This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡാഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:40, 9 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഡാഡ്

Adad

പുരാതന ബാബിലോണിയയിലെയും അസ്സീറിയയിലെയും ജനങ്ങള്‍ ആരാധിച്ചിരുന്ന ഒരു പ്രകൃതിദേവന്‍. പ്രകൃതിക്ഷോഭങ്ങള്‍ക്ക് കാരണഭൂതന്‍ ഈ ദേവനാണെന്നു ബാബിലോണിയരും അസ്സീറിയരും വിശ്വസിച്ചിരുന്നു. ബാബിലോണിയയിലേയും അസ്സീറിയയിലേയും പുരാണങ്ങളില്‍ ശക്തനായ ഈ ദേവനെപ്പറ്റി പല പരാമര്‍ശങ്ങളുമുണ്ട്. സുമേറിയര്‍ ഈ ദേവനെ 'ഇഷ്കൂര്‍' എന്നും അര്‍മേനിയരും കനാനൈറ്റുകളും 'അഡ്ഡു' അഥവാ 'ഹഡാഡ്' എന്നും വിളിച്ചിരുന്നു. 'അഡാഡ്' എന്ന പദവും ഈ ദേവനെപ്പറ്റിയുള്ള സങ്കല്പവും ബി.സി. 3000-ല്‍ പശ്ചിമസെമൈറ്റുകളാണ് മെസൊപ്പൊട്ടേമിയയില്‍ വ്യാപകമാക്കിയത്.

അഡാഡ് ദ്വന്ദ്വവ്യക്തിത്വമുള്ള ഒരു ദേവനാണെന്നാണ് സങ്കല്പം. ആരാധകര്‍ക്ക് ദാതാവും, നിഷേധികള്‍ക്ക് സംഹാരകനുമായി വര്‍ത്തിക്കുന്നു. തന്നെ പൂജിക്കുന്നവര്‍ക്കുവേണ്ടി അഡാഡ് ധാരാളം മഴ നല്കുന്നു; തത്ഫലമായി കാര്‍ഷിക വിഭവങ്ങള്‍ ലഭിക്കുന്നു. കര്‍ഷകര്‍ അഡാഡിനെ 'സമൃദ്ധിയുടെ ദേവന്‍' എന്നു വിളിക്കുന്നത് ഇതുകൊണ്ടാണ്. തന്നെ കുപിതരാക്കുന്ന ശത്രുക്കളെ കൊടുങ്കാറ്റും പേമാരിയുംകൊണ്ട് വലയ്ക്കുകയും, അന്ധകാരവും ദാരിദ്യ്രവും മൃത്യുവും അവരുടെ നേര്‍ക്ക് അഴിച്ചുവിടുകയും ചെയ്യുന്നു.

അഡാഡിന്റെ പിതാവായ 'അനു' സ്വര്‍ഗത്തിലെ ധാന്യദേവനാണ്. അനുവിന്റെ പിതാവായ 'ബെല്‍' ഭൂമിയുടെ അധിദേവനായിട്ടാണ് ആരാധിക്കപ്പെടുന്നത്. സൂര്യദേവനായ ഷമാഷും ധാന്യദേവനായ അനുവുമാണ് അഡാഡിന്റെ സന്തതസഹചാരികള്‍.

പല നാടോടിക്കഥകളിലും പുരാണകഥകളിലും, അഡാഡിന്റെ ക്രോധംമൂലം പേമാരിയുണ്ടായി ധനധാന്യാദികള്‍ നശിച്ചുപോയതായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. വിധിയുടെ ഗുളികകള്‍ അപഹരിച്ച സുബേര്‍ഡിനെ വധിക്കുവാന്‍ അഡാഡ് നിയോഗിക്കപ്പെട്ടുവെങ്കിലും പിതാവായ അനു നിരോധിച്ചതു നിമിത്തം അഡാഡ് അതില്‍നിന്നും പിന്‍തിരിഞ്ഞു.

ബി.സി. 2-ാം ശ.-ത്തില്‍ അഡാഡ് ഒരു മുഖ്യദേവനായിത്തന്നെ ആരാധിക്കപ്പെട്ടിരുന്നുവെങ്കിലും പില്ക്കാലത്ത് ക്രമേണ പ്രാധാന്യം കുറഞ്ഞു. ബി.സി. 10-ാം ശ.-ത്തിലും ബാബിലോണിയയില്‍ അഡാഡ് സമൃദ്ധിയുടെ ദേവന്‍തന്നെയായിരുന്നു. അസ്സീറിയയുടെ രാജധാനിയായ അഷൂറില്‍ അഡാഡിനെയും അനുവിനെയും ആരാധിക്കുവാന്‍ മനോഹരമായ ഒരു ദേവാലയം പണിതുയര്‍ത്തിയിരുന്നു. ക്രിസ്തുവര്‍ഷാരംഭത്തോടുകൂടി ഈ ദേവന്റെ പ്രാധാന്യം വളരെക്കുറഞ്ഞുപോയി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A1%E0%B4%BE%E0%B4%A1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍