This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അട്ടിമറി പ്രവര്‍ത്തനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

01:00, 21 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അട്ടിമറി പ്രവര്‍ത്തനം

Subversive activity

ഒരു രാജ്യത്തിലെ നിയമാധിഷ്ഠിതഭരണകൂടത്തെ ബലപ്രയോഗംമൂലം തകിടംമറിക്കാന്‍ നടത്തുന്ന ശ്രമം.

എല്ലാ രാജ്യങ്ങളും ഏതെങ്കിലുംതരത്തിലുള്ള അട്ടിമറി പ്രവര്‍ത്തനത്തെ നേരിടേണ്ടിവരുന്നു. രാജവാഴ്ചക്കാലത്ത് ഇത്തരം അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്നത് പ്രഭുക്കന്‍മാരായിരുന്നു. രാജകൊട്ടാരങ്ങളില്‍ നടന്നിട്ടുള്ള അട്ടിമറി പ്രവര്‍ത്തനങ്ങളില്‍ രാജകുടുംബാംഗങ്ങളും സൈന്യത്തലവന്‍മാരും പങ്കെടുത്തിരുന്നതിന് ദൃഷ്ടാന്തങ്ങള്‍ ധാരാളമുണ്ട്. ഏകാധിപത്യരാജ്യങ്ങളിലും ഇത്തരം അട്ടിമറി പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിന്റെ എല്ലാ കാലഘട്ടങ്ങളിലും നടന്നിട്ടുണ്ട്. ഫ്രഞ്ചുവിപ്ളവംപോലെയുള്ള ബഹുജനപ്രക്ഷോഭങ്ങളും നിയമാധിഷ്ഠിതഭരണകൂടത്തിനെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു.

കൊളോണിയല്‍വാഴ്ചയുളള മിക്ക രാജ്യങ്ങളിലും അട്ടിമറിപ്രവര്‍ത്തനം ധാരാളമായി നടന്നുവന്നിരുന്നു. ഇന്ത്യയില്‍ ഒന്നാം സ്വാതന്ത്ര്യസമരം (1857) സംഘടിപ്പിക്കപ്പെട്ടത് അട്ടിമറി പ്രവര്‍ത്തനത്തിലൂടെയാണ് എന്നൊരു വാദമുണ്ട്. എന്നാല്‍ നേതൃത്വം പ്രഭുക്കന്‍മാരുടെയും സൈനികരുടെയും കൈകളിലായിരുന്നതുകൊണ്ട് ആ സമരം ഫലപ്രദമായില്ല. അതിനുശേഷം ഇന്ത്യയില്‍ അട്ടിമറി പ്രവര്‍ത്തനങ്ങളെ തടയുന്നതിലാണ് ബ്രിട്ടിഷ് ഭരണത്തിന്റെ ശ്രദ്ധ തിരിഞ്ഞത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഭീകരപ്രസ്ഥാനം (Terrorism) അട്ടിമറി പ്രവര്‍ത്തനത്തിലാണ് ശ്രദ്ധ പതിപ്പിച്ചത്. എന്നാല്‍ സംഘടിതമായ ബഹുജനപ്രക്ഷോഭം കൂടാതെ വെറും അട്ടിമറി പ്രവര്‍ത്തനം കൊണ്ട് ഇന്ത്യയെപ്പോലെ ഉള്ള ഒരു രാജ്യത്തിന് വിദേശാധിപത്യത്തില്‍നിന്ന് വിമുക്തമാകാന്‍ സാധ്യമല്ലെന്ന് പില്ക്കാല സംഭവങ്ങള്‍ തെളിയിച്ചു. ജനങ്ങളെ ആവേശം കൊള്ളിക്കുന്നതിലും അവരില്‍ വിപ്ളവവീര്യം കുത്തിവയ്ക്കുന്നതിലും ഇന്ത്യയിലെ ഭീകരപ്രസ്ഥാനം കാര്യമായ പങ്കുവഹിച്ചു. ഭഗത്‍സിങ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവര്‍ അട്ടിമറി പ്രവര്‍ത്തനം നടത്തി രക്തസാക്ഷികളായിത്തീര്‍ന്നു. മാര്‍ക്സും എംഗല്‍സും വര്‍ഗസമരത്തിന്റെ ഭാഗമായി അട്ടിമറി പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ലെനിനും വിപ്ളവം സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞു. 'തോക്കിന്റെ മുനയില്‍ കൂടിയാണ് രാഷ്ട്രീയാധികാരം വളരുന്നത്' എന്ന പ്രഖ്യാപനത്തോടുകൂടി മാവോ ദ്സെ ദൂങ്ങ് വിപ്ളവം സംഘടിപ്പിക്കുന്നതിന് പുതിയൊരു തത്ത്വശാസ്ത്രം തന്നെ അവതരിപ്പിച്ചു. ഒളിപ്പോര്‍ സംഘങ്ങള്‍ പെരുകുന്നതോടുകൂടി ശത്രുവിനെ തോല്പിക്കാന്‍ സാധിക്കുമെന്ന് മാവോ സമര്‍ഥിച്ചു. 1946 മുതല്‍ വിയറ്റ്നാമിന്റെ ചരിത്രം ഗറില്ലാരീതിയിലുള്ള അട്ടിമറി പ്രവര്‍ത്തനത്തിന്റെ കഥയാണ് എന്നും ഒരു അഭിപ്രായമുണ്ട്.

ക്യൂബന്‍ നേതാവായ ഫിഡല്‍ കാസ്ട്രോയുടെ സുഹൃത്ത് ചെഗുവേര 1960-ല്‍ ഗറില്ലായുദ്ധം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഒരു വിപ്ളവം പൊട്ടിപ്പുറപ്പെടുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും, വിപ്ളവംതന്നെ ആ സാഹചര്യം സൃഷ്ടിക്കുമെന്നും ചെഗുവേര പ്രസ്താവിച്ചു. ഗറില്ലാസൈന്യം ചുരുക്കത്തില്‍ പാര്‍ട്ടിതന്നെയാണ് എന്നാണ് ഫ്രഞ്ചുകാരനായ റെജിഡിബ്രെയുടെ അഭിപ്രായം. അക്രമമാര്‍ഗങ്ങളാണ് സാമൂഹികപരിവര്‍ത്തനത്തിന് ഉപയോഗിക്കേണ്ടത് എന്ന സിദ്ധാന്തമാണ് ചെഗുവേരയും കൂട്ടരും അവതരിപ്പിക്കുന്നത്. 1971-ല്‍ ശ്രീലങ്കയിലുണ്ടായ കലാപങ്ങള്‍ ഈ ആശയങ്ങളുടെ പ്രയോഗത്തെ കുറിക്കുന്നു. 'മാര്‍ക്സിസം-ലെനിനിസ'ത്തില്‍ നിന്നും 'മാവോയിസ'ത്തില്‍നിന്നും ഭിന്നമായ ഒരു മാര്‍ഗമാണ് വിപ്ളവകരമായ അട്ടിമറി പ്രവര്‍ത്തനത്തിന്റേത്.

ബംഗ്ളാദേശിലെ 'മുക്തിബാഹിനി'യുടെ പ്രവര്‍ത്തനങ്ങള്‍ പാകിസ്താന്റെ ദൃഷ്ടിയില്‍ അട്ടിമറിയാണ്. അട്ടിമറി പ്രവര്‍ത്തനങ്ങളെല്ലാം ഇടതുപക്ഷചിന്താഗതിയുടെയോ ദേശീയത്വത്തിന്റെയോ ഫലമാകണമെന്നില്ല. ഒരു രാഷ്ട്രം വേറൊരു രാഷ്ട്രത്തില്‍ അട്ടിമറിപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഉദാഹരണങ്ങളുണ്ട്. ഇസ്രായേലിനെതിരായി അറബികള്‍ 'അല്‍ഹത്ത' തുടങ്ങിയ ഭീകരസംഘങ്ങളുടെ നേതൃത്വത്തില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായി പറയപ്പെടുന്നു.

ഒരു ദേശ-രാഷ്ട്രം സ്ഥാപിക്കുന്നതിനുവേണ്ടി പി.എല്‍.ഒയും ഹമാസും മറ്റു പാലസ്തീന്‍ സംഘടനകളും നടത്തുന്ന സായുധസമരങ്ങള്‍, ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം അട്ടമറി പ്രവര്‍ത്തനമാണ്. സ്വതന്ത്ര തമിഴ് ഈഴത്തിനുവേണ്ടിയുള്ള എല്‍.ടി.ടി.ഇ.യുടെ പ്രവര്‍ത്തനങ്ങളെ ശ്രീലങ്കന്‍ ഗവ. വീക്ഷിക്കുന്നത് ഇതേ കാഴ്ചപ്പാടിലൂടെയാണ്. വര്‍ണവിവേചനത്തിനെതിരെ നെല്‍സണ്‍ മണ്ടേലയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക്, ലോകമനഃസാക്ഷിയുടെ പിന്തുണ ലഭിച്ചപ്പോഴും, ദക്ഷിണ ആഫ്രിക്കയിലെ വെള്ളക്കാരുടെ മുന്‍വംശീയ ഭരണകൂടം നിര്‍വചിച്ചത് അട്ടിമറിയെന്നായിരുന്നു: അല്‍ഖ്വായിദ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ ഭീകരവാദ-അട്ടമറി പ്രവര്‍ത്തനങ്ങളായി കാണുമ്പോള്‍, വലിയ വിഭാഗം മുസ്ലിങ്ങള്‍ വിശുദ്ധ യുദ്ധമായിട്ടാണ് വീക്ഷിക്കുന്നത്. നേപ്പാളില്‍ നിയമാനുസൃതമായ ഭരണവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുവേണ്ടി പ്രതിപക്ഷ കക്ഷികളും മാവോയിസ്റ്റുകളും നടത്തിയ പ്രക്ഷോഭങ്ങളെ അവിടുത്തെ രാജഭരണം അട്ടിമറി പ്രവര്‍ത്തനങ്ങളായിട്ടാണ് വീക്ഷിച്ചത്. എന്നാല്‍, 2006-ലെ ജനാധിപത്യവിപ്ളവത്തെത്തുടര്‍ന്ന് പ്രതിപക്ഷ-മാവോയിസ്റ്റ് സഖ്യം ഔദ്യോഗിക ഭരണകര്‍ത്താക്കളാവുകയും രാജവാഴ്ചയെ ജനാധിപത്യത്തെ അട്ടിമറിക്കുന്ന ശക്തിയായി മുദ്രകുത്തുകയും ചെയ്തത് ശ്രദ്ധേയമാണ്.

അട്ടിമറിപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് എല്ലാ രാഷ്ട്രങ്ങളും നടപടികള്‍ സ്വീകരിക്കാറുണ്ട്. ഇന്ത്യയില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കെതിരായി സ്വീകരിക്കപ്പെടുന്ന നടപടികള്‍ ഭരണഘടനയിലെ മൌലികാവകാശങ്ങള്‍ക്കു വിധേയമാണ്. എന്നാല്‍ ഭരണഘടനയില്‍ കരുതല്‍തടങ്കല്‍നിയമത്തിന് വ്യവസ്ഥ ചെയ്തിട്ടുള്ളത് അട്ടിമറി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവരെ നേരിടുന്നതിനും കൂടിയാണ്. അടിയന്തിരാവസ്ഥക്കാലത്ത് മൌലികാവകാശങ്ങളില്‍ ചിലത് 'സസ്പെന്‍ഡു' ചെയ്യാനുള്ള അധികാരം പ്രസിഡന്റിനു നല്കിയിരിക്കുന്നതിലും ഈ ലക്ഷ്യം കാണാം.

(ഡോ. വി.കെ. സുകുമാരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍