This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അടൂര്‍

പത്തനംതിട്ട ജില്ലയിലെ അടൂര്‍ താലൂക്കിന്റെയും അടൂര്‍ മുനിസിപ്പാലിറ്റിയുടെയും ആസ്ഥാനം. കൊല്ലം പട്ടണത്തില്‍നിന്നു 45 കി.മീ. വ. കിഴക്കായി സ്ഥിതിചെയ്യുന്നു.

അടൂര്‍ എന്ന സ്ഥലനാമം അടു-ഊര്‍ (അട്ടി കൊടുത്ത ഊര് അഥവാ അട്ടിപ്പേറായി നല്കിയ ദേശം) എന്നിങ്ങനെ വ്യവച്ഛേദിച്ച് അതിന്റെ നിഷ്പത്തി സൂചിപ്പിക്കാറുണ്ട്. ഈ നിഷ്പത്തിയെ സാധൂകരിക്കുന്ന അപൂര്‍വമായ ഒരു കോലെഴുത്തുലിഖിതം മണ്ണടിയിലെ വാക്കുവഞ്ഞിപ്പുഴമഠം വക ഗ്രന്ഥവരികളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. പണ്ട് വാക്കുവഞ്ഞിപ്പുഴപ്പണ്ടാരത്തില്‍ ഈ പ്രദേശത്തിന്റെ അധിപനായിരുന്നു എന്ന് കരുതപ്പെടുന്നു. ഈ മഠത്തിന്റെ ഒരു ആസ്ഥാനം അടൂരില്‍ (പന്നിവിഴ) ഉണ്ട്. പ്രസ്തുതമഠത്തിലേക്ക് അട്ടിപ്പേറായി കിട്ടിയ ഈ പ്രദേശം അതിനു മുമ്പ് ചെങ്കഴുനീര്‍ നാടിന്റെ (ചെന്നീര്‍ക്കരയുടെ) ഭാഗമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. കൊ.വ. 343-ാമാണ്ട് വേണാട് ഇളംകൂര്‍ വാണ ശ്രീ വീരദേവമാര്‍ത്താണ്ഡവര്‍മ തിരുവടികളുടെ കിളിമാനൂര്‍ ശാസനത്തില്‍ ചെങ്കഴുനീര്‍ നാടിനെപ്പറ്റി സൂചന നല്കുന്ന സ്ഥലനാമങ്ങളില്‍ അടൂരിനടുത്തുള്ള പഴകുളവും ഉള്‍പ്പെടുന്നു. വേണാട്ടിലെ മാര്‍ത്താണ്ഡവര്‍മ ഇളയിടത്തുസ്വരൂപം വക രാജ്യങ്ങള്‍ വേണാടിനോടു ചേര്‍ക്കുന്നതുവരെ (എ.ഡി. 1741) അടൂര്‍ ഇളയിടത്തു സ്വരൂപത്തിന്റെ (കൊട്ടാരക്കര രാജവംശം) ഭരണത്തിന്‍കീഴിലായിരുന്നു. മാര്‍ത്താണ്ഡവര്‍മ ശത്രുക്കളെ പേടിച്ച് പ്രഛന്നവേഷനായി നടന്ന കാലത്ത് അദ്ദേഹത്തിന് അഭയം നല്കിയ നെല്ലിമൂട്ടില്‍ എന്ന ക്രൈസ്തവകുടുംബം ഇവിടെയാണ്.

അടൂര്‍ ഒരു കാര്‍ഷികമേഖലയാണ്. തെങ്ങും മറ്റു ഫലവൃക്ഷങ്ങളും നെല്ലും മരച്ചീനിയും കുരുമുളകും റബറും എല്ലാം ഇവിടെ വിളയുന്നു. കല്ലട നദീതടപദ്ധതി പ്രാവര്‍ത്തികമായതോടെ ജലസേചനസൌകര്യം മെച്ചപ്പെട്ടിട്ടുണ്ട്. പറയത്തക്ക വ്യവസായപ്രാധാന്യം അടൂരിനില്ല. ജനങ്ങള്‍ ഭൂരിഭാഗവും കര്‍ഷകത്തൊഴിലാളികളാണ്. വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും വലിയ പുരോഗതിയുണ്ടായിട്ടുണ്ട്.

കേരളത്തിലെ ഒരു പ്രസിദ്ധ വ്യാപാരകേന്ദ്രമായ പറക്കോട് പബ്ളിക്ക് മാര്‍ക്കറ്റ് അടൂരിനു തൊട്ടടുത്തു സ്ഥിതി ചെയ്യുന്നു.

സരസസാഹിത്യകാരന്‍മാരായ ഈ.വി. കൃഷ്ണപിള്ള (1895-1938)യുടെയും മുന്‍ഷി പരമുപിള്ള(1902-65)യുടെയും ജന്‍മസ്ഥലം അടൂര്‍ (പെരിങ്ങനാട്) ആണ്. ചലച്ചിത്ര സംവിധായകനായ അടൂര്‍ഗോപാലകൃഷ്ണനും ഹാസ്യനടനായിരുന്ന അടൂര്‍ഭാസിയും അടൂര്‍ സ്വദേശികളാണ്. ദക്ഷിണേന്ത്യയിലെ പ്രഥമ സംസ്കൃതനാടകകൃത്തും, ആശ്ചര്യചൂഡാമണിയുടെ കര്‍ത്താവുമായ ശക്തിഭദ്രന്‍ (എ.ഡി. 7-ാം ശ.) അടൂരിനടുത്ത് കൊടുമണ്ണിലാണ് ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ ചാലക്കുടിയാറിന്റെ തീരത്തായി മറ്റൊരു അടൂര്‍ (അഡൂര്‍) ഉണ്ട്. പ്രസിദ്ധമായ അന്നമനടക്ഷേത്രത്തിന്റെ ആസ്ഥാനമാണ് ഇവിടം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9F%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍