This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡോണേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഡോണേ

Adonais

ആംഗലകവിയായ ഷെല്ലിയുടെ (1792-1822) പ്രസിദ്ധമായ അജപാലവിലാപകാവ്യം (Pastoral elegy). അസാമാന്യമായ പ്രതിഭാവിലാസം ആവിഷ്കരിച്ചുകൊണ്ട് ആംഗലസാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ട മറ്റൊരു കവിയായ ജോണ്‍ കീറ്റ്സിന്റെ അകാലചരമത്തില്‍ അനുശോചിച്ചെഴുതിയതാണ് ഈ കൃതി. ക്ഷയരോഗബാധിതനായിരുന്ന കീറ്റ്സ് 1821 ഫെ. 23-ന് റോമില്‍വച്ചു നിര്യാതനായി. അദ്ദേഹത്തിന്റെ എന്‍ഡിമിയണ്‍ (Endymion) എന്ന കൃതിയെപ്പറ്റി ക്വാര്‍ട്ടര്‍ലി റിവ്യൂ എന്ന ആനുകാലികപ്രസിദ്ധീകരണത്തില്‍ വന്ന നിശിതമായ പ്രതികൂലവിമര്‍ശനമാണ് മരണകാരണം എന്നു ഷെല്ലി ധരിച്ചു. തന്‍മൂലം ഉണ്ടായ അന്തഃക്ഷോഭമാണ് ഈ വിലാപകാവ്യത്തിന്റെ രചനയ്ക്കു പ്രേരകം.

'അഡോണേ- കീറ്റ്സിന്റെ ചരമത്തെ അധികരിച്ചുള്ള ഒരു വിലാപഗീതം' എന്ന പേരാണ് കാവ്യത്തിനു നല്കിയിരിക്കുന്നതെങ്കിലും അത് കീറ്റ്സിനെയോ കീറ്റ്സിന്റെ ചരമത്തെയോ മാത്രം സംബന്ധിച്ചുള്ള ഒരു കൃതിയല്ല. കീറ്റ്സിനും ഷെല്ലിക്കും തമ്മില്‍ വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്നില്ല. യഥാര്‍ഹം അംഗീകരിക്കപ്പെടാതെ അകാലത്തില്‍ അന്തരിച്ച ഉജ്ജ്വലപ്രതിഭനായ ഒരു കവിയെച്ചൊല്ലി ഹൃദയാലുവായ മറ്റൊരു കവി ചെയ്യുന്ന ഉദ്വേഗാന്വിതമായ വിലാപനമാണിത്. ഷെല്ലിതന്നെ പുരോഭാഗികളുടെ പ്രതികൂലനിരൂപണശരങ്ങള്‍ ധാരാളം ഏറ്റിട്ടുള്ള ആളാണ്. തന്നിമിത്തം അദ്ദേഹം കീറ്റ്സിന്റെ വേര്‍പാടില്‍ വികാരഭരിതനും ദുഃഖിതനും ആയതു സ്വാഭാവികമാണ്. സ്വാനുഭവങ്ങളെപ്പറ്റിയുള്ള ചിന്ത പ്രസ്തുത കൃതിയില്‍ ധാരാളം കടന്നുകൂടിയിട്ടുണ്ട്.

ബി.സി. 3-ാം ശ.-ത്തില്‍ സിസിലിയില്‍ ജീവിച്ചിരുന്ന ബിയോണ്‍, അദ്ദേഹത്തിന്റെ ശിഷ്യനായ മോര്‍ക്കസ് എന്നീ അജപാലവിലാപകാവ്യകാരന്‍മാരുടെ ചുവടുപിടിച്ചാണ് ഷെല്ലി ഈ കൃതി രചിച്ചിട്ടുള്ളത്. അഡോണേ എന്നപേരുതന്നെ ബിയോണിന്റെ അഡോണിസിനെച്ചൊല്ലിയുളള വിലാപം (Lament for adonis) എന്ന കൃതിയില്‍നിന്നും സ്വീകരിച്ചിട്ടുള്ളതാണ്. സ്പെന്‍സറുടെ അസ്ത്രോഫല്‍, മില്‍ട്ടന്റെ ലിസിഡസ്, ആര്‍നോള്‍ഡിന്റെ തെര്‍സിസ് എന്നീ വിലാപകാവ്യങ്ങളോട് ഷെല്ലിയുടെ ഈ കൃതിക്കു സാദൃശ്യമുണ്ട്.

അജപാലവിലാപകാവ്യങ്ങളിലെ സമ്പ്രദായം അനുസരിച്ചു കഥാപാത്രങ്ങളെ പ്രതിരൂപാത്മകമായി ഇതിലും അവതരിപ്പിച്ചിരിക്കുന്നു. അഡോണേ കീറ്റ്സിനെയും, വിലാപകന്‍മാരായ അജപാലന്‍മാര്‍ ബൈറണ്‍, മൂര്‍, ലേഹണ്ട് മുതലായവരെയും പ്രതിനിധാനം ചെയ്യുന്നു. ആട്ടിന്‍പറ്റം പരേതന്റെ ഭാവനകളുടെ സ്ഥാനം വഹിക്കുന്നു. പ്രകൃതിശക്തികളും ദേവീദേവന്‍മാരും മൃതശരീരത്തിനടുത്തെത്തി പരേതന്റെ ഗുണഗണങ്ങള്‍ അനുസ്മരിച്ചു വിലപിക്കുന്നു. അജപാലകാവ്യസാധാരണമായ പ്രതിരൂപാവരണം ആദ്യവസാനം നിലനില്ക്കുന്നില്ല. കാവ്യം കുറേ ചെല്ലുമ്പോള്‍ ആരണ്യകപ്രതിബിംബങ്ങളും ആരണ്യകാന്തരീക്ഷവും ഉപേക്ഷിച്ച് കവി സ്വന്തം വിചാരമാര്‍ഗം പിന്‍തുടരുന്നതായി കാണാം. ജീവിതമരണങ്ങളുടെ അര്‍ഥത്തെയും പ്രപഞ്ചത്തിന്റെ നിയാമകശക്തിയെയുംപറ്റിയുള്ള വിചിന്തനങ്ങളിലേക്ക് കവി യഥാസ്ഥാനം കടക്കുന്നുണ്ട്.

ഷെല്ലിയുടെ കൃതികളില്‍വച്ച് ഏറ്റവും ഭാവോജ്ജ്വലവും ഗംഭീരവുമായ കാവ്യമാണ് അഡോണേ. ഷെല്ലിക്കുതന്നെയും ഈ അഭിപ്രായമാണുണ്ടായിരുന്നത്. താന്‍ വളരെ ശ്രമിച്ചും ശ്രദ്ധിച്ചും എഴുതിയിട്ടുള്ള കൃതിയാണിതെന്നും രചനാവിഷയകമായി തന്റെ എല്ലാ കൃതികളെക്കാളും ഇതു മെച്ചമാണെന്നും അദ്ദേഹം ഗിസ്ബോണ്‍ (Gisbonne) ദമ്പതികള്‍ക്കെഴുതിയ ഒരു കത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. കീറ്റ്സിന്റെ ചരമംമൂലമുണ്ടായ ഉത്ക്കടദുഃഖം കാവ്യത്തില്‍ ഉടനീളം തുടിച്ചു നില്‍ക്കുന്നു. ആധ്യാത്മികചിന്തയില്‍ മറ്റു വിലാപകാവ്യങ്ങള്‍ക്കൊന്നിനും ഇതിനോടൊപ്പം എത്താന്‍ കഴിഞ്ഞിട്ടില്ല. ഷെല്ലി-മനുഷ്യനും കവിയും (Shelly - the Man and the poet) എന്ന ഗ്രന്ഥത്തില്‍ എ. ക്ളട്ടണ്‍ബ്രൂക്ക് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നു: 'ഷെല്ലി എഴുതിയിട്ടുള്ള എല്ലാ കൃതികളിലുംവച്ച് ഉത്കൃഷ്ടം അഡോണേ ആണെന്നാണ് എന്റെ അഭിപ്രായം. അതില്‍ തന്റെ പ്രതിഭയ്ക്ക് ഏറ്റവും പറ്റിയ വിഷയം അദ്ദേഹം കണ്ടെത്തി. സംഗീതത്തെയും ഗഹനങ്ങളായ ആശയങ്ങളെയും മുമ്പൊരിക്കലും സാധിച്ചിട്ടില്ലാത്തവിധം അതില്‍ സംയോജിപ്പിച്ചിരിക്കുന്നു. രൂപത്തിലും പ്രമേയത്തിലും അതു ശ്രേഷ്ഠമാണ്. പരിചിതമായൊരു വിഷയത്തില്‍ ആരംഭിച്ച് ക്രമത്തില്‍ സ്വാഭാവികമായ ഒരു പ്രക്രിയയിലൂടെ അജ്ഞാതമേഖലകളിലേക്ക് - പുരാതനമായ അജപാലകാവ്യഭൂമിയില്‍നിന്ന് ഷെല്ലിയുടെ തന്നെ അക്ഷുണ്ണമായ ദുര്‍ഗമ ചിന്താമണ്ഡലങ്ങളിലേക്കും ഔന്നത്യങ്ങളിലേക്കും - നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അദ്ദേഹംതന്നെ ഇതു തന്റെ കൃതികളില്‍വച്ച് ഏറ്റവും നിരവദ്യമാണെന്നു പറഞ്ഞിട്ടുണ്ട്.

മലയാളത്തില്‍ അഡോണേയുടെ മാതൃകയിലുള്ള ഒരു കൃതിയാണ് എ.ആര്‍. രാജരാജവര്‍മയുടെ ചരമം പ്രമാണിച്ച് കുമാരനാശാന്‍ എഴുതിയ പ്രരോദനം എന്ന വിലാപകാവ്യം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A1%E0%B5%8B%E0%B4%A3%E0%B5%87" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍