This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അത്‍ലാന്തിക് ചാര്‍ട്ടര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അത്‍ലാന്തിക് ചാര്‍ട്ടര്‍

Atlantic charter

യു.എസ്. പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റും (1882-1945) ബ്രിട്ടിഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലും (1874-1965) കൂടി 1941 ആഗ. 14-ന് രൂപംകൊടുത്ത സമ്മതപത്രം. 1941 ആഗ. 9 മുതല്‍ 12 വരെ ന്യൂഫൌണ്ട്‍ലന്‍ഡിന്റെ സമുദ്രതീരത്തുനിന്ന് 5 കി.മീ. അകലെ ആര്‍ജന്റീയ ഉള്‍ക്കടലില്‍ 'അഗസ്റ്റാ', 'പ്രിന്‍സ് ഒഫ് വെയില്‍സ്' എന്നീ യുദ്ധക്കപ്പലുകളില്‍വച്ച് അവര്‍ നടത്തിയ കൂടിയാലോചനയുടെ ഫലമായിട്ടാണ് ഈ സമ്മതപത്ര പ്രഖ്യാപനം ഉണ്ടായത്. നാസിസത്തിനും ഫാസിസത്തിനും എതിരായ ഈ ഉഭയകക്ഷി പ്രഖ്യാപനത്തില്‍ എട്ടു വകുപ്പുകളാണുള്ളത്.

1. ഭൂവിസ്തൃതി സംബന്ധിച്ച വികസനങ്ങള്‍ക്ക് തങ്ങളുടെ രാജ്യങ്ങള്‍ മോഹിക്കുകയില്ല.


2. ബന്ധപ്പെട്ട ജനങ്ങളുടെ, ആഗ്രഹത്തിന്റെ അംഗീകാരമില്ലാത്ത പ്രദേശപരമായ മാറ്റങ്ങള്‍ ഉണ്ടായിക്കാണാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല.


3. എല്ലാ ജനവിഭാഗങ്ങള്‍ക്കും അവരുടേതായ ഭരണസംവിധാനം തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടായിരിക്കണം. ബലപ്രയോഗം മൂലം അവരില്‍നിന്നും അപഹരിക്കപ്പെട്ട പരമാധികാരവും സ്വതന്ത്രഭരണവും പുനഃസ്ഥാപിക്കപ്പെടണം.


4. ലോകത്തിലെ വാണിജ്യവിഭവങ്ങളും അസംസ്കൃത വസ്തുക്കളും തോറ്റതും ജയിച്ചതുമായ എല്ലാ ജനങ്ങള്‍ക്കും സമാനമായ വ്യവസ്ഥകളോടുകൂടി ലഭിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഉദ്യമിക്കേണ്ടതാണ്.


5. എല്ലാവര്‍ക്കും മെച്ചപ്പെട്ട തൊഴില്‍ നിലവാരങ്ങളും സാമ്പത്തിക ക്രമീകരണവും സാമൂഹിക സുരക്ഷിതത്വവും ഭദ്രമാക്കുവാന്‍ വേണ്ടി തങ്ങള്‍ അന്താരാഷ്ട്ര സഹകരണം വളര്‍ത്തുന്നതാണ്.

6. എല്ലാ ജനങ്ങള്‍ക്കും അവരുടെ രാജ്യാതിര്‍ത്തിക്കുള്ളില്‍ സുരക്ഷിതമായി കഴിഞ്ഞുകൂടുവാന്‍ സാധിക്കണം. ജനങ്ങളെ ദാരിദ്യ്രത്തില്‍നിന്നും ഭയത്തില്‍ നിന്നും മോചിപ്പിക്കണം.


7. അന്താരാഷ്ട്ര നിയമപ്രകാരം തുല്യമായി അവകാശപ്പെട്ട പുറംകടലുകളും സമുദ്രങ്ങളും മുറിച്ചുകടക്കുന്നതിന് എല്ലാ രാഷ്ട്രങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കണം.


8. കൂടുതല്‍ വ്യാപകവും ശാശ്വതവുമായ പൊതുരക്ഷാനടപടികള്‍ ഏര്‍പ്പെടുത്തിയും അതേസമയം ആയുധവത്കരണത്തിന്റെ ഭാരത്തെ ലഘൂകരിക്കാനുതകുന്ന പ്രായോഗിക നടപടികള്‍ക്കെല്ലാം സാമ്പത്തിക സഹായവും പ്രോത്സാഹനവും നല്കിയും ആക്രമണകാരികളായ രാഷ്ട്രങ്ങളെ നിരായുധരാക്കാന്‍ സഹായിക്കണം.


ഈ തത്ത്വങ്ങള്‍ ഐക്യരാഷ്ട്ര ഉടമ്പടിക്ക് ആധാരമായിരിക്കേണ്ട ആശയങ്ങളെ മുന്‍കൂട്ടി കാണുകയാണുണ്ടായത്. ഈ ചാര്‍ട്ടറിലെ വ്യവസ്ഥകളെല്ലാം യു.എന്‍. അംഗീകരിച്ചിട്ടുണ്ട് (1942 ജനു. 1). യു.എസ്.എസ്.ആറും ഇരുപത്തിനാലു സഖ്യരാജ്യങ്ങളും ഈ സംയുക്തപ്രഖ്യാപനം അംഗീകരിച്ചു. എന്നാല്‍ ശത്രുരാജ്യത്തെ സംബന്ധിച്ചിടത്തോളം, രണ്ടാംവകുപ്പ് ബാധകമല്ലെന്ന് 1944 ഫെ. 22-ന് അത്‍ലാന്തിക്ക് ചാര്‍ട്ടറിന്റെ ശില്പികളിലൊരാളായ ബ്രിട്ടിഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പാര്‍ലമെന്റില്‍ പ്രസ്താവിച്ചു. ഒരു കൊല്ലം കൂടി കഴിഞ്ഞപ്പോള്‍ ഈ ഉടമ്പടി, ഒരു നിയമമെന്ന നിലയിലല്ല, വഴികാട്ടിയെന്ന നിലയില്‍ മാത്രമേ സ്വീകരിക്കാന്‍ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെതന്നെ (1943 ഡി.) കിഴക്കേ പോളണ്ടിനെ യു.എസ്.എസ്.ആറുമായി സംയോജിപ്പിച്ചതിനെ അദ്ദേഹവും സ്റ്റാലിനും കൂടി പ്രത്യക്ഷത്തില്‍ ശരിവയ്ക്കുകയും, ജര്‍മനിയില്‍ നിന്നും, തദ്ദേശവാസികളുടെ ആഗ്രഹാഭിലാഷങ്ങളെ ഒട്ടും പരിഗണിക്കാതെ തന്നെ, പോളണ്ടിന് നഷ്ടപരിഹാരം ലഭിക്കേണ്ടതാണെന്ന വാദം അംഗീകരിക്കുകയുമുണ്ടായി. അതിനുമുന്‍പ് വെള്ളക്കാര്‍ക്ക് മാത്രമായി ചാര്‍ട്ടറിന്റെ പ്രയോജനങ്ങള്‍ പരിമിതമാക്കണമെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്. കേവലമൊരു അനൌപചാരിക പ്രമാണമോ, അഭിപ്രായപ്രകടനം മാത്രമോ ആയ പ്രസ്തുത ചാര്‍ട്ടര്‍ കാലക്രമേണ വിസ്മൃതമായി.

(ഡോ. പി. വിജയരാഘവന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍