This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംബെല്ലിഫെറേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അംബെല്ലിഫെറേ

Umbelliferae

ആവൃതബീജി (Angiosperms) സസ്യവിഭാഗത്തില്‍പ്പെട്ട ഒരു കുടുംബം. ഇവ ദ്വിപത്രക സസ്യങ്ങളാണ്; ഇരുനൂറ്റിമുപ്പതോളം ജീനസുകളും ആയിരത്തഞ്ഞൂറോളം സ്പീഷിസുകളും ഉണ്ട്. അരേലിയേസീ സസ്യകുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇതിനു കോര്‍നേസീ (Cornaceae) സസ്യകുടുംബവുമായി അകന്ന ബന്ധമേയുള്ളു. ഇവയ്ക്ക് ആഗോളവ്യാപകത്വം ഉണ്ടെങ്കിലും പ്രധാനമായും സമശീതോഷ്ണമേഖലയിലാണ് കാണുന്നത്. വ്യഞ്ജനവസ്തുക്കളായി ഉപയോഗിക്കുന്ന ജീരകം, മല്ലി, കായം, ഉലുവ എന്നിവ ഈ കുടുംബത്തില്‍പ്പെടുന്നു. ഇവ കൂടാതെ മുള്ളങ്കി, കരോഫിലം ബള്‍ബോസം (Chaerophyllum bulbosum Turnip-rooted chervil), പാസ്റ്റിനാകാ സറ്റൈവ (Pastinaca sativa) എന്നീ ഭക്ഷ്യയോഗ്യമായ കിഴങ്ങുകളും ഉള്‍പ്പെടുന്നു. ഈ കുടുംബത്തിലെ ആന്‍ത്രിസ്കസ് സിറിഫോളിയം (Anthriscus cerefolium), ഏപ്പിയം ഗ്രാവിയോളന്‍സ് (Apium graveloens-celery) എന്നിവ പാശ്ചാത്യനാടുകളില്‍ പച്ചക്കറിയായി ഉപയോഗിക്കുന്നുണ്ട്. കരിംജീരകം, കാട്ടയമോദകം, പെരുംജീരകം, ശതകുപ്പ, കാട്ടുശതകുപ്പ, കുടങ്ങല്‍ എന്നീ ഓഷധികളും ഈ വിഭാഗത്തില്‍ പെടുന്നവ തന്നെ.

വാര്‍ഷികങ്ങളോ ചിരസ്ഥായികളോ ആയ സസ്യങ്ങളാണ് ഇവയില്‍ ബഹുഭൂരിപക്ഷവും. ചുരുക്കമായി കുറ്റിച്ചെടികളും വൃക്ഷങ്ങളും കാണാറുണ്ട്.

പൂക്കള്‍ ചെറുതും സമമിതങ്ങളുമാണ്. ഒരു പൂവിന് സ്വതന്ത്രങ്ങളായ അഞ്ചു ദളങ്ങളുണ്ട്; ഇവയുടെ അഗ്രം ഉള്ളിലേക്ക് വളഞ്ഞിരിക്കും. പുഷ്പങ്ങളില്‍ ഭൂരിപക്ഷവും ദ്വിലിംഗികളാണ്.

കായ് രണ്ടു ഫലാംശകങ്ങളായി പൊട്ടുന്നു. ഇവ ശാഖാഗ്രങ്ങളില്‍ തൂങ്ങിക്കിടക്കും. ഓരോ ഫലാംശകത്തിനും നീളത്തിലുള്ള അഞ്ച് തടിപ്പുകള്‍ കാണാം. ഇവയ്ക്കിടയില്‍ സൂക്ഷ്മങ്ങളായ എണ്ണക്കുഴലുകളുണ്ട്.

അംബെല്ലിഫെറേയെ ഹൈഡ്രോകോട്ടിലോയ്ഡേ (Hydrocoty Ioideae), സാനിക്കുലോയ്ഡേ (Saniculoideae), അപ്പോയ്ഡേ (Apioideae) എന്നിങ്ങനെ മൂന്ന് ഉപകുടുംബങ്ങളായി തിരിച്ചിരിച്ചിട്ടുണ്ട്.

(പ്രൊഫ. മാത്യു താമരക്കാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍