This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗാധമേഖല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:14, 16 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഗാധമേഖല

Bathyal Zone

വന്‍കരത്തട്ടിനും (continental shelf) അത്യഗാധമായ കടല്‍ത്തട്ടിനും (deep -sea floor) ഇടയിലായി സ്ഥിതിചെയ്യുന്ന സമുദ്രപാരിസ്ഥിതിക മേഖല. ഈ മേഖലയുടെ സ്വഭാവനിര്‍ണയനത്തിന് ആഴവും പ്രകാശവേധനവും (light penetration) ആണ് കണക്കിലെടുക്കുന്നത്. പ്രകാശവേധനം ഭൂപ്രകൃതിയുമായും ജൈവികമായ ഘടകങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. അഗാധമേഖലയുടെ ഉയര്‍ന്ന പരിധി 100-ഉം 300-ഉം മീറ്ററുകള്‍ക്കിടയ്ക്കും താഴ്ന്ന പരിധി 1,000-ഉം 4,000-ഉം മീറ്ററുകള്‍ക്കിടയ്ക്കും സ്ഥിതിചെയ്യുന്നു. ഈ പരിധിനിര്‍ണയം അതാതിടത്തെ വന്‍കരത്തട്ടിന്റെ താഴ്ച, അവിടത്തെ പ്രകാശവേധനം, നീരൊഴുക്ക്, ലവണത, സുതാര്യത മുതലായ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

നിതലസ്ഥലാകൃതിയെ (bottom topography) അടിസ്ഥാനപ്പെടുത്തി നോക്കിയാല്‍ എല്ലാ പ്രധാന സമുദ്രങ്ങളിലെയും അഗാധമേഖല വന്‍കരച്ചരുവിന്റെ (continental slope) താഴ്ചയ്ക്ക് സമമായിക്കിടക്കുന്നതു കാണാം. ഇവിടെ വസിക്കുന്ന പ്ളവകങ്ങളെയും (planktons) തരണുകങ്ങളെയും (Nektons) അഗാധമേഖലാപവര്‍തി ജീവികള്‍ (Bathy pelagic) എന്നു വിളിക്കുന്നു. നിതലജീവികളാവട്ടെ അഗാധനിതലജീവികള്‍ (Bathyal benthos) എന്നാണറിയപ്പെടുന്നത്. ജീവശാസ്ത്രജ്ഞന്‍മാരും ഭൂവിജ്ഞാനികളും ഉപയോഗിക്കുന്ന ഒരു സംജ്ഞയാണ് 'അഗാധമേഖല'. ഇത് ജീവശാസ്ത്രത്തില്‍ പൊതുജൈവസവിശേഷതകള്‍ സൂചിപ്പിക്കുവാനായി ഉപയോഗിക്കുമ്പോള്‍, ഭൂവിജ്ഞാനീയത്തില്‍ ശിലാസവിശേഷതകള്‍ക്കാണ് ഊന്നല്‍ കൊടുക്കുന്നത്.

സവിശേഷതകള്‍. അഗാധമേഖല മിക്കവാറും പ്രകാശരഹിതമാണ്. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ അനുകൂലമായ കാലാവസ്ഥയില്‍ 600 മീ. താഴ്ചയില്‍പോലും നേരിയ പ്രകാശം ഉണ്ടാകാമെങ്കിലും ഉച്ചാക്ഷാംശപ്രദേശങ്ങളില്‍ പ്രകാശവേധനം 50 മീ. വരെയാണ്. അഗാധമേഖലയില്‍ പ്രകാശവേധനം ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ദക്ഷിണായനരേഖയ്ക്കും ഉത്തരായനരേഖയ്ക്കും അടുത്തുകിടക്കുന്ന ചില വരണ്ട പ്രദേശങ്ങളുടെ സമീപത്താണ്. കാലാവസ്ഥാവ്യതിയാനങ്ങള്‍ക്ക് മിക്കവാറും അതീതമായ ഒരു സമുദ്രഭാഗമാണ് അഗാധമേഖല.

മധ്യ-നീചാക്ഷാംശപ്രദേശങ്ങളില്‍ അഗാധമേഖലയിലെ ജലത്തിന്റെ താപനില 15°C-നും 5°C-നും ഇടയിലാണ്. ഉഷ്ണമേഖലയില്‍നിന്നും നീരൊഴുക്ക് ലഭിക്കുന്നതിനാല്‍ ഈ അക്ഷാംശപ്രദേശങ്ങളിലെ വന്‍കരകളുടെ കിഴക്കേ തീരങ്ങളില്‍, പടിഞ്ഞാറന്‍ തീരങ്ങളെ അപേക്ഷിച്ച് താപം കൂടിയിരിക്കും. ഉച്ചാക്ഷാംശപ്രദേശങ്ങളില്‍ അഗാധമേഖലയിലെ താപനില 3°C-നും 1°C-നും ഇടയിലാണ്.

അഗാധമേഖലയിലെ ലവണതയില്‍ വലിയ വ്യതിയാനങ്ങള്‍ കാണാറില്ല; ഇവിടത്തെ ജലപിണ്ഡങ്ങളുടെ (water masses) സ്വഭാവമനുസരിച്ച് അത് 3.4 ശ.മാ.-നും 3.6 ശ.മാ.-നും ഇടയ്ക്ക് വ്യതിചലിക്കുന്നു.

അഗാധമേഖലയിലെ നീരൊഴുക്കുകള്‍ മന്ദവും ഭൂവിക്ഷേപാത്മകവും (geostrophic) ആണ്. മധ്യനീചാക്ഷാംശപ്രദേശങ്ങളില്‍ പലയിടത്തും, 1,000 മീ. താഴ്ചയിലുള്ള ജലം മിക്കവാറും നിശ്ചലമായിരിക്കും. ഇങ്ങനെയുള്ള ഇടങ്ങളില്‍ പ്രാണവായുവും ജീവജാലങ്ങളുടെ ആധിക്യവും കുറയുന്നു. ഉച്ചാക്ഷാംശപ്രദേശങ്ങളില്‍ വന്‍കരച്ചരിവുകളോടുചേര്‍ന്ന് പ്രബലങ്ങളായ പ്രതിപ്രവാഹങ്ങള്‍ (counter currents) കാണാന്‍ കഴിയും. എങ്കിലും ചില ഫ്യോഡ് (fjord) കളിലും ഉപാന്തപ്രദേശങ്ങളിലും പ്രാണവായു നന്നെ കുറയുന്നതും ഹൈഡ്രജന്‍സള്‍ഫൈഡ് വാതകം ധാരാളമായിക്കാണുന്നതും സാധാരണയാണ്.

പ്രതിപ്രവാഹങ്ങളുള്ള ഇടങ്ങളില്‍ ഈ പ്രവാഹങ്ങള്‍ ജലോദ്ഗമനത്തെ (upwelling) സഹായിക്കുന്നതിനാല്‍ ഇവിടങ്ങളില്‍ ത്വരിതഗതിയിലുളള ജൈവപ്രക്രിയ നടക്കുന്നു. ഇത് പ്ളവകങ്ങളുടെ വളര്‍ച്ചയ്ക്കു സഹായകമാവുകയാല്‍ ഈ മേഖലകള്‍ നല്ല മത്സ്യബന്ധനപ്രദേശങ്ങളാണ്. നിതലജീവികളുടെ എണ്ണവും വൈവിധ്യവും ആഴം കൂടുന്തോറും കുറയുന്നതായി ചലഞ്ചര്‍ പര്യവേക്ഷണം (Challenger Expedition, 1872-76) തെളിയിച്ചിട്ടുണ്ട്. ആവശ്യത്തിന് നീരൊഴുക്കുള്ള പ്രദേശങ്ങളില്‍ പ്രധാനമായും അധഃസ്തരത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചാണ് അഗാധനിതലജീവികള്‍ കാണപ്പെടുന്നത്. തുടര്‍ച്ചയായി താഴോട്ട് പതിച്ചുകൊണ്ടിരിക്കുന്ന കൊക്കോലിഥോഫോറുകളും (cocolithophore), ഫൊറാമിനിഫെറകളും (foraminifera) നീചാക്ഷാംശപ്രദേശങ്ങളിലെ അഗാധമേഖലകളിലെ അവസാദങ്ങളില്‍ (sedi-ments) മുഖ്യ ഘടകമായിത്തീരുന്നു. അഗാധമേഖലയില്‍ സസ്യങ്ങളായി പ്രധാനമായും ജീവാണുക്കളെ മാത്രമേ കാണുകയുള്ളു. ചിലേടങ്ങളില്‍ അള്ളിപ്പിടിച്ചുപടരുന്ന പായലുകള്‍ കാണാറുണ്ടെങ്കിലും അവയുടെ ഉപാപചയത്തെ (metabolism) കുറിച്ചുള്ള വിജ്ഞാനം പരിമിതമാണ്.

അഗാധമേഖലയിലെ അവസാദങ്ങളെ മൂന്നു വിഭാഗങ്ങളില്‍ പെടുത്താം.

1. സിന്ധുപങ്കം (Ooze). ഇതിന്റെ ഉത്പാദനത്തെ സഹായിക്കുന്നത് തുടര്‍ച്ചയായി താഴോട്ട് പതിച്ചുകൊണ്ടിരിക്കുന്ന കൊക്കോലിഥോഫോറുകളുടെയും മറ്റു പ്ളവകങ്ങളുടെയും കവചങ്ങളാണ്;

2. സ്വയം നിര്‍മിതാവസാദങ്ങള്‍ (Authigenice sediments). സമുദ്രജലവും കടല്‍ത്തട്ടിലുള്ള മറ്റു വസ്തുക്കളും തമ്മിലുള്ള രാസസംയോജനത്തിന്റെ ഫലമായി ഉണ്ടാവുന്ന ഇവയെ പൊതുവായി പച്ചച്ചെളി (Green mud) എന്നുവിളിക്കുന്നു. ഫോസ്ഫോറൈറ്റ് (phosphorate), ഫെറോമാംഗനീസ് പര്‍വകങ്ങള്‍ (ferromanganese nodules), കാല്‍സൈറ്റ് (calcite), ജിപ്സം (gybsum) മുതലായവ ഇങ്ങനെയാണുണ്ടാകുന്നത്.

3. സ്ഥലജനിതാവസാദങ്ങള്‍ (Terrigenous deposits). കളിമണ്ണും (clay) എക്കലും (silt) കൊണ്ടു നിര്‍മിതമായ ഇത്തരം അവസാദങ്ങള്‍ നീലച്ചെളി (blue mud) എന്നറിയപ്പെടുന്നു. ഇതില്‍ സാധാരണയായി ധാരാളം ജൈവാവശേഷങ്ങള്‍ (oranic debris) കാണാം. അതിനാല്‍ ഇത്തരം അവസാദങ്ങളുടെ മുകളിലെ അടുക്ക് ഓക്സീകരണത്തിനു (oxidisation) വിധേയമായി ഏതാനും സെ.മീ. താഴ്ചവരെ ചുവപ്പുകലര്‍ന്ന തവിട്ടുനിറം പ്രാപിക്കാറുണ്ട്. ഹിമനദീയ (glacial) വസ്തുക്കളും അഗ്നിപര്‍വതങ്ങളില്‍നിന്നുള്ള ചാരവും (volcanic ash) പവിഴപ്പുറ്റുകളില്‍നിന്നുള്ള ചെളിയും മണലും ഇത്തരം അവസാദങ്ങളുടെ ഭാഗമായിത്തീരുന്നു. സൂക്ഷ്മകണികകളാകയാല്‍ സ്ഥലജനിതാവസാദങ്ങള്‍ വന്‍കരത്തട്ടില്‍ അടിഞ്ഞുകൂടാതെ നീരൊഴുക്കുകളുടെയും മറ്റും സഹായത്താല്‍ വന്‍കരച്ചരിവിനും താഴെയെത്തുന്നു.

(ഡോ. സി.വി. കുര്യന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍