This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടവുശിഷ്ടബാക്കി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അടവുശിഷ്ടബാക്കി

Balance of payments

ഒരു രാജ്യത്തിന് വിദേശങ്ങളില്‍ കൊടുത്തുതീര്‍ക്കാനുള്ളതും അവിടെനിന്ന് വരാനുള്ളതും ആയ തുകകളുടെ കണക്കുകള്‍ വിശദമായി കാണിക്കുന്ന ഔദ്യോഗികരേഖ. വിദേശങ്ങളിലേക്കുള്ള അടവുകളും (payments), അവിടെനിന്നുള്ള വരുമാനങ്ങളും മിക്കവാറും എല്ലാ രാഷ്ട്രങ്ങളും ഔദ്യോഗികമായി രേഖപ്പെടുത്താറുണ്ട്. ഈ രേഖകളില്‍നിന്ന് ഒരു രാഷ്ട്രത്തിനും വിദേശരാഷ്ട്രങ്ങള്‍ക്കും തമ്മിലുള്ള ആയ വ്യയ ബന്ധങ്ങളുടെ വിവരണസമാഹാരം കാലികമായി പ്രസിദ്ധീകരിക്കാന്‍ കഴിയുന്നു. ഇങ്ങനെയുള്ള ഒരു സമാഹാരത്തിന് അടവുശിഷ്ടബാക്കി എന്നു പറയുന്നു.

ബ്രിട്ടനില്‍ ഈ കണക്കുകള്‍ ഒരു ധവളപത്രം (White paper) മുഖേന അര്‍ധവാര്‍ഷികമായി പ്രസിദ്ധീകരിക്കാറുണ്ട്; അമേരിക്കന്‍ ഐക്യനാടുകള്‍ ആനുകാലിക ബിസിനസ്സ് അവലോകനം (survey of Current Business) എന്ന പ്രസിദ്ധീകരണംവഴി ത്രൈമാസികമായും വാര്‍ഷികമായും ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇന്ത്യയില്‍ റിസര്‍വ് ബാങ്കിന്റെ സാമ്പത്തികവിഭാഗമാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഇതുപോലെ മറ്റു രാഷ്ട്രങ്ങളും അവയുടെ ഔദ്യോഗികപ്രസിദ്ധീകരണങ്ങള്‍വഴി ഈ കണക്കുകള്‍ പ്രകാശിപ്പിച്ചുവരുന്നു. അന്താരാഷ്ട്രനാണയനിധി (International Monetary Fund) അതിന്റെ അംഗരാഷ്ട്രങ്ങളുടെ അടവുശിഷ്ടക്കണക്കുകള്‍ അടവുശിഷ്ട വാര്‍ഷികഗ്രന്ഥത്തിലൂടെ (Balance of Payments Year Book) പ്രസിദ്ധീകരിക്കുന്നു.

അടവുശിഷ്ടത്തിലടങ്ങിയിരിക്കുന്ന അടിസ്ഥാനതത്ത്വം 14-ാം ശ.-ത്തില്‍തന്നെ വാണിജ്യസിദ്ധാന്തപ്രയോക്താക്കളുടെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്നു. അന്ന് ഈ തത്ത്വം തീരെ സങ്കുചിതമായ അര്‍ഥത്തില്‍ 'വ്യാപാരമിച്ച'ത്തെ വിവക്ഷിക്കുവാനാണ് ഉപയോഗിച്ചിരുന്നത്. കച്ചവടച്ചരക്കുകളുടെ വ്യാപാരത്തില്‍നിന്നുളവാകുന്ന സ്വര്‍ണത്തിന്റെ ഗതിവിഗതികളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിരുന്നത്. ഇതിനുശേഷം വന്ന ക്ളാസിക്കല്‍ സാമ്പത്തികശാസ്ത്രജ്ഞന്‍മാര്‍ അടവുശിഷ്ടക്കണക്കുകള്‍ സമാഹരിക്കുന്നതിലോ വിശകലനം ചെയ്യുന്നതിലോ വലിയ താത്പര്യമൊന്നും കാണിച്ചിരുന്നില്ല. അടവുശിഷ്ടക്കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതിന് സാര്‍വത്രികപ്രചാരം ലഭിച്ചത് 20-ാം ശ.-ത്തിലാണ്. അന്താരാഷ്ട്രസാമ്പത്തികശാസ്ത്രത്തില്‍ (International Economics) ഇത് വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു തത്ത്വമായിട്ടാണ് കരുതിപ്പോരുന്നത്.

1. നിര്‍വചനവിശദീകരണം. വിവിധരാഷ്ട്രങ്ങളിലെ ജനങ്ങള്‍ തമ്മില്‍ നടക്കുന്ന എല്ലാ സാമ്പത്തിക ഇടപാടുകളുടെയും ക്രമനിബദ്ധമായ രേഖയെന്നാണ് അന്താരാഷ്ട്ര നാണയനിധിയുടെ അടവുശിഷ്ട മാനുവലില്‍ (Balance of Payments Manual) അടവുശിഷ്ടത്തെ നിര്‍വചിച്ചിരിക്കുന്നത്. കുറേക്കൂടി വ്യാപകമായി പറയുകയാണെങ്കില്‍, ഒരു രാഷ്ട്രത്തിലെ ഭരണകൂടവും ജനങ്ങളും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേയൊ മറ്റൊരു രാഷ്ട്രത്തിലെയോ മറ്റൊരു രാഷ്ട്രസമൂഹത്തിലെയോ ഭരണകൂടവും ജനങ്ങളും തമ്മില്‍ നടക്കുന്ന സാമ്പത്തികമായ ഇടപാടുകളുടെ സ്ഥിതിവിവരക്കണക്കുകള്‍ സമാഹരിച്ചെടുക്കുന്നതാണ് അടവുശിഷ്ടബാക്കി.

സാധാരണയായി അടവുശിഷ്ടബാക്കിക്കണക്കുകള്‍ താഴെപ്പറയുന്ന ഇനങ്ങള്‍ ഉള്‍ക്കൊള്ളുന്നു:

(1) വ്യാപാരച്ചരക്കുകള്‍: ഭൗതികവസ്തുക്കളുടെ മൊത്തം കയറ്റുമതിയും ഇറക്കുമതിയും;

(2) സേവനങ്ങളും കൈമാറ്റങ്ങളും: കപ്പല്‍ക്കൂലി, യാത്രക്കൂലി, പലിശ, ലാഭവീതം തുടങ്ങിയവയും ദാനങ്ങള്‍, സമ്മാനങ്ങള്‍, കപ്പം, നഷ്ടപരിഹാരം തുടങ്ങിയവയും;

(3) സര്‍ക്കാര്‍ ഇടപാടുകള്‍: നയതന്ത്രകാര്യാലയങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച ചെലവുകള്‍, ധനസഹായം (Subsidy) തുടങ്ങിയവ;

(4) പലവക: പ്രത്യേകമായി തരം തിരിക്കത്തക്ക പ്രാധാന്യമില്ലാത്ത ഇനങ്ങള്‍:

(5) മൂലധന-ഇനങ്ങള്‍: വിദേശവായ്പകള്‍, വിദേശനിക്ഷേപങ്ങള്‍ എന്നിവ;

(6) കരുതല്‍ധനം: സ്വര്‍ണവും വിദേശവിനിമയവും;

(7) തെറ്റുകളും കാണാക്കുറവുകളും (errors and omissions).

ഡബിള്‍ എന്‍ട്രി ബുക്ക് കീപ്പിംഗിന്റെ (Double Entry Book Keeping) പ്രാഥമികതത്ത്വം തന്നെയാണ് അടവുശിഷ്ടക്കണക്കുകളിലും ഉപയോഗിച്ചുപോരുന്നത്. ഇതനുസരിച്ച് ബാധ്യതകളും (debit) ആസ്തികളും (credit) തുല്യമായിരിക്കും. അങ്ങനെ ശാസ്ത്രീയമായി രേഖപ്പെടുത്തിയിട്ടുള്ള മറ്റേതൊരു വാണിജ്യക്കണക്കുകളുടെയും സമാഹാരത്തിലെന്നപോലെ അടവുശിഷ്ടക്കണക്കുകളിലും ആത്യന്തികമായ സമീകരണം (balancing) ഒരു ലക്ഷ്യമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ഈ കണക്കുകള്‍ രേഖപ്പെടുത്തുമ്പോള്‍ സാധാരണയായി ബാധ്യതകള്‍ക്ക് ന്യൂനചിഹ്നവും (-), ആസ്തികള്‍ക്ക് അധികചിഹ്നവും (+) ഉപയോഗിച്ചുവരുന്നു. എന്നാല്‍ പ്രത്യേകിച്ച് ചിഹ്നമൊന്നുമില്ലെങ്കില്‍ അത് ആസ്തിയായിട്ടാണ് കരുതപ്പെടുന്നത്. ഉദാ. കയറ്റുമതിയും ഇറക്കുമതിയും രേഖപ്പെടുത്തുമ്പോള്‍ സാധാരണയായി ചിഹ്നങ്ങളൊന്നും ഉപയോഗിക്കാറില്ല. എങ്കില്‍ക്കൂടി കയറ്റുമതി ആസ്തിയായും ഇറക്കുമതി ബാധ്യതയായും കണക്കാക്കണം.

വാണിജ്യക്കണക്കുകളും അടവുശിഷ്ടക്കണക്കുകളും തമ്മില്‍ വിശദാംശങ്ങളില്‍ വ്യത്യാസങ്ങളുണ്ട്. പല രാഷ്ട്രങ്ങളുടെയും അടവുശിഷ്ടം, കയറ്റുമതിയേയും ഇറക്കുമതിയേയും വേര്‍തിരിച്ചുകാണിക്കാറുണ്ടെങ്കിലും ആസ്തിബാധ്യതകളുടെ അറ്റബാക്കിയാണ് (net balance) രേഖപ്പെടുത്തുന്നത് എന്നത് ഇതിലൊന്നാണ്. അതുപോലെതന്നെ, വാണിജ്യക്കണക്കുകളില്‍ ഓരോ ഇനവും അതതിന്റെ ഇനംതിരിച്ചുള്ള കണക്കുകളില്‍ രേഖപ്പെടുത്താറുണ്ട്. അടവുശിഷ്ടത്തില്‍ വിവരങ്ങള്‍ ഇത്രത്തോളം പൂര്‍ണമായിരിക്കുകയില്ല. ഇറക്കുമതി, കയറ്റുമതി, സര്‍ക്കാര്‍തലത്തിലുള്ള അന്താരാഷ്ട്ര-ഇടപാടുകള്‍ തുടങ്ങിയവ ഏറെക്കുറെ കൃത്യമായി രേഖപ്പെടുത്താറുണ്ടെങ്കിലും, മറ്റു പലവിവരങ്ങളും മറ്റു സ്ഥലങ്ങളില്‍നിന്നും ശേഖരിച്ചെടുക്കേണ്ടിയിരിക്കുന്നു.

2. വ്യാപാരമിച്ചവും അടവുശിഷ്ടബാക്കിയും. ഒരു രാഷ്ട്രത്തിന്റെ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസത്തിനാണ് 'വ്യാപാരമിച്ച'(balance of trade)മെന്ന് പറയുന്നത്. വ്യാപാരമിച്ചം കണക്കാക്കുമ്പോള്‍ കാണാന്‍ കഴിയുന്ന ഇനങ്ങളെ (visible items) മാത്രമേ പരിഗണിക്കാറുള്ളൂ; അതായത് സ്പര്‍ശവേദ്യമായ വ്യാപാരച്ചരക്കുകളെ മാത്രം. ഇത്തരത്തിലുള്ള ഭൗതികവസ്തുക്കളുടെ ചലനങ്ങള്‍ ചുങ്കക്കണക്കുകളില്‍ രേഖപ്പെടുത്തുന്നതുകൊണ്ട് ഇവയെ 'കാണാന്‍ കഴിയുന്ന ഇനങ്ങള്‍' എന്നു വിവക്ഷിച്ചുവരുന്നു.

ഏതെങ്കിലും ഒരു പ്രത്യേകവര്‍ഷത്തില്‍ കയറ്റുമതിയും ഇറക്കുമതിയും സമമായെന്നുവരാം; അപ്പോള്‍ വ്യാപാരമിച്ചത്തില്‍ സമീകരണം ഉണ്ടാകുന്നു. കയറ്റുമതി ഇറക്കുമതിയെക്കാള്‍ അധികമായാല്‍ അനുകൂലവ്യാപാരമിച്ചമെന്നും (favourable balance of trade), മറിച്ച്, ഇറക്കുമതി കയറ്റുമതിയെക്കാള്‍ കൂടുതലായാല്‍ പ്രതികൂലവ്യാപാരമിച്ചമെന്നും (unfavourable balance of trade) പറയുന്നു. ഈ സംജ്ഞകള്‍ വാണിജ്യസിദ്ധാന്തക്കാരാണ് ആദ്യമായി (15-18 ശ.-ത്തില്‍) പ്രയോഗത്തില്‍ കൊണ്ടുവന്നത്. അക്കാലത്ത് വിദേശവ്യാപാര-ഇടപാടുകള്‍ തീര്‍ത്തുവന്നിരുന്നത് സ്വര്‍ണത്തിന്റെ മാധ്യമത്തില്‍കൂടിയാണ്. സ്വര്‍ണം ഒരു രാജ്യത്തിലേക്ക് പ്രവഹിക്കുന്നത് സമൃദ്ധിയുടെ ലക്ഷണമായി വാണിജ്യസിദ്ധാന്തക്കാര്‍ കരുതിയിരുന്നു. ഇവരുടെ പല അനുമാനങ്ങളും ഇന്ന് കാലഹരണപ്പെട്ടുകഴിഞ്ഞിട്ടുണ്ടെങ്കിലും 'അനുകൂലവ്യാപാരമിച്ചം', 'പ്രതികൂലവ്യാപാരമിച്ചം' എന്നീ സംജ്ഞകള്‍ സാധുവായിത്തന്നെ നിലകൊള്ളുന്നു.

മറ്റൊരു നിര്‍വചനപ്രകാരം വ്യാപാരമിച്ചത്തില്‍ കച്ചവടച്ചരക്കുകള്‍ക്കു പുറമേ സേവനങ്ങളും (services) ഉള്‍പ്പെടുന്നു.

ഏതായാലും അടവുശിഷ്ടം കുറെക്കൂടി വിപുലമായ അര്‍ഥത്തിലാണ് ഉപയോഗിച്ചുവരുന്നത്. കച്ചവടച്ചരക്കുകള്‍, സേവനങ്ങള്‍, മൂലധനം, സ്വര്‍ണം തുടങ്ങിയവയെല്ലാം അടവുശിഷ്ടത്തിന്റെ പരിധിയില്‍പ്പെടും.

അടവുശിഷ്ടകണക്കില്‍ രണ്ടു വിഭാഗങ്ങള്‍ ഉണ്ടായിരിക്കും- ആനുകാലികവും (current account), മൂലധനവും (capital account). ആനുകാലികവിഭാഗത്തെ 'വരുമാനവിഭാഗം' (income account) എന്നും പറയാറുണ്ട്. കച്ചവടച്ചരക്കുകളുടെ കയറ്റുമതി, ഇറക്കുമതി, സേവനങ്ങള്‍, അതാതു വര്‍ഷത്തെ മറ്റ് അദൃശ്യയിനങ്ങള്‍ (invisible items), അപ്രതികൃതമായ കൈമാറ്റങ്ങള്‍ (unrequited transfers) എന്നിവയാണ് ആനുകാലികവിഭാഗം ഉള്‍ക്കൊള്ളുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, നടപ്പുവര്‍ഷത്തെ ആസ്തിശിഷ്ടത്തെയോ (credit balance) ബാധ്യതാശിഷ്ടത്തെയോ (debit balance) ആനുകാലികവിഭാഗം കുറിക്കുന്നു.

ഒരു രാഷ്ട്രത്തിന്റെ ആത്യന്തികമായ ഉത്തമര്‍ണനിലയേയോ അധമര്‍ണനിലയേയോ (creditor or debitor status) കാണിക്കുന്നതാണ് മൂലധനവിഭാഗം. അന്തിമവിശകലനത്തില്‍ അടവുശിഷ്ടസമീകരണം പാലിക്കുന്നു എന്ന തത്ത്വമനുസരിച്ച് ആനുകാലികവിഭാഗത്തിന്റെയും മൂലധനവിഭാഗത്തിന്റെയും, ആകെത്തുകകള്‍ തുല്യവും വിപരീതവുമായിരിക്കും.

മൂലധനത്തിന്റെ ഘടന ഏറെക്കുറെ സങ്കീര്‍ണമാണ്. പ്രധാനമായി മൂന്നിനങ്ങളെയാണ് ഈ വിഭാഗത്തില്‍ പെടുത്താറുള്ളത്: (i) മൂലധനനിക്ഷേപങ്ങള്‍; (ii) വായ്പകള്‍; (iii) സ്വര്‍ണമുള്‍പ്പെടെയുള്ള കരുതല്‍ധനം. ഇതില്‍ മൂന്നാമത്തെ ഇനം നിര്‍ണയിക്കുവാന്‍ താരതമ്യേന എളുപ്പമാണ്. എന്നാല്‍ മറ്റു രണ്ടിനങ്ങള്‍ നിര്‍ണയിക്കുന്നതില്‍ വൈഷമ്യങ്ങള്‍ നേരിടാറുണ്ട്. ഇത് കണക്കിലെടുത്തുകൊണ്ടാണ് ചില രാഷ്ട്രങ്ങള്‍ മൂലധനപ്രവാഹങ്ങളുടെ പരിമാണം കൃത്യമായി തിട്ടപ്പെടുത്താന്‍ ഒരുമ്പെടാതെ ആനുകാലികവിഭാഗത്തിന്റെ അറ്റബാക്കി മൊത്തമായി മൂലധനവിഭാഗത്തില്‍ കൊള്ളിക്കുക എന്ന നയം സ്വീകരിച്ചുവന്നിരുന്നത്. ബ്രിട്ടന്‍ ഈ നടപടി വളരെക്കാലം അവലംബിച്ചിരുന്നു.

സ്വര്‍ണത്തെ സംബന്ധിച്ചിടത്തോളം ഒരു വിശദീകരണം ഇവിടെ ആവശ്യമാണ്. എക്കാലത്തും സ്വര്‍ണവും മൂലധനവിഭാഗത്തിലെ ഒരിനം ആയിക്കൊള്ളണമെന്നില്ല. നാണ്യസ്വര്‍ണം (monetary gold) മാത്രമാണ് ഈ വിഭാഗത്തില്‍പെടുന്നത്. നാണ്യേതരസ്വര്‍ണം (non-monetary gold) ആനുകാലിക വിഭാഗത്തില്‍പെടുന്നു. ഉദാ. ദക്ഷിണാഫ്രിക്കയില്‍നിന്നും വില്പനയ്ക്കായി കയറ്റുമതി ചെയ്യപ്പെടുന്ന സ്വര്‍ണം മൂലധനത്തിന്റെ കയറ്റുമതിയായി കരുതാറില്ല. മറ്റേതൊരു വ്യാപാരച്ചരക്കുകളെയുംപോലെ മാത്രം ഇതിനെയും പരിഗണിക്കുന്നു.

അതുപോലെ എല്ലാവിധ മൂലധനപ്രവാഹങ്ങളും മൂലധനവിഭാഗത്തില്‍തന്നെ ആയിക്കൊള്ളണമെന്നില്ല. കുടിയേറിപ്പാര്‍പ്പുകാര്‍ അവരോടൊന്നിച്ചു കൊണ്ടുപോകുന്ന സമ്പാദ്യങ്ങളും സ്വന്തം നാട്ടിലുള്ള ബന്ധുമിത്രാദികള്‍ക്ക് അയച്ചുകൊടുക്കുന്ന സമ്മാനങ്ങളും അടവുശിഷ്ട ആനുകാലിക വിഭാഗത്തിലാണുള്‍പ്പെടുത്തുന്നത്. കാരണം, ഈ മാറ്റങ്ങള്‍ അന്തിമമായിട്ടുള്ളത് ആണ് എന്നതുതന്നെ. ഈ മൂലധനങ്ങളുടെ ഉദ്ഗമസ്ഥാനമായ രാഷ്ട്രത്തിന് പില്ക്കാലത്ത് ഇവയില്‍ നിന്നെന്തെങ്കിലും പ്രതിഫലം പ്രതീക്ഷിക്കുവാന്‍ സാധ്യമല്ല.

മുകളില്‍ വിവരിച്ച ചട്ടക്കൂട്ടിനുള്ളില്‍ ഒതുങ്ങുന്നതരത്തിലാണ് വിവിധ രാഷ്ട്രങ്ങള്‍ അടവുശിഷ്ടക്കണക്കുകള്‍ സമാഹരിക്കുന്നതെങ്കിലും എല്ലാ രാഷ്ട്രങ്ങള്‍ക്കും എല്ലാക്കാലത്തും ബാധകമായ ഒരടിസ്ഥാനമാതൃക ചൂണ്ടിക്കാണിക്കുവാന്‍ വിഷമമാണ്. സാര്‍വലൗകികത്വം ഈ സമാഹാരങ്ങളുടെ സ്വഭാവമല്ല. അങ്ങനെ വിവിധ രാഷ്ട്രങ്ങളുടെ അടവുശിഷ്ടത്തിന്റെ ഇനംതിരിച്ചുള്ള ഘടന വ്യത്യസ്തമായിരിക്കും; പ്രധാന ഇനങ്ങള്‍ക്ക് ഉള്‍പ്പിരിവുകള്‍ ധാരാളമുണ്ടാകും. ഉദാ. യു.എസ്സിന്റെ അടവുശിഷ്ടക്കണക്കുകള്‍ വളരെ വിശദീകരിച്ചുള്ളതാണ്.

ആനുകാലിക ഇടപാടുകളെയും മൂലധന ഇടപാടുകളെയും വേര്‍തിരിക്കുക എന്നുള്ളത് അടവുശിഷ്ടക്കണക്കുകള്‍ നിര്‍ണയിക്കുന്നതില്‍ നേരിടേണ്ടിവരുന്ന ഒരു മുഖ്യവൈഷമ്യമാണ്. ഇവ തമ്മിലുള്ള വ്യത്യാസം പലപ്പോഴും നേര്‍ത്തതായിരിക്കും. അതേസമയം ഇവയെ വേര്‍തിരിക്കേണ്ടത് അത്യാവശ്യവുമാണ്. ഒരു രാഷ്ട്രത്തിന്റെ ഉത്തമര്‍ണാധമര്‍ണ നിലകളില്‍ ആത്യന്തികമായി എന്തൊക്കെ വ്യതിയാനങ്ങളാണ് സംഭവിക്കുന്നതെന്നറിയുവാന്‍ ഈ വിഭജനം സഹായകമാകും. കൂടാതെ, വിദേശവിനിമയനിയന്ത്രണങ്ങള്‍ നിലവിലുള്ളപ്പോള്‍ ഇത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുകയും ചെയ്യുന്നു. നിലവിലുള്ള സാഹചര്യങ്ങളില്‍ ഒരു നാണയത്തിന്റെ പരിവര്‍ത്തനക്ഷമത (convertibility) തികച്ചും വീണ്ടെടുക്കുവാന്‍ സാധ്യമല്ല. എങ്കില്‍കൂടി ആനുകാലികവിഭാഗത്തില്‍ മാത്രം പരിവര്‍ത്തനക്ഷമത ഏര്‍പ്പെടുത്തുകയാണെങ്കില്‍ പരിപൂര്‍ണപരിവര്‍ത്തനക്ഷമതയുടെ ഭൂരിഭാഗം ഗുണങ്ങളും നേടുവാന്‍ കഴിയും. ഇത് വിദേശവ്യാപാരത്തിന്റെ സുഗമമായ നടത്തിപ്പിന് വഴിതെളിക്കുന്നു. അതോടൊപ്പം മൂലധനവിഭാഗത്തില്‍ പരിവര്‍ത്തനക്ഷമത നിയന്ത്രിതമാക്കുകയാണെങ്കില്‍ ഒരു വിദേശീയന് മൂലധനനിക്ഷേപങ്ങള്‍ സ്വന്തം നാട്ടിലേക്ക് മാറ്റുന്നതിനോ, ഒരു രാഷ്ട്രത്തിലെ ജനങ്ങള്‍ക്ക് വിദേശീയകടപ്പത്രങ്ങളോ മറ്റു നിക്ഷേപങ്ങളോ സമ്പാദിക്കുന്നതിനോ സാധ്യമല്ലാതായിത്തീരുന്നു. സാധാരണഗതിയില്‍ ഈ ഇടപാടുകള്‍ നിര്‍ദോഷങ്ങളാണെന്നുള്ളത് ശരിതന്നെ. പക്ഷേ, ഒരു രാഷ്ട്രത്തിന്റെ അന്താരാഷ്ട്രനില പരുങ്ങലിലാകുമ്പോള്‍ അത് ഇത്തരം ഇടപാടുകളുടെ പ്രളയംതന്നെ സൃഷ്ടിച്ചുവെന്നു വരാം. തന്‍മൂലം ആ രാഷ്ട്രത്തിന്റെ വിദേശവിനിമയനില ആകെ തകരാറിലാകാനും വിദേശവ്യാപാരം നിശ്ചലമാകാനും ഇടയുണ്ട്. ഈ ചുറ്റുപാടില്‍ മൂലധനവിഭാഗത്തിന്റെ പരിവര്‍ത്തനക്ഷമതയെ നിയന്ത്രിച്ചുകൊണ്ട് ഒരു രാഷ്ട്രത്തിന്റെ ഋണബാധ്യതകള്‍ക്ക് കടിഞ്ഞാണിടാനും ദുര്‍ലഭമായ വിദേശനാണ്യം അനിയന്ത്രിതമായി വിദേശങ്ങളിലേക്ക് ചോര്‍ന്നുപോകുന്നത് തടയാനും സാധിക്കുന്നു.

3. പ്രാധാന്യം. വിശ്ളേഷണോപാധികള്‍ എന്ന നിലയില്‍ അടവുശിഷ്ടക്കണക്കുകള്‍ക്ക് പ്രധാനസ്ഥാനമാണുള്ളത്. വ്യത്യസ്തസമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള നാണയബന്ധം കുറിക്കുന്നതാണ് ഈ കണക്കുകള്‍. വ്യാപാരച്ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിവരുമാനങ്ങള്‍, ഇറക്കുമതി അടവുകള്‍, മൂലധനപ്രവാഹങ്ങള്‍ എന്നിവവഴി ദേശീയസമ്പദ് വ്യവസ്ഥകള്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണ്. ഈ പ്രവാഹങ്ങളുടെ വ്യാപ്തിയിലും ലക്ഷ്യത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങളും അന്താരാഷ്ട്ര-അടവുശിഷ്ട ഘടകങ്ങളുടെ ആപേക്ഷികപ്രാധാന്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും വിവിധ സമ്പദ് വ്യവസ്ഥകളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വരുമാനപ്രഭാവം (income effect) ഏറ്റവുമധികം പ്രാധാന്യം അര്‍ഹിക്കുന്നു. കയറ്റുമതിയിലും ഇറക്കുമതിയിലും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ മൊത്തം ദേശീയോത്പന്നത്തിലും (gross national product), ദേശീയവരുമാനത്തിലും പ്രതിഫലിക്കുന്നു.യഥാര്‍ഥ വരുമാനം (real income), തൊഴില്‍നില, വിലനിലവാരം എന്നിവയില്‍ സഞ്ചിതഫലങ്ങള്‍ ഉളവാക്കുന്നവയാണ് ഇത്തരം ഏറ്റക്കുറച്ചിലുകള്‍.

പണത്തിന്റെ പ്രദാനം (supply), പ്രചരണവേഗത (velocity of circulation), മൊത്തം ക്രയശക്തി (aggregate purchasing power), ബാങ്കുകളുടെ കരുതല്‍ധനം (resources) തുടങ്ങിയവയില്‍ പ്രതിഫലിക്കപ്പെടുന്ന അടവുശിഷ്ട ഘടകങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങളുടെ നാണയപ്രഭാവവും (monetary effect) ശ്രദ്ധേയമാണ്.

കയറ്റുമതിയും അതുപോലെയുള്ള ഇടപാടുകളും പണത്തിന്റെ പ്രദാനം വിപുലമാക്കുകയും അതോടൊപ്പം തൊഴില്‍ സൌകര്യങ്ങള്‍, മൊത്തം ക്രയശക്തി, വിലനിലവാരം എന്നിവയില്‍ വര്‍ധനവുണ്ടാക്കുകയും ചെയ്യുന്നു. മറിച്ച് ഇറക്കുമതിയാകട്ടെ, പണത്തിന്റെ പ്രദാനം ചുരുക്കുകയും തൊഴില്‍ സൌകര്യങ്ങള്‍, മൊത്തം ക്രയശക്തി, വിലനിലവാരം എന്നിവയെ പ്രതികൂലമായി ബാധിക്കുകയുമാണ് ചെയ്യുന്നത്. അടവുശിഷ്ടനില സ്വര്‍ണത്തിന്റെ ചലനങ്ങള്‍ക്ക് വഴിതെളിക്കുന്നതരത്തിലുള്ളതാണെങ്കില്‍ അത് കേന്ദ്രബാങ്കിന്റെയും വ്യാപാരബാങ്കുകളുടെയും കരുതല്‍ ധനത്തെയും അധിക കരുതല്‍ധനത്തെയും ബാധിക്കുന്നു.

വിദേശവിനിമയനിരക്കുകളുടെ നിര്‍ണയനം അപഗ്രഥിക്കുവാനും അവയുടെ ഔചിത്യം തീരുമാനിക്കുവാനും അടവുശിഷ്ടക്കണക്കുകള്‍ ഉപയുക്തമാണ്. സാധാരണഗതിയില്‍ അടവുശിഷ്ടത്തിലെ വരുമാനയിനങ്ങള്‍ വിദേശവിനിമയത്തിന്റെ പ്രദാനത്തിനും (supply) അടവിനങ്ങള്‍ അതിന്റെ ചോദനത്തിനും (demand) വഴിതെളിക്കുന്നു. പൊതുവായ പ്രദാനചോദനമൂല്യനിര്‍ണയസിദ്ധാന്തം ഈ രംഗത്തും ഉപയോഗിക്കാവുന്നതാണ്.

കൂടാതെ, ഒരു രാഷ്ട്രത്തിന്റെ അന്താരാഷ്ട്ര സാമ്പത്തിക -ഇടപാടുകളെ സമാഹരിക്കുന്ന ഈ കണക്കുകള്‍ സാര്‍വലൗകികസമ്പദ് വ്യവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ആപേക്ഷികമായി അവികസിതമായ ഒരു രാഷ്ട്രത്തിന്റെ സമ്പദ് വികാസം മൂലധനം പ്രദാനം ചെയ്യുന്ന രാഷ്ട്രങ്ങളുടെ സഹായത്തെ എത്രത്തോളം ആശ്രയിച്ചിരിക്കുന്നുവെന്ന് അടവുശിഷ്ടക്കണക്കുകള്‍ കാണിക്കുന്നു. അതേസമയം ദീര്‍ഘകാല നിക്ഷേപങ്ങള്‍, വിദേശവായ്പ, തിരിച്ചടയ്ക്കലുകള്‍, പലിശ എന്നിവയില്‍നിന്ന് വരുമാനം ലഭിക്കുന്ന ഒരു സമ്പന്നരാഷ്ട്രത്തെ സംബന്ധിച്ചടത്തോളം അവിടുത്തെ ജനത ഭൂതകാലകയറ്റുമതിയെ എത്രത്തോളം ആശ്രയിച്ചിരിക്കുന്നുവെന്ന് കാണിക്കുവാനും പര്യാപ്തമാണ്. അങ്ങനെ ഒരു രാഷ്ട്രത്തിന്റെ മാറിവരുന്ന അന്താരാഷ്ട്ര സാമ്പത്തികനിലയുടെ സൂചിക എന്ന നിലയില്‍ അടവുശിഷ്ടത്തെ സാമ്പത്തികമര്‍ദമാപി (economic barometer) എന്ന് വിശേഷിപ്പിച്ചുപോരുന്നു.

അന്താരാഷ്ട്ര വ്യാപാരബന്ധങ്ങളെ പരിമാണപരമായി വിശകലനം ചെയ്യുവാനും, വിദേശവ്യാപാരത്തിന്റെ പ്രാധാന്യത്തെയും പരിണതഫലങ്ങളെയും നിര്‍ണയിക്കുവാനും ഉതകുന്ന അടിസ്ഥാനവിവരങ്ങള്‍ യഥാകാലം സംഘടിതരൂപത്തില്‍ ലഭ്യമാക്കുന്നു എന്നുള്ളതാണ് ഈ കണക്കുകളുടെ മറ്റൊരു പ്രാധാന്യം. മുന്‍പു വിവരിച്ചതുപോലെ ചരക്കുകള്‍, സേവനങ്ങള്‍, മൂലധനം എന്നിവയുടെ ചലനങ്ങളുടെ ബന്ധം ഈ സമാഹാരത്തില്‍നിന്ന് വ്യക്തമാകുന്നു. അതോടൊപ്പം ഒരു രാഷ്ട്രത്തിനു ലഭിച്ചതോ, ആ രാഷ്ട്രം നല്കിയതോ ആയ സ്വര്‍ണത്തിന്റെയും വിദേശവിനിമയത്തിന്റെയും അസല്‍കണക്കുകളും ലഭിക്കുന്നു. ഒരു രാഷ്ട്രം മറ്റു രാഷ്ട്രങ്ങളിലേക്ക് എന്തൊക്കെയാണയച്ചതെന്നും അവിടെനിന്ന് എന്തൊക്കെയാണ് പകരം നേടിയതെന്നും മനസ്സിലാകുമ്പോള്‍ വിദേശവ്യാപാരത്തിന്റെ പ്രാധാന്യത്തെപ്പറ്റി തീര്‍പ്പുകല്പിക്കുവാന്‍ സാധ്യമാകുന്നു.

4. പരിമിതികള്‍. അടവുശിഷ്ടം ഉള്‍ക്കൊള്ളുന്ന സ്ഥിതിവിവരക്കണക്കുകളെ യാഥാര്‍ഥ്യബോധത്തോടെ വിലയിരുത്തുവാന്‍ ഉയര്‍ന്ന അപഗ്രഥനപാടവം ആവശ്യമാണ്. അടവുശിഷ്ടം സജീവമോ (active), നിഷ്ക്രിയമോ (passive) ആണെന്നതുകൊണ്ട് ഒരു രാഷ്ട്രത്തിന്റെ സാമ്പത്തികനിലയെപ്പറ്റി ഒരന്തിമതീരുമാനത്തിലെത്തിച്ചേരുവാന്‍ സാധ്യമല്ല; പ്രത്യുത, കൂടുതല്‍ ആഴത്തിലേക്കിറങ്ങിച്ചെന്ന് ഈ സ്ഥിതിവിശേഷത്തിന് കാരണഭൂതമായ ഘടകങ്ങളെ കണ്ടുപിടിക്കേണ്ടതുണ്ട്. അടവുശിഷ്ടം സജീവമായതുകൊണ്ട് ഒരു രാഷ്ട്രത്തിനുണ്ടാകാവുന്ന അലംഭാവവും നിഷ്ക്രിയമായതുകൊണ്ടുണ്ടാകുന്ന ഭയപ്പാടും യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടണമെന്നില്ല.

അടവുശിഷ്ടക്കണക്കുകള്‍ അപര്യാപ്തമായ വിവരങ്ങള്‍ മാത്രമേ നല്കുന്നുള്ളു. ഉദാഹരണത്തിന്, വ്യാപാരച്ചരക്കുകളുടെ കയറ്റുമതിയും ഇറക്കുമതിയും മൊത്തമായിട്ടാണ് കാണിക്കുന്നത്. ചരക്കുകളുടെയോ, അവയുടെ ഉദ്ഗമസ്ഥാനത്തിന്റെയോ ഉദ്ദിഷ്ടസ്ഥാനത്തിന്റെയോ ഇനംതിരിച്ചുള്ള വിവരങ്ങള്‍ അടച്ചുബാക്കിയില്‍നിന്നു ലഭ്യമല്ല; അതുപോലെ മൂലധനച്ചരക്കുകളുടെ ഇനംതിരിച്ചുള്ള വിവരങ്ങളും. ഒരു രാഷ്ട്രത്തിന്റെ കയറ്റുമതിഘടനയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ അതിന്റെ സമ്പദ് വ്യവസ്ഥയുടെ സാരമായ മാറ്റങ്ങളെയോ, വാണിജ്യനയങ്ങളിലെ അടിസ്ഥാനവ്യതിയാനങ്ങളെയോ സൂചിപ്പിക്കുന്നവയായിരിക്കും. തന്‍മൂലം ഇവയുടെ മൂലകാരണങ്ങള്‍ കണ്ടുപിടിക്കേണ്ടത് അത്യാവശ്യവുമാണ്. ഇതിനായി രാഷ്ട്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ബൃഹത്തായ വ്യാപാരക്കണക്കുകളെ ആശ്രയിക്കേണ്ടിവരും.

കയറ്റുമതി-ഇറക്കുമതിമേഖലയില്‍ സമീകരണം കൈവരുത്തുവാന്‍ ഒരു രാഷ്ട്രം എത്രത്തോളം വൈഷമ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നുവെന്നുള്ളതും അടവുശിഷ്ടം വ്യക്തമാക്കുന്നില്ല. കര്‍ക്കശമായ ഇറക്കുമതി നിയന്ത്രണങ്ങള്‍വഴി അന്താരാഷ്ട്രബാധ്യതകളില്‍ വ്യത്യാസം വരുത്താതെതന്നെ നിലവിലുള്ള ഇടപാടുകളില്‍ മിച്ചമുണ്ടാക്കാന്‍ ഒരു രാഷ്ട്രത്തിനു കഴിഞ്ഞെന്നുവരാം. ഈ ചുറ്റുപാടുകളില്‍ സ്ഥിതിഗതികള്‍ ശരിക്കു വിശകലനം ചെയ്യുവാന്‍ ആ രാഷ്ട്രത്തിന്റെ വ്യാപാരനയവും അന്താരാഷ്ട്ര-ഇടപാടുകളില്‍ ഈ നയമേല്പിക്കുന്ന പ്രത്യാഘാതവും പരിശോധിക്കേണ്ടിവരും.

കൂടാതെ ഒരു രാഷ്ട്രത്തിന്റെ 'മൊത്തം ഋണബാധ്യതാശിഷ്ടം' (overall balance of indebtedness) അടവുശിഷ്ടം കാണിക്കുന്നില്ല. മൊത്തം ഋണബാധ്യതാശിഷ്ടംകൊണ്ട് അര്‍ഥമാക്കുന്നത് ഒരു രാഷ്ട്രത്തിന്റെ വിദേശങ്ങളിലുള്ള നിക്ഷേപങ്ങളും ആ രാഷ്ട്രത്തിലുള്ള വിദേശനിക്ഷേപങ്ങളും തമ്മിലുള്ള അറ്റബാക്കിയാണ്. വിദേശനിക്ഷേപങ്ങളിലുള്ള അറ്റാദായം കണക്കാക്കുവാനും ഒരു പ്രതിസന്ധിഘട്ടത്തില്‍ എത്രത്തോളം രൊക്കംനിക്ഷേപങ്ങള്‍ സ്വരൂപിക്കാന്‍ കഴിയുമെന്നറിയുവാനും ഈ വിവരം വളരെ സഹായകമാണ്.

5. അടവുശിഷ്ടവും സമ്പദ് വികാസവും. ഒരു രാഷ്ട്രത്തിന്റെ അടവുശിഷ്ടവും അതിന്റെ സമ്പദ് വികാസവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ശരിയായി ചൂഷണം ചെയ്യാതെ ലീനമായിക്കിടക്കുന്ന പ്രകൃതിവിഭവങ്ങളുള്ള ഒരു രാഷ്ട്രം ശൈശവദശയില്‍ അന്താരാഷ്ട്ര ഇടപാടുകളില്‍ അധമര്‍ണമാകുന്നതായാണ് കണ്ടുവരുന്നത്. പിന്നാക്കനിലയില്‍ നില്ക്കുന്ന മൂലധനസ്വരൂപണം, അവികസിതമായ ഉത്പാദനമേഖല, പ്രതികൂല വ്യാപാരനില എന്നീ വിഷമവൃത്തങ്ങളില്‍ കിടന്നു നട്ടംതിരിയുന്ന അവസ്ഥയില്‍ വിദേശവായ്പകളെ ആശ്രയിക്കാതിരിക്കുകയാണ് ഒരു പോംവഴി. അടവുശിഷ്ടത്തിലെ താത്കാലികവിഭാഗം ബാധ്യതാശിഷ്ടം കാണിക്കുമ്പോള്‍ മൂലധനവിഭാഗം വിദേശവായ്പകളുടെ പ്രവാഹം മൂലമുണ്ടാകുന്ന ആസ്തിശിഷ്ടം കാണിക്കുന്നു. വികസനത്തിന്റെ പ്രാരംഭഘട്ടത്തില്‍ അടവുശിഷ്ടം ആനുകാലിക വിഭാഗത്തില്‍ സമീകരണം കൈവരുത്തുവാന്‍ ശ്രമിക്കുന്നതായാല്‍ സാമ്പത്തികപുരോഗതിയുടെ ആക്കം മന്ദീഭവിക്കാനാണ് സാധ്യത.

ക്രമേണ സ്വന്തം സാമ്പത്തികവിഭവങ്ങള്‍ ക്രമീകൃതമായി സമാഹരിക്കുന്നതിനും ഉത്പാദനവിതാനം ഉയര്‍ത്തുന്നതിനും സാധ്യമാകുമ്പോള്‍ വ്യാപാരമിച്ചത്തില്‍ ആസ്തിശിഷ്ടം നേടുവാന്‍കഴിയുന്നു. വിദേശവായ്പകളിന്‍മേലുള്ള പലിശ-അടവുകള്‍ക്ക് ഇത് സഹായകമാകും. അതോടൊപ്പം അടവുശിഷ്ടത്തിലെ ആനുകാലികവിഭാഗത്തില്‍ സമീകരണം ഉണ്ടാകുകയും ചെയ്യുന്നു.

വികസനത്തിന്റെ മൂന്നാംഘട്ടത്തില്‍ ആനുകാലികവിഭാഗത്തില്‍ ആസ്തിശിഷ്ടം ഉണ്ടാകുന്നു; പലിശയും വായ്പയും അടയ്ക്കുവാന്‍ ഇതുകൊണ്ട് കഴിയുന്നു. വിദേശനിക്ഷേപങ്ങള്‍ സമ്പാദിക്കുവാനും ഇത് സഹായകമായിരിക്കും.

അടുത്ത ഘട്ടത്തോടുകൂടി വിദേശവായ്പകളെല്ലാം മടക്കി അടയ്ക്കുവാന്‍ കഴിഞ്ഞിരിക്കും; അതിനോടൊപ്പം വിദേശ നിക്ഷേപങ്ങളില്‍നിന്നും ലഭിക്കുന്ന പലിശയും ലാഭവീതവും നിലവിലുള്ള ആസ്തിശിഷ്ടത്തെ വര്‍ധിപ്പിക്കുന്നു. അങ്ങനെ കാണാന്‍ കഴിയാത്ത ഇനങ്ങളിലുള്ള ആസ്തിശിഷ്ടം കാണാന്‍ കഴിയുന്ന ഇനങ്ങളിലുള്ള ബാധ്യതാശിഷ്ടത്തെ നികത്തുന്നു. ആനുകാലികവിഭാഗം ഇനിയും ആസ്തിശിഷ്ടമാണ് കാണിക്കുന്നതെങ്കില്‍ കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ക്ക് ഇത് വഴിതെളിക്കും. ഇത്തരത്തിലുള്ള ഒരു സമ്പദ് വ്യവസ്ഥ പരിപക്വമായ ഉത്തമര്‍ണനില പ്രാപിച്ചിരിക്കുന്നതായി കണക്കാക്കാം.

സമ്പദ് വികാസം ഏതുഘട്ടത്തിലാണെന്നുള്ളതിന്റെ അടിസ്ഥാനത്തിലായിരിക്കണം അടവുശിഷ്ടക്കണക്കുകളെ വിലയിരുത്തുക. ഈ കണക്കുകള്‍ ശാസ്ത്രീയമായി സമാഹരിച്ചെടുക്കുവാന്‍ തുടങ്ങിയിട്ട് വളരെക്കാലം കഴിഞ്ഞിട്ടില്ലെങ്കില്‍ കൂടി കിട്ടാവുന്നിടത്തോളം സ്ഥിതിവിവരക്കണക്കുകള്‍ വച്ചുനോക്കുമ്പോള്‍ മുകളില്‍ വിവരിച്ച ഘട്ടങ്ങള്‍ ഒരു രാഷ്ട്രത്തിന്റെ പൂര്‍ണവളര്‍ച്ചയിലേക്കുള്ള പ്രയാണത്തിന്റെ സാധാരണ പ്രക്രിയയായിക്കരുതാവുന്നതാണ്. 20-ാം ശ.-ത്തിന്റെ ആരംഭത്തില്‍ത്തന്നെ ബ്രിട്ടന്‍ പരിപക്വമായ ഉത്തമര്‍ണനില പ്രാപിച്ചിരുന്നുവെങ്കിലും രണ്ടു ലോകയുദ്ധങ്ങള്‍ അതിനെ ആകെ ഉലച്ചുകളഞ്ഞു. അതോടൊപ്പം, നിലവിലുള്ള പ്രതികൂലവ്യാപാരമിച്ചം ഒരു രാഷ്ട്രത്തിന്റെയും അതിന്റെ ജനതയുടെയും തെറ്റായ നയപരിപാടികള്‍ മൂലം അഭംഗുരമായിത്തുടരുകയാണെങ്കില്‍ വിദേശവായ്പകളോ സംഭാവനകളോ തുടര്‍ന്നു നല്കുന്നത് അതിന്റെ വികാസത്തിന് വഴിതെളിക്കണമെന്നില്ല, മാത്രമല്ല, ആത്യന്തികമായി ഈ വായ്പകളുടെ നിരാകരണത്തിലായിരിക്കും ഇതു കലാശിക്കുക.

6. സമീകരണവും സന്തുലിതാവസ്ഥയും. അടവുശിഷ്ട ബാക്കിസമീകരണം ഒരംഗീകൃത തത്ത്വമാണ്. പക്ഷേ, ഇതിന് വളരെയൊന്നും പ്രാധാന്യം കല്പിക്കേണ്ടതില്ല; ഇത് അടവുശിഷ്ടം സന്തുലിതാവസ്ഥയെ (balance of payments equilibrium) സൂചിപ്പിക്കണമെന്നുമില്ല.

എങ്ങനെയാണ് അടവുശിഷ്ട സമീകരണം കൈവരുത്തുന്നത്? ഒരു രാഷ്ട്രത്തിന്റെ മൊത്തം കയറ്റുമതി, ഇറക്കുമതിയെക്കാള്‍ കൂടുതലാണെന്ന് കരുതുക; ആനുകാലികവിഭാഗം ഈ വ്യത്യാസം മിച്ചമായി രേഖപ്പെടുത്തുന്നു. ഈ മിച്ചം വായ്പകളായി മറ്റു രാഷ്ട്രങ്ങള്‍ക്കു നല്കുകയോ ഇതുവഴി, സ്വര്‍ണവും മറ്റു ആസ്തികളും സമ്പാദിക്കുകയോ ചെയ്യുന്നു. ഇവ മൂലധനവിഭാഗത്തില്‍ ബാധ്യതാ-ഇനങ്ങളായി പ്രത്യക്ഷപ്പെടും. മറിച്ച്, ഇറക്കുമതി കയറ്റുമതിയെക്കാള്‍ കൂടുതലാണെങ്കില്‍ ആനുകാലികവിഭാഗം കാണിക്കുന്നത് കമ്മിയായിരിക്കും. ഈ കമ്മി നികത്തുന്നതിന് മറ്റു രാഷ്ട്രങ്ങളില്‍നിന്ന് വായ്പകള്‍ വാങ്ങേണ്ടതായോ, സ്വര്‍ണമോ മറ്റു ആസ്തികളോ നല്കേണ്ടതായോവരും; ഇവ മൂലധന വിഭാഗത്തില്‍ ആസ്തി-ഇനങ്ങളായി പ്രത്യക്ഷപ്പെടും. അങ്ങനെ ആനുകാലികവിഭാഗവും മൂലധനവിഭാഗവും ഒന്നിച്ചു നോക്കുമ്പോള്‍ അടവുശിഷ്ടസമീകരണം കൈവരുന്നു. സ്ഥിതിവിവരക്കണക്കുകളിലുള്ള അപൂര്‍ണതമൂലം സമീകരണത്തിന് വൈഷമ്യം നേരിടുമ്പോഴാണ് തെറ്റുകളും കാണാക്കുറവുകളും ഒരു സമീകരണ-ഇനമായി ഉള്‍ക്കൊള്ളിക്കുന്നത്.

സമീകരണം നേടുന്നതിനുള്ള അചഞ്ചലമായ സാഹചര്യങ്ങളില്‍നിന്നാണ് അടവുശിഷ്ട വൈഷമ്യങ്ങളും തന്‍മൂലം അസന്തുലിതാവസ്ഥയും (disequilibrium) സൃഷ്ടിക്കപ്പെടുന്നത്. മറ്റൊരുതരത്തില്‍ പറയുകയാണെങ്കില്‍ എങ്ങനെയാണ് സമീകരണം കൈവരുത്തുക എന്നുള്ളതിനാണ് പ്രാധാന്യം. ഇതിനായി ഒരു രാഷ്ട്രം സ്വര്‍ണമുള്‍പ്പെടെയുള്ള കരുതല്‍ ധനത്തെയോ വിദേശവായ്പകളെയോ അതിരുകവിഞ്ഞ് ആശ്രയിച്ചുകൊണ്ട് കൈവരുത്തുന്ന സമീകരണം പൊള്ളയാണ്. ഉചിതമായ ഒരു കാലയളവില്‍ സ്വര്‍ണവും വിദേശവിനിമയവും ഉള്‍പ്പെടെയുള്ള കരുതല്‍ധനത്തിന്റെ അസാധാരണമായ ചലനങ്ങളില്‍ക്കൂടിയല്ലാതെയോ, തുടരെത്തുടരെ വിദേശരാഷ്ട്രങ്ങളില്‍നിന്ന് വായ്പകള്‍ വാങ്ങിയോ, വിദേശരാഷ്ട്രങ്ങള്‍ക്ക് വായ്പ നല്കാതെയോ, അടവുശിഷ്ടത്തില്‍ സമീകരണം കൈവരുത്തുവാന്‍ കഴിയുന്ന സ്ഥിതിയെയാണ് സന്തുലിതാവസ്ഥകൊണ്ട് മനസ്സിലാക്കേണ്ടത്. ഒരു രാഷ്ട്രത്തിന്റെ ബാധ്യതാശിഷ്ടം നികത്തുവാന്‍ സ്വര്‍ണത്തെയോ വിദേശവിനിമയത്തെയോ വിദേശവായ്പകളെയോ അതിരുകവിഞ്ഞ് ആശ്രയിക്കേണ്ടിവരികയാണെങ്കില്‍ അതിന്റെ അടവുശിഷ്ടം കമ്മിയാണെന്നോ പ്രതികൂലമാണെന്നോപറയാം; മറിച്ചാണെങ്കില്‍, അത് അനുകൂലമായ അടവുശിഷ്ടസ്ഥിതിയെ കാണിക്കുന്നു. അങ്ങനെ അടവുശിഷ്ടം ആനുകാലികവിഭാഗത്തിനോടനുബന്ധമായിട്ടാണ് ഇവ ഉപയോഗിച്ചുപോരുന്നത്.

ഉചിതമായ ഒരു കാലയളവില്‍ ഗുരുതരമായ തൊഴിലില്ലായ്മയ്ക്ക് ഇടംകൊടുക്കാതെ വിവൃതമായ സമ്പദ് വ്യവസ്ഥയെ, തുടര്‍ന്നുള്ള അടിസ്ഥാനത്തില്‍ താങ്ങിനിര്‍ത്തത്തക്കവിധത്തിലുള്ള അടവുശിഷ്ട അവസ്ഥയെന്നാണ് സി.പി. കിന്റല്‍ബര്‍ഗര്‍ സന്തുലിതാവസ്ഥയെ നിര്‍വചിച്ചിരിക്കുന്നത്. ഒരു രാഷ്ട്രത്തിന്റെ ആത്യന്തികമായ ഉത്തമര്‍ണാധമര്‍ണപദവികളില്‍ ന്യായയുക്തമല്ലാത്തരീതിയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളെ അസന്തുലിതാവസ്ഥയായി കണക്കാക്കാം. എന്തൊക്കെയാണ് ന്യായയുക്തമെന്ന് തീരുമാനിക്കുന്നത് ഒരു രാഷ്ട്രത്തിന്റെ യഥാര്‍ഥവരുമാനം, തൊഴില്‍നില, ഉത്പാദനവിതാനം എന്നിവയുടെ പശ്ചാത്തലത്തിലായിരിക്കണം.

Image:p254.png

അടവുശിഷ്ടത്തെ സംബന്ധിച്ചിടത്തോളം 'സന്തുലിതാവസ്ഥ', 'അസന്തുലിതാവസ്ഥ' എന്നീ പദങ്ങള്‍ പല വ്യാഖ്യാനങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഇടനല്കിയിട്ടുണ്ട്; സാര്‍വലൗകികമായ കാഴ്ചപ്പാടില്‍ ഈ പദങ്ങള്‍ക്ക് കല്പിക്കുന്ന അര്‍ഥം ദേശീയതലത്തില്‍ അനുയോജ്യമാകണമെന്നില്ല. വിദേശവിനിമയനിരക്കുകളെ കൃത്രിമമായി നിയന്ത്രിച്ചുകൊണ്ടും ഉഭയകക്ഷിവാണിജ്യക്കരാറുകളില്‍ ഏര്‍പ്പെട്ടുകൊണ്ടും ഒരു പ്രത്യേകരാഷ്ട്രത്തിന്റെ തൊഴില്‍നിലയും യഥാര്‍ഥവരുമാനവും പരമാവധിയാക്കുവാന്‍ കഴിഞ്ഞെന്നുവരാം. എന്നാല്‍ ഇത് ലോകസമ്പദ് വ്യവസ്ഥയില്‍ അസ്വസ്ഥമായ സ്ഥിതിവിശേഷങ്ങള്‍ ഉളവാക്കുവാന്‍ സാധ്യതയുണ്ട്.

മൂലകാരണങ്ങളെ ആസ്പദമാക്കി അടവുശിഷ്ടത്തിന്റെ അസന്തുലിതാവസ്ഥയെ പ്രധാനമായും മൂന്നായി തരംതിരിക്കാം:


(1) ചാക്രീയ അസന്തുലിതാവസ്ഥ (Cyclical disequilibrium) - വ്യാപാരചക്രങ്ങള്‍ മൂലമുണ്ടാകുന്നത്;


(2) ദീര്‍ഘകാല അസന്തുലിതാവസ്ഥ (Secular disequilibrium) - ഒരു സമ്പദ് വ്യവസ്ഥ വികസനത്തിന്റെ ഒരു ഘട്ടത്തില്‍ നിന്നും മറ്റൊരു ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ഉണ്ടാകുന്നത്;


(3) ഘടനാപരമായ അസന്തുലിതാവസ്ഥ (Structural disequilibrium) - കയറ്റുമതി ഇറക്കുമതിമേഖലകളില്‍ ഘടനാപരമായ ചോദന-പ്രദാനവ്യതിയാനങ്ങള്‍മൂലം ഉണ്ടാകുന്നത്.

അടവുശിഷ്ടത്തിന്റെ അസന്തുലിതാവസ്ഥയെ നേരിടുന്നതിന് സാധാരണയായി താഴെപ്പറയുന്ന മാര്‍ഗങ്ങള്‍ അവലംബിക്കുന്നു: (1) വിദേശവിനിമയനിയന്ത്രണങ്ങള്‍;(2)വിദേശവ്യാപാരനിയന്ത്രണങ്ങള്‍; (3) യഥാര്‍ഥവരുമാനം, തൊഴില്‍നില എന്നിവ പരമാവധിയാക്കുക എന്ന ലക്ഷ്യത്തോടെ നാണയ-ധനകാര്യ നയങ്ങളുടെ ആവിഷ്കരണം. ഇവയില്‍ ഏറ്റവും പ്രധാനം അവമൂല്യനം (Devaluation).

അന്താരാഷ്ട്രനാണയനിധിയുടെ പ്രഖ്യാപിതലക്ഷ്യങ്ങളിലൊന്ന്, അടിസ്ഥാനപരമായ അസന്തുലിതാവസ്ഥ (Fundamental disequilibrium) നേരിടുമ്പോള്‍ അംഗരാഷ്ട്രങ്ങളെ സഹായിക്കുക എന്നതാണ്.

7. വികസ്വരരാഷ്ട്രങ്ങളും അടവുശിഷ്ട അസന്തുലിതാവസ്ഥയും. ഒരു വികസ്വരരാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം വികസനത്തിന്റെ ആദ്യഘട്ടങ്ങളില്‍ അടവുശിഷ്ട അസന്തുലിതാവസ്ഥ അനിവാര്യമാണ്. ഇതുണ്ടാകുന്നത് പല കാരണങ്ങളുടെയും സഞ്ചിതഫലമായിട്ടാണ്. ഇത്തരം ഒരു സമ്പദ് വ്യവസ്ഥയില്‍ നടന്നുവരുന്ന ഭീമമായ വികസനപരിപാടികളാണ് മൂലകാരണം. ഇതിനാവശ്യമായ മൂലധന-ഉപകരണങ്ങള്‍, അത്യന്താപേക്ഷിതമായ അസംസ്കൃതവസ്തുക്കള്‍ തുടങ്ങിയവയുടെ ഇറക്കുമതി അടവുശിഷ്ട ആനുകാലികവിഭാഗത്തില്‍ കമ്മി സൃഷ്ടിക്കുന്നു. അതോടൊപ്പം വരുമാനത്തിലും വിലയിലുമുണ്ടാകുന്ന വര്‍ധന വരുമാനപ്രഭാവത്തിനും വിലപ്രഭാവത്തിനും വഴിതെളിക്കുന്നു. കൂടാതെ ജനസംഖ്യാവര്‍ധന, കയറ്റുമതിമേഖലയുടെ മന്ദഗതിയിലുള്ള വളര്‍ച്ച, കയറ്റുമതിയിനങ്ങളിലുള്ള വൈവിധ്യക്കുറവ്, കയറ്റുമതിയിനങ്ങളില്‍ വിലയുടെ ഏറ്റക്കുറച്ചിലുകള്‍ ഏറ്റവുമധികം ബാധിക്കുന്ന പ്രാഥമിക-ഉത്പന്നങ്ങളുടെ ബഹുലത, വിദേശവിനിമയം ഉള്‍പ്പെടെയുള്ള കരുതല്‍ധനത്തിന്റെ ദൌര്‍ലഭ്യം, വികസിത രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശനമായ ഇറക്കുമതി നിയന്ത്രണങ്ങള്‍, ലോകവിപണികളില്‍ വികസിതരാഷ്ട്രങ്ങളില്‍നിന്ന് നേരിടേണ്ടിവരുന്ന മത്സരം, വികസ്വരരാഷ്ട്രങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്തുവാന്‍ സമ്പന്നരാഷ്ട്രങ്ങള്‍ കാണിക്കുന്ന വൈമുഖ്യം തുടങ്ങി മറ്റനേകം കാരണങ്ങളും അസന്തുലിതാവസ്ഥയ്ക്ക് കളമൊരുക്കുന്നു.

എന്നാല്‍ ഇത്തരം ഒരു സമ്പദ് വ്യവസ്ഥ അതിന് സമാഹരിക്കുവാന്‍ കഴിയുന്ന വിഭവങ്ങള്‍ക്കു നിരക്കുന്നതരത്തിലുള്ള ഒരു വികസനത്തോതാണ് സ്വീകരിക്കുന്നതെങ്കില്‍ അടിസ്ഥാനപരമായ അസന്തുലിതാവസ്ഥ ഉണ്ടാകണമെന്നില്ല.

8. ഇന്ത്യയുടെ അടവുശിഷ്ടം. 1922-39 കാലഘട്ടത്തില്‍ സര്‍വരാജ്യസഖ്യത്തിന്റെ (League of Nations) നിര്‍ദേശപ്രകാരം ഇന്ത്യ അതിന്റെ അടവുശിഷ്ടക്കണക്കുകളുടെ ഔദ്യോഗികവിവരങ്ങള്‍ വര്‍ഷംതോറും നല്കാറുണ്ടായിരുന്നുവെങ്കിലും ആധുനികരീതിയില്‍ ഇത് കൈകാര്യം ചെയ്തുതുടങ്ങിയത് 1949-ല്‍ റിസര്‍വ് ബാങ്ക് 1946-ലെയും 1947-ലെയും അടവുശിഷ്ടക്കണക്കുകള്‍ പ്രസിദ്ധീകരിച്ചതോടെയാണ്. റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യാ ബുള്ളറ്റിന്‍, റിപ്പോര്‍ട്ട് ഓണ്‍ കറന്‍സി ആന്‍ഡ് ഫൈനാന്‍സ് എന്നീ ഔദ്യോഗികപ്രസിദ്ധീകരണങ്ങള്‍ വഴിയാണ് ഈ കണക്കുകള്‍ പ്രകാശനം ചെയ്യുന്നത്. മേഖല അടിസ്ഥാനത്തിലുള്ള അടവുശിഷ്ട ആനുകാലിക വിഭാഗവും ഇതില്‍ പ്രസിദ്ധീകരിക്കാറുണ്ട്. താഴെപ്പറയുന്ന മേഖലകളെ തരംതിരിച്ച് കണക്കുകള്‍ കാണിക്കുന്നു.


(1) സ്റ്റെര്‍ലിങ്മേഖല (sterling area);

(2) ഡോളര്‍ മേഖല (dollar area);

(3) സാമ്പത്തിക സഹകരണവികസന സംഘടനയിലെ അംഗരാഷ്ട്രങ്ങള്‍ (OECD countries);

(4) സ്റ്റെര്‍ലിങ് മേഖലയിലെ മറ്റു രാഷ്ട്രങ്ങള്‍;

(5) അന്താരാഷ്ട്രസംഘടനകള്‍.

1921-നും 1939-നും ഇടയ്ക്കുള്ള 18 വര്‍ഷങ്ങളില്‍ ഇന്ത്യയുടെ അടവുശിഷ്ടക്കമ്മി മൊത്തം 217 കോടി രൂപയായിരുന്നു. ഇതില്‍ 7 വര്‍ഷങ്ങളില്‍ അടവുശിഷ്ട അനുകൂലനിലയാണ് സൂചിപ്പിച്ചിരുന്നത്. മറ്റുള്ള 11 വര്‍ഷം പ്രതികൂലനിലയായിരുന്നെങ്കിലും ഈ കാലയളവില്‍ അടവുശിഷ്ട വിഷമങ്ങള്‍ ഗുരുതരമായിരുന്നില്ല. 1931-ല്‍ ലോകമെമ്പാടും ബാധിച്ച വ്യാപാരമാന്ദ്യം ഇന്ത്യയെയും ബാധിച്ചു. ഇക്കാലത്ത് ഇവിടെനിന്നുമുള്ള സ്വര്‍ണം കയറ്റുമതി ഗണ്യമായ തോതിലുള്ളതായിരുന്നു.

രണ്ടാംലോകയുദ്ധകാലത്തെ ഔദ്യോഗിക അടവുശിഷ്ടക്കണക്കുകള്‍ ലഭ്യമല്ലെങ്കിലും കിട്ടാവുന്നിടത്തോളം വിവരങ്ങള്‍ വച്ചുനോക്കുമ്പോള്‍ ഇന്ത്യയുടെ വ്യാപാരമിച്ചം അനുകൂലനിലയാണ് സൂചിപ്പിച്ചിരുന്നത്. കൂടാതെ ഇന്ത്യയ്ക്ക് ഒരു ഉത്തമര്‍ണനില പ്രാപിക്കുവാനും കഴിഞ്ഞു.

എന്നാല്‍ അതിനുശേഷം അടവുശിഷ്ടം പ്രതികൂലനിലയിലേക്കു നീങ്ങുകയാണുണ്ടായത്. യുദ്ധാനന്തരനാണയപ്പെരുപ്പം, വിലക്കയറ്റം, ജനസംഖ്യാവര്‍ധന, രാജ്യവിഭജനം, ഉത്പാദനോപകരണങ്ങളുടെ ഇറക്കുമതി തുടങ്ങിയവ ഇതിനു കാരണങ്ങളായി ചൂണ്ടിക്കാണിക്കാവുന്നതാണ്. 1949 അവസാനംവരെ ഈ നില തുടര്‍ന്നുപോന്നു. 1949 സെപ്.-ല്‍ ഉറുപ്പികയുടെ അവമൂല്യന (devaluation)ത്തിനുശേഷം 1951 മധ്യംവരെ അടവുശിഷ്ടമിച്ചമാണ് കാണിച്ചിരുന്നത്. എന്നാല്‍ 1951-52-ല്‍ ഈ മിച്ചം കമ്മിയായി മാറി. അടുത്ത നാലുവര്‍ഷക്കാലം ആനുകാലികവിഭാഗം രേഖപ്പെടുത്തിയിരുന്നത് മിച്ചമായിരുന്നു. മൊത്തത്തില്‍ ഒന്നാം പഞ്ചവത്സരപദ്ധതിക്കാലത്ത് അടവുശിഷ്ടം അനുകൂലനില സൂചിപ്പിച്ചിരുന്നു. പക്ഷേ, പിന്നീടുള്ള പദ്ധതിക്കാലങ്ങളില്‍ തുടര്‍ച്ചയായ പ്രതികൂലവ്യാപാരമിച്ചവും അടവുശിഷ്ടം കമ്മിയുമാണ് ഇന്ത്യയ്ക്കു നേരിടേണ്ടിവന്നിരിക്കുന്നത്. പ്രതിശീര്‍ഷവരുമാനവും ജീവിതനിലവാരവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള ആസൂത്രിത ജനാധിപത്യവ്യവസ്ഥയില്‍ ഈ വികസനസംബന്ധമായ അസന്തുലിതാവസ്ഥ (developmental disequilibrium) കുറെയെല്ലാം അനിവാര്യമാണ്.

(കെ.സി.ശേഖര്‍, ഡോ. കെ. രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍