This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്രിക്കോള, മാര്‍ട്ടിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഗ്രിക്കോള, മാര്‍ട്ടിന്‍ (1500 - 56)

Agricola,Martin

ജര്‍മന്‍ സംഗീതശാസ്ത്രജ്ഞനും ചരിത്രകാരനും. ശരിയായ പേര് മാര്‍ട്ടിന്‍ സോര്‍ എന്നാണ്. അധ്യാപകനായി ജീവിതം ആരംഭിച്ചു. സംഗീതത്തില്‍ അവഗാഹം നേടി. മാര്‍ട്ടിന്‍ ലൂഥറിന്റെ സമകാലികനായിരുന്ന ഇദ്ദേഹം സാഹിത്യത്തില്‍ ലൂഥറിനെപ്പോലെ ഒരു ശൈലീവല്ലഭനായിരുന്നു. മ്യൂസിക്കാ ഇന്‍സ്ട്രുമെന്റാലിസ് ദോയിഷ് (Musica Instrumentalis deutsch) - ജര്‍മന്‍ സംഗീതോപകരണങ്ങള്‍ എന്ന കൃതി ഇതിന് തെളിവാണ്. സംഗീതസംവിധാനത്തെപ്പറ്റിയും ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. അഗ്രിക്കോളയുടെ കൃതികളുടെ മുഖ്യപ്രസാധകന്‍ ഇദ്ദേഹത്തിന്റെ സുഹൃത്തും രക്ഷാധികാരിയുമായിരുന്ന ജിയോഗ്റാമായിരുന്നു. 'ലൂട്ട്' (Lut) എന്ന തന്ത്രിവാദ്യത്തില്‍, നിലവിലുണ്ടായിരുന്നതിനെക്കാള്‍ മെച്ചമായ ചില സ്വരച്ചിട്ടകള്‍ അഗ്രിക്കോള നിര്‍ദേശിച്ചു. സ്വരലേഖനസമ്പ്രദായത്തിലെ പുതിയതും പഴയതുമായ പദ്ധതികളുടെ പ്രയോക്താക്കള്‍ തമ്മില്‍ നിലവിലിരുന്ന അഭിപ്രായഭിന്നതകളെക്കുറിച്ച് ഇദ്ദേഹം എഴുതിയ ലേഖനങ്ങള്‍ രസാവഹങ്ങളാണ്. സ്വരലേഖനത്തില്‍ വന്നിട്ടുള്ള പരിവര്‍ത്തനങ്ങളെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ വളരെ പ്രയോജനപ്പെടും. മാഗ്ഡിബര്‍ഗില്‍വച്ച് 1556 ജൂണ്‍ 10-ന് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍