This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്ചിസണ്‍കമ്മിഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അച്ചിസണ്‍കമ്മിഷന്‍

ഇന്ത്യക്കാര്‍ക്ക് സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ നല്കാനുള്ള സാധ്യതയെപ്പറ്റി ആരായാനും ഇന്ത്യന്‍ പബ്ളിക് സര്‍വീസ് കമ്മിഷന്‍ നിയമങ്ങള്‍ ഏകീകരിക്കാനുമായി ഇന്ത്യന്‍ വൈസ്രോയിയായിരുന്ന ഡഫറിന്‍ പ്രഭു (1826-1902), പഞ്ചാബിലെ മുന്‍ ലഫ്. ഗവര്‍ണറായിരുന്ന സര്‍ ചാള്‍സ് അച്ചിസന്റെ അധ്യക്ഷതയില്‍ നിയമിച്ച കമ്മിഷന്‍. 1886 ന. 4-ന് രൂപവത്ക്കരിക്കപ്പെട്ട ഈ കമ്മിഷനില്‍ അധ്യക്ഷനെ കൂടാതെ 16 അംഗങ്ങള്‍ (സെക്രട്ടറി ഉള്‍പ്പടെ) ഉണ്ടായിരുന്നു. ഇതില്‍ ഇന്ത്യക്കാരായി ആറുപേര്‍ (ഹിന്ദു 4, മുസ്ളിം 2) മാത്രമാണുണ്ടായിരുന്നത്.

കവനന്റഡ് സര്‍വീസിലേക്ക് നീക്കിവച്ചിട്ടുള്ള ഉദ്യോഗങ്ങള്‍ പ്രൊവിന്‍ഷ്യല്‍ സര്‍വീസിലേക്ക് മാറ്റി, തുറന്ന മത്സരപരീക്ഷ നടത്തിയോ താഴ്ന്ന ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഉദ്യോഗക്കയറ്റം നല്കിയോ ആളെ നിയമിക്കണമെന്നായിരുന്നു കമ്മിഷന്റെ ഒരു ശിപാര്‍ശ. മത്സരപരീക്ഷയ്ക്കുള്ള പ്രായപരിധി 23 ആക്കി ഉയര്‍ത്തുന്നതിന് കമ്മിഷനനുകൂലമായിരുന്നു. കവനന്റഡ്, അണ്‍കവനന്റഡ് സര്‍വീസുകള്‍ യഥാക്രമം ഇംപീരിയല്‍, പ്രൊവിന്‍ഷ്യല്‍ സര്‍വീസുകളാക്കി മാറ്റാനും പ്രൊവിന്‍ഷ്യല്‍ സര്‍വീസിനുതാഴെ ഒരു സബോര്‍ഡിനേറ്റ് സര്‍വീസുണ്ടാക്കാനും കമ്മീഷന്‍ ശിപാര്‍ശ ചെയ്തു. ഇംഗ്ളണ്ടിലും ഇന്ത്യയിലും വച്ച് ഐ.സി.എസ്. പരീക്ഷ നടത്തുന്നതിനെ കമ്മിഷന്‍ അനുകൂലിച്ചില്ല. കമ്മിഷന്റെ പൊതുസര്‍വീസുകളെ സംബന്ധിച്ചുള്ള ശിപാര്‍ശകള്‍ ഗവണ്‍മെന്റ് അംഗീകരിച്ചു. കവന്റഡ് സിവില്‍ സര്‍വീസ് അക്കാലം മുതല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസായി മാറി. ഇംഗ്ളണ്ടിലും ഇന്ത്യയിലും എല്ലാ മത്സരപരീക്ഷകളും നടത്തണമെന്നപ്രമേയം ബ്രിട്ടിഷ് ജനപ്രതിനിധിസഭ 1893-ല്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന് കമ്മിഷന്റെ അവസാനത്തെ ശിപാര്‍ശയ്ക്ക് പ്രസക്തിയില്ലാതായി. നോ: പബ്ളിക് സര്‍വീസ് കമ്മിഷന്‍; സിവില്‍ സര്‍വീസ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍