This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡ്വന്റിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:17, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഡ്വന്റിസം

Adventism

ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനും സഹസ്രാബ്ദവാഴ്ചയ്ക്കും പ്രാധാന്യം കല്പിക്കുന്ന മതവിശ്വാസം. അഡ്വന്റ് (advent) എന്നാല്‍ വരവ് എന്നര്‍ഥം. ലോകാവസാനം ആസന്നമായിരിക്കുന്നുവെന്നും തത്സമയം യേശുക്രിസ്തു എല്ലാ തേജസ്സോടുംകൂടി ഭൂമിയില്‍ വീണ്ടും പ്രത്യക്ഷപ്പെടുമെന്നും വിശ്വസിക്കുന്ന വിവിധ ക്രൈസ്തവമതവിഭാഗക്കാരാണ് അഡ്വന്റിസ്റ്റുകള്‍. ഈ വിശ്വാസം നൂറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ നിലനിന്നിരുന്നതായി കാണാം. പതിനെട്ടാം ശ.-ത്തില്‍ 'ദി ഫിഫ്ത്ത് മോണാര്‍ക്കി മൂവ്മെന്റ്' ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന് തയ്യാറെടുത്തിരുന്നു. ജര്‍മനിയില്‍ 'റോണ്‍സ്ഡോര്‍ഫ് സെക്ട്' എന്നറിയപ്പെട്ടിരുന്ന ഒരു കൂട്ടര്‍ ക്രിസ്തുരാജ്യത്തിനുവേണ്ടി കാത്തിരുന്നു. 'ഷേക്കര്‍ കമ്യൂണിറ്റീസ്' എന്ന വിഭാഗക്കാരും ലോകാവസാനത്തിലും ക്രിസ്തുവിന്റെ തിരിച്ചുവരവിലും വിശ്വസിച്ചിരുന്നു. 19-ാം ശ.-ത്തിലും ക്രിസ്തുവിന്റെ രണ്ടാമത്തെ വരവില്‍ വിശ്വസിച്ചിരുന്ന വിഭാഗക്കാര്‍ ഇംഗ്ളണ്ട്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ധാരാളം ഉണ്ടായിരുന്നു.

അമേരിക്കയില്‍ അഡ്വന്റിസ്റ്റ് പ്രസ്ഥാനത്തിന് നേതൃത്വം നല്കിയത് വില്യം മില്ലറാണ്. 1839 മുതല്‍ മില്ലറിന് ധാരാളം അനുയായികള്‍ ഉണ്ടായി. 1843-ല്‍ 'അഡ്വന്റിസ്റ്റുകള്‍' എന്ന പേര്‍ അവര്‍ സ്വയം സ്വീകരിച്ചു. 1843 മാ. 21-നും 1844 മാ. 21-നും ഇടയ്ക്ക് ഒരു ദിവസമാണ് ക്രിസ്തുവിന്റെ വരവുണ്ടാകുകയെന്ന് മില്ലര്‍ പ്രവചിച്ചു. ആ പ്രവചനം ഫലിച്ചില്ല. 1844 ഒ. 22-ന് ക്രിസ്തു പ്രത്യക്ഷപ്പെടുമെന്ന് വീണ്ടും മില്ലര്‍ പ്രവചിച്ചുവെങ്കിലും ആ പ്രവചനവും ഫലവത്തായില്ല. ഏതാണ്ട് ഒരു ലക്ഷത്തോളം അനുയായികള്‍ ഉണ്ടായിരുന്ന ഈ പ്രസ്ഥാനം അതോടെ ഛിന്നഭിന്നമായി തുടങ്ങി.

മില്ലറിന്റെ പ്രസ്ഥാനത്തില്‍നിന്ന് ഉടലെടുത്ത സംഘങ്ങളില്‍ മുഖ്യമായത് സെവന്ത്ഡേ അഡ്വന്റിസ്റ്റുകള്‍ (Seventh Day Adventists) ആണ്. 1844-ലാണ് ഈ സംഘടന രൂപംകൊണ്ടത്. 1860-ല്‍ ഔദ്യോഗികമായി ഈ പേര്‍ അവര്‍ സ്വീകരിച്ചു. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന് ഒരു നിര്‍ദിഷ്ട ദിവസം ഇവര്‍ പ്രവചിച്ചില്ല. ക്രിസ്തുവിന്റെ ന്യായവിധി സ്വര്‍ഗത്തില്‍ വച്ചായിരിക്കും എന്ന് അവര്‍ വിശ്വസിച്ചു. മറ്റു ക്രൈസ്തവസഭാവിഭാഗങ്ങള്‍ ഞായറാഴ്ചയെ ശാബത്പോലെ കരുതുമ്പോള്‍, യഹൂദന്‍മാരെപ്പോലെ ഇവര്‍ ഏഴാം ദിവസമായ ശനിയാഴ്ചയാണ് ശാബത് ദിനമായി ആചരിക്കുന്നത്. അതിനാല്‍ ശനിയാഴ്ച ഇവര്‍ പ്രധാനമായ ജോലികളൊന്നും ചെയ്യാറില്ല. മിസ്സിസ് എലന്‍ ജി. വൈറ്റിന്റെ പ്രവാചകത്വത്തിലും ഇവര്‍ വിശ്വസിക്കുന്നു. 1903 മുതല്‍ ഈ പ്രസ്ഥാനത്തിന്റെ ആസ്ഥാനം വാഷിങ്ടണ്‍ ആണ്. (നോ: സെവന്ത് ഡേ അഡ്വന്റിസ്റ്റുകള്‍).

ഇതരവിഭാഗങ്ങള്‍. 1866-ല്‍ രൂപംകൊണ്ട മറ്റൊരു അഡ്വന്റിസ്റ്റ് വിഭാഗമാണ് ചര്‍ച്ച് ഒഫ് ഗോഡ് (Church of God). മിസ്സിസ് എലന്‍ ഗോള്‍ഡ് വൈറ്റിനെ പ്രവാചകയായി അംഗീകരിക്കാന്‍ വിസമ്മതിച്ചവരാണ് ഇവര്‍. മറ്റൊരു അഡ്വന്റിസ്റ്റുസഭയായ അഡ്വന്റ് ക്രിസ്ത്യന്‍ ചര്‍ച്ച് 1861-ല്‍ സ്ഥാപിതമായി. പുണ്യാത്മാക്കള്‍ക്ക് അമര്‍ത്യതയും പാപികള്‍ക്ക് വിനാശവും സംഭവിക്കുമെന്ന് അതു വിശ്വസിക്കുകയും പ്രചരണം നടത്തുകയും ചെയ്തു. 1862-ല്‍ സ്ഥാപിച്ച ലൈഫ് ആന്‍ഡ് അഡ്വന്റ് യൂണിയനും (Life and advent union), 1866-ല്‍ സ്ഥാപിച്ച ഏജ് ടു കം അഡ്വന്റിസ്റ്റുകളും (Age to come Adventists) മറ്റു രണ്ടു വിഭാഗക്കാരാണ്. സി.റ്റി. റസ്സല്‍ രൂപവത്കരിച്ച 'യഹോവാസാക്ഷികള്‍' (Jehovah Witnesses) എന്നറിയപ്പെടുന്ന പ്രസ്ഥാനവും പ്രവര്‍ത്തനക്ഷമമാണ്. ഇവര്‍ ത്രിത്വത്തെയും യേശുക്രിസ്തുവിന്റെ ദൈവത്വത്തെയും അംഗീകരിക്കുന്നില്ല (നോ: യഹോവാ സാക്ഷികള്‍). ഇവരെ കൂടാതെ പ്രിമിറ്റിവ് അഡ്വന്റ് ക്രിസ്ത്യന്‍ ചര്‍ച്ച്, യുണൈറ്റഡ് സെവന്ത് ഡേ ബ്രദറണ്‍ തുടങ്ങിയ വിഭാഗങ്ങളും നിലവിലുണ്ട്.

കേരളത്തില്‍. 1873-ല്‍ മധ്യതിരുവിതാംകൂറില്‍ ഉണ്ടായ ആത്മീയ ഉണര്‍വിനോടനുബന്ധിച്ച് റവ. യുസ്തൂസ് യൂസഫിന്റെ (വിദ്വാന്‍ കുട്ടിയച്ചന്‍) നേതൃത്വത്തില്‍ യൂയോമതം ഉടലെടുത്തു. യേശുക്രിസ്തുവിന്റെ രണ്ടാമത്തെവരവ് അഞ്ചരവര്‍ഷം കഴിഞ്ഞ് ഉണ്ടാകുമെന്ന് ഇവര്‍ വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. പ്രവചനം ശരിയാകാതെ വന്നതിനെതുടര്‍ന്ന് ഈ പ്രസ്ഥാനത്തിന്റെ പ്രാബല്യം നശിച്ചു. നോ: യൂയോമതം

ഇന്നു നിലവിലിരിക്കുന്ന വിവിധ പെന്തിക്കോസ്തുസഭകളും അഡ്വന്റിസ്റ്റു വിഭാഗത്തില്‍പ്പെടും. നോ: പെന്തിക്കോസ്തു സഭകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍