This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗസ്റ്റസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഗസ്റ്റസ് (ബി.സി. 63 - എ.ഡി. 14)

Augustus

റോമന്‍ ചക്രവര്‍ത്തി. യഥാര്‍ഥനാമം ഗയസ് ജൂലിയസ് സീസര്‍ ഒക്ടേവിയാനസ് (ഇംഗ്ളീഷില്‍ ഒക്ടേവിയന്‍). ബി.സി. 27-ല്‍ റോമന്‍ സെനറ്റ്, ഒക്ടേവിയന് അഗസ്റ്റസ് എന്ന സ്ഥാനപ്പേരു നല്‍കി.

റോമിലെ ലാറ്റിയത്തില്‍ ബി.സി. 63 സെപ്. 23-ന്, ഗയസ് ഒക്ടേവിയസ്സിന്റെയും ആറ്റിയയുടെയും (ജൂലിയസ് സീസറിന്റെ സഹോദരി ജൂലിയയുടെ പുത്രി) പുത്രനായി ജനിച്ചു. നാലാമത്തെ വയസ്സില്‍ ഇദ്ദേഹത്തിന്റെ പിതാവു മരിച്ചു. മാതാവിന്റെയും അവരുടെ രണ്ടാമത്തെ ഭര്‍ത്താവായ ലൂഷിയസ് മാഴ്സിയസ് ഫിലിപ്പസിന്റെയും സംരക്ഷണയിലാണ് ഇദ്ദേഹം വളര്‍ന്നത്. ജൂലിയസ് സീസര്‍ തന്റെ ആഫ്രിക്കന്‍ വിജയങ്ങള്‍ക്കുശേഷം അഗസ്റ്റസിന് സൈനിക ബഹുമതി നല്‍കുകയും സ്പാനിഷ് ആക്രമണവേളയില്‍ (ബി.സി. 45) അതില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. താമസിയാതെ ഒക്ടേവിയനെ അദ്ദേഹം പ്രഭുപദവി (Patrician) യിലേക്കുയര്‍ത്തുകയും തന്റെ ദത്തുപുത്രനായി സ്വീകരിക്കുകയും സ്വത്തിന്റെ അവകാശിയാക്കുകയും ചെയ്തു.

ഗ്രീസിലെ അപ്പോളോണിയ നഗരത്തിലെ വിശ്വവിദ്യാലയത്തില്‍ അഗസ്റ്റസ് അധ്യയനം നടത്തികൊണ്ടിരിക്കുമ്പോഴാണ്, ജൂലിയസ് സീസറിന്റെ വധം (ബി.സി. 44 മാ. 15) നടന്നത്. അനന്തരാവകാശിയായ അഗസ്റ്റസ് ഇറ്റലിയില്‍ മടങ്ങിയെത്തി. അധികാരമോഹികളായ കക്ഷികളുടെ കര്‍ക്കശ മത്സരരംഗമായിരുന്നു അന്നത്തെ റോം. സീസറിനെ വധിച്ച ഉപജാപകര്‍ നയിച്ചിരുന്ന റിപ്പബ്ളിക്കന്‍ കക്ഷി ഒരു വശത്ത്; സീസറുടെ വധത്തിനു പ്രതികാരം ചെയ്ത് അതിന്റെ തണലില്‍ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാന്‍ ആഗ്രഹിച്ചിരുന്ന മാര്‍ക്ക് ആന്റണിയുടെയും മാര്‍ക്കസ് അമീലിയസ് ലെപ്പിഡസിന്റെയും അനുയായികള്‍ മറുവശത്ത്. മാര്‍ക്ക് ആന്റണി ഇതിനകം സീസറുടെ സ്വത്തുക്കളും മറ്റു പ്രമാണപത്രങ്ങളും കൈവശപ്പെടുത്തിക്കഴിഞ്ഞിരുന്നു. തന്റെ അവകാശം സ്ഥാപിക്കാന്‍ കടന്നുചെന്ന അഗസ്റ്റസ്, രാജ്യതന്ത്രജ്ഞനായിരുന്ന മാര്‍ക്കസ് റ്റുള്ളിയസ് സിസറോയുടെ മൈത്രി സമ്പാദിച്ചു. ആന്റണിയെ എതിര്‍ത്തു തോല്പിക്കുവാനുളള ഒരു കരുവായി അഗസ്റ്റസിനെ സിസറോ ഉപയോഗിച്ചു. പിന്നീട് അഗസ്റ്റസിനെയും പുറന്തള്ളാമെന്നായിരുന്നു സിസറോയുടെ കണക്കുകൂട്ടല്‍. റോമിലെത്തിയ അഗസ്റ്റസിനെ അവിടത്തെ പൗരന്‍മാരും ഉദ്യോഗസ്ഥന്‍മാരും സ്വീകരിച്ചു. സ്വന്തം സ്വാധീനശക്തി പുഷ്ടിപ്പെടുത്തിക്കൊണ്ട് സീസറിന്റെ ആസ്തികള്‍ കൈവശം വച്ചിരുന്ന മാര്‍ക്ക് ആന്റണിയില്‍നിന്ന് അവ തിരിച്ചു വാങ്ങുന്ന ദുഷ്കര കൃത്യത്തില്‍ വിജയിച്ചപ്പോള്‍ അഗസ്റ്റസ് റോമിലെ അധികാര വര്‍ഗത്തില്‍ ഗണനീയനായി ഉയര്‍ന്നു കഴിഞ്ഞു. മാര്‍ക്ക് ആന്റണിയും ലെപ്പിഡസും അഗസ്റ്റസും പരസ്പരം വിശ്വസിച്ചിരുന്നില്ലെന്നു മാത്രമല്ല അന്യോന്യം അസൂയാലുക്കളും ആയിരുന്നു. സീസറിന്റെ പടയാളികളുടെ സമ്മര്‍ദവും അഗസ്റ്റസിന്റെ നയോപായങ്ങളും റോമിലെ കലാപങ്ങളെ അമര്‍ച്ചചെയ്ത് ഉറച്ച ഭരണസംവിധാനമുണ്ടാക്കുന്നതിന് സഹായകമായ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിച്ചു. ബി.സി. 43 ന. 27-ന് ഇവര്‍ മൂവരും ബൊളോണിയായില്‍ സമ്മേളിച്ച് ആദ്യത്തെ റോമന്‍ ത്രിനായകഭരണം (Triumvirate) അഞ്ചു കൊല്ലത്തേക്കു രൂപവത്കരിച്ചു.

ത്രിനായകത്വം. ഈ ത്രിനായകഭരണത്തിന്റെ പ്രഥമകൃത്യം റിപ്പബ്ളിക്കന്‍ നേതാക്കന്‍മാരെ രാജ്യദ്രോഹികളായി മുദ്രകുത്തി നശിപ്പിക്കുകയായിരുന്നു. അഗസ്റ്റസും ആന്റണിയും മാസിഡോണിയായിലെത്തി ബ്രൂട്ടസ്സിനെ ഫിലിപ്പി യുദ്ധത്തില്‍ (ബി.സി. 42) തോല്പിച്ചു. അനന്തരം ആന്റണി സാമ്രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളുടെ അധിപനായി. ഇറ്റലിയിലെത്തിയ അഗസ്റ്റസ് താന്‍ പിടിച്ചെടുത്ത ഭൂവിഭാഗങ്ങള്‍ സൈനികര്‍ക്കു പങ്കിട്ടുകൊടുത്തു. ലൂഷിയസ് അന്റോണിയസ്സിന്റെ നേതൃത്വത്തില്‍ നടന്ന ഒരു വിപ്ലവം ഇദ്ദേഹം അടിച്ചമര്‍ത്തി. ബി.സി. 40-ലെ ഒരു ഒത്തുതീര്‍പ്പനുസരിച്ച് ആന്റണി കിഴക്കന്‍ രാജ്യവിഭാഗങ്ങളും കൈയടക്കി; പടിഞ്ഞാറുള്ളവ അഗസ്റ്റസിനും ലഭിച്ചു; ആഫ്രിക്കന്‍ രാജ്യവിഭാഗങ്ങള്‍ ലെപ്പിഡസ്സിനു വിട്ടുകൊടുത്തു. ആന്റണി അഗസ്റ്റസിന്റെ സഹോദരിയെ (ഒക്ടേവിയ) വിവാഹം കഴിച്ച് സുഹൃദ്ബന്ധം ബലപ്പെടുത്തി. മിസേനം എന്ന സ്ഥലത്തുവച്ച് ആന്റണിയും സെക്സ്റ്റസ് പോംപിയസ്സും തമ്മിലുണ്ടാക്കിയ കരാറനുസരിച്ച് ത്രിനായകഭരണം സെക്സ്റ്റസ് പോംപിയസ്സിനെ സിസിലി, സാര്‍ഡീനിയ, കോഴ്സിക്ക എന്നിവിടങ്ങളിലെ ഭരണാധികാരിയായി അംഗീകരിച്ചു; പക്ഷേ സെക്സ്റ്റസ് വ്യവസ്ഥകള്‍ ലംഘിച്ചു. അതേ തുടര്‍ന്ന് അഗസ്റ്റസും ആന്റണിയും തമ്മിലുണ്ടായ ഉരസലുകള്‍ ഒക്ടേവിയ ഇടപെട്ട് പരിഹരിക്കുകയുണ്ടായി.

ത്രിനായക ഭരണസംവിധാനം അടുത്ത അഞ്ചുകൊല്ലത്തേക്കുകൂടി ദീര്‍ഘിപ്പിച്ചു. അഗസ്റ്റസും ലെപ്പിഡസ്സും ഒന്നിച്ച് സിസിലി ആക്രമിക്കുകയുണ്ടായി (ബി.സി. 36). ഇതില്‍ ആദ്യം അഗസ്റ്റസ് പരാജയപ്പെട്ടെങ്കിലും ഇദ്ദേഹത്തിന്റെ സേനാധിപനായിരുന്ന അഗ്രിപ്പ സെക്സ്റ്റസിനെ തുരത്തി; ലെപ്പിഡസ്സ് സ്വന്തം സേനാവിഭാഗത്താല്‍ പരിത്യക്തനായി.

റോമില്‍ മടങ്ങിയെത്തിയ അഗസ്റ്റസ് യുദ്ധവിജയം ആഘോഷിച്ചു. കിഴക്കന്‍ പ്രദേശങ്ങളുടെ അധിപനായ ആന്റണിയും പടിഞ്ഞാറന്‍ പ്രദേശങ്ങളുടെ അധിപനായിത്തീര്‍ന്ന അഗസ്റ്റസും തമ്മിലുള്ള മത്സരം അനിവാര്യമായിരുന്നു. റോമില്‍ അഗസ്റ്റസിന്റെ സ്വാധീനതയും പ്രസിദ്ധിയും വളര്‍ന്നു. സെക്സ്റ്റസിന്റെ മേലുള്ള വിജയവും അഗ്രിപ്പയുടെ ഭരണനയങ്ങളും അതിന് സഹായകമായിത്തീര്‍ന്നു. ബി.സി. 35-33 കാലങ്ങളില്‍ അഗസ്റ്റസ് ഇല്ലീറിയാ (ഡാല്‍മേഷിയ) ആക്രമിച്ചു. പാര്‍ത്തിയന്‍മാരുമായുള്ള യുദ്ധത്തിലെ പരാജയവും ഈജിപ്തിലെ ക്ളിയോപാട്രയുമായുള്ള ബന്ധവും ആന്റണിയുടെ പതനത്തിനുവഴിതെളിച്ചു. ഈ സാഹചര്യങ്ങളില്‍ അഗസ്റ്റസിന് റോമിന്റെ അധിനായകനാകാനും ക്ലിയോപാട്രയ്ക്കും കാമുകനായ ആന്റണിക്കും എതിരായി നീങ്ങാനും ഉള്ള അവസരം കൈവരികയും ചെയ്തു.

ബി.സി. 32-ല്‍ രണ്ടാമത്തെ ത്രിനായകത്വത്തിന്റെ അഞ്ചുവര്‍ഷകാലാവധി അവസാനിച്ചപ്പോള്‍ അഗസ്റ്റസ് അധികാരങ്ങള്‍ വച്ചൊഴിയാന്‍ ആന്റണിയോടാവശ്യപ്പെട്ടു. ക്ലിയോപാട്രയില്‍ തനിക്കു ജനിച്ച സന്താനങ്ങളെ അനന്തരാവകാശികളാക്കുന്ന ആന്റണിയുടെ ഒസ്യത്ത് പരസ്യപ്പെടുത്തി റോമാക്കാര്‍ക്ക് അദ്ദേഹത്തോടുള്ള വെറുപ്പ് ആളിക്കത്തിക്കുവാന്‍ അഗസ്റ്റസിനു കഴിഞ്ഞു. റോമന്‍ ജനത അഗസ്റ്റസിന്റെ പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്നു. ബി.സി. 31-ല്‍ ക്ലിയോപാട്രയ്ക്കെതിരായി ഇദ്ദേഹം യുദ്ധം പ്രഖ്യാപിക്കുകയും 31 സെപ്. 2-ന് ആക്റ്റിയം എന്ന സ്ഥലത്തുവച്ച് നടന്ന യുദ്ധത്തില്‍ ആന്റണിയുടെയും ക്ലിയോപാട്രയുടെയും സേനയെ നിശ്ശേഷം പരാജയപ്പെടുത്തുകയും ചെയ്തു. ഈജിപ്തില്‍ മടങ്ങിയെത്തിയ ആന്റണിയും ക്ലിയോപാട്രയും ആത്മഹത്യചെയ്തു (ബി.സി. 30 ആഗ. 1). അഗസ്റ്റസിന് ഈജിപ്ത് കീഴടക്കാന്‍ സാധിച്ചതിനു പുറമേ ധാരാളം സമ്പത്തും ലഭിക്കുകയുണ്ടായി. അടുത്തവര്‍ഷം റോമില്‍ മടങ്ങിയെത്തിയ അഗസ്റ്റസ് തന്റെ യുദ്ധവിജയങ്ങള്‍ ആഘോഷിച്ചു. ഈ വിജയങ്ങളോടുകൂടി ഇദ്ദേഹത്തിന്റെ സ്ഥാനം സുരക്ഷിതമായിത്തീര്‍ന്നു.

അഗസ്ററസ് (ശില്പം)

കോണ്‍സല്‍. ബി.സി. 31 മുതല്‍ അഗസ്റ്റസ് തുടര്‍ച്ചയായി 'കോണ്‍സലായി' തെരഞ്ഞെടുക്കപ്പെട്ടു വന്നു. ത്രിനായകഭരണകാലത്തെ പല നിയമങ്ങളും ഇദ്ദേഹം അസാധുവാക്കുകയും ഒരു സെന്‍സസിനുശേഷം സെനറ്റില്‍നിന്നു ചിലരെ പുറന്തള്ളുകയും ചെയ്തു. ബി.സി. 27 ജനു. 13-ന് തന്റെ പല അധികാരങ്ങളും ഇദ്ദേഹം സ്വമേധയാ ഒഴിയാന്‍ തയ്യാറായി. രണ്ടു കോണ്‍സല്‍മാരില്‍ ഒരാളെന്ന പദവി മാത്രംകൊണ്ട് തൃപ്തിപ്പെടാന്‍ സന്നദ്ധനായ ചക്രവര്‍ത്തിക്ക്, സെനറ്റ് നന്ദിസൂചകമായി 'മഹാന്‍', 'അഭിവന്ദ്യന്‍' എന്നീ അര്‍ഥങ്ങളുള്ള അഗസ്റ്റസ് എന്ന സ്ഥാനപ്പേരു നല്കി ബഹുമാനിച്ചു. കലാപപ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനു വേണ്ട അധികാരങ്ങളും സെനറ്റ് ഇദ്ദേഹത്തിനു നല്കുകയുണ്ടായി.

റിപ്പബ്ലിക്കന്‍ ഭരണസംവിധാനം വേണ്ട മാറ്റങ്ങളോടെ പുനഃസ്ഥാപിക്കപ്പെട്ടു. ബി.സി. 27, 26, 25 എന്നീ വര്‍ഷങ്ങളില്‍ അഗസ്റ്റസ് സാമ്രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ സഞ്ചരിച്ച് നിയമസമാധാനം നിലനിര്‍ത്താന്‍ ശ്രമിച്ചു. എല്ലാവര്‍ഷവും കോണ്‍സല്‍ സ്ഥാനത്തേക്ക് അഗസ്റ്റസ് തെരഞ്ഞെടുക്കപ്പെടുന്നത് ഒരു വിഭാഗത്തിന് അതൃപ്തി ഉളവാക്കിയിരുന്നു. അഗസ്റ്റസിനെ വധിക്കാനുള്ള ശ്രമം തന്നെ നടക്കുകയുണ്ടായി. തന്‍മൂലം കോണ്‍സല്‍ സ്ഥാനം ബി.സി. 23 ജൂല. 1-ന് ഒഴിഞ്ഞു. രണ്ടു പ്രാവശ്യം മാത്രമേ (ബി.സി. 5-ഉം, 2-ഉം) പിന്നീട് ഈ സ്ഥാനം ഇദ്ദേഹം വഹിച്ചിരുന്നുള്ളു. പ്രോ കോണ്‍സലായി തുടര്‍ന്ന ഇദ്ദേഹത്തിന് കോണ്‍സല്‍ സ്ഥാനം ത്യജിച്ചതിന് പകരമായി മറ്റു ചില അവകാശങ്ങള്‍ സെനറ്റ് അനുവദിച്ചുകൊടുത്തു. ബി.സി. 22-ല്‍ ഇദ്ദേഹം സാമ്രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യകളില്‍ പര്യടനത്തിനായി പുറപ്പെട്ടു. 19-ല്‍ മാത്രമാണ് ഇദ്ദേഹം റോമില്‍ മടങ്ങിയെത്തിയത്. റോമന്‍ ജനത ഇദ്ദേഹത്തിന് ഏകാധിപത്യസ്ഥാനം ഉള്‍പ്പെടെയുള്ള കൂടുതല്‍ അധികാരങ്ങള്‍ നല്കാന്‍ തയ്യാറായി. സെനറ്റിനു ഭരിക്കാനുളള സൗകര്യം നല്കി, ഇദ്ദേഹം തനിക്കനുവദിച്ചിരുന്ന പ്രവിശ്യാഭരണകര്‍തൃത്വത്തിലേക്കു മടങ്ങിപ്പോകുമെന്ന് അവര്‍ കരുതി. റിപ്പബ്ളിക്കന്‍മാരും വിട്ടുവീഴ്ചക്കു തയ്യാറായിരുന്നു. യുദ്ധവും സമാധാനവും നിയന്ത്രിക്കാനുള്ള അധികാരങ്ങളോടുകൂടിയ സര്‍വസൈന്യാധിപന്‍ (ഇമ്പരത്തോര്‍), സദാചാരനിയന്താവ് (സെന്‍സര്‍), പരമോന്നത പുരോഹിതന്‍ (പോണ്ടിഫക്സ് മാക്സിമസ്) തുടങ്ങിയ സമുന്നത സ്ഥാനങ്ങളെല്ലാം അഗസ്റ്റസിനു ലഭിച്ചു. ബി.സി. 2-ല്‍ 'രാഷ്ട്രപിതാവ്' (Parter Patriae) എന്ന സ്ഥാനവും ഇദ്ദേഹത്തിനു നല്കപ്പെട്ടു. അത്ര ദൃഢമായിരുന്നു റോമാപൌരന്‍മാര്‍ക്ക് ഇദ്ദേഹത്തിലുള്ള വിശ്വാസവും ഭക്തിയും. അനുവദിക്കപ്പെട്ടിരുന്ന പ്രവിശ്യയുടെ അവകാശം ഇദ്ദേഹത്തിന്റെ മരണം വരെ കാലാകാലങ്ങളില്‍ പുതുക്കി നല്കിവന്നു.

സാംസ്കാരികപ്രവര്‍ത്തനങ്ങള്‍. സാമൂഹികവും ധാര്‍മികവും മതപരവുമായ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തി റോമന്‍ജനതയെ സാംസ്കാരികമായി പുരോഗമിപ്പിക്കുന്നതിലും അഗസ്റ്റസ് ശ്രദ്ധിച്ചിരുന്നു. വിവാഹബന്ധങ്ങളുടെ പരിശുദ്ധി സംരക്ഷിക്കാന്‍ പോരുന്ന നിയമങ്ങള്‍ക്കു ഇദ്ദേഹം രൂപം നല്‍കി. അവിവാഹിതര്‍ക്കും സന്താനരഹിതര്‍ക്കും പിഴ ചുമത്തുകയും, ധാരാളം സന്താനങ്ങളുള്ളവര്‍ക്കു ചില പാരിതോഷികങ്ങള്‍ അനുവദിക്കുകയും ചെയ്തു. മതസംവിധാനം ആകപ്പാടെ പരിഷ്കരിച്ചു. ആരാധനാ സമ്പ്രദായങ്ങളില്‍ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തി. റോമിനും അഗസ്റ്റസിനും മാത്രം അര്‍പ്പിക്കപ്പെട്ട ആരാധനാ കേന്ദ്രങ്ങളുണ്ടാക്കാന്‍ ഇദ്ദേഹം നിഷ്കര്‍ഷിച്ചു.

കല, സാഹിത്യം ആദിയായവയും പ്രോത്സാഹിപ്പിക്കപ്പെട്ടു. ഇഷ്ടികയില്‍ നിര്‍മിതമായ റോമാനഗരിയില്‍ പ്രവേശിച്ച അഗസ്റ്റസ് അവശേഷിപ്പിച്ചത് മാര്‍ബിളിലുള്ള നഗരത്തെയാണ്, എന്ന് ചൊല്ലുണ്ട്. അഗസ്റ്റസ് കവികളെ പ്രോല്‍സാഹിപ്പിക്കുകയും അവരില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നതില്‍ വിജയിക്കുകയും ചെയ്തു.

അഗസ്റ്റസിന്റെ സ്വകാര്യജീവിതം സന്തുഷ്ടമായിരുന്നില്ല. മൂന്നു തവണ ഇദ്ദേഹം വിവാഹിതനായിട്ടുണ്ടെന്ന് പറയപ്പെടുന്നു. ആദ്യ ഭാര്യയായിരുന്ന സ്ക്രിബോണിയായില്‍ ഇദ്ദേഹത്തിന് ജൂലിയ എന്ന പുത്രി ജനിച്ചു. അവരെ ബി.സി. 38-ല്‍ ഇദ്ദേഹം ഉപേക്ഷിച്ചു. പിന്നീട് ലിവിയ ഡ്രുസിലയെ വിവാഹം കഴിച്ചു; ഈ ബന്ധത്തില്‍ സന്താനങ്ങളുണ്ടായില്ല. സഹോദരിയായ ഒക്ടേവിയയുടെ പുത്രനായിരുന്ന മാര്‍കസ് ക്ളോഡിയസ് മാഴ്സലസ് ആയിരുന്നു അടുത്ത അനന്തരാവകാശി. ലിവിയയ്ക്ക് അവരുടെ ആദ്യഭര്‍ത്താവില്‍ ജനിച്ച ടൈബീരിയസ്സും നീറോയും അഗസ്റ്റസിന്റെ കൊട്ടാരത്തിലാണ് വളര്‍ന്നത്. പുത്രിയായ ജൂലിയയെ മാഴ്സലസിനെ(സഹോദരീപുത്രന്‍)ക്കൊണ്ടു വിവാഹം കഴിപ്പിച്ചു. മാഴ്സലസ് മരിച്ചപ്പോള്‍ അവളെ അഗ്രിപ്പയ്ക്കു വിവാഹം കഴിച്ചുകൊടുത്തു. അവര്‍ക്കുണ്ടായ സന്താനങ്ങളാണ് ഗയസ്സും ലൂഷ്യസ് സീസറും. അവരെ രണ്ടുപേരെയും ദത്തുപുത്രന്‍മാരായി അഗസ്റ്റസ് അംഗീകരിച്ചിരുന്നു. അഗസ്റ്റസിന്റെ മരണാനന്തരം അഗ്രിപ്പ ഭരണാധികാരമേറ്റെടുത്താലും പിന്നീടു തന്റെ ദത്തുപുത്രന്‍മാര്‍ പിന്‍തുടര്‍ച്ചാവകാശികളാകുമെന്ന് അഗസ്റ്റസ് കരുതി. അഗ്രിപ്പ മരിച്ചപ്പോള്‍ അദ്ദേഹം വഹിച്ചിരുന്ന സ്ഥാനം ടൈബീരിയസിന് (ലിവിയയ്ക്കു ആദ്യവിവാഹത്തിലുണ്ടായ പുത്രന്‍) നല്‍കി. അയാളുടെ ഭാര്യയെ നിര്‍ബന്ധിച്ച് ഉപേക്ഷിപ്പിച്ചശേഷം, ജൂലിയായെ (അഗസ്റ്റസിന്റെ ഏകപുത്രി) വിവാഹം കഴിച്ചുകൊടുത്തു. ലൂഷ്യസിന്റെയും ഗയസിന്റെയും ആജ്ഞാനുവര്‍ത്തിയായിരിക്കാന്‍ ടൈബീരിയസ് ഇഷ്ടപ്പെട്ടിരുന്നില്ല. അഗസ്റ്റസിന്റെ രണ്ടു ദത്തുപുത്രന്‍മാരും നിര്യാതരായപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമില്ലാതിരുന്ന ടൈബീരിയസിനെ അനന്തരാവകാശിയായി അംഗീകരിക്കേണ്ടിവന്നു.

നാല്പത്തിയൊന്നുവര്‍ഷത്തെ ഭരണത്തിനുശേഷം 77-ാമത്തെ വയസ്സില്‍ റോമിനടുത്തുള്ള കമ്പാനിയായിലെ നോളയില്‍വച്ച് എ.ഡി. 14 ആഗ. 19-ന് അഗസ്റ്റസ് നിര്യാതനായി. മരണാനന്തരം റോമാക്കാര്‍ ഇദ്ദേഹത്തില്‍ ദിവ്യത്വം ആരോപിച്ചു; ഇദ്ദേഹത്തെ ആരാധിക്കാനായി അനവധി ആലയങ്ങള്‍ നിര്‍മിച്ചു. യേശുക്രിസ്തുവിന്റെ ജനനം അഗസ്റ്റസിന്റെ കാലത്താണ് നടന്നത്.

നോ: ആന്റണി, മാര്‍ക്; റോമാസാമ്രാജ്യം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍