This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംബികാഗിരി റോയ് ചൗധരി (1885 - 1967)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അംബികാഗിരി റോയ് ചൗധരി (1885 - 1967)

അസമിയ സാഹിത്യകാരന്‍; കവി, ഗായകന്‍, ഗാനരചയിതാവ്, പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയനേതാവ്, പ്രഭാഷകന്‍ എന്നീ നിലകളിലും വിഖ്യാതനാണ്. പാശ്ചാത്യ കാല്പനിക സാഹിത്യത്തിന്റെ സവിശേഷതകള്‍ അസമിയ കവിതയില്‍ പ്രയോഗിച്ചു പ്രചരിപ്പിക്കുന്നതില്‍ ഇദ്ദേഹം മുന്‍കൈയെടുത്തിട്ടുണ്ട്. തന്മൂലം അസമിയ കവിതയിലെ നൂതനധാരയുടെ പ്രണേതാവെന്ന നിലയില്‍ പ്രശസ്തനായി. ആദ്യകാലത്തു പ്രേമകവിയായിട്ടാണു സാഹിത്യസൃഷ്ടികള്‍ നടത്തിയിരുന്നതെങ്കിലും, പിന്നീടു സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കുകൊള്ളാനിടവന്നതോടെ ഇദ്ദേഹത്തിന്റെ കവിതകളുടെ ഉള്ളടക്കത്തിനു സാരമായ മാറ്റം വന്നു. വിപ്ലവാത്മകമായ ആശയങ്ങളുള്‍ക്കൊള്ളുന്ന ദേശാഭിമാനോജ്ജ്വലങ്ങളായ നിരവധി കവിതകള്‍ ഇദ്ദേഹം രചിച്ചു. സമൂഹത്തിലെ അനീതിക്കും അക്രമത്തിനും ജാതിവ്യവസ്ഥയ്ക്കും എതിരായി ശബ്ദം ഉയര്‍ത്തി. മൈ വിപ്ലവി, മൈ താണ്ഡവി (ഞാനൊരു വിപ്ലവകാരി, ഞാനൊരു വിഗ്രഹഭഞ്ജകന്‍) എന്ന പ്രസിദ്ധമായ കവിതയിലൂടെ സാമൂഹിക വിപ്ലവത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും വേണ്ടി ഈ കവി രണഭേരി മുഴക്കി. സാമ്രാജ്യത്വത്തിന്റെ മര്‍ദനമുറകളുടെയും ലോകയുദ്ധങ്ങള്‍കൊണ്ടു ജീര്‍ണമായ മാനവസമുദായത്തിന്റെയും കരുണാര്‍ദ്രചിത്രങ്ങള്‍ നിറഞ്ഞ കവിതകളുടെ സമാഹാരമാണ് ഇദ്ദേഹത്തിന്റെ അനുഭൂതി എന്ന ഗ്രന്ഥം. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയൊട്ടാകെയുണ്ടായ മോഹഭംഗവും ധാര്‍മികാധഃപതനവും ഈ കവിയുടെ ഹൃദയത്തെ അസ്വസ്ഥമാക്കി. ഈ അസ്വസ്ഥത ഇദ്ദേഹത്തെ ഒരു തത്ത്വചിന്തകനാക്കിത്തീര്‍ത്തു. ജീവന്‍ കി ഹക് കൈ? (ജീവിതത്തിന്റെ അര്‍ഥമെന്താണ്?) എന്ന കവിതാസമാഹാരത്തില്‍ ഇദ്ദേഹത്തിന്റെ നൂതന ദര്‍ശനത്തിന്റെ പ്രതിഫലനം കാണാവുന്നതാണ്. നിസ്വാര്‍ഥമായ മനുഷ്യസ്നേഹവും സേവനവുമാണ് ജീവിതത്തെ മധുരീകരിക്കുന്നതെന്നും അതിലേക്കുള്ള ഏതു യത്നവും യഥാര്‍ഥസാഫല്യത്തിലേക്കു തന്നെ നയിക്കുമെന്നും ഇദ്ദേഹം സ്വകവിതകളിലൂടെ ഉറപ്പിച്ചു പറയുന്നു. തുമി (നിങ്ങള്‍-1915) എന്ന പ്രതിരൂപാത്മകകാവ്യം ആധുനിക അസമിയ സാഹിത്യത്തിലെ മുന്തിയ പ്രതീകാത്മക കൃതിയായി ഗണിക്കപ്പെടുന്നു. മനോഹരങ്ങളായ അതീന്ദ്രിയകല്പനാചിത്രങ്ങളുടെ കലവറയായ ഈ കൃതി അനന്തതയെപ്പറ്റിയുള്ള അന്വേഷണവും അതിലേക്കു വെമ്പുന്ന അന്തര്‍മുഖത്വവും ജിജ്ഞാസയും നിറഞ്ഞതാണ്.

ചൗധരി നല്ലൊരു ഗദ്യകാരന്‍കൂടിയായിരുന്നു. ചേതനാ, ദെകാ അസമ് എന്നീ പ്രസിദ്ധ അസമിയ മാസികകളില്‍ ഇദ്ദേഹം എഴുതിയ ലേഖനങ്ങള്‍ നൂതന ഗദ്യരചനയ്ക്കു മാതൃകയാണ്. ആഹൂത എന്ന പ്രബന്ധസമാഹാരം ഇദ്ദേഹത്തിന്റെ ഗദ്യരചനാവൈദഗ്ധ്യം വ്യക്തമാക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍