This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അജ്മല്‍ഖാന്‍, ഹക്കിം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അജ്മല്‍ഖാന്‍, ഹക്കിം (1868 - 1927)

ഇന്ത്യയിലെ ഒരു ദേശീയനേതാവും ഭിഷഗ്വരനും. ഹക്കിം എന്ന അറബിവാക്കിന്റെ അര്‍ഥം വൈദ്യന്‍ എന്നാണ്. മധ്യേഷ്യയില്‍നിന്നും ഇന്ത്യയില്‍ കുടിയേറിപ്പാര്‍ത്ത ഒരു മുസ്ളിം സൈനികോദ്യോഗസ്ഥന്റെ മകനായി 1868 ജനു. 29-ന് അജ്മല്‍ ജനിച്ചു. ബാല്യത്തില്‍തന്നെ പേര്‍ഷ്യന്‍ ഭാഷ, അറബി വ്യാകരണം, ഖുര്‍ആന്‍, തര്‍ക്കശാസ്ത്രം എന്നിവയില്‍ അവഗാഹം നേടിയ ഇദ്ദേഹം പില്ക്കാലത്ത് ഉറുദുവില്‍ പാണ്ഡിത്യം സമ്പാദിച്ചു. വൈദ്യശാസ്ത്രത്തിന്റെ ആദ്യപാഠങ്ങള്‍ പിതാവില്‍നിന്നും ഉയര്‍ന്ന രീതിയിലുള്ള വൈദ്യ വിദ്യാഭ്യാസം ജ്യേഷ്ഠസഹോദരന്‍മാരില്‍നിന്നും സമ്പാദിച്ചു. 1904-ല്‍ മെസൊപ്പൊട്ടേമിയയും തുര്‍ക്കി, അറേബ്യ എന്നീ രാജ്യങ്ങളും 1911-ല്‍ യൂറോപ്പും സന്ദര്‍ശിക്കുകയുണ്ടായി. ഡല്‍ഹിയില്‍ താന്‍ സ്ഥാപിക്കാനുദ്ദേശിച്ച കോളജിന്റെ നടത്തിപ്പിനെപ്പറ്റി ആവശ്യമായ വിവരങ്ങള്‍ ഈ യാത്രയില്‍ ഇദ്ദേഹം നേടി.

ഹക്കിം അജ്മല്‍ഖാന്‍

1912-ല്‍ ഇന്ത്യയുടെ വൈസ്രോയിയായിരുന്ന ഹാര്‍ഡിഞ്ച്പ്രഭു അജ്മലിനെ ബഹുമാനിച്ചിരുന്നു. തത്ഫലമായി ഡല്‍ഹിയില്‍ അജ്മല്‍ഖാന്‍ സ്ഥാപിച്ച ആശുപത്രിക്ക് 'ലേഡി ഹാര്‍ഡിഞ്ച്' എന്ന പേരാണ് നല്കിയത്. ഈ കാലഘട്ടത്തിനുള്ളില്‍ വിദഗ്ധനായൊരു ഭിഷഗ്വരന്‍ എന്ന നിലയില്‍ അജ്മല്‍ പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. നിരവധി യൂനാനിഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. മുസ്ളീങ്ങളുടെ വിദ്യാഭ്യാസോന്നമനത്തിനുവേണ്ടി അലിഗഡ് സര്‍വകലാശാല പടുത്തുയര്‍ത്തുന്നതില്‍ ഇദ്ദേഹം നിസ്തുലമായ പങ്ക് വഹിച്ചു. 1918 ഡി.-ല്‍ ഡല്‍ഹിയില്‍ മദന്‍മോഹന്‍ മാളവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ സി.ആര്‍. ദാസിന്റെ അസാന്നിധ്യത്തില്‍, അധ്യക്ഷപദവും വഹിച്ചു. വിവിധ സമുദായക്കാരെ ഒരേ നിലയില്‍ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത ഒരാളെന്ന നിലയിലാണ് ചരിത്രകാരന്‍മാര്‍ ഇദ്ദേഹത്തെ വീക്ഷിക്കുന്നത്. 1919-ലും 1924-ലും ഉണ്ടായ ഹിന്ദു-മുസ്ളിം ലഹളകള്‍ ശമിപ്പിക്കാനും അവ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനും ഇദ്ദേഹം അശ്രാന്തപരിശ്രമം ചെയ്തു. തികച്ചും ദേശീയവാദിയായിരുന്ന അജ്മല്‍ 1927 ഡി.-ല്‍ നിര്യാതനായി. ഡല്‍ഹിയില്‍ ഇദ്ദേഹം സ്ഥാപിച്ച യൂനാനി വൈദ്യവിദ്യാലയം പ്രസിദ്ധമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍