This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്വാറ്റിന്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:12, 7 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്വാറ്റിന്റ്

Aquatint

ലോഹത്തകിടില്‍ ചിത്രങ്ങള്‍ കൊത്തുന്ന വിദ്യ. ചെമ്പ്, ഉരുക്ക് എന്നീ ലോഹങ്ങളാണ് പ്രധാനമായി ഇതിനുപയോഗിക്കുന്നത്.

'സ്വപ്നലോകം' ഗോയയുടെ ഒരു അക്വാറ്റിന്‍ ചിത്രം

പ്രയോഗരീതി. നേര്‍മയായി പൊടിച്ചെടുത്ത പശ ലോഹത്തകിടില്‍ തൂവി നിരപ്പാക്കിയിട്ട് അടിയില്‍ ചൂടുപിടിപ്പിക്കുന്നു. ചൂടുകൊണ്ട് പൊടി ഉരുകി പരക്കും. അതു തണുക്കുമ്പോള്‍ പശയുടെ ഒരു പാളി തകിടില്‍ പരന്നു പിടിച്ചിരിക്കും. മറ്റൊരുവിധത്തിലും പശ പിടിപ്പിക്കാറുണ്ട്. വീഞ്ഞില്‍ നിന്നുത്പാദിപ്പിക്കുന്ന സ്പിരിറ്റില്‍ പശയുടെ ഒരു ലായനി ഉണ്ടാക്കി ഒരേ കനത്തില്‍ ലോഹത്തകിടില്‍ പൂശുക. സ്പിരിറ്റ് ആവിയായിക്കഴിയുമ്പോള്‍ പശയുടെ ഒരു പാളി തകിടില്‍ അവശേഷിക്കും. അതിനുശേഷം ചിത്രണം ചെയ്യേണ്ട രൂപം വാര്‍ണീഷുകൊണ്ടു വരച്ച് അമ്ലത്തില്‍ മുക്കി വയ്ക്കുക. വാര്‍ണീഷ് പുരളാത്ത ഭാഗങ്ങളില്‍ പശയുടെ കണികകള്‍ക്കിടയ്ക്ക് അമ്ലം കടന്ന് രാസപ്രവര്‍ത്തനം നടത്തും. അതിന്റെ ഫലമായി തകിടിന്റെ ഉപരിതലം ചെറിയ കുഴികള്‍ കൊണ്ട് പരുപരുപ്പുള്ളതായിത്തീരുന്നു. എന്നാല്‍ വാര്‍ണീഷു പുരട്ടിയിട്ടുള്ള ഭാഗങ്ങളില്‍ അമ്ലത്തിന്റെ പ്രവര്‍ത്തനം നടക്കുകയില്ല. ആ ഭാഗം വെളുത്ത് മിനുസമുള്ളതായിരിക്കും. ഈ പ്രക്രിയ ആവശ്യാനുസരണം ആവര്‍ത്തിക്കാവുന്നതാണ്.

ചരിത്രം. 18-ാം ശ.-ത്തിലാണ് ഈ സമ്പ്രദായം കണ്ടുപിടിക്കപ്പെട്ടത്. ഗോയ എന്ന ചിത്രകാരന്‍ അദ്ദേഹത്തിന്റെ 'യുദ്ധത്തിന്റെ കെടുതികള്‍' (Disasters of war) എന്ന ചിത്രത്തില്‍ രേഖാങ്കനത്തോടുകൂടി ഈ രാസപ്രവര്‍ത്തനരീതിയും സംയോജിപ്പിച്ച് പ്രയോഗിച്ചു നോക്കിയിട്ടുണ്ട്. എന്നാല്‍ ഈ സങ്കേതത്തിന്റെ വികസനത്തിനുള്ള വഴി തെളിച്ചത് ജെ.ബി. ലേപ്രിന്‍സ് (1768) എന്ന കൊത്തുപണിക്കാരനാണ്. 18-ാം ശ.-ത്തിന്റെ അവസാന ദശകങ്ങളില്‍ എഫ്. ജാനിനെ, പി.എല്‍. ദെബുകോര്‍ട്ട് എന്നിവരും മറ്റു ചില ഫ്രഞ്ചുചിത്രകാരന്മാരും ഈ സമ്പ്രദായത്തിന് സാങ്കേതികപൂര്‍ണതയുണ്ടാക്കുവാന്‍ പരിശ്രമിച്ചു. അവര്‍ വര്‍ണചിത്രങ്ങള്‍ അച്ചടിക്കുവാനുള്ള ഒരു മാര്‍ഗമായി ഇതിനെ പ്രയോജനപ്പെടുത്തി. ഇംഗ്ലണ്ടില്‍ 18-ാം ശ.-ത്തിന്റെ അവസാനത്തിലും 19-ാം ശ.-ത്തിന്റെ ആരംഭത്തിലും ഈ സമ്പ്രദായം പോള്‍സാന്‍ബി, തോമസ് മാള്‍ട്ടന്‍, വില്യം സാമുവല്‍, ദാനില് സ്റ്റാഡ്ലര്‍ തുടങ്ങിയ കലാകാരന്മാര്‍ അവരുടെ ജലച്ചായചിത്രം പകര്‍ത്തുന്നതിനുപയോഗിച്ചു. ഇംഗ്ലീഷ് അക്വാറ്റിന്റുകള്‍ വര്‍ണചിത്രങ്ങളായി അച്ചടിക്കാറില്ല. കൈകൊണ്ട് വര്‍ണങ്ങള്‍ വരച്ചുചേര്‍ക്കുകയേ ഉള്ളൂ. 19-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടി ഈ സമ്പ്രദായത്തിന്റെ പ്രയോജനം കുറഞ്ഞുവെങ്കിലും 20-ാം ശ.-ത്തില്‍ അതിനെ പുനരുദ്ധരിച്ച പ്രമുഖരാണ് സര്‍ ഫ്രാങ്ക് ഷോര്‍ട്ട്, തിയഡോര്‍ റൗസ്സല്‍, ഒലിവര്‍ ഹാള്‍, ലി ഹാങ്കി, റോബിന്‍സ് തുടങ്ങിയവര്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍