This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംബ, അംബിക, അംബാലിക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അംബ, അംബിക, അംബാലിക

അംബ. ഭാരതീയ പുരാണേതിഹാസങ്ങളില്‍ പരാമൃഷ്ടനായിട്ടുള്ള കാശിരാജാവായ ഇന്ദ്രദ്യുമ്നന്റെ മൂന്നു പുത്രികളില്‍ മൂത്തവള്‍; അനുജത്തിമാരാണ് അംബികയും അംബാലികയും. അംബയും സാല്വരാജാവും പരസ്പരം അനുരക്തരായി. പക്ഷേ, കാശി രാജാവ്, സ്വപുത്രികളെ വീര്യശുല്കകളായി കല്പിച്ചു നടത്തിയ സ്വയംവരവേളയില്‍ ഭീഷ്മര്‍ അനുജനായ വിചിത്രവീര്യനുവേണ്ടി ആ മൂന്നു കന്യകമാരെയും പിടിച്ചു തേരിലേറ്റി ഹസ്തിനപുരത്തേക്കു കൊണ്ടുപോയി. സാല്വനില്‍ ദൃഢാനുരക്തയായിരുന്ന അംബ, തന്റെ ഹൃദയസ്ഥിതി ഭീഷ്മര്‍ക്കു തുറന്നുകാട്ടി. അദ്ദേഹം അനുകമ്പാപൂര്‍വം അവളെ സാല്വന്റെ അടുക്കലേക്കു തിരിച്ചയച്ചു. സാല്വനാകട്ടെ അവള്‍ പരസ്വമായിപ്പോയെന്ന ന്യായത്തില്‍ അവളെ സ്വീകരിച്ചില്ല; തന്റെ ഈ ദുരനുഭവത്തിനു കാരണക്കാരനായ ഭീഷ്മരോടു പകവീട്ടുന്നതിനു വേണ്ട തപഃശക്തിയാര്‍ജിക്കുവാന്‍ അംബ നിശ്ചയിച്ചു. പരശുരാമനും ശിഷ്യനായ അകൃതവ്രണനും ആ പ്രതികാരവഹ്നിയെ ഊതിപ്പെരുപ്പിച്ചു. അവളുടെ ദുരന്തം കണ്ടു ചിന്താധീനനായ പരശുരാമന്‍ ശരണാഗതവാത്സല്യം പുരസ്കരിച്ചു ഭീഷ്മരെക്കൊണ്ട് അവളെ സ്വീകരിപ്പിക്കാന്‍ ശ്രമിച്ചു; ആ ശ്രമം വിഫലമായപ്പോള്‍ ഭീഷ്മരോടു യുദ്ധം ചെയ്യാന്‍ ഒരുങ്ങി. ദേവമുനിമാര്‍ ഇടപെട്ട് രണ്ടാളെയും പിരിച്ചയച്ചതിനാല്‍ യുദ്ധത്തില്‍നിന്നും നിര്‍ണായകഫലമൊന്നുമുണ്ടായില്ല. ഭീഷ്മരെ വീണ്ടും ആശ്രയിക്കാന്‍ ഉപദേശിച്ചു ഭാര്‍ഗവന്‍ പിന്‍വാങ്ങി. എന്തായാലും ഭീഷ്മരെ ആശ്രയിക്കുകയില്ലെന്നുറച്ച അംബ അദ്ദേഹത്തെ കൊല്ലണമെന്ന നിര്‍ബന്ധബുദ്ധിയോടുകൂടി പല പുണ്യാശ്രമങ്ങളിലും പലകാലം ഘോരതപസ്സു ചെയ്തു. ശ്രീപരമേശ്വരനെ പ്രസാദിപ്പിച്ച്, അടുത്ത ജന്മത്തില്‍ തനിക്കതു സാധിക്കുമെന്നു വരം വാങ്ങിയശേഷം യമുനാതീരത്തില്‍ ചിത കൂട്ടി 'ഭീഷ്മവധായസ്വാഹ' എന്നുച്ചരിച്ചു ചിതാഗ്നിയില്‍ ചാടി ദേഹത്യാഗം ചെയ്തു. അംബയാണ് ദ്രുപദസന്തതിയായ ശിഖണ്ഡിയായി ജനിച്ച് ഭാരതയുദ്ധത്തില്‍ ഭീഷ്മരെക്കൊണ്ട് ആയുധം വയ്പിച്ചത്.

അംബിക. അംബയുടെ അനുജത്തി. ഭീഷ്മര്‍ അംബികയെ അപഹരിച്ചുകൊണ്ടു പോയി അനുജനായ വിചിത്രവീര്യനെക്കൊണ്ടു വിവാഹം ചെയ്യിച്ചു. വിചിത്രവീര്യന്റെ മരണശേഷം വ്യാസനില്‍നിന്നും അംബികയ്ക്കു ജനിച്ച പുത്രനാണ് ധൃതരാഷ്ട്രര്‍.

അംബാലിക. അംബയുടെയും അംബികയുടെയും അനുജത്തി. ഭീഷ്മര്‍ വിചിത്രവീര്യന് പത്നിയായി നല്കി. പാണ്ഡവവംശസ്ഥാപകനായ പാണ്ഡു അംബാലികയുടെ പുത്രനാണ്. വിചിത്രവീര്യന്റെ മരണശേഷം വ്യാസമഹര്‍ഷിയില്‍നിന്നാണ് പാണ്ഡു ജനിച്ചത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍