This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്ബര്‍-കൃതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അക്ബര്‍-കൃതി

Akbar


മഹാനായ അക്ബര്‍ ചക്രവര്‍ത്തിയുടെ വ്യക്തിപ്രഭാവത്തെ ആവിഷ്കരിക്കുന്നതിന് ഡോക്ടര്‍ വാന്‍ ലിംബര്‍ഗ് ബ്രോവര്‍ എന്ന ഡച്ച് സാഹിത്യകാരന്‍ സ്വഭാഷയിലെഴുതിയ ഒരു ചരിത്രാഖ്യായിക (1872). അക്ബറുടെ സ്വഭാവവിശേഷങ്ങളെയും അദ്ദേഹം നടപ്പില്‍ വരുത്തിയ പരിഷ്കാരങ്ങളെയും ആ കാലത്തെ ജനങ്ങളുടെ സ്ഥിതിയെയും ഇതില്‍ വ്യക്തമായി വിവരിച്ചിരിക്കുന്നു. ചരിത്രപുരുഷന്മാരായ സലിം, അബുല്‍ ഫസ്ല്‍, ഫൈസി, അബ്ദുല്‍ ഖാദര്‍ ബാദാവുനി, റൂഡോള്‍ഫ് അക്വാവിവ എന്നിവര്‍ ഇതിലെ കഥാപാത്രങ്ങളാണ്. നന്ദിഗുപ്തന്‍, ഇരാവതി മുതലായ ചില കല്പിത കഥാപാത്രങ്ങളെയും ഇതില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. ചരിത്രത്തില്‍നിന്നു ചില്ലറ വ്യതിയാനങ്ങള്‍ ഉണ്ടെങ്കിലും അക്ബറുടെ ഭരണകാലത്തെ സ്ഥിതിഗതികളുടെ സമഗ്രമായ ഒരു ചിത്രം ഈ ആഖ്യായികയില്‍നിന്ന് ലഭിക്കുന്നു. കഥാഖ്യാനത്തില്‍ അവക്രതയും പാത്രസൃഷ്ടിയില്‍ സ്വാഭാവികതയും ദീക്ഷിച്ചിരിക്കുന്നുവെന്നത് ഇതിന്റെ സവിശേഷതയാണ്.


എ.ഡി. 1872-ല്‍ ആണ് ഈ കൃതി ഡച്ചുഭാഷയില്‍ പ്രസിദ്ധപ്പെടുത്തിയത്. 1877-ല്‍ ഇതിന്റെ ജര്‍മന്‍ പരിഭാഷയും 1879-ല്‍ ഇംഗ്ളീഷു പരിഭാഷയും പുറത്തുവന്നു. ഇംഗ്ളീഷ് പരിഭാഷ വായിക്കാനിടവന്ന വിശാഖംതിരുനാള്‍ മഹാരാജാവ് 'ഇതു മുഴുവനും ഭാഷാന്തരീകരിക്കത്തക്ക യോഗ്യതയുള്ളതാകുന്നു' എന്നൊരു കുറിപ്പോടുകൂടി 1880-ല്‍ കേരളവര്‍മ വലിയകോയിത്തമ്പുരാന് അയച്ചുകൊടുക്കുകയും അദ്ദേഹം അത് 1882-ല്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിത്തുടങ്ങുകയും ചെയ്തു. 1894-ല്‍ ഈ പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടു.


തമ്പുരാന്റെ തര്‍ജുമയിലെ ഭാഷ സംസ്കൃതപദജടിലവും പ്രാസബഹുലവുമാണ്. ഗ്രന്ഥത്തിന്റെ ആരംഭത്തില്‍ കാണുന്ന വര്‍ണന ഇതിന് മതിയായ ഉദാഹരണമാണ്.

'അസ്തപര്‍വതനിതംബത്തെ അഭിമുഖീകരിച്ച് ലംബമാനമായ അംബുജ

ബന്ധുബിംബത്തില്‍നിന്നും അംബരമധ്യ

ത്തില്‍ വിസൃമരങ്ങളായി ബന്ധൂകബന്ധുരങ്ങളായ

കിരണകന്ദളങ്ങള്‍ ബദരീനാഥ ക്ഷേത്രത്തിന്റെയും ഹിമാ

ലയ മഹാഗിരിയുടെ തുംഗകളായ ശൃംഗപരമ്പരകളു

ടെയും അദഭ്രശുഭ്രകളായ ഹിമസംഹതികളില്‍ പ്രതിബിം

ബിച്ചു പ്രകാശിച്ചു. ദാക്ഷിണാത്യനായ ഒരു മന്ദമാരുതന് ‍ സാനുപ്രദേശങ്ങളില്‍ സമൃദ്ധങ്ങളായി വളര്‍ന്നിരിക്കുന്ന

മഹീരുഹങ്ങളില്‍ പ്രഭാതാല്‍ പ്രഭൃതി വികസ്വരങ്ങളായി

നില്ക്കുന്ന സുരഭിലതരങ്ങളായ കുസുമങ്ങളുടെ പരിമ

ളധോരണിയെ അധിത്യകകളിലേക്കു പ്രസരിപ്പിച്ചു'.


എന്നാല്‍ ഗ്രന്ഥം പുരോഗമിക്കുന്തോറും ശൈലി കൂടുതല്‍ ലളിതവും സ്വാഭാവികവുമായിത്തീരുന്നു. ഗ്രന്ഥത്തിന്റെ അവതാരികയില്‍ സ്വന്തം ഭാഷാരീതിയെപ്പറ്റി വിവര്‍ത്തകന്‍ ചെയ്തിട്ടുള്ള പ്രസ്താവം ശ്രദ്ധേയമാണ്: 'സംസ്കൃതത്തെക്കുറിച്ച് വൈമുഖ്യമുള്ളവര്‍ ഉപക്രമം കണ്ടു ബുദ്ധിക്ഷയത്താല്‍ പുസ്തകം വലിച്ചെറിഞ്ഞുകളയാതെ അല്പം ക്ഷമയോടുകൂടി മേല്‍ വായിച്ചുനോക്കിയാല്‍ അങ്ങോട്ടങ്ങോട്ടു സംസ്കൃതപദപ്രയോഗം കുറവാണെന്നു കാണുന്നതു കൂടാതെ തങ്ങളുടെ ശ്രമം നിഷ്‍പ്രയോജനമായി എന്ന പശ്ചാത്താപത്തിനു യാതൊരു വിധത്തിലും ഇടയില്ലെന്നു അവര്‍ക്ക് ഒടുവില്‍ നിശ്ചയമായി ബോധപ്പെടുന്നതും ആണ്.'


തര്‍ജുമയാണെങ്കിലും മലയാളത്തില്‍ ആദ്യമായി രചിക്കപ്പെട്ട ലക്ഷണയുക്തമായ നോവല്‍ അക്ബറാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍