This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംശാവതാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അംശാവതാരം

വിഷ്ണുവിന്റെയും ദേവാസുരയക്ഷകിന്നരഗന്ധര്‍വാദികളുടെയും ചൈതന്യത്തിന്റെ അംശം മനുഷ്യരുടെയും തിര്യക്കുകളുടെയും രൂപത്തില്‍ ഭൂമിയില്‍ ജന്മംകൊള്ളുന്നു എന്ന സങ്കല്പം. ഭൂമിയില്‍ ധര്‍മത്തിനു ഗ്ളാനിയും അധര്‍മത്തിന് അഭ്യുത്ഥാനവും ഉണ്ടാകുമ്പോള്‍ സാധുക്കളുടെ പരിത്രാണത്തിനും ദുഷ്കൃതികളുടെ വിനാശത്തിനും ധര്‍മസംസ്ഥാപനത്തിനും ആയി താന്‍ ഭൂമിയില്‍ അവതരിക്കാറുണ്ടെന്ന് ഗീതയില്‍ കൃഷ്ണന്‍ അര്‍ജുനനെ ഉദ്ബോധിപ്പിക്കുന്നു. ദശാവതാരങ്ങളെന്നറിയപ്പെടുന്നതു മഹാവിഷ്ണുവിന്റെ അവതാരങ്ങളാണ്. അവയില്‍ ഒന്നായ ശ്രീകൃഷ്ണനെ പൂര്‍ണാവതാരമായും മറ്റുള്ളവയെ അംശാവതാരങ്ങളായും ചിലര്‍ പറഞ്ഞുവരുന്നു.

ധര്‍മസംസ്ഥാപനത്തിനായി പല ദേവന്മാരും ദേവിമാരും ഭൂമിയില്‍ ജന്മം കൊള്ളാറുണ്ടെന്നു പുരാണപരാമര്‍ശങ്ങളുണ്ട്; ഇവയും അംശാവതാരങ്ങള്‍ തന്നെ. ശങ്കരാചാര്യര്‍ തുടങ്ങിയവര്‍ ഈശ്വരന്റെ അംശാവതാരങ്ങളാണെന്നാണ് ഹിന്ദുക്കള്‍ വിശ്വസിക്കുന്നത്. പുരാണേതിഹാസങ്ങളില്‍ കാണുന്ന അംശാവതാരങ്ങളുടെ പട്ടികകള്‍ തമ്മില്‍ ഐകരൂപ്യം ഇല്ല. ദൈത്യദാനവപീഡയില്‍ നിന്നു രക്ഷിക്കണമെന്ന് ഭൂമീദേവി പ്രാര്‍ഥിച്ചതിന്റെ ഫലമായാണു സുരഗന്ധര്‍വാദികളോടു മര്‍ത്ത്യരൂപത്തില്‍ അംശാവതാരത്തിനു വിരിഞ്ചന്‍ (ബ്രഹ്മാവ്) കല്പിച്ചതെന്നു മഹാഭാരതത്തില്‍ പറയുന്നു.

മഹാവിഷ്ണുവിന്റെ അവതാരോദ്ദേശ്യനിര്‍വഹണത്തിനായി ദേവഗന്ധര്‍വാദികള്‍ വിവിധ ബ്രാഹ്മണ-രാജവംശങ്ങളിലായി അംശാവതരണം ചെയ്തുവെന്നാണ് മഹാഭാരത പരാമര്‍ശത്തില്‍ നിന്നും വ്യക്തമാകുന്നത്.

ദേവീഭാഗവതത്തില്‍ (ചതുര്‍ഥസ്കന്ധം) അംശാവതരണം നടത്തിയിട്ടുള്ള ദേവാസുരന്മാരുടെ ഒരു പട്ടികതന്നെ കൊടുത്തിട്ടുണ്ട്. ഇതനുസരിച്ചു യുധിഷ്ഠിരന്‍ യമധര്‍മനും ഭീമസേനന്‍ വായുവും അര്‍ജുനനും കൃഷ്ണനും നരനാരായണന്മാരും നകുല സഹദേവന്മാര്‍ അശ്വിനീദേവകളും വിദുരന്‍ ധര്‍മനും അശ്വത്ഥാമാവ് ശിവനും ദ്രോണര്‍ ബൃഹസ്പതിയും ദ്രുപദന്‍ വരുണനും ഭീഷ്മര്‍ അഷ്ടവസുക്കളിലൊരാളും പാഞ്ചാലി ശചീദേവിയും ആണ്; അതുപോലെ ദുര്യോധനനും (കലി) ശകുനിയും (ദ്വാപരന്‍) ജരാസന്ധനും (വിപ്രചിത്തി) കംസനും (കാലനേമി) മറ്റും അസുരന്മാരുടെ അംശാവതാരങ്ങളും. ബലഭദ്രനെയും ലക്ഷ്മണനെയും ആദിശേഷന്റെയും ഗോപസ്ത്രീകളെ അപ്സരസ്സുകളുടെയും ഭരതശത്രുഘ്നന്മാരെ ശംഖചക്രങ്ങളുടെയും വേദവ്യാസനെ വിഷ്ണുവിന്റെയും അംശാവതാരങ്ങളായി ചിത്രീകരിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ പല ഇതിഹാസങ്ങളിലും കാണുന്നുണ്ട്. നോ: അവതാരം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍