്‍പിള്ള ആശാന്‍ (1842-1937) രാമായണത്തെ അധികരിച്ച് തിരുവനന്തപുരത്ത് നടത്തിയ ചില പ്രഭാഷണങ്ങളുടെ സമാഹാരമാണ് അധ്യാത്മരാമായണ സദാചാരങ്ങള്‍ എന്ന കൃതി. കെ.സാംബശിവശാസ്ത്രി (1879-1946) എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിന് സമഗ്രമായ ഒരു വ്യാഖ്യാനം എഴുതി. കെ.സി. കേശവപിള്ള (1868-1914) അതിലെ 'ലക്ഷ്മണോപദേശ'ത്തിന് മാത്രമായി 'തത്ത്വബോധിനി' എന്ന വ്യാഖ്യാനവും രചിച്ചിട്ടുണ്ട്.

(പ്രൊഫ. പി. കരുണാകരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍