This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഞ്ചുതെങ്ങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:34, 17 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഞ്ചുതെങ്ങ്

തിരുവനന്തപുരം ജില്ലയിലുള്ള ഒരു ഗ്രാമപഞ്ചായത്ത്. കോഴിത്തോട്ടം കായലും അഞ്ചുതെങ്ങ് കായലും തൊട്ടുള്ള തോടുകളും മൂലം മറ്റു ഭാഗങ്ങളില്‍നിന്ന് ഈ സ്ഥലം വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. കടല്‍ത്തീരം വഴി നോക്കുമ്പോള്‍ തിരുവനന്തപുരത്തിനും കൊല്ലത്തിനും ഏതാണ്ടു മധ്യത്തില്‍ ആറ്റിങ്ങല്‍നിന്ന് 13 കി.മീ. പ. മാറിയാണ് അഞ്ചുതെങ്ങിന്റെ സ്ഥിതി.

തിരുവിതാംകൂര്‍ പ്രദേശത്തിലെ ആദ്യത്തെ യൂറോപ്യന്‍ അധിവാസകേന്ദ്രമായിരുന്നു അഞ്ചുതെങ്ങ്. ജലമാര്‍ഗമുള്ള വ്യാപാരസൗകര്യം ആദ്യം പോര്‍ത്തുഗീസ്-ഡച്ചു വ്യാപാരികളെയും പിന്നീട് ബ്രിട്ടീഷുകാരെയും ഈ സ്ഥലത്തേക്ക് ആകര്‍ഷിച്ചു. 1673-ല്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ പണ്ടകശാല തുറന്നതോടെ ഈ സ്ഥലത്തിന്റെ പ്രാധാന്യം വര്‍ധിച്ചു. കുരുമുളകും ചീട്ടിത്തുണിയുമായിരുന്നു പ്രധാന വിപണനസാധനങ്ങള്‍. 1684-ല്‍ ആറ്റിങ്ങല്‍ റാണിയുടെ സമ്മതത്തോടെ ബ്രിട്ടീഷുകാര്‍ ഈ സ്ഥലം കൈവശപ്പെടുത്തി; 1690-ല്‍ ഇവിടെ കോട്ട കെട്ടുന്നതിനുള്ള അനുവാദവും അവര്‍ക്കു നല്കപ്പെട്ടു. ഈ കൈമാറ്റങ്ങള്‍ രേഖാമൂലമുള്ളതായിരുന്നില്ല. 1695-ലാണ് കോട്ടയുടെ പണിപൂര്‍ത്തിയായത്. വിഴിഞ്ഞം, കുളച്ചല്‍, ഇടവാ തുടങ്ങിയ കച്ചവട സങ്കേതങ്ങളൊക്കെ അഞ്ചുതെങ്ങിന്റെ നിയന്ത്രണത്തില്‍ ആയിരുന്നു. 1729-ല്‍ തിരുവിതാംകൂര്‍ സംസ്ഥാനത്തെ കുരുമുളകു കുത്തക ഈസ്റ്റിന്ത്യാ കമ്പനിക്ക് ലഭിച്ചതോടെ അഞ്ചുതെങ്ങിന്റെ പ്രാധാന്യം ഗണ്യമായി വര്‍ധിച്ചു. കര്‍ണാട്ടിക് യുദ്ധകാലത്ത് (1781-84) യുദ്ധസാമഗ്രികളുടെ സംഭരണശാലയും വിതരണകേന്ദ്രവുമായി ഇവിടം ഉപയോഗിക്കപ്പെട്ടു.

അഞ്ചുതെങ്ങ്:കായല്‍ പ്രദേശം

ഇന്ത്യയില്‍ ബ്രിട്ടിഷ് സാമ്രാജ്യസ്ഥാപനത്തിനുശേഷം അഞ്ചുതെങ്ങിന്റെ പ്രാധാന്യം മങ്ങിത്തുടങ്ങി. ഈ സ്ഥലത്തിന്റെ ഭരണം തിരുവിതാംകൂര്‍ റസിഡന്റിന്റെ കീഴിലുള്ള ഒരു സാധാരണ ഉദ്യോഗസ്ഥനിലൂടെ നിര്‍വഹിക്കപ്പെട്ടുവന്നു. 1801-ല്‍ വേലുത്തമ്പിദളവയുടെ അനുയായികള്‍ അഞ്ചുതെങ്ങു കോട്ട ആക്രമിച്ചു. 1813-ല്‍ ഇവിടുത്തെ പണ്ടകശാല അടച്ചുപൂട്ടിയതോടെ ഈ പ്രദേശത്തിന്റെ സാമ്പത്തികഭദ്രതയ്ക്കു കോട്ടം ഉണ്ടായിത്തുടങ്ങി. 1906-ല്‍ അഞ്ചുതെങ്ങ് ഒരു പ്രത്യേക റവന്യൂ ജില്ലയാക്കി; 1927-ല്‍ ഈ പ്രദേശം തിരുനല്‍വേലി ജില്ലയിലുള്‍പ്പെടുത്തപ്പെട്ടു. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും ഈ നില തുടര്‍ന്നുപോന്നു. 1950-ലാണ് ഈ പ്രദേശം തിരു-കൊച്ചി സംസ്ഥാനത്തില്‍ ലയിച്ചത്.

ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കോട്ടയുടെയും കൊടിമരത്തിന്റെയും അവശിഷ്ടങ്ങള്‍ ഇന്നും ഈ പ്രദേശത്തു കാണാം. കപ്പലുകള്‍ അടുക്കാന്‍ സൌകര്യം കുറഞ്ഞ ഈ പ്രദേശത്ത് താവളമുറപ്പിക്കാന്‍ യൂറോപ്യരെ പ്രേരിപ്പിച്ച വസ്തുത ദുരൂഹമാണ്. ഈ പ്രദേശത്തു ശുദ്ധജല ദൗര്‍ലഭ്യം നന്നേയുണ്ട്; എന്നാല്‍ കായല്‍-തോടുകള്‍ വഴിയുള്ള ഗതാഗതത്തിലെ ഒരു പ്രമുഖ താവളമാണ് അഞ്ചുതെങ്ങ്.

വളക്കൂറു കുറഞ്ഞ ചെമ്പിച്ച പൂഴിമണ്ണാണ് ഈ പ്രദേശത്തുള്ളത്. തൊണ്ടഴുക്കുന്ന കുണ്ടുകളും കായല്‍ച്ചിറകളും അവ പരത്തുന്ന ഹൈഡ്രജന്‍സള്‍ഫൈഡ്, മീഥേന്‍ തുടങ്ങിയ ദുര്‍ഗന്ധമുള്ള വാതകങ്ങളും അന്തരീക്ഷം മലീമസമാക്കുന്നു. രൂക്ഷമായ കടലാക്രമണവും ഇവിടെ അനുഭവപ്പെടുന്നു. തീരങ്ങളില്‍ തെങ്ങ് സമൃദ്ധമായി വളരുന്നു. മീന്‍പിടിത്തവും കയര്‍വ്യവസായവുമാണ് ഇവിടുത്തെ പ്രധാന തൊഴിലുകള്‍.

ജനങ്ങള്‍ ഏറിയകൂറും മീന്‍പിടിത്തക്കാരായ ലത്തീന്‍ കത്തോലിക്കരാണ്. കയര്‍ വ്യവസായത്തിലേര്‍പ്പെട്ട ഈഴവരും മത്സ്യത്തൊഴിലാളികളായ മുസ്ലീങ്ങളുമാണ് മറ്റുള്ളവര്‍. ആളുകള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന തുറകളാണ് ഇവിടെയുള്ളത്. കൊപ്രായും കയറുമാണ് പ്രധാന ഉത്പന്നങ്ങള്‍. കയര്‍ വ്യവസായം കായലരികിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

പ്രസിദ്ധ ചരിത്രകാരനായ റോബര്‍ട്ട് ഓര്‍മിയുടെ ജനനം (1728) ഇവിടെയായിരുന്നു. ഇംഗ്ലീഷ് നോവലിസ്റ്റായ സ്റ്റേണിന്റെയും (1713-68) ആബിറെയ്നലിന്റെയും കവിതകളിലൂടെ അനശ്വരയായിത്തീര്‍ന്ന 'എലീസാ'യുടെ ജന്‍മദേശമായ അഞ്ചുതെങ്ങിന് സാഹിത്യചരിത്രത്തിലും സ്ഥാനമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍