This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അത്‍ലാന്താ യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അത്‍ലാന്താ യുദ്ധം

Atlanta War

അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ (1861-65) അവസാനഘട്ടത്തില്‍ ജോര്‍ജിയയുടെ തലസ്ഥാനമായ അത്‍ലാന്താ നഗരത്തിനു ചുറ്റുമായി 1864 ജൂല. 20 മുതല്‍ സെപ്. 2 വരെ നടന്ന യുദ്ധം. ഈ സംഘട്ടനത്തിനുശേഷമാണ്, അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍ ഉത്തരസംസ്ഥാനങ്ങള്‍ക്ക് നിര്‍ണായകമായ വിജയം ലഭിച്ചു തുടങ്ങിയത്.


യൂണിയന്‍ (ഉത്തര സംസ്ഥാനങ്ങള്‍) സൈനിക നേതാവായ വില്യം ടി. ഷെര്‍മന്‍ (1820-91) അത്‍ലാന്തയെ ലക്ഷ്യമാക്കി 1864 മേയില്‍ സൈനികനീക്കം ആരംഭിച്ചു. അദ്ദേഹത്തിന്റെ സൈന്യത്തില്‍ 90,000 പടയാളികളാണ് ഉണ്ടായിരുന്നത്. കോണ്‍ഫെഡറേറ്റ് (ദക്ഷിണസംസ്ഥാനങ്ങള്‍) സൈന്യാധിപനായ ജെ.ഇ. ജോണ്‍സ്റ്റണ്‍ 60,000 പടയാളികളോടുകൂടി യൂണിയന്‍ സൈന്യത്തെ എതിര്‍ത്തു. നേരിട്ടുള്ള യുദ്ധം ഒഴിവാക്കുന്നതില്‍ ഷെര്‍മന്റെ പടയാളികള്‍ സമര്‍ഥരായിരുന്നു. തന്ത്രപൂര്‍വമായ നിരവധി പാര്‍ശ്വാക്രമണങ്ങളിലൂടെ തങ്ങളുടെ മാര്‍ഗം സുരക്ഷിതമാക്കിക്കൊണ്ട് ജൂല. 17-ന് അത്‍ലാന്താ നഗരത്തിന് 13 കി.മീ. അടുത്തുവരെ യൂണിയന്‍ സൈന്യം എത്തി. ഷെര്‍മന്റെ വിജയകരമായ മുന്നേറ്റംമൂലം ജോണ്‍സ്റ്റണ്‍ രൂക്ഷമായ വിമര്‍ശനത്തിനു പാത്രമായി. കോണ്‍ഫെഡറേഷന്റെ പ്രസിഡന്റായ ജെഫേഴ്സന്‍ ഡേവിഡ് ഇക്കാരണത്താല്‍ ജോണ്‍സ്റ്റനെ സൈന്യാധിപസ്ഥാനത്തുനിന്ന് നീക്കുകയും പകരം ജോണ്‍ ബെല്‍ ഹുഡ്ഡിനെ (1831-79) നിയമിക്കുകയും ചെയ്തു. പതിനൊന്നു ദിവസത്തിനുള്ളില്‍ ഹുഡ്ഡ് മൂന്നു പ്രാവശ്യം ഷെര്‍മനുമായി ഏറ്റുമുട്ടി പരാജയപ്പെട്ടു. പീച്ച്ട്രിക്രിക്ക് (ജൂല. 20), അത്‍ലാന്താ (ജൂല. 22), എസ്രാചര്‍ച്ച് (ജൂല. 28) എന്നീ സ്ഥലങ്ങളില്‍ വച്ചാണ് ഈ യുദ്ധങ്ങള്‍ നടന്നത്. ഈ യുദ്ധങ്ങളില്‍ ഹുഡ്ഡിന് 10,841-ഉം ഷെര്‍മന് 9,719-ഉം പടയാളികള്‍ നഷ്ടപ്പെട്ടു. എന്നിട്ടും അത്‍ലാന്താ അധീനമാക്കുവാന്‍ ഷെര്‍മന് കഴിഞ്ഞില്ല. തുടര്‍ന്ന് തെ.ഭാഗത്തും കി.ഭാഗത്തും കൂടിയുള്ള വാര്‍ത്താവിനിമയത്തെ വിച്ഛേദിച്ചുകൊണ്ട് ഷെര്‍മന്‍ അത്‍ലാന്താ നഗരത്തെ വലയംചെയ്തു. ഈ ഉപരോധം ഒരു മാസത്തിലേറെ നീണ്ടുനിന്നു. ജനറല്‍ ഹുഡ്ഡും, 14,000 വരുന്ന അദ്ദേഹത്തിന്റെ സൈന്യവും സെപ്. 2-ന് അത്‍ലാന്താ നഗരത്തില്‍നിന്ന് പിന്‍വാങ്ങി. അടുത്തദിവസം തന്നെ യൂണിയന്‍ സൈന്യം നഗരം കൈവശമാക്കി.


ഇതിന് ശേഷവും ഷെര്‍മന്റെ വിജയം ശാശ്വതമെന്നു പറയാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹം ഒരു ശത്രുരാജ്യത്തിനുള്ളില്‍ ആയിരുന്നു. ശക്തമായ സൈനികകാവല്‍ ഏര്‍പ്പെടുത്തിയിരുന്ന ഒരു റെയില്‍റോഡ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഗതാഗത വാര്‍ത്താവിനിമയ മാര്‍ഗം. ഹുഡ്ഡ് അതു മനസ്സിലാക്കുകയും ആ സന്ദര്‍ഭം തികച്ചും പ്രയോജനപ്പെടുത്തുന്നതിന് ശ്രമിക്കുകയും ചെയ്തു. അദ്ദേഹം ആദ്യം പടിഞ്ഞാറോട്ട് നീങ്ങി, അത്‍ലാന്തായില്‍ നിന്ന് 73 കി.മീ. വ. സ്ഥിതിചെയ്യുന്ന അല്ലാത്തൂണാ റെയില്‍ റോഡ് സ്റ്റേഷന്‍ ആക്രമിച്ചു; എന്നാല്‍ ഈ ശ്രമത്തിലും അദ്ദേഹം പരാജയപ്പെട്ടു. ഹുഡ്ഡ് വീണ്ടും പ.ഭാഗത്തേക്ക് പിന്‍വാങ്ങി. ചട്ടനൂഗ (Chattanooga) റെയില്‍റോഡിന് സമീപത്തുനിന്നും ഹുഡ്ഡ് വീണ്ടും പിന്‍വാങ്ങുന്നതുവരെ ഷെര്‍മന്‍ അദ്ദേഹത്തെ പിന്‍തുടര്‍ന്നു. അതിനുശേഷം ഷെര്‍മന്‍ 60,000 പടയാളികള്‍ ഉള്‍ക്കൊള്ളുന്ന ശക്തമായ ഒരു സൈന്യത്തെ അവിടെ കേന്ദ്രീകരിച്ചു. ന. 15-ന് ഷെര്‍മന്‍ അത്‍ലാന്തായില്‍നിന്ന് കടല്‍ക്കരയിലേക്ക് തന്റെ ജൈത്രയാത്ര ആരംഭിച്ചു. പുറപ്പെടുന്നതിനുമുമ്പ് അത്‍ലാന്തായിലെ ആയുധശാലകള്‍ മുഴുവന്‍ ചുട്ടുനശിപ്പിച്ചു. ചട്ടനൂഗയിലേക്കുള്ള റെയില്‍ റോഡു തകര്‍ക്കുകയും ടെലഗ്രാഫ് കമ്പികള്‍ മുറിച്ചുകളയുകയും ചെയ്തു. 97 കി.മീ. വിസ്താരമുള്ള ഒരു മേഖലയില്‍ രണ്ടു സമാന്തരറോഡുകളില്‍ കൂടിയാണ് അദ്ദേഹത്തിന്റെ സൈന്യങ്ങള്‍ നീങ്ങിയത്. ഷെര്‍മന്റെ കണക്കനുസരിച്ച് ഈ ആക്രമണം ജോര്‍ജിയയ്ക്കു വരുത്തിവച്ച നഷ്ടം 10 കോടി പവനാണ്. അതില്‍ 8 കോടിയും വിനാശക പ്രവര്‍ത്തനങ്ങളുടെയും മറ്റു ദുര്‍വിനിയോഗങ്ങളുടെയും ഫലമായുണ്ടായതാണ്. നോ: അമേരിക്കന്‍ ആഭ്യന്തരയുദ്ധം

(എസ്. ഭാരതി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍