This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അങ്കോര്‍തോം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അങ്കോര്‍തോം

Angkor Thom

കംബോഡിയയിലെ ഖ്മെര്‍ രാജാക്കന്‍മാര്‍ നിര്‍മിച്ച നഗരം. അങ്കോര്‍തോം എന്ന വാക്കിന്റെ അര്‍ഥം തലസ്ഥാനനഗരി എന്നാണ്. കംബോഡിയയുടെ മധ്യപ്രദേശത്തിന് വ. ടോണ്‍ലെസാപ് തടാകത്തിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ പ്രാചീനനഗരി എ.ഡി. 12-ാം ശ.-ത്തില്‍ സ്ഥാപിച്ചത് ഖ്മെര്‍ രാജാവായ ജയവര്‍മന്‍ VII ആണെന്നാണ് ചരിത്രകാരന്‍മാരുടെ അഭിപ്രായം. ഈ നഗരത്തിനുസമീപം സ്ഥിതിചെയ്യുന്ന ക്ഷേത്രമായ അങ്കോര്‍വാത് പണികഴിക്കപ്പെട്ടത് സൂര്യവര്‍മന്‍ II-ന്റെ കാലത്താണ്.

അങ്കോര്‍തോമിലെ ബുദ്ധവിഹാരം

ഒരു കാലത്ത് 10 ലക്ഷത്തില്‍പരം ജനങ്ങള്‍ വസിച്ചിരുന്ന ഒരു നഗരമായിരുന്നു ഇത്. നഗരത്തിനുചുറ്റും വലിയ മതില്‍ക്കെട്ടുകളുണ്ട്; മതില്‍ക്കെട്ടുകളിലും നഗരത്തിലെ ക്ഷേത്രഭിത്തികളിലും പ്രാചീനചരിത്രസംഭവങ്ങളെ അനുസ്മരിപ്പിക്കുന്ന ശില്പവേലകളുണ്ട്.

ക്രിസ്ത്വബ്ദാരംഭത്തിന് മുന്‍പുതന്നെ ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍നിന്ന് കംബോഡിയയില്‍ കുടിയേറി പാര്‍ത്തവര്‍ ഹിന്ദുമതവും സംസ്കൃതഭാഷയും അവിടെ പ്രചരിപ്പിച്ചു. കംബോഡിയയുടെ പേരു തന്നെ 'കംബു' (ഹൈന്ദവമതവിഭാഗത്തില്‍പ്പെട്ട ഒരു വര്‍ഗത്തലവന്‍)വില്‍ നിന്നുണ്ടായതാണത്രേ. എ.ഡി. 5-ാം ശ.-ത്തോടുകൂടി ഖ്മെര്‍വര്‍ഗം ഒരു രാഷ്ട്രമായിത്തീര്‍ന്നു. അവരുടെ തലസ്ഥാനനഗരിയായ അങ്കോറിന്റെ നിര്‍മാണം എ.ഡി. 860-ല്‍ ജയവര്‍മന്‍ III ആരംഭിച്ചുവെന്നും 40 കൊല്ലംകൊണ്ട് അതിന്റെ പണി പൂര്‍ത്തിയാക്കിയെന്നും ചില ചരിത്രകാരന്‍മാര്‍ അനുമാനിക്കുന്നു. പിന്നീട് ജയവര്‍മന്‍ VII അങ്കോര്‍വാത് നഗരം സ്ഥാപിച്ചു. ഈ നഗരത്തിന്റെ മധ്യത്തിലുള്ള 'ബെയോണ്‍' ക്ഷേത്രം ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട അനേകം ശില്പങ്ങളാല്‍ അലംകൃതമാണ്.

ഖ്മെര്‍കാരുടെ അധീശാധികാരത്തിന്‍കീഴില്‍ കഴിഞ്ഞിരുന്ന തായ്‍ലന്‍ഡുകാര്‍, എ.ഡി. 14-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി അങ്കോര്‍തോം ആക്രമിച്ചു. ഈ ആക്രമണങ്ങളുടെ ഫലമായി ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം നഗരം ഉപേക്ഷിക്കപ്പെട്ടു. ജനവാസമില്ലാതായിത്തീര്‍ന്ന നഗരം കാടുപിടിച്ച്, പൊതുജനദൃഷ്ടിയില്‍നിന്ന് അപ്രത്യക്ഷമാകുകയും വിസ്മൃതമാകുകയും ചെയ്തു. 1860-ഓടുകൂടി ഫ്രഞ്ച് പ്രകൃതിശാസ്ത്രജ്ഞനായ എ.എച്ച്. മൌഹൊ നഗരാവശിഷ്ടങ്ങള്‍ ടോണ്‍ ലെസാപ് തടാകത്തിന് സമീപമായി കണ്ടെത്തി. കോട്ടകൊത്തളങ്ങളാല്‍ സംരക്ഷിക്കപ്പെട്ട ധാരാളം കൊട്ടാരങ്ങളും ക്ഷേത്രങ്ങളും മൌഹൊ ഈ പ്രദേശത്തു കണ്ടു. ഒരു കാലത്ത് അഭിവൃദ്ധിയില്‍ കഴിഞ്ഞിരുന്ന ഒരു ജനത അവിടെ വസിച്ചിരുന്നുവെന്നതിന് മതിയായ തെളിവുകളുണ്ട്. ഈ നഗരവും അവിടത്തെ സംസ്കാരവും എങ്ങനെ നശിപ്പിക്കപ്പെട്ടുവെന്നതിന് രേഖകളില്ല. ആധുനികകാലത്ത് അങ്കോര്‍തോം ഒരു വിനോദസഞ്ചാരകേന്ദ്രമായി സംരക്ഷിക്കപ്പെട്ടു വരുന്നു.

നോ: അങ്കോര്‍വാത്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍