This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അജന്‍ഫക്കീര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അജന്‍ഫക്കീര്‍

എ.ഡി. 17-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഒരു ആസാമീസ് ഭക്തകവി. ജനനകാലത്തെപ്പറ്റി വ്യക്തമായ രേഖകള്‍ കിട്ടിയിട്ടില്ല. 1681 മുതല്‍ 1696 വരെ കാമരൂപദേശം (ഇന്നത്തെ അസമിലെ പഴയ ഒരു നാട്ടുരാജ്യം) ഭരിച്ചിരുന്ന ഗദാധരസിംഹന്റെ ഡര്‍ബാറില്‍ ഈ കവി ഉണ്ടായിരുന്നതായും ഭക്തിഗീതങ്ങള്‍ പാടി രാജാവിനെ ആസ്തികനാക്കി മാറ്റിയതായും പരാമര്‍ശങ്ങളുണ്ട്. ആസാമീസ് സാഹിത്യത്തിലെ 'ജികിര്‍' ഗീതങ്ങള്‍ എന്നറിയപ്പെടുന്ന സൂഫി രീതിയിലുള്ള കീര്‍ത്തനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയില്‍ ഈ കവി പ്രത്യേകം ആദരം അര്‍ഹിക്കുന്നു. സൂഫി സമ്പ്രദായത്തിന്റെയും വൈഷ്ണവഭക്തി സാധനയുടെയും സംഗമരംഗമാണ് അജന്‍ ഫക്കീറിന്റെ കീര്‍ത്തനങ്ങള്‍ എന്ന് പ്രസിദ്ധ ആസാമീസ് സാഹിത്യചരിത്രകാരനായ ഹേമ്ബറുവ അഭിപ്രായപ്പെടുന്നു. ഫക്കീര്‍, ഇസ്ലാം മതാനുയായി ആയിരുന്നെങ്കിലും ഹൈന്ദവധര്‍മങ്ങളില്‍ നല്ല അവഗാഹം സിദ്ധിച്ച ഒരു അധ്യാത്മവാദികൂടിയായിരുന്നതിനാല്‍ ഇദ്ദേഹത്തിന്റെ കവിതകളിലും കീര്‍ത്തനങ്ങളിലും സഗുണഭക്തിയുടെ വിവിധസിദ്ധാന്തങ്ങള്‍ പ്രതിധ്വനിക്കുന്നുണ്ട്. ബൃഹത്കാവ്യങ്ങളൊന്നുംതന്നെ രചിച്ചിട്ടില്ലെങ്കില്‍പ്പോലും ജികിര്‍ഗീതപ്രസ്ഥാനത്തിന്റെ പ്രണേതാവെന്ന നിലയില്‍ അജന്‍ ഫക്കീര്‍ ആസാമീസ് സാഹിത്യത്തില്‍ ചിരസ്മരണീയനായിത്തീര്‍ന്നിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍