This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംബാനി, മുകേഷ് (1957 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അംബാനി, മുകേഷ് (1957 - )

ഭാരതത്തിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ സംരംഭമായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറും. 1957 ഏ. 19-ന് പ്രമുഖ വ്യവസായി ധിരുഭായ് അംബാനിയുടെ മകനായി ജനിച്ചു. ബോംബെ സര്‍വകലാശാലയില്‍നിന്ന് കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയശേഷം സ്റ്റാന്‍ഫോഡ് ബിസിനസ് സ്കൂളില്‍ എം.ബി.എക്കു ചേര്‍ന്നുവെങ്കിലും പൂര്‍ത്തിയാക്കിയില്ല. പിതാവിന്റെ വ്യവസായ സംരംഭങ്ങളില്‍ സജീവ പങ്കു വഹിക്കുവാനാണ് വിദ്യാഭ്യാസം അവസാനിപ്പിച്ചത്.

1981-ല്‍ മുകേഷ് അംബാനി റിലയന്‍സ് വ്യവസായത്തില്‍ പങ്കാളിയായി. ടെക്സ്റ്റെല്‍ വ്യവസായത്തില്‍നിന്നു പെട്രോക്കെമിക്കല്‍ വ്യവസായത്തിലേക്ക് മുന്നേറി. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി റിലയന്‍സിന്റെ ഉത്പാദനശേഷി വര്‍ഷംപ്രതി പത്തുലക്ഷത്തില്‍ നിന്ന് 120 ലക്ഷം ടണ്ണാക്കി ഉയര്‍ത്തി. ജാം നഗറില്‍ പെട്രോളിയം റിഫൈനറി സ്ഥാപിക്കുകയും പില്ക്കാലത്ത് ഉത്പാദനം ദിനംപ്രതി 6,60,000 ബരലായി വര്‍ധിപ്പിക്കുകയും ചെയ്തു. ഒരു ലക്ഷം കോടി രൂപ മുതല്‍മുടക്കുള്ള ഈ വ്യവസായവുമായി ബന്ധപ്പെട്ട് പെട്രോക്കെമിക്കല്‍ ഉത്പാദനവും വിദ്യുച്ഛക്തിയുടെ ഉത്പാദനവും മറ്റും നടന്നുവരുന്നു.

ഭാരതത്തിലെ ഏറ്റവും വ്യാപകവും സങ്കീര്‍ണവുമായ വിവര സാങ്കേതിക ആശയവിനിമയ സംരംഭം റിലയന്‍സ് ഇന്‍ഫോകോം ലിമിറ്റഡ് എന്ന പേരില്‍ ആരംഭിച്ചുവെങ്കിലും പില്ക്കാലത്ത് സഹോദരനായ അനില്‍ അംബാനി അതിന്റെ ചുമതല ഏറ്റെടുത്തു. വിദേശരാഷ്ട്രങ്ങളിലും എണ്ണ പര്യവേഷണത്തിനുള്ള പല സംരംഭങ്ങളിലും മുകേഷ് അംബാനി ഏര്‍പ്പെട്ടിട്ടുണ്ട്. റിലയന്‍സ് ഫ്രഷ് ബ്രാന്‍ഡ് എന്ന പേരില്‍ വിതരണമേഖലയിലും അനേകം സ്റ്റോറുകള്‍ ആരംഭിച്ചിട്ടുണ്ട്.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന്റെ സര്‍വേയില്‍ ലോകത്തിലെ ഏറ്റവും ബഹുമാന്യരായ വ്യവസായ പ്രമുഖരില്‍ 42-ാം സ്ഥാനം മുകേഷ് അംബാനിക്കു ലഭിക്കുകയുണ്ടായി. 2004-ല്‍ ടോട്ടല്‍ ടെലികോമിന്റെ വേള്‍ഡ് കമ്യൂണിക്കേഷന്‍ അവാര്‍ഡ് ലഭിച്ചു. അതേ വര്‍ഷം തന്നെ ഫോര്‍ച്യൂണ്‍ മാസികയുടെ സര്‍വേയില്‍ ഏഷ്യയിലെ പ്രമുഖരായ വ്യവസായികളില്‍ 13-ാം സ്ഥാനം നല്‍കപ്പെട്ടു. ഏഷ്യാ സൊസൈറ്റിയുടെ ലീഡര്‍ഷിപ്പ് അവാര്‍ഡിനും അര്‍ഹനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍