This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടിസ്ഥാനവിദ്യാഭ്യാസ പദ്ധതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അടിസ്ഥാനവിദ്യാഭ്യാസ പദ്ധതി

ഗാന്ധിജി ആവിഷ്കരിച്ച ദേശീയവിദ്യാഭ്യാസ പദ്ധതി. ഇത് വാര്‍ധാപദ്ധതി, ബേസിക് എഡ്യൂക്കേഷന്‍ (Basic Education), നയീതാലിം എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസം ദേശീയതാത്പര്യത്തിന് അനുഗുണമായിട്ടല്ല സംവിധാനം ചെയ്തിട്ടുള്ളതെന്ന് സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധിക്ക് ബോധ്യമായി. പാശ്ചാത്യ സംസ്കാരത്തിന്റെ പശ്ചാത്തലത്തില്‍ ബുദ്ധിയുടെ മാത്രം വികാസം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന ആ സമ്പ്രദായത്തില്‍ ഭാരതീയത്വം തീരെ അവഗണിക്കപ്പെട്ടിരുന്നു. തന്‍മൂലം വിദ്യാഭ്യാസം കൊണ്ടു ലഭിക്കേണ്ടതായ മാനസികവും ശാരീരികവും വൈകാരികവും ആത്മീയവുമായ വികാസം ഭാരതജനതയ്ക്ക് വേണ്ടത്ര ലഭിച്ചിരുന്നില്ല. അടിസ്ഥാനവിദ്യാഭ്യാസ പദ്ധതി ആവിഷ്കരിക്കുന്നതിനു ഗാന്ധിജിയെ പ്രേരിപ്പിച്ച കാരണം ഇതാണ്.

പതിനെട്ടും പത്തൊന്‍പതും ശ.-ങ്ങളില്‍ പാശ്ചാത്യ വിദ്യാഭ്യാസരംഗത്തുണ്ടായ മനഃശാസ്ത്രപരവും സാമൂഹികവും ആയ ഉണര്‍വും പുരോഗതിയും ഗാന്ധിജിയുടെ ആശയങ്ങളെ സ്വാധീനിച്ചിരുന്നു. ഇന്ത്യയില്‍ ടാഗോറിന്റെ വിദ്യാഭ്യാസാദര്‍ശങ്ങള്‍ അദ്ദേഹത്തിന് ശ്രദ്ധേയമായി തോന്നി. കൂടാതെ പെസ്റ്റലോത്സി, ഫ്രോബല്‍, റൂസ്സോ, മറിയ മോണ്ടിസ്സോറി, ജോണ്‍ ഡ്യൂയി എന്നിങ്ങനെ പാശ്ചാത്യവിദ്യാഭ്യാസമണ്ഡലത്തിലെ ചിന്തകരുടെയും പ്രയോക്താക്കളുടെയും ആദര്‍ശങ്ങളുമായി അദ്ദേഹം പരിചയിച്ചിരുന്നു. ഇവയുടെ സാരാംശം ഗ്രഹിച്ചു ഭാരതത്തിന് അനുയോജ്യമായവിധം അദ്ദേഹം ആസൂത്രണം ചെയ്തതാണ് അടിസ്ഥാനവിദ്യാഭ്യാസം. ഗാന്ധിജിയുടെ ഈ പദ്ധതി വിദ്യാഭ്യാസപരമായ ചിന്തയ്ക്ക് ഇന്ത്യ നല്കിയിട്ടുള്ള ആഗോളശ്രദ്ധേയമായ സംഭാവനയാണ്. താന്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച വിദ്യാഭ്യാസപദ്ധതിയുടെ സ്വരൂപസ്വഭാവങ്ങളിലേക്ക് വെളിച്ചം വീശുന്ന ലേഖനങ്ങള്‍ ഗാന്ധിജി പലപ്പോഴും ഹരിജന്‍ വാരികയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ശാരീരികവും മാനസികവും ആത്മീയവുമായ കഴിവുകളെ വികസിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും സാക്ഷരത എന്നത് വിദ്യാഭ്യാസത്തിനുള്ള ഒരു ഉപകരണം മാത്രമാണെന്നും ജീവിതത്തിന് ഉപകരിക്കുന്ന ഏതെങ്കിലും ഒരു കൈത്തൊഴില്‍ പഠിച്ചുകൊണ്ടാണ് വിദ്യ ആരംഭിക്കേണ്ടതെന്നും ആ ലേഖനങ്ങളില്‍ അദ്ദേഹം സമര്‍ഥിച്ചിരുന്നു. തൊഴില്‍ എന്നതുകൊണ്ട് അദ്ദേഹം വിവക്ഷിച്ചത് നൂല്നൂല്പ്, നെയ്ത്ത് ഇത്യാദി ഗ്രാമീണര്‍ക്കു പറ്റിയ തൊഴിലുകളായിരുന്നു. ഗ്രാമപുരോഗതിയെ ത്വരിതപ്പെടുത്തി പുതിയ ഒരു സാമൂഹികക്രമത്തിന് അടിത്തറ പാകാന്‍ അത്തരം വിദ്യാഭ്യാസപദ്ധതിക്കു മാത്രമേ കഴിയൂ എന്ന് അദ്ദേഹം ഖണ്ഡിതമായി പറഞ്ഞു.

പദ്ധതി രൂപരേഖ. 1937 ഒ. 22, 23 തീയതികളില്‍ വാര്‍ധായില്‍വച്ച് ഒരു വിദ്യാഭ്യാസ കോണ്‍ഫറന്‍സ് ഗാന്ധിജി വിളിച്ചുകൂട്ടി. ഡോ. സാക്കീര്‍ ഹുസൈന്‍, ശ്രീമന്നാരായണന്‍, വിനോബാ ഭാവേ, മഹാദേവ് ദേശായി, ബി.ജി.ഖേര്‍, പണ്ഡിറ്റ് രവിശങ്കര്‍ ശുക്ള, കാക്കാ കാലേല്ക്കര്‍, കെ.ടി.ഷാ, കിശോരിലാല്‍ മശ്രുവാലാ തുടങ്ങിയ സമുന്നതരായ വിദ്യാഭ്യാസചിന്തകന്‍മാര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനം താഴെപറയുന്ന പ്രമേയങ്ങള്‍ പാസ്സാക്കി.

(1) 7 വയസ്സു മുതല്‍ 14 വയസ്സു വരെ ഏഴു വര്‍ഷക്കാലം ദേശീയാടിസ്ഥാനത്തില്‍ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൌജന്യവും ആയ വിദ്യാഭ്യാസം നല്കണം.

(2) ബോധനമാധ്യമം മാതൃഭാഷ ആയിരിക്കണം.

(3) വിദ്യാര്‍ഥിയുടെ ചുറ്റുപാടുകളുമായി ബന്ധമുള്ളതും ഉത്പാദനക്ഷമവുമായ ഏതെങ്കിലും കൈത്തൊഴില്‍ വിദ്യാഭ്യാസത്തിന്റെ കേന്ദ്രബിന്ദു ആയിരിക്കണം.

(4) അധ്യാപകരുടെ വേതനത്തിനുകൂടി വക കണ്ടെത്തുന്ന തരത്തില്‍ സ്വയംപര്യാപ്തമായിരിക്കണം ഈ സമ്പ്രദായം.

ഈ പ്രമേയത്തിന് പ്രായോഗികരൂപം നല്കുന്നതിന് ഡോ. സാക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയമിച്ചു. ആര്യനായകം (കണ്‍വീനര്‍), ജെ.സി. കുമരപ്പ, വിനോബാ ഭാവേ, ആശാദേവി, കാക്കാ കാലേല്ക്കര്‍, കെ.ടി. ഷാ, കെ.ജി. സെയ്യുദ്ദീന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതായിരുന്നു ഈ കമ്മിറ്റി. 'സാക്കീര്‍ ഹുസൈന്‍ കമ്മിറ്റി' 1937-ലും 38-ലുമായി രണ്ടു റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. ആദ്യത്തെ റിപ്പോര്‍ട്ട് വാര്‍ധാപദ്ധതിയുടെ അടിസ്ഥാനതത്ത്വങ്ങളെ സംബന്ധിച്ചുള്ളതായിരുന്നു. അടിസ്ഥാന-കൈത്തൊഴിലിനെ സംബന്ധിച്ച പ്രായോഗിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു രണ്ടാമത്തെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ 'ഹരിപുരി' സമ്മേളനം വാര്‍ധാ പദ്ധതി അംഗീകരിച്ചു. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് ഹിന്ദുസ്ഥാനി താലീമി (Hindustani Talimi) എന്ന ഒരു അഖിലഭാരതീയ സമിതി രൂപവത്കൃതമായി.

ഖേര്‍ കമ്മിറ്റി. വാര്‍ധാപദ്ധതി സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കുന്നതിന് ബി.ജി. ഖേര്‍ അധ്യക്ഷനായി വേറൊരു കമ്മിറ്റിയെ കേന്ദ്രവിദ്യാഭ്യാസോപദേശക സമിതി പിന്നീടു നിയമിച്ചു. ഈ കമ്മിറ്റിയുടെ ചില പ്രധാന ശുപാര്‍ശകള്‍ താഴെ പറയുന്നവയാണ്:

(1) ഗ്രാമപ്രദേശങ്ങളില്‍ മാത്രം ഈ പദ്ധതി നടപ്പാക്കുക. (2) അടിസ്ഥാനവിദ്യാഭ്യാസ പദ്ധതിയ്ക്ക് ജൂനിയര്‍ ബേസിക്, സീനിയര്‍ ബേസിക് എന്നിങ്ങനെ രണ്ടു ഘട്ടം ഉണ്ടായിരിക്കണം. ആറു മുതല്‍ പതിനൊന്നുവയസ്സു വരെ ജൂനിയര്‍ ഘട്ടം. പതിനൊന്നു മുതല്‍ പതിനാലുവരെ സീനിയര്‍ ഘട്ടം. അഞ്ചാമത്തെ വയസ്സില്‍ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാനുള്ള വ്യവസ്ഥകള്‍ ഉണ്ടായിരിക്കണം. (3) ആവശ്യമെന്നു കണ്ടാല്‍ ജൂനിയര്‍ ഘട്ടത്തിന്റെ അവസാനത്തില്‍ കുട്ടികളെ മറ്റുതരം വിദ്യാലയങ്ങളില്‍ ചേര്‍ത്തു പഠിപ്പിക്കാനുള്ള വ്യവസ്ഥകളും ഉണ്ടാകണം. (4) രണ്ടു ഘട്ടങ്ങളിലും ബോധനമാധ്യമം മാതൃഭാഷ ആയിരിക്കണം. സീനിയര്‍ ഘട്ടത്തില്‍ ഒരു പൊതുഭാഷ പഠിപ്പിക്കുന്നത് അഭിലഷണീയമാണ്. ഹിന്ദി പഠിപ്പിക്കണം. (5) പഠിക്കുന്ന സ്ഥാപനത്തില്‍ തന്നെ പല ഘട്ടങ്ങളിലായി നടത്തുന്ന ക്ളാസുപരീക്ഷകള്‍ അടിസ്ഥാനമാക്കി യോഗ്യതാപത്രങ്ങള്‍ നല്കാവുന്നതാണ്. വര്‍ഷാന്ത്യത്തില്‍ പുറമേയുള്ളവരെക്കൊണ്ട് പരീക്ഷകള്‍ നടത്തി വിദ്യാര്‍ഥികളുടെ ജയാപജയങ്ങള്‍ നിശ്ചയിക്കുന്ന സമ്പ്രദായം (ബാഹ്യപരീക്ഷ) നിര്‍ത്തേണ്ടതാണ്.

കുട്ടികളെ പതിനാലാമത്തെ വയസ്സില്‍ കേവലം കൈത്തൊഴിലുകാരായി മാറ്റുകയല്ല, പ്രത്യുത പ്രാദേശികസ്ഥിതിഗതികളെയും കുട്ടികളുടെ അഭിരുചിയെയും കണക്കിലെടുത്ത്, തിരഞ്ഞെടുക്കപ്പെടുന്ന കൈത്തൊഴിലുകളിലൂടെ ഉത്പാദനക്ഷമമായവിധം സമഗ്രവും ഫലപ്രദവും ആയ വിദ്യാഭ്യാസം അവര്‍ക്കു നല്കുകയാണ് അടിസ്ഥാനവിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യമെന്ന് കമ്മിറ്റി വ്യക്തമാക്കി.

വിദ്യാഭ്യാസക്കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍. തികച്ചും ദേശീയം എന്ന നിലയില്‍ സാര്‍വത്രികമായി ഭാരതത്തില്‍ പ്രചരിച്ചു തുടങ്ങിയ ഈ അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ സമഗ്രമായ ഒരു പഠനമാണ് സാര്‍ജന്റ് റിപ്പോര്‍ട്ടില്‍ (1944) ഉള്ളത്. കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസം തന്നെ പൂര്‍വം എന്നും ഉത്തരം എന്നും (Pre and Post Basic Education) രണ്ടു ഘട്ടങ്ങളായി അതില്‍ തിരിച്ചിട്ടുണ്ട്. വയോജനവിദ്യാഭ്യാസവും ഈ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നതുകൊണ്ട് അതു മൂന്നാമത്തെ ഘട്ടമായും തീര്‍ന്നു. ഈ മൂന്നു ഘട്ടങ്ങള്‍ കൂടിയ അടിസ്ഥാനവിദ്യാഭ്യാസ പദ്ധതിയെ 1944-ല്‍ ഭാരത സര്‍ക്കാര്‍ ദേശീയപദ്ധതിയായി അംഗീകരിച്ചു. അടിസ്ഥാന വിദ്യാലയങ്ങള്‍ നാടിന്റെ എല്ലാ ഭാഗങ്ങളിലും രൂപംകൊണ്ടു. ഈ പുതിയ പദ്ധതിയുടെ പുരോഗതി പരിശോധിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ വീണ്ടും ഒരു കമ്മറ്റി 1954-ല്‍ നിയമിക്കപ്പെട്ടു. അടിസ്ഥാനവിദ്യാഭ്യാസം കൂടുതല്‍ സജീവവും പ്രായോഗികവുമാക്കാന്‍ പറ്റിയ ഒരു പഞ്ചമുഖപരിപാടി കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു. പരിപാടിയുടെ ഘടകങ്ങള്‍: (1) സ്വാശ്രയശീലവും ഉത്തരവാദിത്വബോധവും വളര്‍ത്തല്‍; (2) സ്വയംഭരണശീലം ആര്‍ജിക്കല്‍; (3) സാംസ്കാരികവും വിനോദപരവുമായ പ്രവര്‍ത്തനങ്ങള്‍; (4) സമൂഹവികസനപരിപാടികള്‍; (5) പ്രയോജനകരമായ തൊഴില്‍ പരിശീലനം എന്നിവയായിരുന്നു.

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഭാരതത്തിലെ വിദ്യാഭ്യാസസമ്പ്രദായം പുനഃപരിശോധിക്കുന്നതിനുവേണ്ടി ഡോ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായി 1948-ലും ഡോ. എ. ലക്ഷ്മണസ്വാമി മുതലിയാര്‍ അധ്യക്ഷനായി 1952-ലും ഡോ. കൊഠാരി അധ്യക്ഷനായി 1964-ലും നിയമിക്കപ്പെട്ട കമ്മിറ്റികള്‍ സമര്‍പ്പിച്ച സുദീര്‍ഘങ്ങളായ റിപ്പോര്‍ട്ടുകളില്‍ ബേസിക് എഡ്യൂക്കേഷനെപ്പറ്റി ഗണ്യമായ വിചിന്തനങ്ങള്‍ ഉണ്ടായിട്ടില്ല. അടിസ്ഥാനവിദ്യാഭ്യാസത്തോട് പ്രത്യേകമായ ഒരു സമീപനം ആവശ്യമാണെന്ന് കൊഠാരി കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രസ്തുത റിപ്പോര്‍ട്ടില്‍ 'പ്രവര്‍ത്തനപരിചയം' എന്നു പേരു നല്കി അതില്‍ പ്രതിപാദിക്കപ്പെടുന്ന പഠനസമ്പ്രദായം അടിസ്ഥാനവിദ്യാഭ്യാസത്തോടു മൌലികമായി യോജിച്ചു പോകുന്നുണ്ട്.

പേരിന്റെ പ്രസക്തി. ഈ പദ്ധതിക്ക് അടിസ്ഥാനവിദ്യാഭ്യാസം എന്ന പേരു നല്കാന്‍ ഉള്ള കാരണങ്ങള്‍ താഴെ പറയുന്നു.

(1) ഭാരതീയ സംസ്കാരത്തില്‍ അടിസ്ഥാനം ഉറപ്പിച്ചിട്ടുള്ളതാണ് ഈ പദ്ധതി. മതപരമായ വിശ്വാസങ്ങള്‍ക്കും ചിന്തകള്‍ക്കും അതീതമായി ഇന്ത്യയിലെ ഓരോ കുട്ടിക്കും കുറഞ്ഞ തോതിലെങ്കിലും വിദ്യാഭ്യാസം നേടുവാന്‍ ഈ പദ്ധതി അവസരവും അവകാശവും നല്കുന്നു.

(2) കുട്ടികളുടെ അഭിരുചികള്‍, അടിസ്ഥാനാവശ്യങ്ങള്‍ എന്നിവയോട് പൂര്‍ണമായി ഇതു ബന്ധപ്പെട്ടതാണ്. കുട്ടികളുടെ സൃഷ്ടിപരവും ഉത്പാദനക്ഷമവുമായ സ്വാഭാവികസിദ്ധികള്‍ പ്രയോജനപ്പെടുത്താന്‍ ഇതു സഹായകമാണ്. കുട്ടി ജനിച്ചുവളരുന്ന സമുദായത്തിന്റെ അടിസ്ഥാനവും അവയ്ക്കനുസൃതമായ ബോധനമാര്‍ഗങ്ങളും ഉള്‍ക്കൊണ്ടതാണ് അടിസ്ഥാനവിദ്യാഭ്യാസം. സത്യം, അഹിംസ, അക്രമരാഹിത്യം, സാര്‍വജനീനമായ സ്നേഹം തുടങ്ങിയ ഗാന്ധിയന്‍ ആദര്‍ശങ്ങളാണ് അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ മൌലികഭാവങ്ങള്‍. പ്രവര്‍ത്തിച്ചു പഠിക്കുക എന്ന മഹത്തായ ആദര്‍ശത്തിന് ഈ പദ്ധതിയില്‍ പ്രാധാന്യം നല്കിയിട്ടുണ്ട്. ആദര്‍ശവാദം (Idealism), പ്രകൃതിവാദം (Naturalism), പ്രായോഗികതാവാദം (Pragmatism) തുടങ്ങിയ ദര്‍ശന ശാഖകളിലെ നല്ല വശങ്ങള്‍ ഇതില്‍ സമന്വയിക്കപ്പെട്ടിരിക്കുന്നു. ഈ പദ്ധതി പ്രവര്‍ത്തിക്കു പ്രാധാന്യം നല്കിക്കൊണ്ട് സന്തുലിതവും ഏകതാനവും ആയ ഒരു സമൂഹത്തെ കരുപ്പിടിപ്പിക്കുവാന്‍ സഹായിക്കുന്നു. ഇത് വിദ്യാഭ്യാസത്തിന്റെ പൊതുലക്ഷ്യങ്ങളില്‍ ആദര്‍ശവാദത്തെയും സംവിധാനത്തില്‍ (Settings) പ്രകൃതിവാദത്തെയും, രീതിയില്‍ (Method) പ്രായോഗികതാവാദത്തെയും അവലംബിക്കുന്നു.

മനഃശാസ്ത്രപരമായ പ്രാധാന്യം. ജന്‍മവാസന, വികാരവിചാരങ്ങള്‍ എന്നിവയെ ഉചിതമാര്‍ഗത്തിലൂടെ നയിക്കുക, പഠനപ്രക്രിയയുടെ തത്ത്വങ്ങള്‍ ഉപയോഗിക്കുക, അച്ചടക്കം പാലിക്കുക, വ്യക്തിത്വത്തിന്റെ നാനാവശങ്ങളെ വികസിപ്പിക്കുക എന്നീ മനഃശാസ്ത്രപരമായ വസ്തുതകള്‍ക്ക് അടിസ്ഥാനവിദ്യാഭ്യാസ പദ്ധതിയില്‍ അര്‍ഹമായ സ്ഥാനം നല്കിയിട്ടുണ്ട്.

സാമൂഹിക പ്രാധാന്യം. സ്വയം പര്യാപ്തത എന്ന സാമൂഹികവ്യവസ്ഥിതിക്ക് രൂപം നല്കുവാനുള്ള ബോധപൂര്‍വമായ ശ്രമം ഈ പദ്ധതിയില്‍ കാണാം. ജോലിയുടെ മാഹാത്മ്യം അത് ഉയര്‍ത്തിക്കാണിക്കുന്നു. സഹകരണ ബോധം വളര്‍ത്തിയും ഗ്രാമജീവിതവും നഗരജീവിതവും തമ്മിലുള്ള വിടവ് നികത്തിയും സാമ്പത്തിക പ്രശ്നങ്ങള്‍ ആവുന്നത്ര പരിഹരിച്ചും സമൂഹത്തെ പുനഃസംവിധാനം ചെയ്യുന്നതിന് പറ്റിയ പ്രവര്‍ത്തനപരിപാടികള്‍ ഈ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.

പാഠ്യപദ്ധതി. പ്രത്യേകമായ ഒരു പാഠ്യപദ്ധതിയാണ് അടിസ്ഥാനവിദ്യാഭ്യാസത്തിനുള്ളത്. അഞ്ചാംക്ളാസ്സുവരെ സഹവിദ്യാഭ്യാസം അനുവദിച്ചിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ രീതിയിലുള്ള വിദ്യാഭ്യാസമാണ് നല്കുന്നതെങ്കിലും അഞ്ചാംക്ളാസ്സിനുശേഷം പെണ്‍കുട്ടികള്‍ ഗാര്‍ഹികവിജ്ഞാനം പഠിക്കണമെന്ന് നിഷ്കര്‍ഷിച്ചിരിക്കുന്നു. താഴെപ്പറയുന്ന വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്:

(1) അടിസ്ഥാനവിദ്യാഭ്യാസം അംഗീകരിക്കുന്ന കൈത്തൊഴില്‍ - നൂല്നൂല്പ്, നെയ്ത്ത്, മരപ്പണി, കൃഷി, കായ്കറിത്തോട്ടനിര്‍മാണം, തുകല്‍പ്പണി, പാവകളും കളിമണ്‍പാത്രങ്ങളും നിര്‍മിക്കല്‍, മീന്‍പിടിത്തം, ഗാര്‍ഹികകല (പെണ്‍കുട്ടികള്‍ക്ക്), പ്രാദേശികവും ഭൂമിശാസ്ത്രപരവുമായ കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള മറ്റേതെങ്കിലും കൈത്തൊഴില്‍. (2) മാതൃഭാഷ. (3) ഗണിതശാസ്ത്രം. (4) സാമൂഹികപാഠങ്ങള്‍. (5) ജനറല്‍ സയന്‍സ്. (6) കലകള്‍: ചിത്രകല, സംഗീതം മുതലായവ. (7) കായികവിനോദങ്ങളും കളികളും. (8) ഹിന്ദി.

ഈ പാഠ്യപദ്ധതിയില്‍ ഇംഗ്ളീഷിന് സ്ഥാനം നല്കിയിട്ടില്ല. മതപഠനവും ഉള്‍പ്പെടുത്തിയിട്ടില്ല. പുതിയ വിദ്യാഭ്യാസപദ്ധതി വിജയിപ്പിക്കുന്നതിനായി അധ്യാപകരെ പരിശീലിപ്പിക്കുവാന്‍ സമഗ്രമായ ഒരു അധ്യാപകപരിശീലന കോഴ്സ് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

ന്യൂനതകള്‍. ആദര്‍ശനിഷ്ഠമെങ്കിലും ഈ പദ്ധതിക്കു പ്രതീക്ഷിച്ചത്ര ജനസമ്മതിയും പ്രചാരവും നേടാന്‍ സാധിച്ചില്ല. അതിനുള്ള ചില മൌലികകാരണങ്ങള്‍ താഴെ ചേര്‍ക്കുന്നു: (1) തൊഴിലിനെ കേന്ദ്രീകരിച്ചുകൊണ്ട് എല്ലാ വിഷയങ്ങളും പഠിപ്പിക്കണം എന്ന സിദ്ധാന്തത്തെ മുറുകെപ്പിടിക്കുമ്പോള്‍ വിഷയങ്ങളുടെ തുടര്‍ച്ച പലപ്പോഴും നഷ്ടപ്പെടുന്നു. (2) ശാഖാചംക്രമണം അധ്യാപനത്തിന്റെ അപരിഹാര്യസ്വഭാവമായിത്തീരുകയും ഏകാഗ്രതയ്ക്ക് ഭംഗം വരികയും ചെയ്യുന്നു. (3) പ്രവര്‍ത്തനം (തൊഴില്‍) മിക്കപ്പോഴും ഒന്നുതന്നെയാകുമ്പോള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വിരസത അനുഭവപ്പെടുന്നു. (4) അധ്യാപകവേതനം കുട്ടികളുടെ തൊഴില്‍കൊണ്ട് നിര്‍വഹിക്കപ്പെടേണ്ടിവരുമ്പോള്‍ കുട്ടികള്‍ക്കു താങ്ങാനാകാത്തവിധം ജോലി ചെയ്യേണ്ടിവരുന്നു. (5) കഴിവും ഭാവനയും ആത്മാര്‍ഥതയും ത്യാഗസന്നദ്ധതയുമുള്ള അധ്യാപകരെ ലഭിക്കുക അത്ര എളുപ്പമല്ല. (6) ക്രമേണ താത്വികവശം ബലികഴിക്കപ്പെട്ട് ചടങ്ങുകളില്‍ ശ്രദ്ധ കേന്ദ്രീകൃതമായിപ്പോകുന്നു. (7) കാലദേശോചിതങ്ങളായ പരിഷ്കാരങ്ങള്‍ വരുത്താനുള്ള വൈമുഖ്യം മൂലം ഒരുതരം നിര്‍ജീവത്വം അതിനു വന്നുചേരുന്നു.

തൊഴിലുമായി വിദ്യാഭ്യാസത്തെ ബന്ധപ്പെടുത്തുക എന്ന ആശയത്തിനു വിദ്യാഭ്യാസചിന്തകന്‍മാര്‍ വലിയ പ്രസക്തിയും മൂല്യവും കല്പിക്കുന്നു. കാലാനുസൃതമായി വിദ്യാഭ്യാസം പരിഷ്കരിക്കപ്പെടുമ്പോള്‍ അടിസ്ഥാനവിദ്യാഭ്യാസ പദ്ധതിയുടെ പല അംശങ്ങളും അതില്‍ ലയിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.

(എരുമേലി പരമേശ്വരന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍