This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്വബാ (അല്‍ അക്കാബാ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അക്വബാ (അല്‍ അക്കാബാ)

Aqaba

ജോര്‍ദാനിലെ ഏക തുറമുഖപട്ടണം. റോമന്‍ ഭരണകാലത്ത് അയ്‍ലാനാ എന്ന പേരില്‍ ഇവിടം അറിയപ്പെട്ടിരുന്നു; 'അക്കാബത്ത് അയ്‍ല' എന്ന പേര്‍ ലോപിച്ചതാണ് അക്വബാ. ചെങ്കടലിന്റെ വ. കിഴക്കു ഭാഗത്തുള്ള അക്വബാ ഉള്‍ക്കടലിന്റെ തീരത്താണ് ചരിത്രപ്രസിദ്ധമായ ഈ പട്ടണം സ്ഥിതിചെയ്യുന്നത്.

മനോഹരമായ ഈന്തപ്പനത്തോട്ടങ്ങളും ശുദ്ധജല തടാകങ്ങളും നിറഞ്ഞ ഈ നഗരം റോമാക്കാര്‍ ഒരു സൈനിക തുറമുഖമായി ഉപയോഗിച്ചിരുന്നു. അവര്‍ നിര്‍മിച്ച കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ കാണാം. ബൈബിളില്‍ പരാമര്‍ശിക്കുന്ന ഏലാത്ത് (ഏലോത്ത്) ഇവിടമായിരുന്നുവെന്നും സോളമന്റെ കപ്പല്‍സംഘം ഇവിടെനിന്നാണ് 'ഒഫീറി'ലേക്കു പുറപ്പെട്ടതെന്നും കരുതപ്പെടുന്നു. റോമാക്കാര്‍ ഇവിടെനിന്ന് മാന്‍, പെത്തറ എന്നിവിടങ്ങളിലേക്കു റോഡുകള്‍ നിര്‍മിച്ചു. എ.ഡി. 10-ാം ശ.-ത്തില്‍ അറബ് ഭൂമിശാസ്ത്രജ്ഞര്‍ ഏലാത്തിനെ പലസ്തീനിലെ തുറമുഖപട്ടണമായും ഹിജാസിലെ വ്യാപാരകേന്ദ്രമായും വിവരിച്ചുകാണുന്നുണ്ട്.

സുല്‍ത്താന്‍ സലാഹുദ്ദീന്റെ (Saladin) കാലംവരെ (12-ാം ശ.) ഈജിപ്തില്‍നിന്നുള്ള ഹജ്ജ് തീര്‍ഥയാത്രക്കാരുടെ താവളമായിരുന്നു അക്വബാ. എന്നാല്‍ തീര്‍ഥാടകര്‍ കപ്പല്‍മാര്‍ഗം ജിദ്ദയിലൂടെ പോകുവാന്‍ തുടങ്ങിയതിന്റെ ഫലമായി ഈ നഗരത്തിന്റെ പ്രാധാന്യം കുറഞ്ഞു. ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ അക്വബാ കൈവശപ്പെടുത്തിയിരുന്നു. 1917-ല്‍ തുര്‍ക്കിയുടെ ആധിപത്യത്തില്‍ നിന്നും, ഇംഗ്ലീഷുകാര്‍ അക്വബാ പിടിച്ചെടുത്തു. 1925 വരെ ഹിജാസിന്റെ ഭാഗമായിരുന്നു. വഹാബി ആക്രമണത്തെ ഭയന്ന് ഇംഗ്ളീഷുകാര്‍ അക്വബാ-മാന്‍ പ്രവിശ്യ (Aqaba maan province) നേരിട്ടുള്ള ഭരണത്തിന്‍ കീഴിലാക്കി. 1946-ല്‍ ഈ പ്രദേശം സ്വതന്ത്ര ട്രാന്‍സ്ജോര്‍ദാന്‍ രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നു. രണ്ടാം ലോകയുദ്ധകാലത്ത് ജോര്‍ദാനും ബ്രിട്ടനും ചേര്‍ന്നു ഈ തുറമുഖപട്ടണം വികസിപ്പിച്ചു. 1967-ലെ അറബി-ഇസ്രയേല്‍ സംഘട്ടനത്തെ തുടര്‍ന്നു അക്വബാ ഇസ്രയേല്‍ കൈവശമാക്കി. ഇപ്പോള്‍ (2006) ജോര്‍ദാനിലെ ഒരു ഗവര്‍ണറേറ്റാണ് അക്വബ.

(പ്രൊഫ. സയ്യദു മൊഹിയുദ്ദീന്‍ ഷാ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍