This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടുപ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അടുപ്പ്

ഭക്ഷണം പാകംചെയ്യാനും മറ്റും പാത്രങ്ങള്‍ വച്ച് അവയ്ക്കു താഴെ തീ കത്തിക്കത്തക്കവണ്ണം ഒരുക്കിയിട്ടുള്ള സ്ഥലം. മൂന്നു കല്ലുകള്‍ ത്രികോണരൂപത്തില്‍ അടുക്കിവച്ചാണ് സാധാരണ അടുപ്പുണ്ടാക്കുന്നത്. തറ കുഴിച്ച് തറനിരപ്പില്‍നിന്ന് അല്പം ഉയര്‍ത്തി, 'റ'യുടെ ആകൃതിയില്‍ കല്ല് അടുക്കിയോ ചുവരു വയ്ക്കുന്ന മട്ടില്‍ മണ്ണു കുഴച്ചുപിടിപ്പിച്ചോ അടുപ്പുണ്ടാക്കാം.

മനുഷ്യന്‍ ആഹാരപദാര്‍ഥങ്ങള്‍ ചുട്ടുതിന്നിരുന്ന കാലത്ത് അടുപ്പിന്റെയോ പാത്രങ്ങളുടെയോ ആവശ്യം ഉണ്ടായിരുന്നില്ല. വേവിച്ചും പുഴുങ്ങിയും പലതരത്തില്‍ പാകം ചെയ്ത് ആഹാരസാധനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് അടുപ്പിന്റെ ആവശ്യം നേരിട്ടത്. പാത്രത്തില്‍ ചുട്ടുപഴുത്ത കല്ലുകളിട്ടാണ് നവീനശിലായുഗത്തില്‍ ആഹാരപദാര്‍ഥങ്ങള്‍ പാകംചെയ്തിരുന്നത്. കുഴികളുണ്ടാക്കി അടിവശത്തും പാര്‍ശ്വങ്ങളിലും ചുട്ടുപഴുത്ത കല്ലുകള്‍ നിരത്തി അതിനുള്ളില്‍ പാത്രങ്ങള്‍ വച്ച് ആഹാരം പാകം ചെയ്തെടുക്കുന്ന ഒരു രീതി പിന്നീട് കുറെക്കാലത്തേക്ക് നിലനിന്നു. അതിനുശേഷമാണ് ശാസ്ത്രീയരീതിയിലുള്ള അടുപ്പുകള്‍ കണ്ടുപിടിച്ചത്. പൊംപേയ്, ഹെര്‍ക്കുലേനിയം എന്നിവിടങ്ങളില്‍ 2,000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപയോഗിച്ചിരുന്ന പല ഗൃഹോപകരണങ്ങളില്‍ ചുടുകട്ടകൊണ്ട് നിര്‍മിച്ചിട്ടുള്ള അടുപ്പുകളും ഉള്‍പ്പെടുന്നു. കരിയാണ് ഇന്ധനമായി അന്ന് ഉപയോഗിച്ചിരുന്നത്. മധ്യകാലഘട്ടങ്ങളില്‍ വിറകും കരിയും ഉപയുക്തമാക്കി. 19-ാം ശ. ആയപ്പോഴേക്കും ഇരുമ്പുകൊണ്ടു നിര്‍മിച്ച അടുപ്പുകള്‍ പ്രചാരത്തില്‍ വന്നു. ഗ്യാസ് ഉപയോഗിക്കുന്ന അടുപ്പ് കണ്ടുപിടിച്ചത് 1830-ല്‍ ആണ്. 19-ാം ശ.-ത്തിന്റെ അവസാനത്തോടെ അതിന് വമ്പിച്ച പ്രചാരം സിദ്ധിച്ചു. വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാവുന്ന സ്റ്റൌവ്, അവന്‍, ഹോട്ട് പ്ളേറ്റ്, വിവിധ താപനിലകളില്‍ പാചകപ്രക്രിയകള്‍ നടത്താവുന്ന കുക്കിംഗ്റേഞ്ച്, മൈക്രോവേവ് അവനുകള്‍ എന്നിവ 20-ാം ശ.-ത്തിലാണ് പ്രചാരത്തില്‍ വന്നത്.

വിറകുപയോഗിക്കുന്ന നാടന്‍ അടുപ്പ്, കരിയടുപ്പ്, മരപ്പൊടിയടുപ്പ്, ഇരുമ്പടുപ്പ്, ലിഗ്നൈറ്റ് അടുപ്പ്, മണ്ണെണ്ണ സ്റ്റൌവ്, രാജു അടുപ്പ് എന്നിവയാണ് ഇന്ത്യയില്‍ സാര്‍വത്രികമായി ഉപയോഗിച്ചുവരുന്നത്. വൈദ്യുത-അടുപ്പുകള്‍ ഉയര്‍ന്ന ജീവിതനിലവാരമുള്ളവര്‍ മാത്രമേ ഉപയോഗിക്കുന്നുള്ളു. വിറകൊഴിച്ചാല്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇന്ധനം കല്ക്കരിയാണ്. എടുത്തുമാറ്റാന്‍ സൌകര്യമുള്ള ഇരുമ്പടുപ്പുകളിലാണ് കരി ഉപയോഗിക്കുന്നത്. കരിയടുപ്പില്‍ പുകയില്ലെങ്കിലും അതില്‍നിന്ന് കാര്‍ബണ്‍ മോണോക്സൈഡ് ഉണ്ടാകുന്നു. ഇത് അന്തരീക്ഷത്തെ ദുഷിപ്പിക്കുന്നു.

പുക നിറഞ്ഞ അടുക്കളകള്‍ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതുകൊണ്ട് പുകയില്ലാത്തതും, അതേസമയം ചെലവു കുറഞ്ഞതുമായ പുതിയതരം അടുപ്പുകള്‍ കണ്ടുപിടിക്കുന്നതിനു ശ്രമങ്ങള്‍ നടന്നു. ഹൈദ്രബാദിലെ ഗവണ്‍മെന്റ് എന്‍ജിനീയറിങ് ഗവേഷണവകുപ്പിന്റെ ഡയറക്ടറായിരുന്ന ഡോ.എസ്.പി. രാജു പുകയില്ലാത്ത ഒരുതരം അടുപ്പ് കണ്ടുപിടിച്ചു. ഇത് 'രാജു അടുപ്പ്' എന്നറിയപ്പെടുന്നു. എല്‍ (L) എന്ന ഇംഗ്ളീഷ് അക്ഷരത്തിന്റെ ആകൃതിയിലുള്ള ഒരു കുഴല്‍ ആണിത്. മൂന്നു പാത്രങ്ങള്‍ വയ്ക്കുന്നതിനുള്ള ദ്വാരങ്ങള്‍ ഇതില്‍ ഉണ്ട്. അതിന്റെ തുറന്നു കിടക്കുന്ന വശത്ത് വിറകു കത്തിച്ചാല്‍ മൂന്നടുപ്പുകളിലും ചൂടു കിട്ടും. അടുപ്പിന്റെ അഗ്രഭാഗത്തു നിര്‍മിച്ചിരിക്കുന്ന പുകക്കുഴലില്‍കൂടി പുക പുറത്തുപോകും. ഇത്തരം അടുപ്പുകള്‍ മണ്ണുകൊണ്ടും ഇഷ്ടികകൊണ്ടും ലോഹംകൊണ്ടും നിര്‍മിച്ചുവരുന്നു. എഫ്.എ.ഒ. (F.A.O)ഗാര്‍ഹികശാസ്ത്രവകുപ്പ്, യുനെസ്കോ, സാമൂഹ്യക്ഷേമസംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തനം മൂലം ഈ അടുപ്പുകള്‍ ഇന്ത്യയില്‍ മാത്രമല്ല ശ്രീലങ്ക, പാകിസ്താന്‍, ഇന്തോനേഷ്യ മുതലായ രാജ്യങ്ങളിലും പ്രചരിച്ചിട്ടുണ്ട്.

പുതിയ തലമുറയുടെ രുചിഭേദങ്ങള്‍ക്കനുസരിച്ച് പാചക സാമഗ്രികളും പാചകസംവിധാനവും മാറിക്കൊണ്ടിരിയ്ക്കുന്ന സാഹചര്യത്തില്‍ മൈക്രോവേവ് അവനുകള്‍ക്ക് ഏറെ പ്രചാരം സിദ്ധിച്ചിട്ടുണ്ട്. ആധുനിക പാചക സംവിധാനങ്ങളില്‍ ഏറ്റവും മികവുറ്റതും, ആരോഗ്യപ്രദവും സൌകര്യപ്രദവുമാണ് മൈക്രോവേവ് അവനുകള്‍. ഇലക്ട്രിക് അവന്‍ പോലെ വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്നവയാണിവയും. പക്ഷേ ഇവിടെ മാഗ്നട്രോണ്‍ (Magnetron) എന്ന ലോഹക്കഷണത്തില്‍ വൈദ്യുതി പ്രവേശിക്കുമ്പോള്‍ അതില്‍നിന്ന് ഉയര്‍ന്ന ആവൃത്തിയുള്ള വിദ്യുത്കാന്ത തരംഗങ്ങള്‍ (High Frequency Electro-Magnetic Waves) പുറത്തുവരികയും ഭക്ഷണ സാധനങ്ങള്‍ക്കകത്തുള്ള വെള്ളം, കൊഴുപ്പ് എന്നിവയില്‍ പ്രവര്‍ത്തിക്കുകയും താപം പുറപ്പെടു(Heat Energy) വിക്കുകയും ചെയ്യുന്നു. ഇവിടെ പാത്രം ചൂടുപിടിക്കുന്നതിന് മുന്‍പ് ഭക്ഷണ സാധനങ്ങള്‍ പാകമാകുന്നു. സാധാരണ പാചകസമയത്തിന്റെ മൂന്നിലൊന്നുസമയം ഇവയിലെ പാചകത്തിന് മതിയാകും.

ഭക്ഷണസാധനങ്ങള്‍ക്കകത്തുള്ള വെള്ളത്തില്‍ പാകമാകുന്നതുകൊണ്ട് അധികം വെള്ളം പാചകത്തിന് ആവശ്യമില്ല. അതുകൊണ്ട് തന്നെ രുചി, മണം, പോഷകഗുണം എന്നിവ ഈ പാചകത്തില്‍ അധികരിയ്ക്കുന്നു.

കളിമണ്‍പാത്രങ്ങള്‍ ചട്ടികള്‍, ബോറോസില്‍, പൈറക്ക,് പ്രത്യേകതരം പ്ളാസ്റ്റിക് പാത്രങ്ങള്‍ എന്നിവയാണ് മൈക്രോവേവ് അവനില്‍ ഉപയോഗിക്കുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9F%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍