This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഖിലേന്ത്യാ പത്രാധിപ സംഘടന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഖിലേന്ത്യാ പത്രാധിപ സംഘടന

ഇന്ത്യയിലെ ന്യൂസ്പേപ്പര്‍ ഉടമകളുടെ സംഘടന. 1927 -ല്‍ ഇന്ത്യ, ബര്‍മ(മ്യാന്‍മര്‍), സിലോണ്‍(ശ്രീലങ്ക) എന്നീ രാജ്യങ്ങളിലെ പത്രമുടമകള്‍ ചേര്‍ന്ന് ലണ്ടന്‍ ആസ്ഥാനമാക്കി ആരംഭിച്ച ഈ സ്ഥാപനം 1935 -ല്‍ ഇന്ത്യന്‍ ആന്‍ഡ് ഈസ്റ്റേണ്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (IENS) ആയി പുനഃസംഘടിപ്പിക്കപ്പെട്ടു. ഒരു പത്രം പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ച നിര്‍മാണപരമായ കാര്യങ്ങള്‍ ദ്രുതഗതിയിലും ഫലപ്രദമായും നിര്‍വഹിക്കുന്നതിന് കൂട്ടായി തീരുമാനമെടുത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള ഒരു കേന്ദ്ര സംഘടനയായിട്ടാണ് ഇത് രൂപകല്പനചെയ്യപ്പെട്ടിരിക്കുന്നത്. ന്യൂഡല്‍ഹിയിലെ സ്റ്റേറ്റ്സ് മാന്‍ ഹൗസില്‍ അന്നത്തെ സ്റ്റേറ്റ്സ്‍മാന്‍ എഡിറ്റര്‍ ആര്‍തര്‍ മൂറിന്റെ അധ്യക്ഷതയില്‍ 1939 ഫെ. 27-ന് സംഘടനയുടെ ഉദ്ഘാടനം നടന്നു. അന്ന് 14 പ്രമുഖ ഇംഗ്ളീഷ് പത്രങ്ങളുടെ ഉടമകള്‍ ഇതില്‍ സംബന്ധിച്ചിരുന്നു. സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ 1947-ല്‍ 11 അംഗങ്ങളുണ്ടായിരുന്നെങ്കിലും അംഗസംഖ്യ വര്‍ധിച്ചതോടെ ഇതിന്റെ എണ്ണവും പുതുക്കി. ഇന്ന് കുറഞ്ഞത് പതിനഞ്ചും കൂടിയത് അന്‍പതും ആയി ഇത് നിശ്ചയിച്ചിട്ടുണ്ട്. 1947-ല്‍ ബോംബെയിലും മഹാരാഷ്ട്രയിലും കര്‍ണാടകയിലും സൊസൈറ്റിയുടെ പ്രാദേശിക കമ്മിറ്റികള്‍ നിലവില്‍ വന്നു. ഇപ്പോള്‍ ഈ സംഘടനയ്ക്ക് 14 പ്രാദേശിക കമ്മിറ്റികളുണ്ട്. ഇതിനു പുറമേ പരസ്യം, ന്യൂസ് പ്രിന്റ്, ബില്‍ഡിംഗ് ഫിനാന്‍സ്, വ്യാവസായിക ബന്ധവും നിയമകാര്യങ്ങളും പത്രസ്വാതന്ത്ര്യം, ടെക് നോളജിയും ആധുനികവല്‍ക്കരണവും, പരസ്യദാതാക്കളുമായി കൂടിയാലോചന നടത്തല്‍, പ്രസ്സ്, പീരിയോഡിക്കല്‍സ്, പ്രോജക്റ്റുകള്‍, ഇവന്റ്സ്, ചെറുകിട-മീഡിയം പത്രങ്ങള്‍ എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വെവ്വേറെ കമ്മിറ്റികളെയും നിയോഗിച്ചിട്ടുണ്ട്. 1988 ജനു.-യില്‍ സംഘടനയുടെ പേരില്‍ നിന്നും 'ഈസ്റ്റേണ്‍' ഒഴിവാക്കുകയും സംഘടനയുടെ നാമം 'ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി' എന്നാക്കി പരിഷ്കരിക്കുകയും ചെയ്തു. 1999-2000-ല്‍ സൊസൈറ്റിയിലെ അംഗസംഖ്യ 709 ആയിരുന്നു.

തുടക്കത്തില്‍ സൊസൈറ്റി കാര്യദര്‍ശിയുടെ പേര് സെക്രട്ടറി എന്നായിരുന്നെങ്കിലും 1997-ല്‍ സെക്രട്ടറി ജനറല്‍ എന്ന് ഭേദഗതി ചെയ്തു. മാസിക, വാരിക തുടങ്ങിയ ആനുകാലികങ്ങളുടെ ഉടമകള്‍ക്കും ഇതില്‍ അംഗമാകാം. 1938-ല്‍ ലണ്ടനിലെ റോയിട്ടര്‍ ന്യൂസ് ഏജന്‍സി 'എ' വിഭാഗം പത്രങ്ങള്‍ക്ക് ന്യൂസ് സര്‍വീസ് നല്കിപ്പോന്നിരുന്നു. പിന്നീട് റോയിട്ടറിന്റെ ഭരണവ്യവസ്ഥകളില്‍ മാറ്റം വന്നതോടെ ഈ സേവനം 'അസോസിയേറ്റഡ് പ്രസ് ഒഫ് ഇന്ത്യ' (API) ഏറ്റെടുത്തു. തുടര്‍ന്ന് 1946-ല്‍ 'പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യ' (PTI) എന്ന പേരില്‍ ഒരു സ്വതന്ത്രകമ്പനി ആരംഭിക്കാനും അതിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ നിശ്ചയിക്കാനും സൊസൈറ്റി തീരുമാനിച്ചു. പരസ്യ ഏജന്‍സികള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ സൊസൈറ്റി നിര്‍ണയിക്കുകയും അവര്‍ക്ക് അനുവദിക്കേണ്ട കമ്മിഷന്‍ നിരക്കുകള്‍ക്ക് വ്യവസ്ഥ ഉണ്ടാക്കുകയും ചെയ്തു. അക്രഡിറ്റഡ് പരസ്യ ഏജന്‍സികള്‍ നല്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ക്ക് കമ്മിഷന്‍ കഴിച്ചുള്ള തുക കൃത്യമായി നല്‍കുന്നുണ്ടോ എന്ന് എല്ലാ മാസവും പരിശോധിക്കാനായി പ്രത്യേകം റിവ്യൂ കമ്മിറ്റികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ന്യായമായ വിലയ്ക്ക് ന്യൂസ് പ്രിന്റ് പത്രങ്ങള്‍ക്ക് കൃത്യമായി ലഭ്യമാക്കുക എന്ന പ്രധാനപ്പെട്ട ചുമതലയും സൊസൈറ്റിയില്‍ നിക്ഷിപ്തമാണ്. ന്യൂസ് പ്രിന്റിന്റെ ഇറക്കുമതിക്കാര്യത്തില്‍ പത്രമുടമകള്‍ നേരിടേണ്ടിവന്ന പല തടസ്സങ്ങളും ബുദ്ധിമുട്ടുകളും പരിഗണിച്ച് 1995 മേയ് മുതല്‍ ഈ ഉത്പന്നം ഓപ്പണ്‍ ജനറല്‍ ലൈസന്‍സിന്റെ പരിധിയില്‍ സര്‍ക്കാര്‍ കൊണ്ടുവരികയും യഥാര്‍ഥ ഉപഭോക്താവിന് അത് ഇറക്കുമതി ചെയ്യാന്‍ അനുവാദം നല്കുകയും ചെയ്തു. ഇന്ത്യയിലെ 56 ന്യൂസ് പ്രിന്റ് മില്ലുകളിലായി 9.5 ലക്ഷം ടണ്‍ പത്രക്കടലാസ് പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നുണ്ട്. ഇവയും ന്യായവിലയ്ക്ക് പത്ര സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സൊസൈറ്റി ബാധ്യസ്ഥമാണ്. ചാരിറ്റബിള്‍ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ സൊസൈറ്റിയെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍