This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്ബര്‍ രാജകുമാരന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അക്ബര്‍ രാജകുമാരന്‍ (? - 1704)

മുഗള്‍ ചക്രവര്‍ത്തിയായ അറംഗസീബിന്റെ മൂന്നാമത്തെ മകന്‍. മുഗള്‍സാമ്രാജ്യത്തിന്റെ കീഴിലല്ലാതിരുന്ന മാര്‍വാഡ്, മേവാര്‍ എന്നീ രജപുത്രരാജ്യങ്ങളെ ആക്രമിച്ചു കീഴടക്കാന്‍ അറംഗസീബ് അക്ബര്‍ രാജകുമാരനെ നിയോഗിച്ചു. അക്ബറിന്റെ ആക്രമണശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ചക്രവര്‍ത്തിതന്നെ നേരിട്ട് മേവാറിലേക്കു തിരിച്ചു.

യൂറോപ്യന്‍രീതിയില്‍ സജ്ജമാക്കപ്പെട്ട അറംഗസീബിന്റെ പീരങ്കിപ്പടയെ ചെറുത്തുനില്ക്കാന്‍ രജപുത്ര സൈന്യത്തിനു കഴിഞ്ഞില്ല. മേവാറിനെ പരാജയപ്പെടുത്തി അവിടത്തെ ഭരണം അറംഗസീബ് അക്ബറെ ഏല്പിച്ചു; 12,000-ത്തോളം വരുന്ന സൈന്യത്തേയും. എന്നാല്‍ ചക്രവര്‍ത്തി അവിടെനിന്നും മടങ്ങിയതിനുശേഷം രജപുത്രസൈന്യം ശക്തിയാര്‍ജിച്ച് അക്ബറെ വളഞ്ഞ് യുദ്ധത്തില്‍ തോല്പിച്ചു. പിതാവിന്റെ ക്രോധത്തെ ഭയന്ന് രാജകുമാരന്‍ രജപുത്രപക്ഷം ചേര്‍ന്നു. ഡല്‍ഹി സിംഹാസനം പിടിച്ചെടുക്കാന്‍ മഹാറാണാ രാജസിംഹനും ദുര്‍ഗാദാസും അക്ബറെ പ്രേരിപ്പിച്ചു. വമ്പിച്ചൊരു സൈന്യവും അവര്‍ അദ്ദേഹത്തിനു നല്കി. 1681 ജനു. 11-ന് അക്ബര്‍ മുഗള്‍ ചക്രവര്‍ത്തിയായി സ്വയം പ്രഖ്യാപിച്ചു. പിന്നീട് രജപുത്ര-മുഗള്‍ സൈന്യങ്ങളുമായി അറംഗസീബിനോടെതിര്‍ക്കാന്‍ അജ്മീറിലേക്കു പോയി. ഈ സമയം അറംഗസീബിന്റെ സൈന്യങ്ങളെല്ലാം ദൂരസ്ഥലങ്ങളില്‍ യുദ്ധം ചെയ്യുകയായിരുന്നു. സുഖലോലുപനായ രാജകുമാരന്‍ യുദ്ധം ആരംഭിക്കാന്‍ കാലതാമസം വരുത്തി. നയജ്ഞനായ അറംഗസീബ്, അക്ബറിന്റെ വലംകൈയായി പ്രവര്‍ത്തിച്ചിരുന്ന തഹവൂര്‍ഖാനെ ചതിവില്‍ വധിക്കുകയും ഒരു കള്ളക്കത്തയച്ച് രജപുത്രന്മാരെ അക്ബറില്‍നിന്നകറ്റുകയും ചെയ്തു. രജപുത്രര്‍ തിരിച്ചുപോയപ്പോള്‍ അക്ബര്‍ അശരണനായി വീണ്ടും അവരെ അഭയം പ്രാപിച്ചു. മഹാരാഷ്ട്ര നേതാവായ സാംബുജി ചെറിയൊരു സൈന്യം അക്ബര്‍ക്ക് അയച്ചുകൊടുത്തു. ഈ സൈന്യത്തെ അറംഗസീബിന്റെ മൂത്ത പുത്രനായ മുഅസ്സം തോല്പിച്ചതിനെത്തുടര്‍ന്ന് അക്ബര്‍ പേര്‍ഷ്യയിലേക്ക് ഓടിപ്പോയി; അവിടെവച്ചു 1704-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍