This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്ചടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:51, 25 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

അച്ചടി

Printing


ലിപികള്‍, ചിത്രങ്ങള്‍, ചിഹ്നങ്ങള്‍, വരകള്‍, വര്‍ണങ്ങള്‍ എന്നിവയെ ആലേഖനം ചെയ്യുവാന്‍, അവയെ പലതരത്തില്‍ അച്ചുകളിലേക്കു പകര്‍ത്തുകയും അത്തരം അച്ചുകളില്‍നിന്നു കടലാസിലോ, മറ്റു പദാര്‍ഥങ്ങളിലോ, കൈകൊണ്ടോ യന്ത്രസഹായത്താലോ പതിപ്പുകള്‍ നിര്‍മിക്കുകയും ചെയ്യുന്ന പ്രക്രിയ. അച്ചുകള്‍ എന്നതിനു പതിപ്പുകള്‍ എടുക്കാവുന്ന പ്രതിരൂപവസ്തു എന്നാണര്‍ഥം. ആശയവിനിമയത്തിനുള്ള മുഖ്യോപാധികളില്‍ ഒന്നാണ് അച്ചടി. മനുഷ്യ സമൂഹത്തിന്റെ പുരോഗതിയുടെ എല്ലാ വശങ്ങളെയും ഇത് ഒരുപോലെ സ്പര്‍ശിക്കുന്നു. വിദ്യാഭ്യാസം, വാര്‍ത്താവിനിമയം, പാക്കേജിങ്, തപാല്‍ സ്റ്റാമ്പുകള്‍, മുദ്രപത്രങ്ങള്‍, കടലാസ് നിര്‍മിത നാണയങ്ങള്‍, ബഹുവര്‍ണ ചിത്രങ്ങള്‍, ഫോട്ടോകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ തുടങ്ങി ആധുനിക സമൂഹത്തിനാവശ്യമായതെന്തിനും അച്ചടിയുടെ സഹായം ആവശ്യമാണ്.

'അച്ചടി' എന്ന പദംകൊണ്ടു സാധാരണ വിവക്ഷിക്കുന്നത് ഇംഗ്ളീഷില്‍ 'ലറ്റര്‍ പ്രസ് പ്രിന്റിംഗ്' (Letter Press Printing) എന്നു പറയപ്പെടുന്ന മുദ്രണവിഭാഗം ആണ്. സാങ്കേതികാര്‍ഥത്തില്‍ ഇതു ശരിയല്ല 'ആലേഖനകലകള്‍' (Graphic arts) എല്ലാംതന്നെ അച്ചടിയില്‍ ഉള്‍പ്പെടുന്നു. കടലാസ്, തുണി, ചണച്ചാക്ക്, മരം, സെലഫെയ്ന്‍ (celophane), ഗ്ളാസ് (glass), കോര്‍ക്ക് (cork), കാര്‍ഡ്ബോര്‍ഡ് (card board), പ്ളാസ്റ്റിക് (plastic), ലോഹപദാര്‍ഥങ്ങള്‍ എന്നിങ്ങനെ പലതരം വസ്തുക്കളില്‍ അച്ചടി നടത്താറുണ്ട്. അച്ചടിയുടെ പ്രവര്‍ത്തനം വ്യാപകമാകുന്തോറും അതിനുപയോഗിച്ചുവരുന്ന സാങ്കേതികകൌശലവും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അച്ചടിയുടെ വിവിധരീതികളാണ് പലതരം മുദ്രണങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്. പുസ്തകങ്ങള്‍ അച്ചടിക്കുന്നതിനും ലോഹടിന്നുകളില്‍ അച്ചടിക്കുന്നതിനും പ്രത്യേകം പ്രത്യേകം അച്ചടിസമ്പ്രദായങ്ങള്‍ ആവശ്യമാണ്. വര്‍ത്തമാനപത്രം അച്ചടിക്കുന്ന 'റോട്ടറി (Rotary) ലറ്റര്‍ പ്രസ്' തീപ്പെട്ടിപ്പടം അച്ചടിക്കുവാന്‍ ഉപയുക്തമല്ല. അച്ചടിയുടെ തനി ക്ളാസിക്ക് രീതിയായ 'ലറ്റര്‍ പ്രസ്' വിവിധ സാങ്കേതികപരിഷ്കാരങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ഇന്ന് ഈ വ്യവസായം മുദ്രണചരിത്രത്തിന്റെ അവലോകനം എത്രത്തോളം പുരോഗമിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കുവാന്‍ സഹായകമാണ്.

ഇഷ്ടികപ്പസ്തകം
പാപ്പിറസ് ചുരുള്‍

ചരിത്രം

ഇന്നറിയപ്പെടുന്ന രീതിയിലുള്ള അച്ചടി 15-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി ജര്‍മനിയിലാണ് ആരംഭിച്ചത്. എന്നാല്‍ അതിനു വളരെക്കാലം മുമ്പുതന്നെ ഒരുതരത്തില്‍ അച്ചടി നടപ്പില്‍ വന്നിരുന്നു. കൊറിയക്കാരും, ചൈനക്കാരും, ജപ്പാന്‍കാരും പ്രാചീനകാലത്തുതന്നെ അച്ചടിയെപ്പറ്റി അറിയുകയും അച്ചടിവിദ്യ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ബി.സി. 16-ാം ശ. മുതല്‍ 4-ാം ശ. വരെയുള്ള കാലഘട്ടത്തില്‍ ആശയവിനിമയോപാധിയായി വരമൊഴി നിലവില്‍ വന്നു. ചിത്രലിപികളും അക്ഷരമാലയും സങ്കീര്‍ണങ്ങളായ പല പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായി. ശിലാലിഖിതങ്ങളും ഇഷ്ടികപ്പുസ്തകങ്ങളും തുകല്‍-പാപ്പിറസ് ചുരുളുകളും താളിയോലഗ്രന്ഥങ്ങളും ഉപയോഗിച്ചിരുന്ന അക്കാലത്ത് കൊത്തുപണി തൊഴിലാക്കിയിരുന്നവര്‍ എഴുത്തുപണിയും നടത്തിപ്പോന്നു. എ.ഡി. ആദ്യശതകങ്ങളില്‍ ചൈനക്കാര്‍ കണ്ടുപിടിച്ചതും ക്രമേണ ലോകമെങ്ങും പ്രചരിച്ചതുമായ കടലാസ് നിര്‍മാണത്തോടെയാണ് എഴുത്തുവിദ്യയില്‍ പരിവര്‍ത്തനമുണ്ടായതും അച്ചടിയുടെ ആരംഭം കുറിച്ചതും. ചൈനക്കാര്‍ പേജിന്റെ വലുപ്പത്തിലുള്ള മരപ്പലകകളില്‍ അക്ഷരങ്ങള്‍ കൊത്തിയെടുത്ത് അക്ഷരങ്ങളുടെ പുറത്ത് മഷിപുരട്ടി കടലാസ് അമര്‍ത്തി പല പ്രതികളെടുത്തിരുന്നു. ഇത്തരത്തിലുള്ള അച്ചടി സമ്പ്രദായം എന്നാണ് അവര്‍ തുടങ്ങിയതെന്നതിനെക്കുറിച്ചു വിവരങ്ങള്‍ ലഭ്യമല്ല. ഈ രീതിയില്‍ യൂറോപ്പില്‍ ആദ്യമായി അച്ചടിച്ച പുസ്തകങ്ങളില്‍ പ്രധാനപ്പെട്ടതാണ്

പാവപ്പെട്ടവന്റെ വേദപുസ്തകത്തിലെ ഒരു പേജ്

പാവപ്പെട്ടവന്റെ വേദപുസ്തകം (poor man's bible). മരത്തില്‍ കൊത്തിയ ബ്ളോക്ക് ഉപയോഗിച്ച് അച്ചടിക്കുന്നതിനാല്‍ ഇത്തരം പുസ്തകങ്ങള്‍ ബ്ളോക്ക് പുസ്തകങ്ങള്‍ block books) എന്നറിയപ്പെട്ടിരുന്നു. കടലാസില്‍ മഷിപുരട്ടി പതിപ്പുകള്‍ ഉണ്ടാക്കിയത് 5-ാം ശ. മുതല്ക്കാണ്.

ജപ്പാനിലെ ചക്രവര്‍ത്തിനിയായിരുന്ന ഷോട്ടോകു എ.ഡി. 768-70-ല്‍ പുറപ്പെടുവിച്ച കല്പനയില്‍ മുദ്രണം ചെയ്യപ്പെട്ടിരുന്ന ബൌദ്ധമന്ത്രത്തിന്റെ (Charm) ചിത്രമാണ് കണ്ടുകിട്ടിയിട്ടുള്ളതില്‍വച്ച് ഏറ്റവും പഴക്കം ചെന്ന മുദ്രിതരേഖ. പത്തുലക്ഷത്തോളം പ്രതികള്‍ എടുത്ത ഈ മുദ്ര അച്ചടിക്കുവാന്‍ ഉപയോഗിച്ച ബ്ളോക്കുകള്‍ എന്തു വസ്തുകൊണ്ടാണ് നിര്‍മിച്ചതെന്ന് അറിവായിട്ടില്ല. ഈ ചിത്രം ലോകപ്രസിദ്ധങ്ങളായ മിക്ക പ്രദര്‍ശനശാലകളിലും കാണാം. 868-ല്‍ അച്ചടിച്ചതെന്നു കരുതപ്പെടുന്ന വജ്രസൂത്രം ഒരു ബൌദ്ധസ്മാരകഗ്രന്ഥമാണ്. ആറു താളുകളിലാണ് ഈ ഗ്രന്ഥം അച്ചടിച്ചിട്ടുള്ളത്; ഒരു ചിത്രവും ഇതില്‍ ഉണ്ട്. ഇതിന്റെ ഒരു പ്രതി 1900-ല്‍ തുര്‍ക്കിസ്താനിലെ ഒരു ഗുഹയില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. 1907-ല്‍ സര്‍ ആറെല്‍ സ്റ്റൈന്‍ ഈ പ്രതി സമ്പാദിച്ചു. ഇപ്പോള്‍ ബ്രിട്ടിഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള ഈ ഗ്രന്ഥം നിലവിലുളളതില്‍ ഏറ്റവും പഴക്കംചെന്ന പുസ്തകമാണ് എന്നു പറയപ്പെടുന്നു.

1041-നും 1049-നും ഇടയ്ക്ക് അക്ഷരങ്ങള്‍ കൊത്തിയ മണ്‍കട്ടകള്‍ അടുക്കിവച്ച് അവയ്ക്കു മീതെ മഷിപുരട്ടി പീ-ഷെങ് എന്ന ചൈനക്കാരന്‍ ആദ്യമായി ഒരു ഗ്രന്ഥം അച്ചടിച്ചു. പീ-ഷെങിന്റെ ഈ കണ്ടുപിടിത്തത്തെ, അച്ചടി വ്യവസായത്തില്‍ ഏര്‍പ്പെട്ടിരുന്ന പലരും പില്ക്കാലത്ത് പരിഷ്കരിക്കുകയുണ്ടായി. 14-ാം ശ.-ത്തിലാണ് കൊറിയയില്‍ ആദ്യമായി ലോഹനിര്‍മിതവും ഇളക്കിമാറ്റാവുന്നതും ആയ അച്ചുകള്‍ ഉപയോഗിച്ചുതുടങ്ങിയത്. അച്ചുകള്‍ വാര്‍ക്കുന്ന സമ്പ്രദായം കൊറിയയില്‍നിന്നു ജപ്പാനിലേക്കും ചൈനയിലേക്കും വ്യാപിച്ചു.

ഗുട്ടന്‍ബര്‍ഗ്

അച്ചടിയുടെ പിതാവായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് ജര്‍മന്‍കാരനായ യോഹാന്‍ ഗുട്ടന്‍ബര്‍ഗ് (1398-1468) ആണ്. ഹോളണ്ടില്‍ ഹാര്‍ലമില്‍ ജനിച്ച ലോറന്‍സ് ജാന്‍സൂണ്‍ കോസ്റ്റര്‍ (1370-1440) ഗുട്ടന്‍ബര്‍ഗിനു മുമ്പുതന്നെ അച്ചടി കണ്ടുപിടിച്ചുവെന്ന അവകാശവാദം ഉണ്ടായി. ഇതിനെക്കുറിച്ചു നടത്തിയ ഗവേഷണങ്ങള്‍, ഗുട്ടന്‍ബര്‍ഗാണ്, ഇളക്കിമാറ്റാവുന്നതും തിരുത്തലുകള്‍ ചെയ്യാവുന്നതുമായ ഒറ്റ അച്ചുകള്‍ നിര്‍മിച്ചതെന്ന വസ്തുതയിലേക്കു വെളിച്ചം വീശുകയും അങ്ങനെ ഗുട്ടന്‍ബര്‍ഗ് 'അച്ചടിയുടെ പിതാവ്' എന്ന ഖ്യാതിക്ക് അര്‍ഹനാവുകയും ചെയ്തു. ഗുട്ടന്‍ബര്‍ഗ് 1398-നോടടുത്ത് ജര്‍മനിയില്‍ മെയിന്‍സില്‍ ജനിച്ചു. എയ് ലാ ഷാപ്പലില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കു വില്ക്കുന്നതിനായി കണ്ണാടി നിര്‍മിച്ചിരുന്ന ഒരു സ്ഥാപനത്തില്‍ ഇദ്ദേഹം ജോലിനോക്കിയിരുന്നു. അക്കാലത്തുതന്നെ ഇദ്ദേഹം അച്ചടിയില്‍ പരിഷ്കാരം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയും അതിനായി യത്നിക്കുകയും ചെയ്തുകൊണ്ടിരുന്നു. 1450-ല്‍ ഗുട്ടന്‍ബര്‍ഗ് ഓരോ അക്ഷരങ്ങള്‍ക്കുമുള്ള അച്ചുകള്‍ വെവ്വേറെ വാര്‍ത്തെടുക്കുകയും അവ ചേര്‍ത്തുണ്ടാക്കിയ പേജുകള്‍ മുദ്രണം ചെയ്യാന്‍ തടികൊണ്ട് അച്ചടിയന്ത്രം നിര്‍മിക്കുകയും ചെയ്തു. അച്ചു വാര്‍ക്കുന്നതിനുള്ള മൂശയുടെ ആസൂത്രണം, മൂശയില്‍ നിന്നു വേണ്ടത്ര അച്ചുകളുടെ നിര്‍മാണം, അച്ചുകള്‍ക്കുപറ്റിയ ലോഹസങ്കര നിര്‍ണയം, അച്ചടിയന്ത്രനിര്‍മാണം, പേജ് അനുസരിച്ച് അച്ചുനിരത്തുന്ന സമ്പ്രദായം, അച്ചടി കഴിഞ്ഞ് അച്ചുകള്‍ പിരിച്ചെടുത്ത് വീണ്ടും ഉപയോഗിക്കുന്ന പദ്ധതി എന്നിവയായിരുന്നു ഗുട്ടന്‍ബര്‍ഗിന്റെ സംഭാവനകള്‍.

ഗുട്ടന്‍ബര്‍ഗ് പ്രസ്:രൂപമാതൃക-പഴയ ഒരു വുഡ്കട്ട് ചിത്രം

ഗുട്ടന്‍ബര്‍ഗ് 1455-ല്‍ അച്ചടിച്ച ഒരു കലണ്ടറും, 1456 ആഗ. 24-ന് 42 വരികള്‍ വീതം രണ്ടു കോളങ്ങളിലായി സംവിധാനം ചെയ്ത, 1282 പേജുകളുള്ള ഗുട്ടന്‍ബര്‍ഗ് ബൈബിളും കണ്ടുകിട്ടിയിട്ടുണ്ട്. 170 പശുക്കുട്ടികളുടെ തോലാണ് ഈ ബൈബിള്‍ അച്ചടിക്കാന്‍ ഉപയോഗിച്ചിട്ടുണ്ടാവുക എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.

മെയിന്‍സില്‍നിന്ന് അച്ചടി ജര്‍മനിയിലെ മറ്റു പട്ടണങ്ങളിലേക്കും, അവിടെനിന്ന് ഇറ്റലി, ഫ്രാന്‍സ്, ആസ്റ്റ്രിയ, തുര്‍ക്കി എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. 15-ാം ശ.-ത്തിന്റെ അവസാനത്തോടെ യൂറോപ്പിലെ എല്ലാ പ്രമുഖനഗരങ്ങളിലും അച്ചടിശാലകള്‍ സ്ഥാപിതമായി. ഇറ്റലിയില്‍ ആദ്യമായി അച്ചുകൂടം സ്ഥാപിതമായത് 1464-ലാണ്. സ്വിറ്റ്സര്‍ലണ്ടില്‍ 1465-ലും ഫ്രാന്‍സിലും നെതര്‍ലന്‍ഡ്സിലും 1476-ലും സ്വീഡനില്‍ 1483-ലും ആദ്യത്തെ പ്രസ്സുകള്‍ സ്ഥാപിതങ്ങളായി. 1563-ലാണ് സോവിയറ്റ് യൂണിയനില്‍ ആദ്യത്തെ പ്രസ് സ്ഥാപിച്ചത്. സ്പെയിനിലും ഹംഗറിയിലും ആദ്യം പ്രസ് സ്ഥാപിച്ചത് 1473-ലാണ്. ഇംഗ്ളണ്ടില്‍ 1476-ലാണ് ആദ്യത്തെ അച്ചുകൂടം തുടങ്ങിയത്. 1500-ല്‍ യൂറോപ്പില്‍ 300 പട്ടണങ്ങളിലായി 1,700-ഓളം പ്രസ്സുകളുണ്ടായിരുന്നു. 1,500-ല്‍ 150 ലക്ഷത്തിനും 200 ലക്ഷത്തിനും മധ്യേവരുന്ന 40,000 പതിപ്പുകള്‍ ഇവയില്‍നിന്നും പുറത്തുവന്നു.

കാക്സ്റ്റണ്‍

1476-ല്‍ വില്യം കാക്സ്റ്റണാണ് (1422-91) ഇംഗ്ളണ്ടില്‍ അച്ചടി അവതരിപ്പിച്ചത്. 1475-ല്‍ അച്ചടിച്ച The Recuyell of the Historyes of Troye ആണ് ഇംഗ്ളീഷ് ഭാഷയില്‍ അച്ചടിച്ച ആദ്യത്തെ പുസ്തകം. 1491-നു മുമ്പ് കാക്സ്റ്റണ്‍ ഇംഗ്ളീഷ് സാഹിത്യത്തിലുള്ള മിക്ക പ്രധാനകൃതികളും ഇംഗ്ളീഷ് ഭാഷയില്‍ അച്ചടിച്ചു. 15-ഉം 16-ഉം ശ.-ങ്ങളില്‍ മെയിന്‍സ്, ഫ്രാങ്ക്ഫര്‍ട്ട്, കൊളോണ്‍, ലിയോണ്‍, വെനീസ്, ബേസില്‍ എന്നീ നഗരങ്ങള്‍ അച്ചടി വ്യവസായത്തിന്റെ പ്രധാന കേന്ദ്രങ്ങളായിരുന്നു. ഈ കാലഘട്ടത്തില്‍ അച്ചടിക്കപ്പെട്ടിരുന്നത് ഏറിയകൂറും ആധ്യാത്മികഗ്രന്ഥങ്ങളായിരുന്നു. കൂടാതെ അവകാശപത്രികകള്‍, പരസ്യങ്ങള്‍, ഉടമ്പടികള്‍, കലണ്ടറുകള്‍ എന്നിവയും അച്ചടിക്കപ്പെട്ടിരുന്നു. സാമ്രാജ്യശക്തികളുടെ കോളനിവാഴ്ചയോടെയാണ് അച്ചടിപ്രചരിക്കുവാന്‍ തുടങ്ങിയത്. വില്യം ബ്രാഡ്ഫോര്‍ഡ് 1685-ല്‍ ഫിലാഡല്‍ഫിയായില്‍ ഒരു അച്ചുകൂടം സ്ഥാപിച്ചു. ലോകചരിത്രത്തില്‍ അച്ചടി അതിന്റെ രാഷ്ട്രീയസ്വാധീനം ചെലുത്താന്‍ തുടങ്ങിയത് ഇതോടുകൂടിയാണ്. 15 മുതല്‍ 17 വരെയുള്ള ശ.-ങ്ങളില്‍ പാശ്ചാത്യലോകത്ത് അച്ചടി നടത്തിയിരുന്നത് മരംകൊണ്ടുള്ള ഒരു ചട്ടക്കൂട്ടില്‍ ആയിരുന്നു; ഈ പ്രക്രിയ നടത്തിയിരുന്നത് ആനുപാതിക ചലനത്താലുമായിരുന്നു. അതിനു മുന്‍പ് മുകളിലേക്കുയര്‍ത്തുകയും താഴേയ്ക്കമര്‍ത്തുകയും ചെയ്യുന്ന രീതിയാണ് അനുവര്‍ത്തിച്ചുവന്നത്. മറ്റൊരു പ്രത്യേകത ഉള്ളിലേക്കും പുറത്തേക്കുമുള്ള ഒരു പ്രത്യേക ചലനമായിരുന്നു. മുകളിലേക്കും താഴേയ്ക്കുമുള്ള ചലനം അച്ചുകളില്‍ തേച്ചിരിക്കുന്ന മഷി കടലാസില്‍ പതിയുന്നതിനുള്ള മര്‍ദം നല്കുന്നു. ഉള്ളിലേക്കും പുറത്തേക്കുമുള്ള ചലനം കടലാസും അച്ചുമായുള്ള സ്ഥാനം ശരിപ്പെടുത്തുന്നതിനാണ്. ഒരു ലിവര്‍ (lever) വലിക്കുമ്പോള്‍ ഒരു സ്പിന്‍ഡില്‍ (spindle) തിരിയുകയും മഷി പുരട്ടിവച്ചിരിക്കുന്ന അച്ചുകളുടെ മുകളില്‍ ഒരു തകിട് വന്ന് അമരുകയും അവയ്ക്കിടയില്‍ വയ്ക്കുന്ന കടലാസില്‍ അച്ചില്‍നിന്നു മഷി പതിയുകയും ചെയ്യുന്നു. തകിട് പൊക്കിയതിനുശേഷം അച്ചുകളും മുദ്രണം ചെയ്ത കടലാസും അടങ്ങിയ ഫോറം പുറത്തേയ്ക്കു വലിച്ചെടുക്കുന്നു. മിനുസപ്പെടുത്തിയ തോല്‍കൊണ്ട് മറച്ചുള്ള ഒരു ഫോറത്തില്‍ കടലാസുവച്ചിട്ടാണ് അച്ചടി നടത്തിയിരുന്നത്. കടലാസു വച്ചതിനുശേഷം അച്ചടിക്കുമ്പോള്‍ കോട്ടം വരാതിരിക്കുന്നതിനുവേണ്ടി പിരിയാണി ഇട്ടു ഫ്രെയിം മുറുക്കുന്നു. ഈ മുറുക്കിയ ഫോറം ടിംപാനു(Tympan)മായി ബന്ധിക്കുകയും കടലാസ്സില്‍ ആവശ്യമില്ലാത്തയിടത്തു മഷി പുരളുന്നതു തടയുകയും ചെയ്യുന്നു. നന്നായി മഷി തേച്ചിട്ടുള്ള രണ്ടു കിഴികള്‍ കൊണ്ടാണ് അച്ചുകളില്‍ മഷി പുരട്ടുന്നത്. അതിനുശേഷം അതിന്റെ മുകളില്‍ കടലാസ് വയ്ക്കുന്നു. പൌരാണികകാലത്തു കൈകൊണ്ടു നടത്തിയിരുന്ന അച്ചടിയുടെ രീതി ഇതായിരുന്നു.

ഇന്ത്യയില്‍

16-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ പോര്‍ത്തുഗീസുകാരാണ് അച്ചടി ഇന്ത്യയില്‍ പ്രചരിപ്പിച്ചത്. മതപരിവര്‍ത്തനം ആയിരുന്നു അവരുടെ ലക്ഷ്യം. ഇന്ത്യയില്‍ ആദ്യമായി മുദ്രണം ചെയ്യപ്പെട്ടിട്ടുള്ളത് തമിഴ് ബൈബിളാണ് എന്നു ചില രേഖകളില്‍ കാണുന്നു. കൊച്ചിക്കടുത്ത് 'അമ്പഴക്കാട്' എന്ന സ്ഥലത്താണ് കേരളത്തില്‍ ആദ്യമായി ഒരു ഗ്രന്ഥം അച്ചടിച്ചത്. അതും തമിഴ് ബൈബിളായിരുന്നുവത്രേ. ജോണ്‍ ഗൊണ്‍സാള്‍വ്സ് എന്ന പാതിരിയാണ് അച്ചടിക്കാവശ്യമായ മരഅച്ചുകള്‍ നിര്‍മിച്ചത്. (നോ: അച്ചടി-മലയാളത്തില്‍) 1579-ല്‍ എച്ച്. ഹെന്റിക്ക് ഒരു പ്രാര്‍ഥനാപുസ്തകം പ്രസിദ്ധപ്പെടുത്തി.

ബംഗാളില്‍ ഒരു പ്രസ്സില്‍ 1778-ല്‍ ഒരു ബംഗാളിവ്യാകരണഗ്രന്ഥം അച്ചടിച്ചു. ഇതിനുവേണ്ട അച്ചുകളുണ്ടാക്കിയത് ചാള്‍സ് വില്‍ക്കിന്‍സ് ആണ്.

1811-ല്‍ ബോംബെ(മുംബൈ)യിലെ 'കൊറിയര്‍ പ്രസ്സി'ല്‍ സുവിശേഷങ്ങള്‍ മലയാളത്തില്‍ മുദ്രണം ചെയ്തിട്ടുണ്ട്. 1821-ല്‍ ബഞ്ചമിന്‍ ബെയ്ലി എന്ന പാതിരി കോട്ടയത്ത് ചര്‍ച്ച് മിഷന്‍ സൊസൈറ്റി പ്രസ് സ്ഥാപിച്ചു. കേരളത്തിലെ ആദ്യത്തെ മലയാളം അച്ചുകൂടം സി.എം.എസ്. പ്രസ്സാണ്. ബെയ്ലി ചതുരവടിവായിരുന്ന അക്ഷരങ്ങളെ ഉരുണ്ട വടിവുള്ളവയാക്കിത്തീര്‍ത്തു. ഈ പുതിയ അച്ചുപയോഗിച്ചാണ് ബെയ്ലി 1829-ല്‍ 'പുതിയ നിയമം' അച്ചടിച്ചത്. 1842-ല്‍ ബൈബിള്‍ പൂര്‍ണമായി മുദ്രണം ചെയ്യപ്പെട്ടു. 1846-ല്‍ ഉത്കൃഷ്ടവും പ്രാദേശികവുമായ പദങ്ങളുടെ ഒരു മലയാളം ഇംഗ്ളീഷ് നിഘണ്ടുവും (A Dictionary of High and Colloquial Malayalam and English), 1848-ല്‍ ഇംഗ്ളീഷ് മലയാളം ക്രോഡീകൃതനിഘണ്ടുവും (A Concise Dictionary of English and Malayalam) ഇദ്ദേഹം തയ്യാറാക്കി മുദ്രണം ചെയ്തു പ്രകാശിപ്പിച്ചു. നോ: അച്ചടി-മലയാളത്തില്‍

ആധുനികപുരോഗതി

1772-ല്‍ ബേസിലില്‍ (സ്വിറ്റ്സര്‍ലണ്ട്) വില്യം ഹാസ് അച്ചടിയന്ത്രത്തിലെ മരംകൊണ്ടുള്ള ഭാഗം മുഴുവന്‍ ഇരുമ്പുകൊണ്ടു നിര്‍മിച്ചു. 1814-ല്‍ ഫ്രീഡ്റിഷ് ക്യോനിഗ് എന്ന ജര്‍മന്‍കാരന്‍ അച്ചുവയ്ക്കുന്ന പരന്ന പ്രതലമുള്ള പ്രസ്സില്‍നിന്ന് 'ടൈംസ്' പത്രം പുറത്തിറക്കി. 'മുദ്രണകലയുടെ കണ്ടുപിടിത്തത്തിനുശേഷമുള്ള ഏറ്റവും വലിയ പുരോഗമനം' എന്ന് അച്ചടിച്ചുകൊണ്ടാണ് 1814 ന. 29-ലെ 'ടൈംസ്' പത്രം പുറത്തിറങ്ങിയത്. മണിക്കൂറില്‍ 1,100 പ്രതികളാണ് അന്ന് അച്ചടിച്ചിരുന്നത്. ആവികൊണ്ടാണ് ഈ യന്ത്രം പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഈ കണ്ടുപിടിത്തം മുദ്രണകലയില്‍ പരിവര്‍ത്തനത്തിന്റെ തുടക്കം കുറിച്ചു. ഇതിനിടയില്‍ 1796-ല്‍ മ്യൂണിക്കിലെ അലോയ്സ് സെനിഫെല്‍ഡര്‍ ലിത്തോഗ്രാഫി (lithography) രീതിയിലുള്ള മുദ്രണം കണ്ടുപിടിച്ചു. ഈ രീതിയില്‍ അച്ചടിച്ചാല്‍ സാധാരണഗതിയില്‍ അച്ച് അമരുന്ന പാട് കടലാസ്സില്‍ കാണുകയില്ല. ഇരുണ്ട ചുണ്ണാമ്പുകല്ലില്‍ അച്ചടിച്ചുകിട്ടേണ്ടത് ക്രയോണ്‍ (crayon) കൊണ്ടുവരയ്ക്കും. ചുണ്ണാമ്പുകല്ല് റോളര്‍ വെള്ളത്തില്‍ മുങ്ങിത്തിരിയുമ്പോള്‍ ക്രയോണ്‍കൊണ്ടു വരച്ചിട്ടുള്ള ഭാഗത്തു വെള്ളം പിടിക്കാതിരിക്കുകയും, മഷിറോളറുമായി ഈ ഭാഗം മുട്ടുമ്പോള്‍ ഇവിടെമാത്രം മഷി പുരളുകയും ചെയ്യുന്നു; വെള്ളം പരന്നിട്ടുള്ള മറ്റു ഭാഗങ്ങളില്‍ സ്വാഭാവികമായും മഷി പതിയുകയില്ല. ഇത്തരത്തില്‍ അച്ചടിച്ചുകിട്ടുന്നതു വളരെ ഭംഗിയുള്ളതായിരിക്കും. തന്റെ കണ്ടുപിടിത്തത്തെ കൂടുതല്‍ ഫലവത്താക്കിത്തീര്‍ക്കുന്നതിന് ക്യോനിഗ് ഒരു ഫ്ളാറ്റ്ബെഡ് ലിവര്‍ പ്രസ് (Flat Bed Lever Press) കണ്ടുപിടിച്ചു. ഇതോടെ അച്ചടിവ്യവസായ വികസനത്തില്‍ മറ്റൊരു നാഴികക്കല്ലുകൂടി സ്ഥാപിക്കപ്പെട്ടു.

വര്‍ത്തമാനപത്രങ്ങള്‍ അച്ചടിക്കുന്നതിന്റെ വേഗത്തിനും ഉത്പാദനക്ഷമതയ്ക്കുമായി റോട്ടറിരീതിയിലുള്ള അച്ചടി സമ്പ്രദായം ഏറ്റവും ആവശ്യമായിവന്നു. 1866-ല്‍ ലണ്ടനിലെ 'ടൈംസ്' പത്രം റോട്ടറിയുടെ പ്രാഗ് രൂപമായ 'വാള്‍ട്ടര്‍ പ്രസ്' എന്ന അച്ചടിയന്ത്രം കണ്ടുപിടിച്ചതോടെ ആധുനികരീതിയിലുള്ള അച്ചടിസമ്പ്രദായം നിലവില്‍വന്നു. വര്‍ത്തുളാകൃതിയില്‍ വാര്‍ത്തുവച്ചിരിക്കുന്ന അച്ചുകളുടെ ഫലകത്തില്‍നിന്നു ചുരുളുകളായി വച്ചിട്ടുള്ള കടലാസില്‍ അനുസ്യൂതമായി അച്ചടിക്കുന്നതായിരുന്നു ഈ രീതി. മണിക്കൂറില്‍ 25,000 പ്രതികള്‍ അച്ചടിക്കാന്‍ ഈ പ്രസ്സിനു കഴിയുമായിരുന്നു. ന്യൂയോര്‍ക്കിലെ റിച്ചാര്‍ഡ്ഹോ (1812-1886) വര്‍ത്തമാനപത്രത്തിനുവേണ്ടി റോട്ടറിപ്രസ് നിര്‍മിച്ചതോടെ അച്ചടിയില്‍ കൂടുതല്‍ പരിവര്‍ത്തനങ്ങളുണ്ടായി (1846). പത്രങ്ങള്‍ അച്ചടിക്കുന്നതു കൂടാതെ എണ്ണുന്നതിനും മടക്കുന്നതിനും മറ്റുമുള്ള സജ്ജീകരണങ്ങള്‍കൂടി ഈ യന്ത്രത്തില്‍ സംഘടിപ്പിച്ചിരുന്നതിനാല്‍ വളരെ ലാഭം ഉണ്ടായി. വര്‍ത്തമാനപത്രത്തിന്റെ അച്ചടിയിലുണ്ടായ ഈ പുരോഗതി മുദ്രണവ്യവസായരംഗത്ത് ഒരു പരിവര്‍ത്തനം ഉണ്ടാക്കി.

ചെറിയ തോതിലുള്ള അച്ചടിവേലകള്‍ക്കായി ലറ്റര്‍പ്രസ് വിഭാഗത്തിലെ അച്ചടിയും ഇതോടെ വളര്‍ച്ച പ്രാപിച്ചു. 1777-ല്‍ ജാക്സണിലെ ജരായില്‍ ജനിച്ച യോഹാന്‍ ഗോട്ട്ഫൈഡ് ഫ്രെയ്റ്റാഗ് ഒരു പ്രത്യേകതരത്തിലുള്ള ട്രെഡില്‍ പ്രസ് നിര്‍മിച്ചു. ബോസ്റ്റണ്‍കാരനായ സ്റ്റീഫന്‍ പി. റിഗേല്‍സ് ഈ ട്രെഡില്‍ പ്രസ്സിനു ചില പരിഷ്കാരങ്ങള്‍ വരുത്തി. മഷിപുരട്ടുന്ന റോളറുകളുള്ള ഈ പ്രസ്സിന്റെ പ്രവര്‍ത്തനം റോളറുകള്‍ കീഴോട്ടും മേലോട്ടും (vertical motion) ചലിപ്പിച്ചുകൊണ്ടായിരുന്നു. മറ്റു പ്രവര്‍ത്തനങ്ങള്‍ ട്രെഡിലിന്റേതു തന്നെ ആയിരുന്നു. അമേരിക്കയിലെ ജോര്‍ജ് ഫെനിസ് ഗോര്‍ഡന്‍ ഈ പ്രസ്സിനു ചില ഭേദഗതികള്‍ വരുത്തി; പുതിയ രീതിയില്‍ മഷി പുരട്ടാനുള്ള പദ്ധതിയായിരുന്നു അത്. 1863-ല്‍ മെറിറ്റ് ഗാലി സമാന്തരമായി അച്ചു പതിയത്തക്കരീതിയിലുള്ള വലിയതരം അച്ചടി യന്ത്രം കണ്ടുപിടിച്ചു. ഇവയെല്ലാം തന്നെ കാലുകള്‍കൊണ്ടു ചവിട്ടി പ്രവര്‍ത്തിപ്പിക്കുകയും, കൈകൊണ്ട് കടലാസ് എടുത്തുവച്ച് അച്ചടിക്കുകയും ചെയ്യുന്ന തരത്തിലുള്ളതായിരുന്നു.

1885-ല്‍ ടോല്‍ബര്‍ട് ലാന്റ്സ്റ്റണ്‍ മോണോടൈപ്പ് (Monotype) അച്ചുനിരത്തല്‍ രീതിയും, ഫ്രെഡറിക് ഐവ്സ് ഫോട്ടോബ്ളോക്കുകള്‍ എടുക്കുന്നതിനുള്ള ലൈന്‍ സ്ക്രീനും കണ്ടുപിടിച്ചു. 1890-ല്‍ ഈ രീതിയെ മാക്സ് ലീവി സമ്പൂര്‍ണമാക്കി. ഇതെല്ലാം ഒരു നൂറു കൊല്ലക്കാലത്തെ പുരോഗതിയായിരുന്നു. മോണോടൈപ്പും ലൈനോടൈപ്പും കണ്ടുപിടിക്കുന്നതിനുമുമ്പ് കൈകൊണ്ട് അച്ചു നിരത്തുകയായിരുന്നു പതിവ്. ഇതിനു വേഗം കുറവും പ്രയാസം കൂടുതലും ആയിരുന്നു. ഈ കണ്ടുപിടിത്തത്തിനുശേഷം അച്ചുകളുടെ കാര്യത്തില്‍ വൈവിധ്യവും ആധുനികത്വവും ഉണ്ടാകുകയും അത് അച്ചടിയെ വികസിപ്പിക്കുകയും ചെയ്തു. 19-ാം ശ.-ത്തിന്റെ അവസാനത്തോടെ രൂപപ്രതിഫലന (image carrier) സമ്പ്രദായ മുദ്രണത്തില്‍ ഒരു വലിയ വ്യതിയാനം ഉണ്ടായി. ഉരുക്കിയ ലോഹംവഴിയുള്ള അച്ചുനിരത്തലും അച്ചടിയുടെ പുരോഗതിയെ സഹായിച്ചു. ഫോട്ടോ എന്‍ഗ്രേവിങ്ങിന്റെ ആവിര്‍ഭാവം ചിത്രങ്ങളുടെ അച്ചടിയെ ത്വരിതപ്പെടുത്തി. 1884-ല്‍ ഓട്ട്മാര്‍ മെര്‍ഗെന്താലര്‍ ലൈനോടൈപ്പ് കമ്പോസിങ് കണ്ടുപിടിച്ചു.


20-ാം ശ.-ത്തിന്റെ മധ്യത്തോടെ എല്ലാ മുദ്രണയന്ത്രങ്ങളും സ്വയംപ്രവര്‍ത്തകങ്ങള്‍ ആയിത്തീര്‍ന്നു. തന്‍മൂലം ഏറ്റവും വേഗത്തില്‍ അച്ചടി നടത്തുവാന്‍ കഴിയുന്നു. അതായത്, അടുക്കിവയ്ക്കുന്ന കടലാസ് സ്വയം എടുത്ത് അച്ചടിച്ചു മറുവശത്ത് അടുക്കിവയ്ക്കുന്നതടക്കമുള്ള എല്ലാ പ്രവര്‍ത്തനവും യന്ത്രം ചെയ്യുന്നു. ഈ ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍തന്നെ അച്ചടിവ്യവസായത്തില്‍ പ്രയോഗക്ഷമത പ്രകടമായി. ഗുണം, വേഗം, ശാസ്ത്രീയ സമീപനം എന്നിവയായിരുന്നു ഈ കാലഘട്ടത്തിന്റെ ഉന്നം. ഫോട്ടോഗ്രാഫിയില്‍ ശാസ്ത്രത്തിന്റെ പ്രയോഗം അച്ചടിയിലെ സാങ്കേതികഘടകങ്ങള്‍ക്ക് നവചൈതന്യം നല്കുകയും അച്ചടിവ്യവസായത്തില്‍ സമൂലപരിവര്‍ത്തനം ഉളവാകുകയും ചെയ്തു. ലിത്തോഗ്രാഫിയും, ഗ്രേവ്യൂര്‍ (Gravure) പ്രിന്റിങ്ങും ചിത്രങ്ങള്‍ അച്ചടിക്കുന്ന കാര്യത്തില്‍ ഏറ്റവും ഫലപ്രദമായിത്തീര്‍ന്നു. ഇപ്പോള്‍ ഒന്‍പതു നിറങ്ങള്‍ ഒരേ സമയത്ത് അച്ചടിച്ചെടുക്കാവുന്ന വര്‍ണമുദ്രണയന്ത്രങ്ങളുണ്ട്. 'കടലാസില്‍ മഷിയിടുന്ന എല്ലാവരും അച്ചടിവ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു' എന്ന നൂതനാശയത്തെ ലക്ഷ്യമാക്കി 1945-ല്‍ അമേരിക്കന്‍ അച്ചടിവ്യവസായസംഘടന രൂപവത്കൃതമായി.

അച്ചുനിരത്തല്‍

അച്ചടിയിലെ ഒരു പ്രധാന വിഭാഗമാണ് അച്ചുനിരത്തല്‍ (composing). അച്ചുനിരത്തല്‍ ജോലി കൈകൊണ്ടും യന്ത്രസഹായത്താലും നടത്തുന്നു. അച്ചുകള്‍ ഉണ്ടാക്കുവാന്‍ തടി, വിവിധ ലോഹസങ്കരങ്ങള്‍, പ്ളാസ്റ്റിക് എന്നിവ ഉപയോഗിക്കുന്നു. വലിയ പോസ്റ്ററുകള്‍ മുദ്രണം ചെയ്യാന്‍ എപ്പോഴും മര-അച്ചുകളാണുപയോഗിക്കുക. ഏറ്റവും പുതിയ ഏര്‍പ്പാടാണ് പ്ളാസ്റ്റിക് അച്ചുകള്‍.

അച്ചുനിരത്തല്‍ -കൈകൊണ്ട്

(Hand composing)

ഒരച്ചിന്റെ ഉയരം 0.918 ഇഞ്ച് ആണ്. ഈ അളവിന് ടൈപ്പ് ഹൈ (type high) എന്നാണ് പറയുന്നത്. വാക്കുകള്‍ തിരിക്കുന്നതിനു വാക്കുകള്‍ക്കിടയ്ക്ക് ഈയക്കഷണങ്ങള്‍ (spaces) ഇടുന്നു.ഈ ഈയക്കഷണങ്ങള്‍ അച്ചിനെക്കാള്‍ ഉയരം കുറഞ്ഞതായിരിക്കും.

കന്പോസിങ് സ്റ്റിക്കില്‍ ടൈപ്പു നിരത്തുന്നു
കൈകൊണ്ട് അച്ചു നിരത്തുന്നയാളിനെ 'കമ്പോസിറ്റര്‍' എന്നു പറയും; അച്ചുകള്‍ നിരത്തുന്ന ജോലിക്ക് 'കമ്പോസിങ്' എന്നും. 'അച്ചുകള്‍ നിരത്തുന്ന' ഈ ജോലിക്കു പ്രത്യേകപരിശീലനം ആവശ്യമാണ്. അനവധി ചെറിയ അറകളുള്ള പെട്ടികളിലാണ് അച്ചുകള്‍ സൂക്ഷിക്കുന്നത്. ഒരേ പോയിന്റിലുള്ള അച്ചുകള്‍ ഒരു പെട്ടിയിലാണ് ഇടുന്നത്. ലോഹം കൊണ്ടും മരം കൊണ്ടും നിര്‍മിച്ചിട്ടുള്ള പെട്ടികളാണ് ടൈപ്പ്കേസ്സുകളായി ഉപയോഗിക്കുക. ഈ കേസ്സുകളില്‍ അച്ചുകള്‍ നിരത്തിയിരിക്കുന്നത് അകാരാദിക്രമത്തിലല്ല. കൂടുതല്‍ ആവശ്യം വരുന്ന അക്ഷരങ്ങളുടെ അച്ചുകള്‍ വേഗത്തില്‍ എടുക്കാവുന്ന സ്ഥാനത്ത് ഇട്ടിരിക്കും. ഉദാ. അ, ആ, ക, ട. ഇംഗ്ളീഷ് അക്ഷരങ്ങള്‍ രണ്ടു കേസുകളിലാണ് അടുക്കിയിരിക്കുന്നത്;
കന്പോസിങ് സ്റ്റിക്

മുകളിലുള്ള കേസ്സില്‍ വലിയ അക്ഷരങ്ങളും (capitals) താഴത്തെ കേസ്സില്‍ ചെറിയ അക്ഷരങ്ങളും. ഇത്തരം സംവിധാനത്തിന്റെ തുടര്‍ച്ചയായ ഉപയോഗത്തെത്തുടര്‍ന്ന് ഇംഗ്ളീഷ് വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും യഥാക്രമം അപ്പര്‍കേസ് ലറ്റേഴ്സ് (upper case letters) എന്നും ലോവര്‍കേസ് ലറ്റേഴ്സ് (lower case letters) എന്നും അറിയപ്പെടുന്നു. ഒരു കൈയെഴുത്തുപ്രതി അച്ചടിക്കുന്നതിന് ആദ്യമായി കമ്പോസിറ്റര്‍ അച്ചുകള്‍ അതാത് അറകളില്‍നിന്നും എടുത്തു കമ്പോസിങ് സ്റ്റിക്കില്‍ (composing stick) വയ്ക്കുന്നു. 2 വീതിയും 6 മുതല്‍ 12 വരെ നീളവുമുള്ള സ്റ്റിക്കിന്റെ ഇടതുവശവും മുകള്‍വശവും ഉയര്‍ന്നു നില്ക്കുന്നു. ആവശ്യമായ വരികളുടെ നീളം കണക്കാക്കി ഇതിന്റെ വലതു വശം ശരിയാക്കുന്ന രീതിയിലാണ് സ്റ്റിക്കിന്റെ നിര്‍മാണം. അച്ചിന്റെ 'നിക്ക്' മുന്‍ഭാഗത്തു വരത്തക്കവിധം അച്ചുകള്‍ സ്റ്റിക്കില്‍ നിരത്തുന്നു; വേണ്ട നീളത്തില്‍ സ്റ്റിക്ക് ക്രമപ്പെടുത്തി വേണം അച്ചുകള്‍ നിരത്തുക. വാക്കുകള്‍ക്കിടയില്‍ സ്പെയിസുകള്‍ വച്ചും വരികള്‍ തിരിച്ചും അച്ചുകള്‍ നിരത്തി, സ്റ്റിക്ക് നിറയുമ്പോള്‍ അതില്‍ നിരത്തിയ അച്ചുകള്‍ തെറ്റാതെ ഒരു 'ട്രേ'യിലേക്കു മാറ്റുന്നു. മൂന്നുവശവും പൊങ്ങിയിരിക്കുന്ന ഒരു വലിയ തട്ടമാണ് ഇത്. ലോഹം കൊണ്ടോ മരം കൊണ്ടോ നിര്‍മിച്ച ഈ ട്രേയ്ക്ക് 'ഗാലി' (galley) എന്നുപറയുന്നു. ഇങ്ങനെ ഗാലി നിറയുമ്പോള്‍ അച്ചുകള്‍ ചേര്‍ത്തുകെട്ടി അച്ചിന്റെ മുകളില്‍ മഷി പുരട്ടി അതിന്റെ പുറത്തു കടലാസ് വച്ച് അച്ചുകളുടെ രൂപം കടലാസ്സില്‍ പകര്‍ത്തുന്നു. ഈ പകര്‍പ്പിന് 'പ്രൂഫ്' (proof) എന്നാണ് പറയുന്നത്. വാക്കുകള്‍ക്കിടയിലും വരികള്‍ക്കിടയിലും ആവശ്യമായ വിടവുകള്‍ സൃഷ്ടിക്കുന്നതിനു സ്പേസ് (space), ലെഡ് (lead), ക്വാഡ് (quad), കൊട്ടേഷന്‍ (quotation), ഫര്‍ണിച്ചര്‍ (furniture) എന്നിവ ഉപയോഗിക്കുന്നു.

അച്ചുകള്‍

അച്ചടിക്കാവശ്യമായ അച്ചുകളെ മൂന്നു വിഭാഗത്തില്‍പ്പെടുത്താം. ഫൌണ്ട്രി (Foundry) ടൈപ്പ്, യന്ത്രനിര്‍മിത ടൈപ്പ്, ഫോട്ടോകമ്പോസ്ഡ് ടൈപ്പ്. ആദ്യത്തെ രണ്ടിലും അക്ഷരത്തിന്റെ വടിവ് ലോഹത്തിന്റെ ഒരു വശത്തായിരിക്കും. മഷി പുരട്ടുമ്പോള്‍ ഈ വടിവുകളുടെ പുറത്ത് മഷി പതിഞ്ഞാണ് പതിപ്പുകള്‍ ഉണ്ടാകുക. ഫോട്ടോ കോമ്പസിഷനില്‍ ഫോട്ടോഗ്രാഫി സമ്പ്രദായത്തിലാണ് അച്ചുകള്‍ പകര്‍ത്തിക്കിട്ടുന്നത്. നോ: അച്ചുനിര്‍മാണശാല

1440-ല്‍ ഗുട്ടന്‍ബര്‍ഗ് സംവിധാനം ചെയ്ത രീതിയില്‍ തന്നെയാണ് ഇപ്പോഴും ഫൌണ്ട്രി ടൈപ്പ് വാര്‍ക്കുന്നത്. ഗുട്ടന്‍ബര്‍ഗിന്റെ കാലത്തിനുശേഷം 30,000-ത്തോളം അച്ചുമാതൃകകള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ 3,000-ത്തോളം ഇന്നും ഉപയോഗത്തിലിരിക്കുന്നു. അക്ഷരങ്ങളുടെ വടിവ് അടിസ്ഥാനമാക്കി അച്ചുകള്‍ തരംതിരിച്ചിട്ടുണ്ട്. ഇങ്ങനെ തരംതിരിച്ചിരിക്കുന്ന രീതിയെ 'സെരിഫ്' എവലൂഷന്‍ സിസ്റ്റം (serif-evolution system) എന്നു പറയുന്നു. ഈ സമ്പ്രദായം അനുസരിച്ച് അച്ചുകളെ (ഇംഗ്ളീഷ്) എട്ട് തരങ്ങളുള്ളതായി കാണിച്ചിട്ടുണ്ട്. വെനീഷ്യന്‍ (Venetian), ഓള്‍ഡ് സ്റ്റൈല്‍ (Old style Dutch,English and French) ട്രാന്‍സിഷനല്‍ (Transitional), മോഡേണ്‍ (Modern), കണ്ടംപററി (Contemporary), ബ്ളാക്ക് ലറ്റര്‍ (Black letter) സ്ക്രിപ്റ്റ്സ് (Scripts), ഡെക്കറേറ്റീവ് ലെറ്റേഴ്സ് (Decorative letters) എന്നിവയാണവ.

അച്ച്-അളവുകള്‍

അച്ചുകള്‍ വലുപ്പമനുസരിച്ച് തരംതിരിക്കപ്പെടുന്നു. 4 പോയിന്റ് മുതല്‍ 144 പോയിന്റ് വരെയുള്ള അച്ചുകളുണ്ട്. സാധാരണ ഉപയോഗിക്കുന്ന അച്ചുകളുടെ അളവ് 6, 7, 8, 9, 10, 11, 12, 14, 18, 24, 30, 36, 42, 48, 60, 72 പോയിന്റുകളാണ്. അച്ചുടലിന്റെ മുന്‍പിന്‍ ഭാഗങ്ങള്‍ തമ്മിലുള്ള അകലമാണ് പോയിന്റ് നിര്‍ണയിക്കുന്നതിനുള്ള അടിസ്ഥാനം. ഒരു പോയിന്റ് 0.01384 ഇഞ്ചാണ് (1/72). മുമ്പ് ഇത്തരം അളവ് ഉണ്ടായിരുന്നില്ല. ഓരോ അളവിലുള്ള അച്ചിനും പേരുകളുണ്ടായിരുന്നു. പേള്‍ (pearl), അഗേറ്റ് (Agate), നോണ്‍ പരൈല്‍ (Non Pareil), ബ്രെവിയര്‍ (Bravrevier), ലോങ് പ്രൈമര്‍ (Long primer), പൈക്കാ (Pica) എന്നിവയാണ് പേരുകള്‍. ഇതില്‍ ചില പേരുകള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഇപ്പോഴും ഉപയോഗിച്ചുവരുന്നുണ്ട്. അഗേറ്റ് എന്നു പറയുന്നത് 5 1/2പോയിന്റിനു സമമാണ്. പരസ്യങ്ങള്‍ക്കു വേണ്ട സ്ഥലം നിശ്ചയിക്കുന്നതിന് അഗേറ്റ് ഒരളവായി ഉപയോഗിക്കുന്നു. വരികളുടെ നീളം, പേജിന്റെ വീതി എന്നിവ കണക്കുകൂട്ടുന്നതിന് 'പൈക്കാ' ഇന്നും ഉപയോഗിച്ചുവരുന്നു. ഇതിനു സമാന്തരമായി, വെണ്ടയ്ക്കാ (24), വഴുതനങ്ങ (36), മത്തങ്ങ (48) എന്നെല്ലാം പേരുകള്‍ മലയാളത്തിലും പ്രചാരത്തില്‍ ഉണ്ടായിരുന്നു. 72, 144 എന്നീ പോയിന്റുകള്‍ ഉള്ള അച്ചുകള്‍ തടിയിലാണ് നിര്‍മിക്കുന്നത്.

ടൈപ്പ് ഫോണ്ട്'

(Type Font)

ഒരേ പോയിന്റിലും മാതൃകയിലും ഉള്ള അക്ഷരങ്ങള്‍, ആ പോയിന്റിലെ അക്ഷരങ്ങള്‍ക്കു സമാനമായ അക്കങ്ങള്‍, റഫറന്‍സ് അടയാളങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ ഒന്നിച്ചുള്ള ഒരു കൂട്ടത്തിനു ടൈപ്പ് ഫോണ്ട് എന്നു പറയുന്നു. മിക്ക ഇംഗ്ളീഷ് ടൈപ്പ് ഫോണ്ടുകളിലും &,$ എന്നിവയും ff,f1,ff1,fl,ffl എന്നീ അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള 5 അച്ചുകളും ഉണ്ടായിരിക്കും. ഒരു മാറ്റര്‍ അച്ചടിക്കുന്നതിന് ഒരേ ടൈപ്പ് ഫോണ്ടിലുള്ള അക്ഷരങ്ങളാണുപയോഗിക്കുക. വേറെ ടൈപ്പ് ഫോണ്ടിലുള്ള അക്ഷരം തെറ്റായി ചേര്‍ത്താല്‍ അതിന് റോങ് ഫോണ്ട് (wrong font) എന്നു പറയും.

ഒരേ പോയിന്റില്‍തന്നെ ലൈറ്റ് (light), മീഡിയം (medium), ബോള്‍ഡ് (bold), എക്സ്ട്രാ ബോള്‍ഡ് (extra bold), കണ്ടന്‍സ്ഡ് (condensed), ഷാഡോഡ് (shadowed) എന്നീ വക അച്ചുകളുണ്ട്. ഗണിതശാസ്ത്രം, രസതന്ത്രം, ജ്യോതിഃശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയ്ക്കു വേണ്ടിവരുന്ന ചിഹ്നങ്ങള്‍, മുദ്രകള്‍, വാക്കുകള്‍, വരികള്‍ എന്നിവ യോജിപ്പിക്കാനുള്ള അടയാളങ്ങള്‍ - ( } ], ജ്യോതിശ്ചക്ര ചിഹ്നങ്ങള്‍ ഇവയൊക്കെ അച്ച് - കുടുംബത്തില്‍പെട്ടതാണ്.

ഇറ്റലിയിലെ നവോത്ഥാനത്തിനുശേഷം (14-ാം ശ.) ഓരോ കാലങ്ങളിലായി അച്ചുശില്പികള്‍ പുതിയ പുതിയ അച്ചുമാതൃകകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. നിക്കോളാസ് ജെന്‍സണ്‍, ആല്‍ഡസ് മനുഷ്യസ്, ക്ളാഡ് ഗാരമോണ്ട്, വില്യം കാസ്ലണ്‍, ജോണ്‍ ബാസ്കര്‍വില്‍, ഗിയാം ബാത്തിസ്താ ബൊഡോനി, ഫ്രെഡറിക് ഡബ്ള്യു ഗൂഡി, ഡബ്ള്യു എ. സ്വിഗ്ഗിന്സ്, റൂഡോള്‍ഫ് കോഹ്, പാള്‍ റെന്നെര്‍, യാന്‍ ഫാന്‍ ക്രിംപെന്‍, സ്റ്റാന്‍ലി മോറിസണ്‍, ബ്രൂസ് റോജേഴ്സ്, ഹെര്‍മന്‍ സാപ്ഫ് എന്നിവര്‍ അച്ചു സംവിധാനത്തില്‍ പ്രശസ്തി നേടിയവരാണ്. ചില ടൈപ്പുകള്‍ അവ സംവിധാനം ചെയ്തവരുടെ പേരിലാണ് അറിയപ്പെടുന്നത്.

അച്ചുനിരത്തല്‍ -യന്ത്രങ്ങള്‍മൂലം

കൈകൊണ്ട് അച്ചു നിരത്തുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും, സമയം ലാഭിക്കാനും, അക്ഷരങ്ങളുടെ വടിവ് നിലനിര്‍ത്താനും ഉപകരിക്കുംവിധം പരിഷ്ക്കാരങ്ങള്‍ ആവശ്യമായി വന്നു. ലൈനോടൈപ്പ്, മോണോടൈപ്പ് എന്നിവയാണ് പുതിയ യന്ത്രവത്കൃത-അച്ചുനിരത്തല്‍ സമ്പ്രദായങ്ങള്‍. ടൈപ്പ്റൈറ്ററിലെപോലെ ഓരോ അക്ഷരത്തിന്റെയും ആണി (Key) അമര്‍ത്തി അതിന്റെ മൂശ പ്രവര്‍ത്തിപ്പിച്ച് ക്രമത്തില്‍ അതിന്റെ അച്ച് വാര്‍ത്തെടുക്കുന്ന ഏര്‍പ്പാടാണ് അത്.

ലൈനോടൈപ്പ്

(Linotype).

1878-ല്‍ ഓട്ട്മാര്‍ മെര്‍ഗെന്താലര്‍ ആണ് ലൈനോടൈപ്പ്് വികസിപ്പിച്ചെടുത്തത്. പക്ഷേ ഇതിനു പത്തുവര്‍ഷത്തോളം വേണ്ടത്ര പ്രചാരം ലഭിച്ചില്ല. 1886 ജൂല. 3-ന് 'ന്യൂയോര്‍ക്ക് ട്രൈബൂണ്‍' എന്ന പത്രത്തില്‍ ലൈനോടൈപ്പ് അച്ചുകള്‍ ഉപയോഗിച്ചതോടെയാണ് ഈ സമ്പ്രദായം പ്രചരിച്ചത്. ഏതക്ഷരമാണ് വേണ്ടതെന്നു നോക്കി ആ അക്ഷരത്തിന്റെ കീ അമര്‍ത്തുമ്പോള്‍ അതിന്റെ മാട്രിക്സ് (matrix) താഴെയുള്ള ഒരു നാടയിലേക്കു പതിക്കുന്നു. ഓരോ വാക്കും കഴിയുമ്പോള്‍ സ്പെയിസും നാടയിലേക്കു വീഴ്ത്തും. വരികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്പെയിസ് ഉയര്‍ത്തി വരി തനിയെ മുറുക്കുന്നു. ഈ വരി വാര്‍ക്കുന്ന പാത്രത്തോടു ബന്ധിപ്പിക്കുന്നതോടെ ഉരുകിയ ലോഹം അച്ചുകളിലേക്ക് തള്ളി, വരി വാര്‍ത്തുകിട്ടുന്നു. തുടര്‍ന്ന്, വാര്‍ത്ത വരികള്‍ ഘനീഭവിപ്പിക്കുന്നു. ഈ വരികള്‍ ഗാലിയില്‍ നിറയുന്നു.

1912-ല്‍ ലൈനോടൈപ്പിനു സദൃശമായ ഇന്റര്‍ടൈപ് (Inter type) യന്ത്രം കണ്ടുപിടിക്കപ്പെട്ടു. ഇതിന്റെ പ്രവര്‍ത്തനതത്ത്വം ഏതാണ്ട് ലൈനോടൈപ്പിലേതുപോലെതന്നെയാണ്. ഈ യന്ത്രങ്ങള്‍ ഉപയോഗിച്ചു വര്‍ത്തമാനപത്രത്തിലെ ഒരു കോളത്തിലെ 7-8 വരികള്‍ ഒരു മിനിറ്റില്‍ വാര്‍ക്കാം. പിന്നീടു നടത്തിയ ഗവേഷണങ്ങളുടെ ഫലമായി ഇതിന്റെ വേഗം 12-15 വരികളായി വര്‍ധിച്ചു. ഇപ്പോള്‍ ഓപ്പറേറ്ററുടെ സഹായം കൂടാതെതന്നെ കീബോര്‍ഡ് പ്രവര്‍ത്തിപ്പിക്കാം. 'ഫെയര്‍ചൈല്‍ഡ് ടെലിടൈപ്പ്സെറ്റര്‍' (Fair child Tele type setter) ഇതില്‍ ഏറ്റവും പുതിയതാണ്.

യന്ത്രവത്കൃത-അച്ചുനിരത്തലിന്റെ മറ്റൊരു രീതിയാണ് 'ലഡ്ലോ ടൈപ്പോഗ്രാഫ്' (Ludlow typograph). പരസ്യങ്ങള്‍ക്കും മറ്റും വേണ്ട വലിയ അച്ചുകള്‍ വാര്‍ക്കാന്‍ 'ലഡ്ലോ' സമ്പ്രദായമാണ് ഉപയോഗിക്കുന്നത്. 'ലഡ്ലോ'വിനു സമാനമായ മറ്റൊന്നാണ് 'എല്‍റോഡ്' (Elrod). 1 മുതല്‍ 18 വരെ പോയിന്റ് ഘനമുളള ലെഡ്, ബോര്‍ഡര്‍, സ്പേസ് എന്നീ സാധനങ്ങള്‍ ഇതില്‍ വാര്‍ക്കുന്നു. യു.എസ്സില്‍ ലൈനോടൈപ്പ് സമ്പ്രദായം ഇല്ലാത്ത ഒരച്ചടിശാലയോ വര്‍ത്തമാനപത്രമോ ഇല്ലെന്നുതന്നെ പറയാം.

മോണോടൈപ്പ്

(Monotype)

ഈ യന്ത്രത്തിന്റെ കീബോര്‍ഡും വാര്‍പ്പുയന്ത്രവും വേറെവേറെയാണ്. കീബോര്‍ഡ് പ്രവര്‍ത്തിക്കുമ്പോള്‍ വീതി കുറഞ്ഞ ഒരു കടലാസുചുരുളില്‍ പലവിധ ദ്വാരങ്ങളുണ്ടാകുന്നു. 'റിബണ്‍' എന്നുപേരുള്ള ഈ കടലാസുചുരുള്‍ വാര്‍പ്പുയന്ത്രവുമായി ബന്ധിപ്പിക്കുന്നു. ദ്വാരങ്ങളിലൂടെ വായു ശക്തിയായി പ്രവേശിപ്പിച്ച് ഒരു മൂശയുമായി ബന്ധിപ്പിക്കുന്നു. ഇങ്ങനെ ഓരോ അക്ഷരവും വാര്‍ത്തെടുത്ത് വരിയാകുമ്പോള്‍ സ്വയം ഗാലിയിലേക്കു മാറും. 4 മുതല്‍ 18 വരെ പോയിന്റുള്ള 160-200 അച്ചുകള്‍ ഒരു മിനിറ്റില്‍ തയ്യാറാകും.

ഫോട്ടോ ടൈപ്പ്സെറ്റിങ്

(Phototype setting)

1949-ലാണ് ഇന്റര്‍ടൈപ്പ് കമ്പനി ആദ്യത്തെ ഫോട്ടോ ടൈപ്പ്സെറ്റിങ് യന്ത്രം പുറത്തിറക്കിയത്. ഇതിന്റെ മാട്രിക്സില്‍ ഫോട്ടോ പ്രതിബിംബങ്ങള്‍ (Photographic images) ആണുള്ളത്. ഈ പ്രതിബിംബങ്ങളെ ടററ്റ് (turret) മാതൃകയിലുള്ള ക്യാമറയിലൂടെ കടത്തുന്നു. നെഗറ്റീവ് ഫിലിമിലോ പോസിറ്റീവ് ഫിലിമിലോ പൂര്‍ത്തിയായ വരി പ്രത്യക്ഷപ്പെടും. ഫോട്ടോസെറ്റര്‍ (photosetter) {ഫോട്ടോമാറ്റിക് - photomatic }യന്ത്രത്തില്‍ ഫിലിമിലോ ഫോട്ടോഗ്രാഫിക് പേപ്പറിലോ ഗാലിയിലുള്ള രൂപത്തില്‍ സ്പേസ് ഇട്ട് അകറ്റിയ വരികള്‍ ലഭ്യമാകുന്നു. 4 മുതല്‍ 36 വരെ പോയിന്റുകളില്‍ 42 പൈക്കാ നീളത്തിലുള്ള വരികള്‍ ഇതില്‍ ലഭിക്കും. ഓഫ്സെറ്റ് ലിത്തോഗ്രാഫി (Offset Lithography) ലറ്റര്‍പ്രസ് എന്‍ഗ്രേവിങ് (Letterpress Engraving), സ്ക്രീന്‍ പ്രോസസ്സിനു (Screen Process) വേണ്ട സ്റ്റെന്‍സില്‍ എന്നിവയ്ക്കാണ് ഫോട്ടോടൈപ്പ് സെറ്റിങ് ഉപയോഗിക്കുന്നത്.

കറങ്ങിക്കൊണ്ടിരിക്കുന്ന മാട്രിക്സ് ഡിസ്കിന്റെയും സ്റ്റോബോസ്കോപിക് ഫ്ളാഷിങ് ലൈറ്റിന്റെയും സഹായത്തോടെ അച്ചുകളുടെ പ്രതിബിംബം ഫോട്ടോപേപ്പറിലാക്കുന്ന രീതിയാണ് 'ഫോട്ടോണി'ല്‍ (Photon) ഉള്ളത്. ഒറ്റ കീബോര്‍ഡില്‍നിന്ന് 17,280 അച്ചുകളുടെ പ്രതിബിംബം ഉണ്ടാക്കാന്‍ ഇതിനു കഴിയുന്നു. ഒരു സെക്കന്‍ഡില്‍ 8 മുതല്‍ 10 വരെ അച്ചുകളുടെ പ്രതിബിംബം ഇതിലൂടെ പതിപ്പിക്കാം. ഫിലിമുകളില്‍ ടൈപ്പുണ്ടാക്കുന്നതിനു രൂപംകൊണ്ട ബ്രിട്ടിഷ് യന്ത്രമാണ് 'മോണോ ഫോട്ടോ' (Monophoto). മോണോടൈപ് കീബോര്‍ഡിലൂടെ ചെറുദ്വാരമിട്ട കടലാസു റിബണ്‍ പ്രവര്‍ത്തിപ്പിച്ചാണ് മോണോഫോട്ടോ അക്ഷരങ്ങള്‍ തയ്യാറാക്കുന്നത്. മെര്‍ഗന്താലര്‍ ലൈനോടൈപ്പ് കമ്പനി 'ലിനോഫിലിം' (linofilm) എന്ന ഒരു പുതിയ ഫോട്ടോഗ്രാഫിക് ടൈപ്പ്സെറ്റിങ് യന്ത്രവും സംവിധാനം ചെയ്തിട്ടുണ്ട്. ഇതിന് നാല് യൂണിറ്റുകളുണ്ട്. കീബോര്‍ഡ് (key board), ഫോട്ടോഗ്രാഫിക് യൂണിറ്റ് (photographic unit), കറക്ടര്‍ (corrector), കമ്പോസര്‍ (composer). കീബോര്‍ഡ് ടൈപ്പ്റൈറ്ററിലേതുപോലെയാണ്. ലെഡിങ് (leading), ക്വാഡിങ് (quadding) എന്നിവ സാധ്യമാക്കുന്നതിനുള്ള ഒരു കണ്‍ട്രോള്‍ ബട്ടണ്‍ കൂടി കീബോര്‍ഡിലുണ്ട്. ഫോട്ടോഗ്രാഫിക് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങത്തക്കവണ്ണം ഒരു കടലാസ്ടേപ്പില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കുന്നു. അനവധി കീബോര്‍ഡുകളില്‍നിന്നു കിട്ടുന്ന കടലാസ് ടേപ്പ് കൈകാര്യംചെയ്യാന്‍ ഫോട്ടോ യൂണിറ്റിനു കഴിയും. ഫോണ്ട്മാറ്റല്‍, പോയിന്റ് മാറ്റല്‍, ലെഡിങ്, വരിനീളം എന്നിവയെല്ലാം സ്വയം നടത്തും. ഒരു മിനിറ്റില്‍ 42 പൈക്കാനീളത്തില്‍ 16 ന്യൂസ്പേപ്പര്‍ വരികള്‍ ഇതില്‍ തയ്യാറാകും. ലിനോഫിലിം കറക്ടര്‍ തെറ്റുകള്‍ സ്വയം തിരുത്തി, തിരുത്തിയ വരികള്‍ തനിയെ വേണ്ട സ്ഥലത്ത് വയ്ക്കുന്നു. ഓഫ്സെറ്റിലും ഗ്രേവ്യൂര്‍ പ്ളേറ്റ് മേക്കിങിലും ഉപയോഗിക്കാന്‍ കഴിയുന്ന ടൈപ്പുകള്‍ തയ്യാറാക്കുന്ന ഒരു യന്ത്രമാണ് അമേരിക്കന്‍ ടൈപ്പ് ഫൌണ്ടേഴ്സ് ടൈപ്പ് സെറ്റര്‍. 1960-നുശേഷം കംപ്യൂട്ടര്‍ ഉപയോഗിച്ചും ടൈപ്പ് സെറ്റുചെയ്യാന്‍ തുടങ്ങി.

ഡി.റ്റി.പി

കംപ്യൂട്ടറിന്റെ സഹായത്തോടുകൂടി അച്ചടിക്കായി മാറ്ററും ചിത്രങ്ങളും തയ്യാറാക്കുന്ന ആധുനിക രീതിയാണ് ഡി.റ്റി.പി. അഥവാ ഡസ്ക് റ്റോപ് പബ്ളിഷിങ്. ഇതിലേക്കായി പ്രത്യേകം തയ്യാറാക്കിയ സോഫ്ട്വെയറുകള്‍ ഉപയോഗിക്കുന്നു. ഉദാ: പേജ് മേക്കര്‍, ഇല്ലസ്ട്രേറ്റര്‍, ഫോട്ടോഷോപ്പ് മുതലായവ. ഡി.റ്റി.പി.യുടെ പ്രധാന കഴിവായി കണക്കാക്കുന്നത്. WYSIWYG-What You See Is What You Get - നിങ്ങള്‍ കാണുന്നത് എന്താണോ അത് നിങ്ങള്‍ക്കു ലഭിക്കും എന്നതാണ്. കംപ്യൂട്ടറിന്റെ സ്ക്രീനില്‍ പ്രത്യേക സോഫ്ട്വെയറുകളുടെ സഹായത്തോടെ സൃഷ്ടിച്ചെടുക്കുന്ന പേജുകള്‍ അതേ രീതിയല്‍ അച്ചടിക്കാന്‍ സാധിക്കും. കീ-ബോര്‍ഡിന്റെ സഹായത്തോടുകൂടി അച്ചടിക്കാവശ്യമായ മാറ്റര്‍ കംപ്യൂട്ടറിലേക്ക് പകര്‍ത്തുന്ന പ്രവൃത്തിയെ ഡേറ്റാ എന്‍ട്രി എന്നു പറയുന്നു. അച്ചടിക്കാവശ്യമായ ചിത്രങ്ങള്‍ കംപ്യൂട്ടറിനോടു ഘടിപ്പിച്ചിരിക്കുന്ന സ്കാനര്‍ മുഖേന കംപ്യൂട്ടറിലേക്ക് എത്തിച്ചശേഷം പേജ്മേക്കര്‍, ഫോട്ടോ ഷോപ്പ് തുടങ്ങിയ സോഫ്ട്വെയറുകള്‍ മുഖാന്തിരം അച്ചടിക്കാവശ്യമായ വലുപ്പത്തിലും രൂപത്തിലുമുള്ള പേജുകളാക്കിമാറ്റുന്നു. ആവശ്യമെങ്കില്‍ പേജുകള്‍ തയ്യാറാകുന്ന സമയത്തു തന്നെ മാറ്ററും ചിത്രങ്ങളും കൂട്ടിക്കലര്‍ത്താന്‍ സാധിക്കും. ഇപ്രകാരം തയ്യാറാക്കുന്ന പേജുകളുടെ ഔട്ട്പുട്ട് പലരീതിയില്‍ എടുക്കാന്‍ കഴിയുന്നു. ഏറ്റവും ചെലവുകുറഞ്ഞ രീതി ലേസര്‍പ്രിന്റര്‍ ഔട്ട്പുട്ട് ആണ്. ഇത് പേപ്പറിലോ ട്രേസിങ് പേപ്പറിലോ എടുക്കാവുന്നതാണ്. പ്രൂഫ് വായനക്കും ലെറ്റര്‍പ്രസ് ബ്ളോക്കിനുവേണ്ട ക്യാമറാഫിലിം തയ്യാറാക്കുന്നതിനുമെല്ലാം പേപ്പര്‍ പ്രിന്റൌട്ട് ഉപയോഗിക്കുന്നു. ട്രേസിങ് പേപ്പറിലെ ഔട്ട്പുട്ട് ക്യാമറാഫിലിമിനു പകരമായി ഓഫ്സെറ്റ് പ്ളേറ്റ്, സ്ക്രീന്‍ പ്രിന്റിങ്ങിനുള്ള സില്‍ക് സ്ക്രീന്‍ എന്നിവ തയ്യാറാക്കാനായി ഉപയോഗിക്കാം. ലേസര്‍പ്രിന്റിനു പകരം ഇമേജ്സെറ്റര്‍ മുഖേന ഫിലിമിലേക്ക് ഔട്ട്പുട്ട് എടുക്കുന്ന രീതി ഇന്ന് സാധാരണമാണ്. ഈ പ്രക്രിയ സി.റ്റി.എഫ്.-കംപ്യൂട്ടറില്‍ നിന്നും ഫിലിമിലേക്ക് (C.T.F-Computer to Film) എന്ന് അറിയപ്പെടുന്നു. ലേസര്‍ പ്രിന്റിനേക്കാള്‍ വളരെയധികം വ്യക്തമായ ഔട്ട്പുട്ട് സി.റ്റി.എഫ്. മുഖാന്തിരം ലഭിക്കുന്നു. മുന്തിയതരം അച്ചടിക്ക് പ്രത്യേകിച്ച് വര്‍ണചിത്രങ്ങളുടെ അച്ചടിക്ക് ഇമേജ്സെറ്റര്‍ ഔട്ട്പുട്ട് ഉപയോഗിച്ചാണ് പ്ളേറ്റുകള്‍ തയ്യാറാക്കുന്നത്.

ഡി.റ്റി.പി.ഉപകരണങ്ങള്‍

കംപ്യൂട്ടറിന്റെ സഹായത്തോടെയുള്ള അച്ചടിയില്‍ ഏറ്റവും ആധുനിക വികാസമായി കണക്കാക്കുന്നത് സി.റ്റി.പി. സംവിധാനമാണ്. കംപ്യൂട്ടറില്‍ നിന്നും ഫിലിമിലേക്കും (സി.റ്റി.എഫ്), തുടര്‍ന്ന് ഫോട്ടോ ഇമേജിങ് വഴി പ്ളേറ്റിലേക്കും അച്ചടിക്കേണ്ട രൂപങ്ങള്‍ മാറ്റുന്നതിനുപകരം, കംപ്യൂട്ടറില്‍ നിന്ന് നേരിട്ട് പ്ളേറ്റിലേക്ക് പ്രതിരൂപം മാറ്റുന്ന രീതിയാണ് സി.റ്റി.പി. അഥവാ കംപ്യൂട്ടര്‍ റ്റു പ്ളേറ്റ് (C.T.P). ഇതുമൂലം അച്ചടിയുടെ നിലവാരം വളരെ അധികം നന്നാകുന്നതിനോടൊപ്പം സമയലാഭവും ഉണ്ടാകുന്നു.

പ്രൂഫ് വായന

(Proof Reading )

അച്ചടിയിലെ ഒഴിച്ചുകൂടാന്‍ കഴിയാത്ത ജോലികളിലൊന്നാണ് പ്രൂഫ്വായന. നിരത്തിക്കിട്ടിയ അച്ചുകളില്‍ തെറ്റുകള്‍ വന്നിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനെ 'പ്രൂഫ് വായന' എന്നും അങ്ങനെ വന്നിട്ടുള്ള തെറ്റുകളോ മാറ്റങ്ങളോ പരിഹരിക്കുന്നതിന് 'പ്രൂഫ് തിരുത്തല്‍' എന്നും പറയുന്നു. പ്രൂഫ് വായിക്കുന്ന ആള്‍ 'പ്രൂഫ് റീഡര്‍' ആണ്. പ്രൂഫ് വായിച്ചുകൊണ്ട് പ്രൂഫ് റീഡര്‍ തിരുത്തലുകള്‍ നടത്തുമ്പോള്‍, അതു ശ്രദ്ധിച്ചുകൊണ്ടു മാറ്ററുമായി ഒത്തുനോക്കുന്ന ആള്‍ ആണ് കോപ്പിഹോള്‍ഡര്‍. പ്രൂഫ് എടുക്കുന്നതിനു പ്രത്യേകതരം പ്രൂഫ് പ്രസ്സുകള്‍ ഉണ്ട്. പരിശീലനം നേടിയ പ്രൂഫ് വായനക്കാര്‍ പ്രത്യേകം ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് തെറ്റുകളും മാറ്റങ്ങളും പ്രൂഫില്‍ രേഖപ്പെടുത്തുന്നത്. ഈ ചിഹ്നങ്ങള്‍ അടിസ്ഥാനമാക്കി തിരുത്തലുകളും മാറ്റങ്ങളും വരുത്തുന്നു. സാധാരണഗതിയില്‍ ഒന്നിലധികം പ്രൂഫുകള്‍ വായിച്ചു തിരുത്താറുണ്ട്.

പ്രൂഫ് തിരുത്തല്‍ മാതൃക

പേജ് സംവിധാനം

തെറ്റുകള്‍ തിരുത്തിയതിനുശേഷം ആവശ്യാനുസരണം പേജുകള്‍ ക്രമീകരിക്കുന്നു. ഈ പേജുകള്‍ ഇമ്പോസിങ് സ്റ്റോണ്‍ (Impossing stone ) എന്നു പറയുന്ന നിരപ്പുള്ള മേശപ്പുറത്ത് 'ചേസ്' (Chase) എന്ന ഇരുമ്പുചട്ടക്കൂട്ടില്‍ വച്ചു മുറുക്കി അച്ചടിയന്ത്രത്തില്‍ ഘടിപ്പിക്കുന്നു. (ഇമ്പോസിങ് സ്റ്റോണിന്റെ മേല്പലക മിനുസപ്പെടുത്തിയ കല്ലോ ഇരുമ്പോ ആയിരിക്കും.) ചേസില്‍ വയ്ക്കുമ്പോള്‍ പേജുകള്‍ മാറിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇങ്ങനെ പേജുകള്‍ മാറാതിരിക്കാനും അച്ചുകള്‍ ഇളകിപ്പോകാതിരിക്കാനും ഫര്‍ണിച്ചര്‍, കോയിന്‍സ് (quoins) എന്നിവകൊണ്ടു മുറുക്കുന്നു. അവസാനമായി ഉപരിതലം ഒരേ നിരപ്പിലാക്കുന്നതിന് 'പ്ളെയിനര്‍' (planer) എന്ന മിനുസമുള്ള ഒരു തടിക്കഷണം വച്ച് കൊട്ടുവടികൊണ്ട് അടിക്കുന്നു. ചേസുകള്‍ ഫോറം (forme) മുറുക്കുന്നതിനുള്ള ചട്ടക്കൂടാണ്. പല വലുപ്പത്തിലുള്ള ഫോറങ്ങളുണ്ട്. 4, 8, 16 പേജുകളാണ് സാധാരണ ഫോറങ്ങളില്‍ ചേര്‍ക്കുന്നത്. 32, 64 പേജുകള്‍ ചേര്‍ക്കുന്ന ഫോറങ്ങളും ഇല്ലാതില്ല.

പ്രൂഫ് തിരുത്തല്‍-ചിഹ്നങ്ങള്‍

അച്ചടിരീതികള്‍

നിലവിലുള്ള അച്ചടിരീതികളെ പ്രധാനമായി അഞ്ചായി തിരിക്കാം: ലറ്റര്‍പ്രസ്-ചിത്രങ്ങളുടെ മുദ്രണം ഉള്‍പ്പെടെ, ഫ്ളെക്സോഗ്രാഫി, ലിത്തോഗ്രാഫി (ഓഫ്സെറ്റ്), ഗ്രെവ്യൂര്‍, സ്ക്രീന്‍ പ്രോസസ്.


ലെറ്റര്‍പ്രസ്

ലെറ്റര്‍പ്രസ് അച്ചടിയെ റിലീഫ് പ്രിന്റിങ് (relief printing ) അഥവാ ടൈപ്പോഗ്രാഫി (typography) എന്നും പറഞ്ഞുവരുന്നു. ലോഹംകൊണ്ടുള്ള ഒറ്റയൊറ്റ അച്ചുകള്‍ നിരത്തി അച്ചടി നടത്താവുന്ന രീതിയാണ് ലെറ്റര്‍പ്രസ്. മഷി പുരളേണ്ട ഭാഗങ്ങള്‍ ഉന്തിയും, വേണ്ടാത്ത ഭാഗങ്ങള്‍ താഴ്ന്നും ഇരിക്കുന്ന അച്ചുകളിലും ബ്ളോക്കുകളിലും മഷി പുരട്ടി കടലാസിലോ മറ്റു പദാര്‍ഥങ്ങളിലോ അമര്‍ത്തി പതിപ്പിച്ചെടുക്കുന്നു. പുസ്തകങ്ങള്‍, ദിനപത്രങ്ങള്‍, ആനുകാലികപ്രസിദ്ധീകരണങ്ങള്‍ എന്നിവ ഈ രീതിയിലാണ് മുമ്പ് അച്ചടിച്ചിരുന്നത്. ഇപ്പോഴും ഇവ ഇങ്ങനെ അച്ചടിക്കുന്നുണ്ട്. ഓഫീസുകളിലും വീടുകളിലും വ്യവസായശാലകളിലും ആവശ്യമായ മുദ്രിതരേഖകള്‍ മിക്കവാറും ലറ്റര്‍പ്രസ് രീതിയിലാണ് തയ്യാറാക്കുക.

ലറ്റര്‍പ്രസ് അച്ചടി:ഉന്തിയ ഭാഗങ്ങളില്‍മാത്രം മഷി പുരളുന്നു

ചിത്രങ്ങളുടെ മുദ്രണം. ലെറ്റര്‍പ്രസ് രീതിയില്‍ ഒരു ചിത്രം മുദ്രണം ചെയ്യുന്നതിനു പല മാര്‍ഗങ്ങളുണ്ട്. പൊതുവില്‍ ഇതിന് 'ബ്ളോക്കു നിര്‍മാണം' എന്നു പറയുന്നു. കൊത്തുപണിക്കാരന് തടിയിലോ, ലോഹത്തിലോ ചിത്രത്തിന്റെ ബ്ളോക്ക് കൊത്തിയുണ്ടാക്കാം. തടിയില്‍ കൊത്തിയുണ്ടാക്കുന്നതിന് 'വുഡ്കട്ട്' (woodcut) എന്നും ലോഹത്തില്‍ കൊത്തിയെടുക്കുന്നതിന് 'എന്‍ഗ്രേവിങ്' (engraving) എന്നും പറയുന്നു. ഈ രണ്ടു രീതികളും ഇപ്പോഴും നിലവിലുണ്ട്. എന്നാല്‍ എല്ലാ ചിത്രങ്ങളും എന്‍ഗ്രേവ് ചെയ്യാന്‍ കഴിയുകയില്ല. ക്യാമറയുടെ സഹായത്താല്‍ ഛായാഗ്രഹണരീതിയില്‍ ബ്ളോക്കുകള്‍ നിര്‍മിക്കുന്ന പദ്ധതി ഇന്നു വളരെ പ്രചാരത്തില്‍ വന്നിരിക്കുന്നു. ഇത്തരത്തിലുള്ള ബ്ളോക്കുകളാണ് ലൈന്‍ബ്ളോക്ക് (line block), ഹാഫ്ടോണ്‍ ബ്ളോക്ക് (halftone block) എന്നിവ. പേന കൊണ്ടോ ബ്രഷ് കൊണ്ടോ പല വീതിയിലുള്ള വരകളും പല വലുപ്പത്തിലുള്ള കുത്തുകളും ഉപയോഗിച്ചു വരയ്ക്കുന്ന ചിത്രങ്ങളുമുണ്ട്. കറുപ്പിന്റെ ഭാഗങ്ങള്‍ ലോഹത്തകിടുകളില്‍ ഉറപ്പിക്കുകയും വെളുപ്പിന്റെ ഭാഗം തുറന്നിടുകയും ചെയ്ത് ആസിഡില്‍ നിക്ഷാരണം (etching) ചെയ്താല്‍ വെളുപ്പിന്റെ ഭാഗങ്ങള്‍ ആസിഡില്‍ കാര്‍ന്നു ലയിച്ചു കറുപ്പിന്റെ ഭാഗങ്ങള്‍ എഴുന്നു നില്ക്കും. കറുപ്പും വെളുപ്പും കൂടിക്കലര്‍ന്ന ഭാഗങ്ങളില്ലാത്ത ഇത്തരം ബ്ളോക്കുകള്‍ക്കു 'ലൈന്‍ ബ്ളോക്കുകള്‍' എന്നാണ് പേര്. ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ ചിത്രീകരണങ്ങള്‍ക്ക് ഏറിയകൂറും ലൈന്‍ബ്ളോക്കുകളാണ് ഉപയോഗിക്കുക.

സര്‍വ്വവിജ്ഞാനകോശത്തിന്റെ ഒരു ഫാറം(8 പേജ്) ലറ്റര്‍ പ്രസ് മാതൃക

മൊത്തത്തില്‍ പറയുന്നപക്ഷം അച്ചടിയില്‍ ഹാഫ് ടോണ്‍ ബ്ളോക്കുകളാണ് കൂടുതലായി ഉപയോഗിച്ചുവരുന്നത്. പകര്‍ത്തപ്പെടുന്ന ചിത്രത്തിന്റെ ടോണു (tone)കളെ വിഘടിപ്പിച്ച് നെഗറ്റീവില്‍ (negative) പതിപ്പിക്കുവാന്‍ 'സ്ക്രീന്‍' (screen) എന്ന ഒരു മാധ്യമം, ഫിലിമിനോടു ചേര്‍ത്തുവയ്ക്കുന്നു. ചിത്രങ്ങളെ മുഴുവന്‍ അതിന്റെ വര്‍ണസാന്ദ്രതയുടെ (tone) ഏറ്റക്കുറച്ചില്‍ അനുസരിച്ചു നേരിയ കളങ്ങളായി തിരിച്ച് പ്രതിരൂപം ഉണ്ടാക്കാന്‍ ഈ സ്ക്രീന്‍ സഹായിക്കുന്നു. ഒരു മനുഷ്യന്റെ ചിത്രത്തില്‍ തലമുടിയുടെ ഭാഗം നന്നെ കറുത്തും വെള്ള ഉടുപ്പിന്റെ പ്രകാശം തട്ടുന്ന ഭാഗങ്ങള്‍ നന്നെ വെളുത്തും ഇരിക്കും. നിഴലുകളുള്ള സ്ഥലങ്ങളില്‍ നിഴലിന്റെ സാന്ദ്രതയനുസരിച്ചു കറുപ്പും വെളുപ്പും കൂടിയും കുറഞ്ഞും ഇരിക്കും. നല്ല വെളുപ്പിനും നല്ല കറുപ്പിനും ഇടയില്‍, രണ്ടും പല അനുപാതങ്ങളില്‍ കലര്‍ന്ന നിരവധി ഭാഗങ്ങള്‍ ഉണ്ടാകും. ഈ ഭാഗങ്ങളെല്ലാം വിഘടിപ്പിച്ചു പതിപ്പിക്കുന്ന മാധ്യമമാണ് സ്ക്രീന്‍. ഒരു ഫോട്ടോഗ്രാഫിക് പേപ്പറില്‍ എന്നപോലെ ലോഹത്തകിടില്‍ പ്രകാശഗ്രാഹക-രാസവസ്തുക്കള്‍ പുരട്ടിയിരിക്കുന്നതിനാല്‍ ഇത്തരം തകിടിലേക്കു മുന്‍പറഞ്ഞ നെഗറ്റീവ് ഫോട്ടോഗ്രാഫി രീതിയില്‍ പകര്‍ത്തി പരുവപ്പെടുത്തുന്നു. രാസവസ്തുക്കളുടെ ഗുണങ്ങളാല്‍ ലോഹത്തകിടിന്‍മേല്‍ ഉണ്ടാകുന്ന പ്രതിരൂപത്തിന്റെ കറുത്ത ഭാഗങ്ങള്‍ ആസിഡില്‍ അലിയാതെ ഉറപ്പുള്ളതായും വെളുത്തഭാഗങ്ങള്‍ ആസിഡില്‍ അലിയത്തക്കവണ്ണം ഉറപ്പുകുറഞ്ഞതായും രൂപപ്പെടുന്നു. കളം കളങ്ങളായുള്ള പ്രതിരൂപത്തിന്റെ ഇത്തരം ഘടകങ്ങള്‍, ലോഹത്തകിടിന്റെ ഉപരിതലം പൊതുവില്‍ ആസിഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉയര്‍ന്നതും താണതും കറുത്തതും വെളുത്തതും നിഴലുള്ളതുമായ കളങ്ങളെ സൃഷ്ടിക്കുന്നു. ഇത്തരം ബ്ളോക്കിന് 'ഹാഫ്ടോണ്‍ ബ്ളോക്ക്' എന്നാണ് പേര്‍. തടിക്കട്ടകളിലോ മറ്റോ തറച്ച് ഇത് അച്ചടിക്കുപയോഗിക്കുന്നു. ടോണുകളെ വിഘടിപ്പിച്ചു പതിപ്പിച്ച ബ്ളോക്കായതിനാലാണ് 'ഹാഫ്ടോണ്‍ബ്ളോക്ക്' എന്നു പറയുന്നത്.

ബഹുവര്‍ണചിത്രങ്ങളുടെ ബ്ളോക്ക് നിര്‍മാണരീതിയും ഏകദേശം ഇതുതന്നെയാണെങ്കിലും ഓരോ വര്‍ണത്തിനും ഓരോ ബ്ളോക്ക് ആവശ്യമാണ്. മഞ്ഞ, ചുവപ്പ്, നീല എന്നീ പ്രാഥമികവര്‍ണങ്ങള്‍ പല ക്രമങ്ങളിലും അനുപാതങ്ങളിലും കലര്‍ത്തിയാല്‍ എല്ലാനിറങ്ങളും ഉണ്ടാക്കാം എന്ന അടിസ്ഥാന പ്രമാണത്തെ ആസ്പദമാക്കിയാണ് ബഹുവര്‍ണബ്ളോക്കുകള്‍ നിര്‍മിക്കുന്നത്. മഞ്ഞയും ചുവപ്പും കലര്‍ത്തിയാല്‍ ഓറഞ്ചുനിറം കിട്ടും; മഞ്ഞയും നീലയുമാണ് കലര്‍ത്തുന്നതെങ്കില്‍ പച്ചയും ചുവപ്പും നീലയും കലര്‍ത്തുമ്പോള്‍ വയലറ്റും ലഭ്യമാകുന്നു. ഇങ്ങനെ കിട്ടുന്ന നിറങ്ങള്‍ വീണ്ടും പരസ്പരം കലര്‍ത്തിയാല്‍ മറ്റു നിറങ്ങളുണ്ടാകും. ക്യാമറയുടെ ലെന്‍സിനോടു ഘടിപ്പിക്കാവുന്ന ഒരു പ്രത്യേകതരം 'അരിപ്പ' (filter) ഇതിലേക്ക് ഉപയോഗിക്കുന്നു. ഒരു ബഹുവര്‍ണ ചിത്രത്തിന്റെ പ്രതിബിംബം പച്ചനിറത്തിലുള്ള അരിപ്പയിലൂടെ കടത്തിവിട്ടാല്‍ ആ ചിത്രത്തിലെ ചുവപ്പുഭാഗങ്ങള്‍ മാത്രം നെഗറ്റീവില്‍ പതിപ്പിക്കാം. മൂന്നോ അതിലധികമോ അരിപ്പകളുപയോഗിച്ച് ഓരോ വര്‍ണത്തിനും പ്രത്യേകം നെഗറ്റീവുകളും ഓരോ നെഗറ്റീവില്‍ നിന്നും പ്രത്യേകം ബ്ളോക്കുകളും ഉണ്ടാക്കുന്നു. ഓരോ നെഗറ്റീവിനും സ്ക്രീന്‍ അല്പം തിരിച്ചു വ്യത്യസ്തമായ കോണുകള്‍ സൃഷ്ടിച്ച് അച്ചടിയില്‍ ഒരു കളത്തിനും മറ്റൊരു കളത്തിനും തമ്മില്‍ സ്ഥാനവ്യതിയാനം ഉണ്ടാക്കാം. മഞ്ഞനിറത്തിലുള്ള ബ്ളോക്കില്‍ മഞ്ഞമഷി പുരട്ടി മുദ്രണം നടത്താം. അതിനുമീതെ ചുവപ്പു ബ്ളോക്കുപയോഗിച്ചു ചുവപ്പുമഷിയില്‍ അച്ചടിക്കാം; മൂന്നാമത് നീലനിറമുള്ളബ്ളോക്ക് അച്ചടിക്കുമ്പോള്‍ ത്രിവര്‍ണമുദ്രണമാകുന്നു; നാലാമത് കറുപ്പ് അച്ചടിക്കുന്ന ചതുര്‍വര്‍ണമുദ്രണരീതിയുമുണ്ട്. നിറങ്ങളുടെ അച്ചടിക്രമം മാറ്റാറുണ്ട്.

ലോഹത്തകിടിനുപകരം പലപ്പോഴും പ്ളാസ്റ്റിക്, ബേക്ക്ലൈറ്റ് തുടങ്ങിയ പദാര്‍ഥങ്ങളും ബ്ളോക്കുനിര്‍മാണത്തിനുപയോഗിക്കുന്നു. ക്യാമറയും രാസവസ്തുക്കളും ഇരുട്ടുമുറിയും നെഗറ്റീവും ആസിഡും ആവശ്യമില്ലാത്തതും താരതമ്യേന അതിവേഗത്തില്‍ ബ്ളോക്കുനിര്‍മാണം നടത്താവുന്നതുമായ ഇലക്ട്രോണിക് എന്‍ഗ്രേവിങ് (Electronic Engraving) യന്ത്രങ്ങളും പ്രചാരത്തില്‍ വന്നിട്ടുണ്ട്.

ഒരു ദിനപത്രത്തിന്റെ പേജുകള്‍ വിദൂരസ്ഥലങ്ങളിലേക്കു ടെലിവിഷന്‍ പോലെ പ്രക്ഷേപണം ചെയ്തു പ്ളാസ്റ്റിക് പാളിയിലോ ലോഹപ്പാളിയിലോ പതിപ്പിച്ച് അച്ചടിനടത്തുന്ന സംവിധാനവും നിലവിലുണ്ട്. 'ഫാസിമിലെ ട്രാന്‍സ്മിഷന്‍' (facsimile transmission) എന്നറിയപ്പെടുന്ന ഈ രീതിയിലുണ്ടാക്കുന്ന പ്ളാസ്റ്റിക് അല്ലെങ്കില്‍ ലോഹപ്പാളികള്‍ വേഗതയേറിയ റോട്ടറിയന്ത്രങ്ങളില്‍ ഘടിപ്പിച്ചു വിദൂരസ്ഥലങ്ങളില്‍, പത്രാധിപന്‍മാരുടെയോ, പ്രൂഫ് വായനക്കാരുടെയോ സഹായമില്ലാതെ യഥാതഥമായ പതിപ്പുകള്‍ അച്ചടിച്ചുവരുന്നു.

1.ലറ്റര്‍ 2.ലിത്തോഗ്രാഫി 3. ഗ്രെവ്യൂര്‍ 4. സില്‍ക്ക് സ്ക്രീന്‍ 5. ഫോട്ടോഗ്രാഫി

എംബോസിങ്. പ്രതലത്തില്‍നിന്നും അക്ഷരങ്ങള്‍ ഉയര്‍ന്നു നില്ക്കുംവിധം അച്ചടിക്കുന്ന സമ്പ്രദായമാണ് എംബോസിങ് (embosssing). ഇതു രണ്ടുവിധം ഉണ്ട്: ഡൈ ഉപയോഗിച്ചുള്ളതും പൌഡര്‍ ഉപയോഗിച്ചുള്ളതും. പൌഡര്‍ ഉപയോഗിച്ചുള്ളതിനു റെയിസ്ഡ് പ്രിന്റിങ് (raised printing) എന്നാണ് സാധാരണ പറയുക.

ഡൈ-എംബോസിങ്ങിന് ഉരുക്കുകൊണ്ട് പ്രത്യേകം ഉണ്ടാക്കിയ ഡൈ ആവശ്യമുണ്ട്. ഡൈയില്‍ അക്ഷരവടിവില്‍ കാണുന്ന കുഴിഞ്ഞ ഭാഗങ്ങളില്‍ 'എംബോസിങ്മഷി' നിറയ്ക്കുന്നു. മുദ്രണം നടക്കുമ്പോള്‍ ഈ മഷി കടലാസില്‍ മുഴച്ചു നില്ക്കും. മുദ്രകള്‍ പതിപ്പിക്കുന്നതിനാണ് സാധാരണ ഈ രീതി ഉപയോഗിക്കുന്നത്. താരതമ്യേന ആധുനികമാണ് 'റെയിസ്ഡ് പ്രിന്റിങ്' സമ്പ്രദായം. സാധാരണ ലറ്റര്‍ പ്രസ്സില്‍ മഷികുറച്ച് അടിച്ചശേഷം പൊടിപോലെയുള്ള 'റെയിസ്ഡ് പ്രിന്റിങ് കോമ്പൌണ്ട്' തൂകി നിരപ്പാക്കി അല്പം കഴിഞ്ഞ് കടലാസുകുടഞ്ഞ് എടുക്കുകയും പിന്നീട് ചൂടു പിടിപ്പിച്ച് കോമ്പൌണ്ട് ഉരുക്കിപ്പിടിപ്പിക്കുകയുമാണ് ഈ സമ്പ്രദായത്തിന്റെ മൌലികസ്വഭാവം.

ഗില്‍ഡിങ്. അക്ഷരങ്ങള്‍ക്കു സുവര്‍ണനിറം പിടിപ്പിക്കുന്ന കൌശലത്തിന് ഗില്‍ഡിങ് (gilding) എന്നു പറയുന്നു. ഇതു മൂന്നുതരത്തില്‍ നടത്താറുണ്ട്: (i) സാധാരണ മഷി ഉപയോഗിച്ച് അച്ചടിച്ചതലത്തില്‍ മഷി ഉണങ്ങുംമുമ്പ് സുവര്‍ണഭസ്മം വിതറിപിടിപ്പിക്കുക, (ii) മെറ്റാലിക് ഗോള്‍ഡു മഷി ഉപയോഗിച്ച് അച്ചടിക്കുക, (iii) ഉരുക്കിലോ താമ്രത്തിലോ കൊത്തിയുണ്ടാക്കിയ അച്ചുകള്‍ നിരത്തി ചൂടുപിടിപ്പിച്ചു ഗോള്‍ഡു ലീഫില്‍ അമര്‍ത്തിപ്പതിക്കുക.

ഫ്ളെക്സോഗ്രാഫി

(Flexography)

റബര്‍സ്റ്റീരിയോ ഉപയോഗിച്ചുള്ള ലറ്റര്‍പ്രസ് രീതി ആണ് ഫ്ളെക്സോഗ്രാഫി. ഈ രീതിയിലുള്ള അച്ചടിയില്‍ ഒരേ നിരത്തില്‍തന്നെ ചിത്രത്തില്‍ വര്‍ണലയം വരുത്തുവാന്‍ കഴിയും. ഫ്ളെക്സോഗ്രാഫിക്ക് പ്രത്യേകതരം യന്ത്രങ്ങളുണ്ട്. അതിലേക്കുള്ള മഷികള്‍ ആല്‍ക്കഹോള്‍ മാധ്യമത്തില്‍ കലര്‍ത്തിയവയാണ്. ഇത് കട്ടികുറഞ്ഞു നേര്‍ത്തിരിക്കും. ഇത്തരം മഷി ഉപയോഗിക്കയാല്‍, ഫ്ളെക്സോഗ്രാഫിയെ അനിലൈന്‍ പ്രിന്റിങ് (Aneline printing) എന്നും പറയുന്നു. പെട്ടെന്ന് ഉണങ്ങുന്നതരത്തിലുള്ള മഷി ആയതിനാല്‍ സെലഫെയ്ന്‍, പേപ്പര്‍ ബോര്‍ഡ്, പ്ളാസ്റ്റിക് എന്നിവയിലുള്ള അച്ചടിയാണ് ഫ്ളെക്സോഗ്രാഫി രീതിയില്‍ പ്രധാനമായും നടത്തുന്നത്.

ലിത്തോഗ്രാഫി-ഓഫ്സെറ്റ്

(Lithography-offset).

'കല്ലിന്‍മേല്‍ എഴുത്ത്' എന്നാണ് ലിത്തോഗ്രാഫി എന്ന വാക്കിന് അര്‍ഥം. മുദ്രണത്തില്‍ പതിയേണ്ട ഭാഗങ്ങളും പതിയരുതാത്ത ഭാഗങ്ങളും ഒരേനിരപ്പില്‍ തന്നെ ആയതിനാല്‍ ഈ രീതിയെ പ്ളേനോഗ്രാഫി എന്നും വിളിക്കുന്നു. എണ്ണയും വെള്ളവും തമ്മില്‍ കലരുകയില്ല. എപ്പോഴും വേറിട്ടുതന്നെ നില്‍ക്കും എന്ന തത്ത്വം ഉപയോഗിച്ച് മ്യൂണിക്കുകാരനായ അലോസ് സെനിഫെല്‍ഡര്‍ 1796-ല്‍ കല്ലച്ച് അഥവാ ലിത്തോഗ്രാഫി എന്ന അച്ചടി സമ്പ്രദായം കണ്ടുപിടിച്ചു. അച്ചടിക്കേണ്ട മാറ്റര്‍ അഥവാ ചിത്രം മിനുസപ്പെടുത്തിയ ചുണ്ണാമ്പുകല്ലില്‍ മെഴുകുചേര്‍ത്തു നിര്‍മിച്ച ക്രയോണ്‍ ഉപയോഗിച്ച് കണ്ണാടിയില്‍ കാണുന്ന പ്രതിരൂപംപോലെ (mirror image) വരയ്ക്കുന്നു. ഇപ്രകാരം തയ്യാറാക്കിയ ചുണ്ണാമ്പുകല്ലില്‍ വെള്ളംപുരട്ടിയ തുണി ചുറ്റിയ റോളര്‍ ഉരുട്ടുമ്പോള്‍, മെഴുക് പറ്റിയിട്ടില്ലാത്ത ഭാഗങ്ങള്‍ ജലത്തെ ആഗിരണം ചെയ്യുന്നു. തുടര്‍ന്ന് എണ്ണ ചേര്‍ത്തുണ്ടാക്കിയ മഷി മറ്റൊരു റോളറിന്റെ സഹായത്തോടെ ചുണ്ണാമ്പുകല്ലില്‍ പുരട്ടുമ്പോള്‍ വെള്ളം പറ്റാത്ത, ക്രയോണ്‍ കൊണ്ട് വരച്ച ഭാഗങ്ങളില്‍ മാത്രം മഷി പുരളുന്നു. ഈ പ്രതലത്തില്‍ കടലാസ് അമര്‍ത്തുമ്പോള്‍ ചുണ്ണാമ്പുകല്ലിലെ പ്രതിരൂപത്തിന്റെ ശരിരൂപം കടലാസ്സില്‍ പതിയുന്നു. ലറ്റര്‍പ്രസ് സിലിണ്ടര്‍ മിഷ്യനുകള്‍ പോലെ കല്ലച്ച് അച്ചടിക്കും വിവിധയിനം മിഷ്യനുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. കല്ലച്ചില്‍ നിന്നും വികസിപ്പിച്ചെടുത്ത അച്ചടിരീതിയാണ് ഓഫ്സെറ്റ്. അച്ചടിക്കേണ്ട പ്രതിരൂപം കല്ലച്ചില്‍ എഴുതിയോ വരച്ചോ അച്ചടിക്കേണ്ട പ്രതലം രൂപപ്പെടുത്തുന്നതിനുപകരം ക്യാമറയുടെയോ കംപ്യൂട്ടറിന്റെയോ സഹായത്തോടെ തയ്യാറാക്കുന്ന ഫിലിം ഉപയോഗിച്ച് ഫോട്ടോ പതിപ്പിക്കുന്നതുപോലെ ഓഫ്സെറ്റ് പ്ളേറ്റ് തയ്യാറാക്കുന്നു. ഇതിനുപയോഗിക്കുന്ന പ്ളേറ്റ് നാകത്തകിടോ, അലൂമിനിയം തകിടോ ആകാം. ആധുനിക ഓഫ്സെറ്റ് യന്ത്രങ്ങളില്‍ 0.2 മുതല്‍ 0.3 മി.മീ. വരെ ഘനമുള്ള അലൂമിനിയം തകിടാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഒരുവശത്ത് ഫോട്ടോഗ്രാഫിക് ഫിലിമിലുള്ളതുപോലെ പ്രകാശത്തില്‍ രാസഭേദം വരുന്ന പദാര്‍ഥങ്ങള്‍ പുരട്ടിയിരിക്കും. പ്രസ്തുത പ്ളേറ്റുമായി അച്ചടിക്കേണ്ട മാറ്ററോ ചിത്രങ്ങളോ അടങ്ങിയ ഫിലിം ചേര്‍ത്തുവച്ച് പ്രകാശം കടത്തിവിട്ടശേഷം രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് കഴുകുമ്പോള്‍ ഫിലിമിലെ മാറ്ററും ചിത്രങ്ങളും പ്ളേറ്റില്‍ തെളിഞ്ഞുവരും. ഇപ്രകാരം തയ്യാറാക്കിയ പ്ളേറ്റിലെ അച്ചടിയില്‍ പതിയേണ്ട ഭാഗങ്ങള്‍ (image area) എണ്ണമയത്തെ ആകര്‍ഷിക്കാന്‍ കഴിവുള്ളതായിരിക്കും (oleophillic). ഇതേ പ്ളേറ്റിലെ മറ്റു ഭാഗങ്ങള്‍ വെള്ളത്തെ ആകര്‍ഷിക്കും (hydrophillic). ഇപ്രകാരം തയ്യാറാക്കിയ പ്ളേറ്റ് ഓഫ്സെറ്റ് മിഷ്യന്റെ ഒന്നാമത്തെ ലോഹസിലിണ്ടറില്‍ പിടിപ്പിക്കുന്നു. ഈ സിലിണ്ടറിനെ പ്ളേറ്റ് സിലിണ്ടര്‍ എന്നു പറയുന്നു. പ്ളേറ്റ് സിലിണ്ടറിനോട് ചേര്‍ന്നു കറങ്ങുന്ന ബ്ളാങ്കറ്റ് സിലിണ്ടറും പ്രസ്തുത സിലിണ്ടറുമായി അമര്‍ന്നു കറങ്ങുന്ന ഇംപ്രഷന്‍ സിലിണ്ടറും ചേര്‍ന്ന സംവിധാനമാണ് ഓഫ്സെറ്റ് അച്ചടി സാധ്യമാക്കുന്നത്. പ്ളേറ്റ് സിലിണ്ടര്‍ ആദ്യം വെള്ളം പുരട്ടിയ റോളറുമായും തുടര്‍ന്ന് മഷിപുരട്ടിയ റോളറുമായും ചേര്‍ന്നു കറങ്ങുമ്പോള്‍ എണ്ണമയത്തെ ആഗിരണം ചെയ്യുന്ന അച്ചടിക്കേണ്ട ഭാഗങ്ങളില്‍ മഷി പുരളുന്നു. തുടര്‍ന്ന് പ്ളേറ്റ്സിലിണ്ടര്‍ ബ്ളാങ്കറ്റ് സിലിണ്ടറുമായി അമര്‍ന്നു കറങ്ങും. ഒരു ലോഹസിലിണ്ടറിന്റെ പുറത്ത് തുണിയും റബറും ചേര്‍ത്ത് നിര്‍മിച്ച ബ്ളാങ്കറ്റ് ചുറ്റിയതാണ് ബ്ളാങ്കറ്റ് സിലിണ്ടര്‍. വളരെ മാര്‍ദവമുള്ള മിനുസമായ റബര്‍പ്രതലത്തിലേക്ക് പ്ളേറ്റിലെ അച്ചടിക്കേണ്ട ഭാഗത്തു പറ്റിയിരിക്കുന്ന മഷി പകരുന്നു. ബ്ളാങ്കറ്റ് സിലിണ്ടറിന്റെയും അതിനോടു അമര്‍ന്നു കറങ്ങുന്ന ഇംപ്രഷന്‍ സിലിണ്ടറിന്റെയും ഇടയില്‍കൂടി കടന്നുപോകുന്ന കടലാസിലേക്ക് റബര്‍ പ്രതലത്തില്‍ നിന്നും മഷി പറ്റുന്നു. ഇങ്ങനെ ഒരു പ്രതലത്തില്‍ നിന്നും (പ്ളേറ്റ്) അടുത്ത പ്രതലത്തിലേക്കും (ബ്ളാങ്കറ്റ്) അതില്‍ നിന്നും കടലാസിലേക്കും മാറിവരുന്ന മഷി (Set-off) മുഖാന്തിരം അച്ചടി നടക്കുന്നതിനാലാണ് ഈ രീതിയെ ഓഫ്സെറ്റ് എന്നു വിളിക്കുന്നത്. ശരിയായ രീതിയില്‍ പ്ളേറ്റില്‍ കാണുന്ന രൂപത്തിന്റെ പ്രതിരൂപം ബ്ളാങ്കറ്റിലും അവിടെനിന്ന് ശരിരൂപമായി പേപ്പറിലും പതിപ്പിച്ചാണ് മുദ്രണം നടക്കുന്നത്.

ലിത്തോഗ്രാഫി/ഓഫ്സെറ്റ്

ഒരേ സമയം നിരവധി നിറങ്ങള്‍ പേപ്പറിന്റെ ഒരുവശത്തോ, ഇരുവശത്തുമായിട്ടോ അച്ചടിക്കാന്‍ സാധിക്കുന്ന ഓഫ്സെറ്റ് അച്ചടിയന്ത്രങ്ങള്‍ ലഭ്യമാണ്. കംപ്യൂട്ടര്‍ നിയന്ത്രിത അച്ചടി (CPC-Computerised Print Control), അച്ചടിനിലവാര നിയന്ത്രണം (PQC -Print Quality Controll) എന്നീ സ്വയം പ്രവര്‍ത്തന സമ്പ്രദായ സംവിധാനങ്ങള്‍ ഇത്തരം യന്ത്രങ്ങളില്‍ കാണുന്നു. മൂലചിത്രത്തിന്റെ സ്കാന്‍ചെയ്ത വിവരം അനുസരിച്ച് പേപ്പറില്‍ ഓരോ നിറത്തിലുള്ള മഷിയും പതിയേണ്ടതിന്റെ അളവ് നിയന്ത്രിക്കുവാന്‍ ഇതുമൂലം സാധിക്കുന്നു. അച്ചടിക്കാനുള്ള പ്ളേറ്റുകള്‍ സ്വയം ഉറപ്പിക്കുകയും അച്ചടി തീരുമ്പോള്‍ എടുത്തുമാറ്റിയശേഷം അടുത്ത അച്ചടിക്കുള്ള പ്ളേറ്റുകള്‍ ഉറപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങളും സാധാരണമാണ്.

അച്ചടിച്ച പ്രതലത്തിന്റെ തിളക്കം കൂട്ടുന്നതിനോ (ഗ്ളോസ്) കുറക്കുന്നതിനോ (മാറ്റ്) വേണ്ടി പ്രത്യേക സംവിധാനവും (coater units) ഇത്തരം ബഹുവര്‍ണ്ണ അച്ചടിയന്ത്രങ്ങളില്‍ ലഭ്യമാണ്. കൂടാതെ ഗ്രേവ്യൂര്‍, ഫെക്സോ ഓഫ്സെറ്റ് സംവിധാനങ്ങള്‍ സമന്വയിപ്പിച്ച് പ്രത്യേകതരം അച്ചടികള്‍ സാധിക്കുന്ന സങ്കരയിനം യന്ത്രങ്ങളും (hybrid presses) പ്രചാരത്തിലുണ്ട്.

ഓഫ്സെറ്റ് യന്ത്രത്തിന്റെ ഭാഗങ്ങള്‍

മുറിച്ച കടലാസുകള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന യന്ത്രങ്ങള്‍ (sheed fed) കൂടാതെ, പത്രങ്ങള്‍, വളരെയധികം പ്രതികള്‍ ആവശ്യമായ പുസ്തകങ്ങള്‍ എന്നിവ അച്ചടിക്കായി ഉപയോഗിക്കുന്നു. പേപ്പര്‍ചുരുള്‍ സ്വയം നിവര്‍ത്തി അച്ചടിക്കുന്ന വെബ്യന്ത്രങ്ങളും പത്രത്തിന്റെ 96 പേജുവരെ ഒറ്റനിറത്തിലോ ബഹുവര്‍ണത്തിലോ അച്ചടിക്കാന്‍ സാധിക്കുന്ന വെബ് ഓഫ്സെറ്റ് യന്ത്രങ്ങളും പ്രചാരത്തിലുണ്ട്. ഇത്തരം യന്ത്രങ്ങളില്‍ കടലാസ് മുറിച്ച് പേജ് ക്രമത്തില്‍ അടുക്കി മടക്കി യന്ത്രത്തില്‍ നിന്നും പുറത്തുവരുകയും ചെയ്യുന്നു.

ഗ്രെവ്യൂര്‍

(Gravure)

ഇന്റാഗ്ളിയോ (Intaglio) പ്രിന്റിങ് എന്നു പേരായ മറ്റൊരുതരം അച്ചടിയാണിത്. സമതലത്തില്‍നിന്നു താണുനില്ക്കുന്ന കുഴികളില്‍ നിറയുന്ന മഷി കടലാസിലേക്ക് ഒപ്പിയെടുത്ത് മുദ്രണം നിര്‍വഹിക്കുന്ന രീതിയാണ് ഗ്രെവ്യൂര്‍. കുഴികളില്‍നിന്നുള്ള മുദ്രണമാകയാലാണ് 'ഇന്റാഗ്ളിയോ' (intaglio) എന്നു പറയുന്നത്. ഒരു ലോഹക്കട്ടമേലോ തകിടിന്‍മേലോ അക്ഷരങ്ങളുടെ രൂപങ്ങളും മറ്റും കുഴിച്ചിട്ട് ആ കുഴിയില്‍ പ്രത്യേകതരം മഷി നിറച്ച്, കുഴിയല്ലാത്ത ഉയര്‍ന്ന ഭാഗങ്ങള്‍ തുടച്ചു വൃത്തിയാക്കിയശേഷം കടലാസു വച്ചു ശക്തിയായി അമര്‍ത്തിയാണ് ഗ്രെവ്യൂര്‍ അച്ചടി നടത്തുന്നത്. പ്ളേറ്റിന്റെ ഉപരിതലത്തിലേക്ക് മഷി റോളര്‍വഴി കൊടുക്കുകയും കുഴിഞ്ഞ ഭാഗത്ത് അത് നിറയ്ക്കുകയും ചെയ്യുന്നു. റോളറില്‍ ഉയര്‍ന്നുനില്ക്കുന്ന ഭാഗത്ത് പുരണ്ടിരിക്കുന്ന മഷി ഒരു കത്തി(blade)യുടെ സഹായത്താല്‍ നീക്കപ്പെടുന്നു. അച്ചടി നടക്കുമ്പോള്‍ കുഴിഞ്ഞ ഭാഗത്ത് ബാക്കി നില്ക്കുന്ന മഷി കടലാസില്‍ പതിയുന്നു. സിലിണ്ടര്‍ സദാ മഷി നിറച്ചിട്ടുള്ള ഒരു പാത്രത്തില്‍ കിടന്നു കറങ്ങിക്കൊണ്ടിരിക്കും. 'ഡൈ സ്റ്റമ്പിങ്' (dye stum-ping) എന്ന അച്ചടിരീതിയേയും ഈ വിഭാഗത്തില്‍പ്പെടുത്താം. കുഴികളുടെ ആഴവും പരപ്പും വ്യത്യസ്തമാകയാല്‍ പല കനങ്ങളില്‍ മഷി കടലാസിലേക്കു പകര്‍ത്തുവാനുള്ള ഗ്രെവ്യൂര്‍ രീതിയുടെ കഴിവ് വലുതാണ്.

ഗ്രെവ്യൂര്‍

പ്ളേറ്റിന്റെ സ്വഭാവമനുസരിച്ച് മൂന്നുതരം യന്ത്രങ്ങളുണ്ട്. ഗ്രേവ്യൂര്‍, ഫോട്ടോഗ്രെവ്യൂര്‍ (photo gravure), റോട്ടോഗ്രെവ്യൂര്‍ (roto gravure). റോട്ടറി ഗ്രെവ്യൂര്‍ തന്നെയാണ് റോട്ടോഗ്രെവ്യൂര്‍. ആല്‍ക്കഹോള്‍ മാധ്യമത്തിലുള്ള മഷിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. റോട്ടോഗ്രെവ്യൂര്‍ യന്ത്രത്തില്‍ മഷി പുരളേണ്ടാത്ത പ്രതലത്തിലുള്ള സമതലത്തെ തുടച്ചു വൃത്തിയാക്കുന്നത് 'ഡോക്ടര്‍ബ്ളേഡ്' എന്ന കത്തിയാണ്. യന്ത്രത്തിന്റെ പ്ളേറ്റ്സിലിണ്ടറിന്റെ പുറംതോട് ചെമ്പുകൊണ്ടുണ്ടാക്കിയിരിക്കുന്നു. കടച്ചില്‍ യന്ത്രത്തില്‍ പിടിച്ച് ഈ സിലിണ്ടറിന്റെ ഉപരിതലത്തിലെ പഴയ പ്രതിരൂപങ്ങള്‍ (കുഴികള്‍) മാറ്റി നിരപ്പാക്കാം. വിദ്യുലേപന (electro - plating) രീതിയില്‍ പുതിയ ചെമ്പ് പിടിപ്പിച്ച് സിലിണ്ടറിന്റെ കനം പൂര്‍വസ്ഥിതിയിലാക്കാം. ഉപരിതലം മിനുസമാക്കിയിട്ട് ആ സിലിണ്ടറില്‍ 'കാര്‍ബര്‍ ടിഷ്യൂ' എന്നറിയപ്പെടുന്ന നെഗറ്റീവില്‍ നിന്നും പ്രതിരൂപം പകര്‍ത്തും. അടുത്തപടി നിക്ഷാരണം (etching) ആണ്. അങ്ങനെ സിലിണ്ടര്‍ അച്ചടിക്കു തയ്യാറാകുന്നു. ഇലക്ട്രോണിക്ക് എന്‍ഗ്രേവിങ് കൊണ്ടും സിലിണ്ടര്‍ തയ്യാറാക്കാം.

റോട്ടോ ഗ്രെവ്യൂര്‍ യന്ത്രത്തിന്റെ ഭാഗങ്ങള്‍

ഫോട്ടോഗ്രെവ്യൂറില്‍ ഒരേ അളവില്‍ മുറിച്ച കടലാസുകളും റോട്ടോഗ്രെവ്യൂറില്‍ കടലാസുചുരുളുകളും അച്ചടിക്കാന്‍ ഉപയോഗിക്കുന്നു. താരതമ്യേന ചെലവു കൂടിയ രീതിയാണ് ഗ്രെവ്യൂര്‍. ആകര്‍ഷകങ്ങളായ അച്ചടിക്കാണ് ഇതുപയോഗിക്കുന്നത്. ദിനപത്രങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, തുണിത്തരങ്ങള്‍, പ്ളാസ്റ്റിക്, സെലഫെയ്ന്‍, കടലാസ് പൊതികള്‍ എന്നിവയിലും ഗ്രെവ്യൂര്‍ രീതിയില്‍ അച്ചടി നടത്തിവരുന്നു. ബഹുവര്‍ണചിത്രങ്ങളുടെ മുദ്രണത്തിന് ഗ്രെവ്യൂര്‍പദ്ധതി വളരെ പറ്റിയതാണ്. മുദ്രപ്പത്രങ്ങളും ബാങ്ക് നോട്ടുകളും റോട്ടോഗ്രെവ്യൂര്‍ രീതിയിലാണ് അച്ചടിക്കുന്നത്.

സില്‍ക്ക് സ്ക്രീന്‍

(Skil Screen)

സ്ക്രീന്‍ പ്രോസസ് (Silk process) എന്നും ഇതിനു പേരുണ്ട്. സ്റ്റെന്‍സില്‍ (stencilരശഹ) ചെയ്ത ഒരു സ്ക്രീനില്‍ക്കൂടി മഷി ശക്തിയായി കടത്തിവിടുന്ന രീതിയാണ് സില്‍ക്ക് സ്ക്രീന്‍ അച്ചടി. പലകയോ തകരമോ കാര്‍ഡോ ഉപയോഗിച്ച് സ്റ്റെന്‍സില്‍ ഉണ്ടാക്കാം. അക്ഷരമോ ചിത്രമോ വരച്ച് അവ വെട്ടിമാറ്റി തുറന്ന സ്റ്റെന്‍സില്‍ ഉണ്ടാക്കി ആ സ്റ്റെന്‍സില്‍ ചുവരിന്‍മേലോ മറ്റോ വച്ച് മഷിപുരട്ടി എത്ര വേണമെങ്കിലും സദൃശരൂപങ്ങള്‍ പതിപ്പിക്കാവുന്നതാണ്. ഇതാണ് സ്റ്റെന്‍സില്‍ അച്ചടി. ഈ രീതിക്ക് ഒരു തകരാറുണ്ട്. 'ഛ' എന്ന അക്ഷരം സ്റ്റെന്‍സില്‍ വെട്ടിയാല്‍ 'ഛ'യ്ക്കു നടുവിലുള്ള ഭാഗവും കൂടി നഷ്ടപ്പെടും. ദ്വീപുകള്‍പോലുള്ള ഇത്തരം ഭാഗങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ കാലുകള്‍ നിര്‍ത്തുന്നതുകൊണ്ട് സ്റ്റെന്‍സില്‍ അച്ചടിയില്‍ അക്ഷരങ്ങള്‍ മുറിഞ്ഞതുപോലെ കാണപ്പെടുന്നു. ഇതൊഴിവാക്കാന്‍ കാലുകളുടെ സ്ഥാനങ്ങള്‍ മാറ്റിയ മറ്റൊരു സ്റ്റെന്‍സില്‍ രണ്ടാമത് ഉപയോഗിക്കുകയോ കൈകൊണ്ട് ബ്രഷും മറ്റും ഉപയോഗിച്ച് മുറിപ്പാട് ചേര്‍ക്കുകയോ ചെയ്യാം. ഇതു ശ്രമകരമായ ജോലിയാണ്.

A. സില്‍ക്ക് സ്ക്രീന്‍ B. പതിപ്പ്

1914-ല്‍ പ്രചാരത്തില്‍ വന്ന 'സില്‍ക്ക്-സ്ക്രീന്‍ അച്ചടി' സ്റ്റെന്‍സിലിന്റെ അപാകതകള്‍ പരിഹരിച്ചു. ബലമുള്ള നേരിയ സില്‍ക്കുതുണി (bolting cloth) ഒരു മരച്ചട്ടക്കൂട്ടില്‍ വലിച്ച് ബലമായി തറയ്ക്കുന്നു. ഇങ്ങനെ ചട്ടക്കൂട്ടില്‍ തറച്ച സില്‍ക്കിന് 'സ്ക്രീന്‍' എന്നു പറയുന്നു. കടലാസുകൊണ്ട് വെട്ടിയുണ്ടാക്കിയ സ്റ്റെന്‍സില്‍ ഈ സ്ക്രീനില്‍ ഒട്ടിക്കുന്നു. ദ്വീപുകള്‍ കാലുകളുടെ സഹായമില്ലാതെ ഒട്ടിച്ചുനിര്‍ത്താം. മഷി ചോര്‍ന്ന് അച്ചടി നടക്കേണ്ട ഭാഗങ്ങളില്‍ തുറന്ന സില്‍ക്ക് മാത്രമാണുള്ളത്. അച്ചടിക്കേണ്ട കടലാസിനു മീതെ ഈ സ്ക്രീന്‍ വച്ച്, സ്ക്രീനിന്റെ ഉള്ളില്‍ മഷിനിറച്ച് 'സ്ക്വീജി' (squeegee) എന്ന റബര്‍ ഉരുളുകൊണ്ട് വടിച്ചുനിരത്തുമ്പോള്‍ തുറന്ന സ്ഥലങ്ങളിലൂടെ മഷി ചോര്‍ന്ന് കടലാസില്‍ അച്ചടി നടക്കുന്നു. സില്‍ക്കുതുണിയുടെ സ്ഥാനത്ത് ഉരുക്ക്, പിച്ചള തുടങ്ങിയ ലോഹങ്ങളുടെ നാരുകള്‍കൊണ്ടുണ്ടാക്കിയ നേര്‍ത്ത സ്ക്രീനുകളും, പെര്‍ലോണ്‍, നൈലോണ്‍ തുടങ്ങിയവയും ഉപയോഗിക്കുന്നുണ്ട്. ഇതു വലിച്ചു മുറുക്കിപിടിപ്പിക്കുന്ന ചട്ടക്കൂട്ടിന് 'പ്രിന്റിങ് ഫ്രെയിം' എന്നു പറയുന്നു.

ഇതിലേക്ക് നാലുതരം സ്റ്റെന്‍സില്‍ ഉപയോഗിച്ചുവരുന്നുണ്ട്: (i) കടലാസ് വെട്ടിയുണ്ടാക്കുന്ന സ്റ്റെന്‍സില്‍- ഇത് പ്രത്യേക പശകൊണ്ട് ചുളുക്കമില്ലാതെ സ്ക്രീനില്‍ ഒട്ടിച്ച് ഉണക്കി അച്ചടിക്കു തയ്യാറാക്കുന്നു; (ii) പരസ്പരം ഒട്ടിച്ച രണ്ടു പാളികള്‍ ഉള്ള സ്റ്റെന്‍സില്‍ - ഇതില്‍ ഒരു പാളി കടലാസും മറ്റേ പാളി മെഴുകോ ജെലാറ്റിനോ കൊണ്ടുള്ള സുതാര്യമായ പാളിയും ആയിരിക്കും. ഇതില്‍ സ്റ്റെന്‍സില്‍ വെട്ടിയാല്‍ ദ്വീപുകള്‍ കടലാസുപാളിയായ അടിത്തറയില്‍ ഒട്ടിനില്ക്കും. വെട്ടിക്കഴിഞ്ഞ സ്റ്റെന്‍സില്‍ സ്ക്രീനില്‍വച്ച് ഇസ്തിരി ഇട്ടാല്‍ അത് സ്ക്രീനില്‍ പറ്റിപ്പിടിക്കും. കടലാസ് വലിച്ചുരിച്ചുകളഞ്ഞാല്‍ പ്രിന്റിങ് ഫ്രെയിം അച്ചടിക്കു തയ്യാറായി; (iii) സ്ക്രീനില്‍ നേരിട്ട് ബ്രഷ്കൊണ്ട് അരക്കോ മെഴുകോ പുരട്ടിയുണ്ടാക്കുന്ന സ്റ്റെന്‍സില്‍; (iv) ഫോട്ടോഗ്രാഫിക് സ്റ്റെന്‍സില്‍ - ഇതു രണ്ടു തരത്തിലുണ്ട്: ഛായാഗ്രാഹക രാസവസ്തുക്കള്‍ പുരട്ടിയ സ്ക്രീനിലേക്ക് ഛായാഗ്രഹണരീതിയില്‍ രൂപങ്ങള്‍ പകര്‍ത്തുന്നതാണ് ഒന്ന്. പിഗ്മെന്റ് പേപ്പറില്‍ പ്രതിരൂപം പകര്‍ത്തി രാസവസ്തുക്കളുടെ സഹായത്താലുണ്ടാക്കുന്ന സ്റ്റെന്‍സില്‍ സ്ക്രീനില്‍ പതിപ്പിക്കുന്നതാണ് മറ്റൊന്ന്.

അച്ചടിക്കുന്ന സാധനങ്ങളുടെ വ്യത്യാസമനുസരിച്ച് വിവിധതരം മഷി ഉപയോഗിക്കുന്നു. രാത്രിയില്‍ തിളങ്ങുന്ന നിറങ്ങളില്‍ സിനിമാപോസ്റ്ററുകള്‍ അടിക്കുന്നത് സില്‍ക്ക് സ്ക്രീന്‍ രീതിയിലാണ്. ഇലക്ട്രോണിക്ക് വ്യവസായത്തിന്നാവശ്യമായ പ്രിന്റഡ് സര്‍ക്യൂട്ടും ഇങ്ങനെയാണ് അടിക്കുന്നത്. കൈകൊണ്ട് നിസ്സാരമായി മേശമേല്‍വച്ച് പ്രവര്‍ത്തിപ്പിക്കുന്ന 'പ്രിന്റിങ് ഫ്രെയിം' ഉപയോഗിച്ചും മഷി ഉണങ്ങുന്നതിനുള്ള ചൂടുപോലും നല്കുന്ന വിധത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളും യന്ത്രവത്കരിച്ചും സില്‍ക് സ്ക്രീന്‍ അച്ചടി നടത്തിവരുന്നു. അച്ചടിക്കപ്പെട്ട മഷി പ്രതലത്തില്‍നിന്ന് അല്പം ഉയര്‍ന്നിരിക്കും. തിളക്കമുള്ള വര്‍ണങ്ങള്‍ ഉപയോഗിക്കുവാനും ഏതു സാധനത്തിന്‍മേലും ഏതു ആകൃതിയിലുമുള്ള ഉപരിതലത്തിലും അച്ചടിക്കുവാനും സില്‍ക് സ്ക്രീന്‍ സമ്പ്രദായംകൊണ്ട് കഴിയുന്നു. ഉരുണ്ടതും സമനിരപ്പില്ലാത്തതുമായ പ്രതലങ്ങളില്‍ അച്ചടി നടത്തുന്നതിനാണ് സില്‍ക്ക് സ്ക്രീന്‍ സമ്പ്രദായം പ്രധാനമായും ഉപയോഗിച്ചുവരുന്നത്. ഗ്ളാസ്, പ്ളാസ്റ്റിക്ക്, കടലാസ്, ബോര്‍ഡ്, പിഞ്ഞാണം, തടി, ലോഹം, തുണി, റബര്‍, തുകല്‍ തുടങ്ങി ഏതു സാധനത്തിന്‍മേലും സില്‍ക് സ്ക്രീന്‍ രീതിയില്‍ അച്ചടിക്കാം. കുപ്പി, കപ്പ്, പെട്ടി, ട്യൂബ് എന്നിങ്ങനെ വിവിധ ആകൃതികളിലുള്ള വസ്തുക്കളില്‍ അച്ചടിക്കുവാന്‍ ഈ രീതികൊണ്ടു മാത്രമേ കഴിയൂ. ഈ രീതിയിലെ അച്ചടിക്ക് ആദ്യകാലങ്ങളില്‍ സില്‍ക് ഉപയോഗിച്ചിരുന്നതിനാലാണ് ഇത് സില്‍ക് സ്ക്രീന്‍ പ്രിന്റിങ് എന്ന പേരില്‍ ഇന്നും അറിയപ്പെടുന്നത്.

ഡിജിറ്റല്‍ അച്ചടി

അടുത്തകാലത്ത് മുദ്രണവിദ്യയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ വികാസമാണ് ഡിജിറ്റല്‍ അച്ചടി. കംപ്യൂട്ടറില്‍ ശേഖരിച്ചിട്ടുള്ള അച്ചടിക്കേണ്ട വിവരങ്ങള്‍ ഡിജിറ്റല്‍ അച്ചടി യന്ത്രത്തിലേക്ക് നല്‍കി പേപ്പറിലോ പ്ളാസ്റ്റിക് പോലെയുള്ള പ്രതലത്തിലോ അച്ചടിക്കാന്‍ സാധിക്കുന്നു. രണ്ടുവിധത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ യന്ത്രങ്ങളുണ്ട്. ഇംപാക്ട് അച്ചടിയിനത്തില്‍പെട്ട ലേസര്‍ യന്ത്രത്തില്‍, അച്ചടിക്കേണ്ട വിവരം ലേസര്‍രശ്മി ഉപയോഗിച്ച് സെലീനിയം എന്ന ലോഹം കൊണ്ടു നിര്‍മ്മിച്ച കുഴലിന്റെ പുറത്ത് എഴുതുന്നു. ഈ കുഴലിനു മുകളില്‍ പ്രത്യേക ഇനം പൊടി വിതറുന്നു. സ്റ്റാറ്റിക് വൈദ്യുതി ആകര്‍ഷണം മൂലം ഈ പൊടി എഴുത്തിനുമുകളില്‍ പറ്റിയിരിക്കും. എഴുത്തില്ലാത്ത ഭാഗങ്ങളില്‍ പൊടിപറ്റുകയില്ല. ഈ കുഴല്‍ പേപ്പറുമായി അമര്‍ന്ന് ചുറ്റുമ്പോള്‍ പൊടി പേപ്പറില്‍ പറ്റുന്നു. യന്ത്രത്തിനുള്ളില്‍ വച്ചുതന്നെ പ്രസ്തുത പേപ്പര്‍ ചൂടാക്കുന്നു. അപ്പോള്‍ പൊടി ഉരുകി പേപ്പറില്‍ ഒട്ടിയിരിക്കും. സാധാരണ ലേസര്‍ യന്ത്രം ഉപയോഗിച്ച് കറുപ്പുനിറത്തിലോ കളര്‍ ലേസര്‍ യന്ത്രം ഉപയോഗിച്ച് ബഹുവര്‍ണങ്ങളായോ അച്ചടി നടത്താന്‍ സാധിക്കും.

നോണ്‍ ഇംപാക്ട് മുദ്രണം

അച്ചടിക്കേണ്ട പ്രതലത്തിലേക്ക് ആവശ്യമായ നിറങ്ങള്‍ ശരിയായ അനുപാതത്തില്‍ തെറിപ്പിച്ച് അച്ചടിക്കുന്ന രീതിയാണ് ഇത്. ഈ പ്രക്രിയയില്‍ യന്ത്രത്തിന്റെ മുദ്രണത്തിനായി ഉപയോഗിക്കുന്ന ഭാഗവും മുദ്രണം ചെയ്യപ്പെടുന്ന പ്രതലവും തമ്മില്‍ തൊടുന്നില്ല. അതിനാലാണ് ഈ രീതിയെ നോണ്‍ ഇംപാക്ട് മുദ്രണം എന്നു പറയുന്നത്. ഇങ്ക്ജറ്റ് എന്ന വിഭാഗത്തില്‍ പെട്ട യന്ത്രങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവയില്‍ ചിലതിന് 12 അടി വരെ വീതിയും ആവശ്യത്തിന് നീളവുമുള്ള പ്രത്യേകയിനം പ്ളാസ്റ്റിക്കില്‍ മുദ്രണം ചെയ്യാനാകും. പരസ്യപ്പലകകളില്‍ ഉറപ്പിക്കുന്ന വര്‍ണചിത്രങ്ങളടങ്ങിയ വലിയ ഫെക്സോഷീറ്റുകളും മറ്റും ഇപ്രകാരം തയ്യാറാക്കാവുന്നതാണ്.

ആവശ്യാനുസൃത മുദ്രണം

(print on demand)

പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ വില്‍ക്കാനുദ്ദേശിക്കുന്ന പ്രതികള്‍ മൊത്തമായി അച്ചടിച്ച് വിറ്റുതീരുന്നതു വരെ സൂക്ഷിക്കുക എന്നത് പ്രസാധകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വിറ്റുതീര്‍ക്കാന്‍ താമസം നേരിടുമ്പോള്‍ പുസ്തകങ്ങളുടെ പ്രതികള്‍ പലപ്പോഴും നശിക്കുകയും ചെയ്യും. ഈ പ്രശ്നപരിഹാരത്തിനായി ഇപ്പോള്‍ പ്രചാരത്തിലായിരിക്കുന്ന ഒരു മുദ്രണരീതിയാണ് ആവശ്യാനുസൃത മുദ്രണം. യന്ത്രത്തോടു ഘടിപ്പിച്ചിരിക്കുന്ന കംപ്യൂട്ടറില്‍ അച്ചടിക്കേണ്ട പുസ്തകത്തിന്റെ എല്ലാ പേജുകളും ഡേറ്റാ എന്‍ട്രി വഴി സൂക്ഷിക്കുന്നു. ആവശ്യമുള്ള പ്രതികളുടെ എണ്ണം യന്ത്രത്തിനു നല്‍കുമ്പോള്‍ ഓരോ പ്രതിയുടേയും ആദ്യ പേജു മുതല്‍ അവസാന പേജുവരെ തുടര്‍ച്ചയായി മുദ്രണം ചെയ്ത് അടുക്കി ബൈന്‍ഡുചെയ്ത് പുറംചട്ടയും പിടിപ്പിച്ചു യന്ത്രത്തിനു പുറത്തുവരുന്നു. ആവശ്യപ്പെട്ട പ്രതികള്‍ മുദ്രണംചെയ്തു കഴിഞ്ഞാല്‍ യന്ത്രം സ്വയം പ്രവര്‍ത്തനം നിര്‍ത്തുന്നു. ഏതെങ്കിലും പ്രത്യേക രീതിയില്‍ ബൈന്‍ഡുചെയ്യണമെങ്കില്‍ മുദ്രണം ചെയ്ത താളുകള്‍ മാത്രമായി യന്ത്രത്തിനു പുറത്തെടുക്കാം. കുറച്ചു പ്രതികള്‍ മാത്രം വേണ്ടുന്ന അവസരത്തില്‍ ഈ ഇനം മുദ്രണം വളരെ പ്രയോജനപ്രദമാണ്.

ബഹുവര്‍ണ അച്ചടി

പ്രകൃതിയില്‍ കാണുന്ന എല്ലാ നിറങ്ങളും ചുവപ്പ്, പച്ച, നീല എന്നീ അടിസ്ഥാന (Basic) നിറങ്ങളും അവയുടെ വ്യത്യസ്ത അനുപാതത്തിലുള്ള സ്തരങ്ങളും മുഖേന ഉണ്ടാകുന്നവയാണ്. അതിനാല്‍ ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങളെ പ്രകൃതിയുടെ പ്രാഥമിക നിറങ്ങളായി (Primary Colours of nature) കണക്കാക്കുന്നു. ചുവപ്പും നീലയും കലരുമ്പോഴുണ്ടാകുന്ന മജന്ത, നീലയും പച്ചയും ചേരുന്ന സ്യാന്‍, പച്ചയുടെയും ചുവപ്പിന്റെയും സങ്കലനഫലമായ മഞ്ഞ എന്നീ നിറങ്ങളാണ് അച്ചടിയുടെ പ്രാഥമിക നിറങ്ങള്‍. ചുവപ്പ്, പച്ച, നീല എന്നീ മൂന്നുവര്‍ണങ്ങളും ഒരേ അനുപാതത്തില്‍ കലര്‍ത്തിയാല്‍ വെള്ളനിറം ലഭിക്കും. സൂര്യപ്രകാശം പ്രിസത്തിലൂടെ കടത്തിവിടുമ്പോള്‍ ലഭിക്കുന്ന മാരിവില്‍വര്‍ണ്ണങ്ങള്‍ ഇതിനു തെളിവാണ്. പ്രകൃതിയിലെ അടിസ്ഥാന നിറങ്ങളെ കൂട്ടുവര്‍ണങ്ങള്‍ (addictive colours) എന്നു വിളിക്കുന്നു. ഇതിനു വിപരീതമായി, അച്ചടിയുടെ പ്രാഥമിക നിറങ്ങളായ മജന്ത, സ്യാന്‍, മഞ്ഞ എന്നിവ വെളുത്ത പ്രതലത്തില്‍ ഒരേ അനുപാതത്തില്‍ ഒന്നിനുമുകളില്‍ ഒന്നായി പുരട്ടിയാല്‍ കറുപ്പുനിറം ലഭിക്കും. വെളുത്ത പ്രതലത്തില്‍ നിന്നും പ്രതിഫലിക്കുന്ന മാരിവില്‍വര്‍ണങ്ങള്‍ കലര്‍ന്നുണ്ടാകുന്ന വെളുത്ത നിറത്തില്‍ നിന്നും മജന്ത, സ്യാന്‍, മഞ്ഞ എന്നീ നിറങ്ങള്‍ ഒന്നൊന്നായി രശ്മികളെ കുറച്ച് ഒരു രശ്മിയും പ്രതിഫലിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നു. തന്മൂലം ഈ നിറങ്ങളെ സബ്ട്രാക്ടീവ് നിറങ്ങള്‍ (Subtractive colours) എന്നു വിളിക്കുന്നു. വെളുത്ത പ്രതലത്തില്‍ നിന്നും പ്രതിഫലിക്കുന്ന മാരിവില്‍ വര്‍ണങ്ങളുടെ സങ്കലനഫലമായുള്ള വെളുത്ത പ്രകാശത്തില്‍ നിന്നും സബ്ട്രാക്ടീവ് നിറങ്ങളുപയോഗിച്ച് ഒരു വര്‍ണചിത്രത്തില്‍ കാണേണ്ടഭാഗങ്ങളൊഴിച്ച് ബാക്കി നിറങ്ങളെ പ്രതിഫലിപ്പിക്കാതാക്കിയാണ് ബഹുവര്‍ണ അച്ചടി നടത്തുന്നത്. ഇതിനായി ആദ്യം അച്ചടിക്കേണ്ട ബഹുവര്‍ണചിത്രം സ്കാന്‍ചെയ്യുന്നു. ചിത്രത്തില്‍ നിന്നും സൂര്യപ്രകാശത്തിലോ തത്തുല്യമായ വെളിച്ചത്തിലോ പ്രതിഫലിക്കുന്ന വിവിധ നിറങ്ങളിലുള്ള രശ്മികളെ സ്കാനറിന്റെ സഹായത്തോടെ അച്ചടിയുടെ അടിസ്ഥാന നിറങ്ങളായ മജന്ത, സ്യാന്‍, മഞ്ഞ എന്നീ നിറങ്ങളുടെ ഗണങ്ങളായി വേര്‍തിരിച്ച് ഓരോ നിറത്തിലുമുള്ള പ്രതിഛായ ഇമേജ്സെറ്റര്‍ എന്ന സംവിധാനത്തിലൂടെ ഫിലിമിലേക്കോ, സി.റ്റി.പി. മുഖാന്തിരം നേരിട്ട് പ്ളേറ്റിലേക്കോ പകര്‍ത്തുന്നു. ഇപ്രകാരം നിറങ്ങളെ വേര്‍തിരിക്കുമ്പോള്‍ ഓരോ നിറത്തിലും അടങ്ങിയിരിക്കുന്ന കറുപ്പിന്റെ അംശം നഷ്ടപ്പെടുന്നു. മൂന്നു നിറങ്ങളില്‍ നിന്നും മൊത്തമായി നഷ്ടപ്പെടുന്ന കറുപ്പിന്റെ അംശങ്ങള്‍ ചേര്‍ത്ത് നാലാമത് കറുപ്പിന്റെ ഫിലിം കൂടി (സി.റ്റി.പി.യില്‍ കറുപ്പിന്റെ പ്ളേറ്റ്) തയ്യാറാക്കുന്നു. ഈ പ്രക്രിയയെ ഗ്രേസ്കെയില്‍ കോമ്പന്‍സേഷന്‍ (Grayscale Compensation) എന്നു പറയുന്നു. ഇങ്ങനെ വേര്‍തിരിച്ചെടുക്കുന്ന ഫിലിമുകള്‍ ഉപയോഗിച്ച് ഓഫ്സെറ്റ് പ്ളേറ്റുകള്‍ തയ്യാറാക്കുന്നു. ഇതേ ഫിലിമുകള്‍ അല്പം വ്യതിയാനത്തോടുകൂടി തയ്യാറാക്കിയാല്‍ ലറ്റര്‍പ്രസ്സ് ബ്ളോക്കിനോ, സ്ക്രീന്‍പ്രിന്റിങ്ങിനുള്ള സ്ക്രീന്‍ തയ്യാറാക്കുന്നതിലോ ഗ്രേവ്യൂര്‍ രീതിയിലുള്ള അച്ചടിക്കോ ഉപയോഗിക്കാം.

ഓരോ ഫിലിമിന്റെയും നിറത്തിനനുയോജ്യമായ മഷി ഉപയോഗിച്ച് ഒന്നിനുമീതെ ഒന്നായി നാലു നിറങ്ങളും കൃത്യമായി അച്ചടിച്ചാല്‍ വര്‍ണചിത്രത്തിന്റെ പ്രതിരൂപം കടലാസിലോ, അച്ചടിക്കുപയോഗിക്കുന്ന മറ്റു മാധ്യമങ്ങളിലോ തെളിയും.

സ്കാന്‍ ചെയ്ത ചിത്രത്തെ ഫിലിമിലേക്കോ പ്ളേറ്റിലേക്കോ ഗ്രേവ്യൂവര്‍ സിലണ്ടറിലേക്കോ പകര്‍ത്തുന്നതിന് സ്ക്രീന്‍ എന്ന മാധ്യമം ആവശ്യമാണ്. സ്ക്രീന്‍ ഉപയോഗിച്ച് പ്രകാശരശ്മികളെ വളരെ ചെറിയ കുത്തുകളായി മാറ്റുന്നു. കുത്തുകളുടെ വലുപ്പമനുസരിച്ച് അച്ചടിക്കുന്ന ചിത്രത്തിന്റെ വ്യക്തത വ്യത്യാസപ്പെടും. കുത്തുകള്‍ ചെറുതാകുന്തോറും ചിത്രത്തിന് കൂടുതല്‍ തെളിച്ചം ലഭിക്കും. അച്ചടിക്കുപയോഗിക്കുന്ന കടലാസിന്റെ മേനിക്കനുസരണമായി സ്ക്രീന്‍ കുത്തുകള്‍ വ്യത്യാസപ്പെടുത്തും. ന്യൂസ്പേപ്പര്‍ അച്ചടിക്കാനുപയോഗിക്കുന്ന കടലാസ്, സാധാരണ വെള്ളക്കടലാസ് എന്നിവയില്‍ വലിയ കുത്തുകളും (75 1pi മുതല്‍ 120 1pi വരെ) (1pi-lines per inch) ആര്‍ട്ട്പേപ്പറുകളില്‍ അച്ചടിയന്ത്രത്തിന്റെ കഴിവ് അനുസരിച്ച് 135 1pi മുതല്‍ 250 1pi വരെ സ്ക്രീന്‍ കുത്തുകളും ഉപയോഗിക്കുന്നു. കമ്പ്യൂട്ടര്‍ മുഖേന ഈ കുത്തുകള്‍ ജനിപ്പിക്കുന്ന രീതിയെ എ.എം. സ്ക്രീനിങ് (Amplitude Modulated Screen) എന്നു പറയുന്നു. കുത്തുകള്‍ തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ വളരെ ചെറിയ സ്ക്രീന്‍ കുത്തുകള്‍ സൃഷ്ടിക്കാന്‍ എഫ്.എം. സ്ക്രീന്‍ (Frequency Modulated Screen) ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള അച്ചടിക്ക് അതിസൂക്ഷ്മതയുള്ള അച്ചടിയന്ത്രങ്ങള്‍ ആവശ്യമാണ്.

ഛായാഗ്രഹണം

(Photography).

എല്ലാ വിഭാഗങ്ങളിലുംപെട്ട അച്ചടിക്ക് ഛായാഗ്രഹണസഹായം ആവശ്യമുണ്ട്. കൂടാതെ കുറച്ചു പ്രതികള്‍മാത്രം ആവശ്യമുള്ളപ്പോള്‍ പലപ്പോഴും മൂലത്തില്‍നിന്നും ഫോട്ടോ പതിപ്പുകള്‍ എടുക്കുകയാണ് പതിവ്. ഫോട്ടോസ്റ്റാറ്റുകള്‍, ബ്ളൂപ്രിന്റുകള്‍ തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടുന്നു. നോ: ഛായാഗ്രഹണം

അച്ചടിക്കടലാസ്

മഷി പെട്ടെന്ന് പിടിക്കുന്നതിനും അതിലടങ്ങിയിരിക്കുന്ന എണ്ണയുടെ അംശം പടര്‍ന്നുപിടിക്കാത്തവിധം വലിച്ചെടുക്കുന്നതിനും കഴിവുള്ള മട്ടിലാണ് അച്ചടിക്കടലാസ് നിര്‍മിക്കുന്നത്. ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, വിജ്ഞാപനങ്ങള്‍, പരസ്യങ്ങള്‍ എന്നിവ അച്ചടിക്കുന്നതിനുള്ള 'ബിസിനസ്' കടലാസ്സുകള്‍; വളരെക്കാലം സൂക്ഷിച്ചുവയ്ക്കേണ്ട ഗ്രന്ഥങ്ങള്‍, രേഖകള്‍ മുതലായവ അച്ചടിക്കുന്നതിനുള്ള 'കള്‍ച്ചറല്‍' കടലാസുകള്‍ എന്നിവയെല്ലാം തന്നെ അച്ചടികടലാസ്സില്‍പെടും. ബിസിനസ്സ് പേപ്പറിന്റെ നിര്‍മാണത്തിന്റെ തോത് കള്‍ച്ചറല്‍ പേപ്പറിന്റേതില്‍നിന്നും തികച്ചും ഭിന്നമാണ്. ഒരു രാജ്യത്തിന്റെ ഭരണപരവും വാണിജ്യപരവുമായ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ബിസിനസ് പേപ്പറിന്റെ ആവശ്യം നിര്‍ണയിക്കുന്നത്.

അസംസ്കൃത പദാര്‍ഥങ്ങളുടെ വൈവിധ്യം അനുസരിച്ച് പല ഗ്രേഡുകളില്‍ കടലാസ് നിര്‍മിക്കുന്നു. വര്‍ത്തമാനപത്രങ്ങള്‍ അടിക്കുന്നതിനു വളരെ മിനുസമുള്ളതോ ഈടുനില്ക്കുന്നതോ ആയ കടലാസ് നിര്‍മിക്കാറില്ല. വര്‍ത്തമാനപത്രക്കടലാസ് ഉണ്ടാക്കുന്നതിനുപയോഗിക്കുന്ന അടിസ്ഥാനപദാര്‍ഥം ചതച്ച തടിയാണ്. കോണിഫര്‍ (conifer) മരങ്ങളാണ് ഇതിന് ഏറ്റവും അനുയോജ്യം. ഇത് 'സല്‍ഫൈറ്റ്' രീതി ഉപയോഗിച്ച് വേഗത്തില്‍ പള്‍പ്പാക്കി മാറ്റാം. പൈന്‍ മരങ്ങളും ഇതിനുപയോഗിക്കാറുണ്ട്. ഈടു കുറഞ്ഞ മരങ്ങള്‍ ലഭ്യമല്ലാത്ത രാജ്യങ്ങളില്‍ മറ്റു മരങ്ങള്‍ ഉപയോഗിക്കുന്നു. ചുണ്ണാമ്പിന്റെ ബൈസര്‍ഫൈറ്റ് ഉപയോഗിച്ച് മരക്കഷണങ്ങളില്‍നിന്ന് നാരു വേര്‍പെടുത്തുന്നതാണ് പുതിയ രീതി. ഈടു കുറഞ്ഞ പോപ്ളാര്‍ മരങ്ങളും വില്ലൊ മരങ്ങളും അച്ചടിക്കടലാസ് നിര്‍മാണത്തിന് ധാരാളമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ആസ്റ്റ്രേലിയയില്‍ പത്രക്കടലാസ് നിര്‍മാണത്തിന് (80 ശ.മാ.വും) യൂക്കാലിപ്റ്റസ് മരങ്ങളാണ് ഉപയോഗിച്ചുവരുന്നത്. ചെലവുകുറവ്, പള്‍പ്പ് കൂടുതല്‍ കിട്ടാനുള്ള സാധ്യത, അച്ചടിച്ചാലുള്ള മെച്ചം, അതാര്യത, ..ബലം എന്നീ ഗുണങ്ങളാണ് അച്ചടിക്കടലാസ് നിര്‍മാണത്തിനുപയോഗിക്കുന്ന 'സെല്ലുലോസി'ന് ആവശ്യമായിട്ടുള്ളത്.

പത്രക്കടലാസ് നിര്‍മാണത്തില്‍ നാരും പള്‍പ്പും ചേര്‍ക്കുന്ന അനുപാതത്തിന് വളരെ പ്രാധാന്യമുണ്ട്. സാധാരണ ഇവ 85:15 എന്ന അനുപാതത്തിലാണ് നിര്‍മിക്കുക. ഇതിന്റെ കൂടെ നീലയും ചുവപ്പും ചായങ്ങള്‍ കലര്‍ത്തി കടലാസിന് വെണ്‍മയുണ്ടാക്കുന്നു. 'റിഫൈനിങ്' എന്ന പ്രത്യേക രീതിയിലാണ് മാസികകള്‍, പുസ്തകങ്ങള്‍ എന്നിവയ്ക്കുവേണ്ടിയുള്ള മെച്ചപ്പെട്ട കടലാസുകളുണ്ടാക്കുന്നത്. സൂപ്പര്‍ കലണ്ടര്‍ യന്ത്രം ഉപയോഗിച്ച് കടലാസിന്റെ പ്രതലം മിനുസപ്പെടുത്തും. കടലാസിലുള്ള കുഴികളും വിള്ളലുകളും മാറ്റുന്നതിന് ടാല്‍ക്, കളിമണ്ണ്, കാല്‍സിയം കാര്‍ബണേറ്റ്, ടൈറ്റാനിയം ഡയോക്സൈഡ് എന്നിവ ഉപയോഗിക്കുന്നു. വെളുത്ത കളിമണ്ണും പശയും പലതരം ചായങ്ങളും കടലാസിന്റെ പുറത്തു പുരട്ടുന്നു. നീര്‍നായുടെ (Badger) രോമംകൊണ്ടു നിര്‍മിച്ച ബ്രഷാണ് ഇതിനുപയോഗിക്കുന്നത്.

പത്രക്കടലാസ് നിര്‍മാണത്തില്‍ ഇന്ത്യ വളരെയധികം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. സാങ്കേതികപ്രശ്നങ്ങളേക്കാളേറെ സാമ്പത്തികപ്രശ്നങ്ങളാണ് ഇന്ത്യന്‍ അച്ചടിക്കടലാസ് വ്യവസായത്തെ ബാധിച്ചിരിക്കുന്നത്. കോണിഫര്‍ മരങ്ങള്‍ ഇന്ത്യയില്‍ ദുര്‍ലഭമായേ ലഭിക്കുന്നുള്ളൂ. ഫര്‍, സ്പ്രൂസ് എന്നീ മരങ്ങളും സുലഭമല്ല. മരങ്ങള്‍ സംഭരിക്കുന്നതിനുള്ള പ്രയാസവും ചെലവും വളരെയാണ്. പത്രക്കടലാസിന്റെ ദൌര്‍ലഭ്യംനിമിത്തം പത്രം അച്ചടിക്കുന്നതിന് വെള്ളക്കടലാസ് ഉപയോഗിക്കേണ്ടതായി വരുന്നു. ഈര്‍ച്ചമില്ലുകള്‍, പ്ളൈവുഡ് വ്യവസായം എന്നിവയും പത്രക്കടലാസ് വ്യവസായത്തിന് കനത്ത ആഘാതമുണ്ടാക്കുന്നുണ്ട്. കടലാസ്സിന്റെ ഉപയോഗം വര്‍ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍, കടലാസ് നിര്‍മാണത്തിനായി ലോകത്താകമാനം മരങ്ങള്‍ വെട്ടിനശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരായി പല ഗവണ്‍മെന്റുകളും സന്നദ്ധസംഘടനകളും പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി ഇപ്പോള്‍ തടിരഹിത (woodfree) കടലാസ് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. പല വികസിത രാജ്യങ്ങളിലും ഈ ഇനം പേപ്പര്‍ ഉപയോഗിക്കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുന്നുണ്ട്.

അച്ചടിമഷി

അച്ചടിമഷി ആദ്യമായി നിര്‍മിച്ചത് ചൈനയിലാണ്. അഞ്ചാം ശ.-ത്തില്‍ ചെടികളില്‍ നിന്നുള്ള വസ്തുക്കളും പുകക്കരിയും മറ്റും ചേര്‍ത്താണ് ചൈനക്കാര്‍ അച്ചടിമഷി നിര്‍മിച്ചിരുന്നത്. ഗുട്ടന്‍ബര്‍ഗിന്റെ കാലത്ത് വാര്‍ണീഷോ തിളപ്പിച്ച ലിന്‍സീഡ് എണ്ണയോ പുകക്കരിയോടുചേര്‍ത്ത് കുഴച്ചു മഷിയുണ്ടാക്കിയിരുന്നു. കടലാസ്, തുണി, ഗ്ളാസ്, തടി, കോര്‍ക്ക്, മണ്‍പാത്രങ്ങള്‍, റബര്‍ തുടങ്ങിയ സാധനങ്ങളില്‍ അച്ചടിക്കുന്നതിനാണ് അച്ചടിമഷി ഉപയോഗിക്കുന്നത്. എഴുത്തുമഷിപോലെ അത്ര ദ്രവരൂപത്തിലുള്ളതല്ല അച്ചടിമഷി; ഏതാണ്ട് പെയിന്റിനോടു സാദൃശ്യമുള്ളതാണ്.

1772-ല്‍ മഷി ഉത്പാദിപ്പിക്കുന്നതിനുള്ള ഒരു കമ്പനി ഇംഗ്ളണ്ടില്‍ തുടങ്ങി. 19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തോടെ അച്ചടിമഷി നിര്‍മാണത്തില്‍ പല പരിഷ്കാരങ്ങളും ഏര്‍പ്പെടുത്തി. 20-ാം ശ.-ത്തില്‍ അച്ചടിമഷി നിര്‍മാണം സങ്കീര്‍ണമായ ഒരു വ്യാവസായിക പ്രക്രിയയായിത്തീര്‍ന്നു.

അച്ചടിമഷിയില്‍ മൂന്നു ഘടകങ്ങളാണുള്ളത്: മാധ്യമങ്ങള്‍ (vehicles), വര്‍ണകങ്ങള്‍ (pigments), ശോഷകങ്ങള്‍ (driers). ഉണങ്ങുന്നതിനുവേണ്ടിവരുന്ന സമയം കുറയ്ക്കുന്നതിനാണ് ശോഷകങ്ങള്‍ ഉപയോഗിക്കുന്നത്. ചില പ്രത്യേക മഷികളില്‍ 15 വരെ ഘടകപദാര്‍ഥങ്ങള്‍ ഉണ്ടാകും. ലിന്‍സീഡ് എണ്ണ, സംശ്ളിഷ്ട റെസിനുകള്‍, ഖനിയെണ്ണകള്‍, പെട്രോളിയം ഉത്പന്നങ്ങള്‍, ആല്‍ക്കഹോള്‍, ഗ്ളൈക്കോള്‍ എന്നിവയുടെ യൌഗികങ്ങള്‍, ഹൈഡ്രോകാര്‍ബണുകള്‍, പരുത്തിക്കുരു എണ്ണ എന്നിവയാണ് സാധാരണ മാധ്യമങ്ങള്‍. ഈ മാധ്യമങ്ങള്‍ ഒറ്റയ്ക്കോ പലതും കൂട്ടിക്കലര്‍ത്തിയോ ഉപയോഗിക്കാം. മാധ്യമങ്ങള്‍ കൂട്ടിക്കലര്‍ത്തുന്നതിന് പല മാര്‍ഗങ്ങളുണ്ട്. പ്രകൃതിയില്‍നിന്നും ലഭിക്കുന്ന വര്‍ണകങ്ങള്‍, ഖനിജങ്ങള്‍, സസ്യജങ്ങള്‍, ജന്തുജങ്ങള്‍ എന്നിങ്ങനെ മൂന്നുവിധത്തിലാണ്. നീലക്കല്ല് (വൈഡൂര്യം-lapiz lazuli), കാവിമണ്ണ് (ochre) എന്നിവ ആദ്യത്തെ ഇനത്തിലും, ഇന്‍ഡിഗോ, മരപ്പശകള്‍ മുതലായവ രണ്ടാമത്തെ ഇനത്തിലും, ചെഞ്ചായം (രക്തവര്‍ണമുള്ള കൊച്ചിനീല്‍ (Cochineal) എന്ന പ്രാണിയില്‍നിന്നും എടുക്കുന്നത്) ഒട്ടകങ്ങളുടെയും പശുക്കളുടെയും മൂത്രം വറ്റിച്ചു കിട്ടുന്ന മഞ്ഞച്ചായം എന്നിവ മൂന്നാമത്തെ ഇനത്തിലും പെടുന്നു. കോബാള്‍ട്ട്, മാന്‍ഗനീസ്, ലെഡ് എന്നീ ലോഹങ്ങളുടെ ലവണങ്ങളാണ് ശോഷകങ്ങളായി ഉപയോഗിക്കുന്നത്. ശോഷകം മാധ്യമത്തില്‍ കലര്‍ത്തുകയാണ് പതിവ്.

അച്ചടിച്ച ഉടനെ മഷി ഉണങ്ങുന്ന വിധവും വേഗവും ശോഷകം ചേര്‍ന്നുളള മാധ്യമത്തെ ആശ്രയിച്ചിരിക്കും. ഓക്സീകരണം, അവശോഷണം, ബാഷ്പനം (evaporation), അവസ്കന്ദനം (coagulation), അവക്ഷേപണം (precipitation), പോളിമറീകരണം (polymerization) എന്നിങ്ങനെ ഏതെങ്കിലും ഒരു പ്രക്രിയയിലൂടെയാണ് മഷി ഉണങ്ങുക. അച്ചടിക്കേണ്ട പ്രതലം, അച്ചടിരീതി, മുദ്രണോപകരണങ്ങള്‍ എന്നിവ പരിഗണിച്ച് മഷി കലര്‍ത്തി എടുക്കാവുന്നതാണ്.

മഞ്ഞ, ചുവപ്പ്, നീല എന്നീ വര്‍ണങ്ങളും കറുപ്പും സ്വതന്ത്രമായും പല അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തിയും ബഹുവര്‍ണങ്ങളില്‍ അച്ചടി സാധ്യമാക്കുന്നു. ഇങ്ങനെ കൂട്ടിക്കലര്‍ത്തുന്നതുള്‍പ്പെടെ മൊത്തം 900000 ഇങ്ക് ഫോര്‍മുലകള്‍ ഉണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.

ഒരു പൌണ്ട് കറുപ്പു മഷികൊണ്ട് 100 ച. ഇഞ്ച് സ്ഥലത്ത് 1,000 പതിപ്പുകള്‍ ഉണ്ടാക്കാം. മറ്റുള്ള നിറങ്ങള്‍ ഇത്രയും അളവു മഷികൊണ്ട് സാധ്യമല്ല, നീല, ചുവപ്പ്, മഞ്ഞ, വെള്ള എന്നീ നിറങ്ങളില്‍ ഒരു പൌണ്ട് മഷികൊണ്ട് 1,000 പതിപ്പുകള്‍ക്ക് യഥാക്രമം 90, 80, 70, 60 ച. ഇഞ്ച് മാത്രം അടിക്കാനേ കഴിയൂ. മിനുസമുളള പ്രതലങ്ങളിലും മിനുസമില്ലാത്ത പ്രതലങ്ങളിലും അച്ചടിക്കുന്നതിന് പ്രത്യേകം മഷികളുണ്ട്. കടലാസിന്റെ നിറഭേദമനുസരിച്ച് പല നിറത്തിലുള്ള മഷികള്‍ ആവശ്യമാണ്. വെള്ളക്കടലാസില്‍ ചുവപ്പു നിറമടിക്കാന്‍ ഉപയോഗിക്കുന്ന മഷി പച്ചക്കടലാസില്‍ അടിക്കുമ്പോള്‍ ബ്രൌണ്‍നിറമായിമാറുന്നു. മിനുസം കുറഞ്ഞ പേപ്പറില്‍ അടിക്കുന്നതിന് മിനുസം കൂടിയ പേപ്പറില്‍ അച്ചടിക്കുന്നതിനാവശ്യമായ മഷിയുടെ അളവിന്റെ ഇരട്ടി വേണം.

ചില പ്രത്യേകതരം മഷികളുണ്ട്. ഉദാ. ഹീറ്റ്സെറ്റ് ഇങ്ക് (heatset ink), കോള്‍ഡ്സെറ്റ് ഇങ്ക് (coldset ink), സ്റ്റീംസെറ്റ് ഇങ്ക് (steamset ink), മെറ്റാലിക് ഇങ്ക് (metallic ink), ഫ്ളൂറസെന്റ് ഇങ്ക് (fluorescent ink) എന്നിവ. വേഗം കൂടുതലുള്ള യന്ത്രങ്ങളില്‍ ഹീറ്റ്സെറ്റ് ഇങ്ക് ഉപയോഗിക്കുന്നു. പാക്കേജിങ് അച്ചടി, ലോഹത്തകിടിന്‍മേലുള്ള അച്ചടി എന്നിവയ്ക്ക് മെറ്റാലിക് അച്ചടിമഷി ഉപയോഗിക്കുന്നു. അലുമിനിയംപൊടി കലര്‍ത്തിയാണ് സില്‍വര്‍ ഇങ്ക് ഉണ്ടാക്കുന്നത്.

വര്‍ണോജ്വലത (colour brilliance) കൂടുതല്‍ ആവശ്യമായി വരുമ്പോള്‍ ഫ്ളൂറസെന്റ് ഇങ്ക് ഉപയോഗിക്കും. ഇവയെ ഓപ്റ്റിക്കല്‍ ബ്രൈറ്റനേഴ്സ് (optical brighteners) എന്നു പറയുന്നു. സാധാരണ വര്‍ണകങ്ങളേക്കാള്‍ 4-5 ഇരട്ടി പ്രകാശം ജനിപ്പിക്കുന്നതാണ് പ്രതിദീപ്തി (fluorescent) വര്‍ണകങ്ങള്‍. ചെക്ക്, ബിസിനസ്ഫാറങ്ങള്‍ എന്നിവ അച്ചടിക്കുന്നതിന് മാഗ്നറ്റിക് മഷികളുണ്ട്.

വര്‍ണകങ്ങളും മാധ്യമവും കൂട്ടിക്കലര്‍ത്തി കുഴമ്പു പാകത്തില്‍ ഒരു മില്ലിലൂടെയോ രണ്ടു റോളറുകള്‍ക്കിടയിലൂടെയോ 3 മുതല്‍ 10 വരെ തവണ കടത്തിവിടും. ഇങ്ങനെ കടത്തിവിടുന്നതിനിടയിലാണ് ശോഷകങ്ങള്‍ കലര്‍ത്തുന്നതും മഷിയിലുള്ള ജലാംശം നീക്കുന്നതും. പ്രകൃതിയില്‍നിന്നു ലഭിക്കുന്ന വര്‍ണകങ്ങള്‍ക്കുപകരം സിന്തറ്റിക് (Synthetic) വര്‍ണകങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. സിന്തറ്റിക് വര്‍ണകങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇത്രയും കൂടുതല്‍ സമയം കുഴയ്ക്കേണ്ടിവരില്ല.

ഓരോ അച്ചുകൂടത്തിന്റെയും വലുപ്പമനുസരിച്ച് അച്ചടിമഷിയുടെ ആവശ്യത്തിന് വ്യത്യാസമുണ്ടാകും. ഒരു ലറ്റര്‍ ഹെഡ് അടിക്കുന്നതിന് ഒരു ഔണ്‍സിന്റെ ചെറിയ ഒരു ഭാഗം മഷി മതി. എന്നാല്‍ ഒരു വന്‍കിട പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പ് അടിക്കുന്നതിന് ഉദ്ദേശം 200,000 പൌണ്ട് മഷി വേണ്ടിവരും. അമേരിക്കയിലെ ദിനപത്രങ്ങളെല്ലാം ഒരു സാധാരണ ദിവസം അടിക്കുന്നതിന് 600,000-700,000 പൌണ്ട് മഷിവേണ്ടിവരുമെന്ന് കണക്കാക്കിയിരിക്കുന്നു. മിക്ക മഷിനിര്‍മാണ സ്ഥാപനങ്ങളും മഷിയെപ്പറ്റി ഗവേഷണം നടത്തുന്നുണ്ട്. അമേരിക്കയിലെ മഷി ഉത്പാദകരുടെ സംഘടനയായ ദി നാഷണല്‍ അസോസിയേഷന്‍ ഒഫ് പ്രിന്റിങ് ഇങ്ക് മേക്കേഴ്സ് (The National Association of Printing Ink Makers) പ്രിന്റിങ് ഇങ്ക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (Printing Ink Research Institute) എന്ന സ്ഥാപനം നടത്തിവരുന്നു.

അച്ചടിയന്ത്രങ്ങള്‍

അച്ചടിസമ്പ്രദായങ്ങളുടെ സ്വഭാവമനുസരിച്ച് വിവിധ രീതിയിലുള്ള അച്ചടിയന്ത്രങ്ങള്‍ ഉപയോഗിച്ചുവരുന്നു. റിലീഫ് പ്രിന്റിങ് (ലറ്റര്‍ പ്രസ്) ലിത്തോഗ്രാഫി, ഇന്റാഗ്ളിയോ പ്രിന്റിങ്, സ്ക്രീന്‍ പ്രിന്റിങ് എന്നിവയ്ക്കു പ്രത്യേകം പ്രത്യേകം അച്ചടിയന്ത്രങ്ങളുണ്ട്. അച്ചടിയന്ത്രങ്ങളെ മറ്റുതരത്തിലും വിഭജിക്കാറുണ്ട്. പേപ്പര്‍ ഷീറ്റുകളായോ റോളുകളായോ കടത്തിവിടുക, യന്ത്രസഹായംകൊണ്ടോ കൈകള്‍കൊണ്ടോ കടലാസ് നീക്കിക്കൊടുക്കുക, ഓരോ പതിപ്പ് എടുക്കുമ്പോഴും സിലിണ്ടര്‍ ചുറ്റുന്നതിന്റെ അളവ്, അടിക്കാവുന്ന പേജുകളുടെ വലുപ്പം, മഷി ഉപയോഗിക്കുന്നരീതി (ഉദാ. ഹീറ്റ്സെറ്റ് ഇങ്ക്) എന്നിങ്ങനെ പല അടിസ്ഥാനത്തിലും അച്ചടിയന്ത്രങ്ങളെ തരംതിരിക്കാറുണ്ട്.

ഹൈഡല്‍ബര്‍ഗ് സിലിണ്ടര്‍ പ്രസ്

റിലീഫ് പ്രസ്സുകള്‍

(ലറ്റര്‍ പ്രസ്). ലറ്റര്‍ പ്രസ്സിനെ മൂന്നായി തരംതിരിക്കാം: പ്ളാറ്റന്‍പ്രസ് (Platen Press), ഫ്ളാറ്റ് ബെഡ് പ്രസ് (Flat Bed Press), റോട്ടറി പ്രസ് (Rotary Press). ചെറിയ കടലാസുകള്‍, ടിക്കറ്റുകള്‍, ബില്ലുകള്‍ എന്നിവ അച്ചടിക്കുന്നതിനാണ് പ്ളേറ്റണ്‍ പ്രസ് ഉപയോഗിക്കുക. ഇതിന് ജോബ് പ്രസ് (job press) എന്നും പറയുന്നു. അച്ചുകള്‍ നിരത്തുന്നതിനും കടലാസുവയ്ക്കുന്നതിനുമായി രണ്ടു ഭാഗങ്ങളുണ്ട്. അച്ചുകള്‍ നിരത്തിവച്ചിരിക്കുന്നഭാഗം അനങ്ങുകയില്ല. കടലാസുവച്ചിരിക്കുന്നഭാഗം മുന്നോട്ടു പോകുമ്പോള്‍ അച്ചുകള്‍ നിരത്തിയിരിക്കുന്ന ഭാഗവുമായി തൊട്ട് പതിപ്പുകള്‍ ഉണ്ടാക്കുന്നു. കൈകള്‍ കൊണ്ടാണ് ഇതില്‍ പേപ്പര്‍ നീക്കിക്കൊടുക്കുന്നത്. പില്ക്കാലത്ത് യന്ത്രസഹായംകൊണ്ട് കടലാസ് കൊടുക്കാന്‍ കഴിഞ്ഞതോടെ കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ പതിപ്പെടുക്കാന്‍ കഴിയുന്നു.

ട്രെഡില്‍

'ഫ്ളാറ്റ്ബെഡ് പ്രസ്'(സിലിണ്ടര്‍ പ്രസ്)-ല്‍ അച്ചുകള്‍ നിരത്തിയിരിക്കുന്ന ഭാഗവും സിലിണ്ടറും ഓടിക്കൊണ്ടിരിക്കും. അച്ചുകള്‍ നിരത്തിയിരിക്കുന്ന ഭാഗം മുന്നോട്ടു നീങ്ങുന്ന വേഗത്തില്‍ത്തന്നെ സിലിണ്ടറും നീങ്ങുന്നു. അച്ചുനിരത്തിയിരിക്കുന്ന ഭാഗവും സിലിണ്ടറും ഒരു നിശ്ചിത സമയത്ത് ബന്ധിക്കുകയും പതിപ്പുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അച്ചുനിരത്തിയിരിക്കുന്നഭാഗം പുറകോട്ടുപോകുമ്പോള്‍ അച്ചടിച്ച കടലാസ് മാറ്റുകയും വേറെ കടലാസ് വച്ചുകൊടുക്കുകയും ചെയ്യും. സിലിണ്ടര്‍പ്രസ്സിലും പല പരിഷ്ക്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. യന്ത്രവത്കരണത്തോടെ കടലാസ് വച്ചുകൊടുക്കുന്നതിന് ഓപ്പറേറ്ററുടെ ആവശ്യമില്ലാതായി. ഒരു കടലാസിന്റെ രണ്ടു വശവും ഒരേസമയം അടിക്കാവുന്ന സിലിണ്ടര്‍ പ്രസ്സുകളും ഇപ്പോള്‍ പ്രചാരത്തിലുണ്ട്.

റോട്ടറി പ്രസ്സുകളില്‍ കടലാസ് റോളുകളാണ് ഉപയോഗിക്കുന്നത്. കടലാസ് തനിയെ നിവര്‍ന്ന് അച്ചടി കഴിഞ്ഞ് ആവശ്യംപോലെ മുറിഞ്ഞു മടങ്ങി തയ്ച്ചുകിട്ടുന്ന റോട്ടറി യന്ത്രങ്ങളുണ്ട്. വളഞ്ഞ പ്ളേറ്റും സിലിണ്ടറും പ്രവര്‍ത്തിച്ചാണ് അച്ചടി നടക്കുന്നത്. അഞ്ച് വര്‍ണങ്ങളില്‍ ഒരേ സമയം അച്ചടിക്കാവുന്ന റോട്ടറി പ്രസ്സുകളും ഉണ്ട്. ഫ്ളോങ് തയ്യാറാക്കി അതില്‍ അച്ചുപതിപ്പിക്കുന്നു. അച്ചുള്ള ഭാഗം അകത്തു വരുന്ന രീതിയില്‍ ഫ്ളോങ് അകം പൊള്ളയായ സിലിണ്ടറില്‍ പിടിപ്പിക്കുന്നു. ഉരുകിയ ലോഹം ഈ സിലിണ്ടറിലേക്കു കടത്തിവിടുന്നു. ലോഹം തണുത്തതിനുശേഷം യന്ത്രത്തില്‍ ബന്ധിപ്പിക്കുന്നു. കടലാസ് ചുരുളിന്റെ അറ്റം അച്ചു സിലിണ്ടറിന്റെയും അച്ചടിക്കുന്ന സിലിണ്ടറിന്റെയും ഇടയില്‍ ബന്ധിപ്പിച്ച് പതിപ്പുകള്‍ എടുക്കുന്നു.

റോട്ടറി പ്രസ്
ഓഫ്സെറ്റ് പ്രസ്
ഫ്ളെക്സോഗ്രാഫപിക് പ്രസ്

ഓഫ്സെറ്റ് പ്രസ്സുകള്‍

ഇതിന്റെ ലോഹ അച്ചടിപ്ളേറ്റിനു 0.25 കനമേയുള്ളു. സിങ്ക്, അലൂമിനിയം, ചെമ്പ് എന്നീ ലോഹങ്ങളോ അവയുടെ സങ്കരങ്ങളോ ഉപയോഗിച്ചാണ് പ്ളേറ്റുകള്‍ ഉണ്ടാക്കുന്നത്. ചെറിയതരം പ്രസ്സുകളില്‍ പ്ളാസ്റ്റിക് ലേപനം ചെയ്ത പ്ളേറ്റുകളും ഉപയോഗിക്കുന്നു. ഈ യന്ത്രത്തിന് യന്ത്രവത്കൃത ഫീഡറുകള്‍ ഉണ്ട്. 10 x 14 മുതല്‍ 55 x 78 ഇഞ്ചുവരെ വലുപ്പമുള്ള കടലാസുകള്‍ ഇതിലുപയോഗിക്കാം. ബ്ളാങ്കറ്റ്-റ്റു-ബ്ളാങ്കറ്റ് രീതി (Blanket to Blanket Method) ഉപയോഗിച്ച് ഒരു കടലാസിന്റെ രണ്ടുവശവും അടിക്കാവുന്ന ഓഫ്സെറ്റ് പെര്‍ഫെക്ടിങ് പ്രസ്സുകളും (Offset Perfecting Press) ഉണ്ട്. വെള്ളം ഉപയോഗിക്കേണ്ടാത്ത ഡ്രൈ ഓഫ്സെറ്റ് പ്രസ്സുകളും (Dry offset Press) ഉണ്ട്.

ഇന്റാഗ്ളിയോ പ്രസ്

(Intaglio Press)

കൈകൊണ്ടും യന്ത്രംകൊണ്ടും പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നതാണ് ഇന്റാഗ്ളിയോ പ്രസ്സുകള്‍. ഫ്ളാറ്റ് ബെഡ് സിലിണ്ടര്‍ പ്രസ്സിനോട് സാദൃശ്യമുള്ള രീതിയിലാണ് ഇതിന്റെയും സംവിധാനം. എന്‍ഗ്രേവ് ചെയ്തിരിക്കുന്ന പ്ളേറ്റിലേക്ക് ഷീറ്റ് കടത്തി വിടേണ്ടതുകൊണ്ട് വലിയ മര്‍ദം ഇതിന് ആവശ്യമാണ്.

റോട്ടോ ഗ്രെവ്യൂര്‍ പ്രസ്[ഫോട്ടോഗ്രെവ്യൂര്]

(Roto-gravure/photogravure)

ഛായാഗ്രഹണരീതിയില്‍ നിര്‍മിച്ച പ്ളേറ്റുകളില്‍ നിന്നാണ് ഇതില്‍ പതിപ്പുകളെടുക്കുന്നത്. മഷിയില്‍ക്കിടന്നു കറങ്ങുന്ന ചെമ്പുസിലിണ്ടറിലുള്ള കുഴികളില്‍നിന്ന് പതിപ്പുകള്‍ ഉണ്ടാകുന്നു. ഫോട്ടോഗ്രെവ്യൂര്‍ ഫ്ളാറ്റ് ബെഡ്, ലറ്റര്‍ പ്രസ് സിലിണ്ടര്‍ പ്രസ്സിന്റെ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. റോട്ടറി ഫോട്ടോ ഗ്രെവ്യൂര്‍ പ്രസ്സുകളില്‍ സിലിണ്ടറിനോടു, കുഴിച്ചിട്ടുള്ള ചെമ്പ് അച്ചടിപ്ളേറ്റ് (നോ: ഗ്രെവ്യൂര്‍) ബന്ധിപ്പിക്കുന്നു. അച്ചടിക്കേണ്ട പ്രതലങ്ങളില്‍ കൂടുതലായി മഷിവരുന്നത് തുടയ്ക്കുന്നതിന് ഡോക്ടര്‍ ബ്ളേഡുമുണ്ട്. റോട്ടറിപ്രസ് മാതൃകയിലാണ് കടലാസ് നീക്കിക്കൊടുക്കുന്നത്.

സ്ക്രീന്‍ പ്രോസസ് പ്രസ്

(Screen Process)

കൈകള്‍കൊണ്ട് ഈ യന്ത്രം പ്രവര്‍ത്തിപ്പിക്കാം. ഇപ്പോള്‍ മണിക്കൂറില്‍ 1,500 മുതല്‍ 3,500 പ്രതികള്‍വരെ അച്ചടിക്കാന്‍ കഴിയുന്ന യന്ത്രവത്കൃത സ്ക്രീന്‍ പ്രോസസ് അച്ചടി യന്ത്രങ്ങളുണ്ട്. 13*20 മുതല്‍ 52* 76 ഇഞ്ചുവരെ വലുപ്പത്തിലുള്ള അച്ചടികള്‍ ഇതില്‍ നടക്കുന്നു. കുപ്പി, ബാരലുകള്‍ എന്നിങ്ങനെയുള്ള വളഞ്ഞ തലങ്ങളില്‍ അച്ചടിക്കാനാണ് ഇതുപയോഗിക്കുന്നത്.

വ്യവസായ പ്രാധാന്യം

വിവിധ സ്വഭാവമുള്ള മറ്റനേകം രീതികളുള്ളതില്‍ പ്രധാനമായവയാണ് മേല്‍വിവിരിച്ചിരിക്കുന്നത്. വിസിറ്റിങ് കാര്‍ഡു മുതല്‍ വിവിധവര്‍ണങ്ങളുടെ ചിത്രണംവരെ ഉള്ള ഒട്ടുവളരെ അച്ചടിവേലകള്‍ക്കായി ഈ പ്രക്രിയകളെല്ലാം പ്രധാനമായും ചെയ്തുവരുന്നു. പല തരത്തിലുള്ള ജോലികള്‍ക്ക് പല തരത്തിലുള്ള മുദ്രണ പ്രക്രിയകള്‍ ആവശ്യമായി വരുന്നുവെന്നത് ശ്രദ്ധേയവും രസാവഹവുമാണ്. വിജ്ഞാന വിതരണത്തിനുള്ള ഉപാധിയെന്ന നിലയ്ക്ക് അച്ചടി ഉന്നതമായ പങ്കുവഹിച്ചിട്ടുണ്ട്. ബുദ്ധിപരവും ശാസ്ത്രീയവുമായ വികസനത്തിന് ഇത് മഹത്തായ ഉപകരണമായി ഭവിച്ചു. ലീനമായിക്കിടന്നിരുന്ന ആശയങ്ങളും വിജ്ഞാനങ്ങളും വെളിച്ചത്തേക്കു കൊണ്ടുവന്നത് അച്ചടി പ്രക്രിയ വഴിയാണ്.

പുസ്തകങ്ങളുടെ പ്രകാശനത്തില്‍ അച്ചടി മഹത്തായ പങ്കുവഹിച്ചിട്ടുണ്ട്. അച്ചടിയും പ്രസാധനവും ചേര്‍ന്ന് ഒരു പ്രധാനവ്യവസായമായി വളര്‍ന്നു. 16-ാം ശ.-ത്തില്‍ യൂറോപ്പില്‍ അച്ചടിവ്യവസായവും ആധുനിക പ്രസാധന സംവിധാനങ്ങളും വികസിച്ചു. 17-ാം ശ.-ത്തിന്റെ ആരംഭത്തില്‍ അച്ചടി ലോകത്തിലെ പ്രധാനവ്യവസായങ്ങളുടെ പട്ടികയില്‍ സ്ഥാനം നേടി. പുസ്തകപ്രസാധനം അച്ചടിവ്യവസായത്തോടു വളരെ ബന്ധപ്പെട്ടിരിക്കുന്നു. മഹത്തായ ഗ്രന്ഥങ്ങളുടെ വിലകുറഞ്ഞ പതിപ്പുകളുടെ പ്രസാധനവും ഈ വ്യവസായത്തെ വികസിപ്പിച്ചു.

19-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടി തത്ത്വശാസ്ത്രം, മതം, വൈദ്യശാസ്ത്രം, രാഷ്ട്രതന്ത്രം, എന്നീ വിഷയങ്ങളില്‍ ഗ്രന്ഥങ്ങളുടെ വന്‍തോതില്‍ ഉള്ള ഉത്പാദനം കേരളത്തില്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. അമേരിക്കയില്‍ വിലകുറഞ്ഞ പ്രസിദ്ധീകരണങ്ങള്‍ ആവിര്‍ഭവിക്കുന്നതിനു മുമ്പുതന്നെ, സാധാരണക്കാരനുപോലും വാങ്ങി വായിക്കാവുന്നത്ര ചുരുങ്ങിയ വിലയ്ക്ക് പുസ്തകങ്ങള്‍ കേരളത്തില്‍ പ്രസാധനം ചെയ്തു വില്പന നടത്തുകയുണ്ടായി. പത്രമാസികകള്‍, പുസ്തകങ്ങള്‍ പാക്കേജിങ് ഉപകരണങ്ങള്‍ എന്നിവയുടെ ഉത്പാദനം സാധ്യമാക്കിയതും അഭിവൃദ്ധിപ്പെടുത്തിയതും അച്ചടിയാണ്. 17-ാം ശ.-ത്തിലാണ് ഈ വികാസത്തിന്റെ ആരംഭം. മറ്റുരംഗങ്ങളിലുണ്ടായ പുരോഗതിക്കൊത്തു നീങ്ങാന്‍ ഈ വ്യവസായത്തിനു കഴിഞ്ഞു എന്നതു മുദ്രണരംഗത്തെ ബഹുമുഖവികാസങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. നോ: അച്ചടി- മലയാളത്തില്‍, അച്ചുനിര്‍മാണശാല, ബ്ളോക്കുനിര്‍മാണം, ഛായാഗ്രഹണം.

(എം.രാജേന്ദ്രന്‍, ആര്‍.രാമചന്ദ്രന്‍ നായര്‍, പ്രൊഫ. മാത്യു കോശി, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍