This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംബര്‍, മാലിക് (1548 - 1626)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അംബര്‍, മാലിക് (1548 - 1626)

16-ാം ശ.-ത്തില്‍ ഡെക്കാണ്‍ പ്രദേശത്ത് നിലവിലിരുന്ന അഹമ്മദ്നഗര്‍ എന്ന രാജ്യത്തെ പ്രധാനമന്ത്രി. ഒരു അബിസീനിയന്‍ അടിമയായിരുന്ന മാലിക് അംബര്‍ 1548-ല്‍ ജനിച്ചു. ഖ്വാജാ ബഗ്ദാദീ എന്ന അപരനാമത്താല്‍ അറിയപ്പെട്ടിരുന്ന മീര്‍കാസീം ഈ കുട്ടിയെ വിലയ്ക്കു വാങ്ങി അഹമ്മദ്നഗറിലെ സുല്‍ത്താനായിരുന്ന മുര്‍ത്തസ II-ന്റെ മന്ത്രിയായിരുന്ന ജംഗിസ് ഖാന് കൈമാറ്റം ചെയ്തു. ജംഗിസ് ഖാന്റെ സേവകനായിരുന്നപ്പോള്‍ അംബര്‍ രാജ്യഭരണതന്ത്രത്തില്‍ പരിശീലനം നേടി. 1574-ല്‍ ജംഗിസ് ഖാന്‍ നിര്യാതനായതിനെത്തുടര്‍ന്ന് മാലിക് അംബര്‍ സൈന്യസജ്ജീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലത്തെ അഹമ്മദ് നഗറിലെ രാഷ്ട്രീയ പരിതഃസ്ഥിതി അതിന് അനുകൂലവുമായിരുന്നു. ചാന്ദ്ബീബിയുടെ പതനത്തിനുശേഷം (1600) അഹമ്മദ്നഗറില്‍ അരാജകത്വം നടമാടി. അംബര്‍ അഹമ്മദ്നഗറിലെ സൈന്യത്തെ തന്റെ സൈന്യത്തോടു ചേര്‍ത്ത് ശക്തിയാര്‍ജിച്ചു; തുടര്‍ന്ന് അയല്‍രാജ്യങ്ങള്‍ കൊള്ളയടിക്കാനൊരുമ്പെട്ടു. ബീദാര്‍ ആക്രമിച്ച് വമ്പിച്ച സ്വത്ത് കൈക്കലാക്കി. മുഗള്‍സൈന്യത്തെ തോല്പിച്ച് അവരുടെ ഭക്ഷ്യവസ്തുക്കള്‍ മുഴുവന്‍ നശിപ്പിച്ചു. ഈ ഘട്ടത്തില്‍ ജഹാംഗീര്‍ അംബറുമായി സന്ധിയിലൊപ്പുവച്ച് യുദ്ധം താത്കാലികമായി അവസാനിപ്പിച്ചു.

അഹമ്മദ്നഗറിലെ മിക്ക പ്രഭുക്കന്മാരും അംബറുടെ അധികാരം വകവച്ചുകൊടുത്തു. നിസാം ഷാഹിവംശത്തില്‍പ്പെട്ട ബീജാപ്പൂര്‍ രാജകുടുംബത്തില്‍നിന്ന് ഒരാളെ അഹമ്മദ്നഗറില്‍ കൊണ്ടുവന്ന് മുസ്തഫാ നിസാമുല്‍മുല്‍ക്ക് എന്ന സ്ഥാനപ്പേരോടുകൂടി രാജാവായി വാഴിച്ചു. അംബറുടെ സീമന്തപുത്രിയെ പുതിയ രാജാവിനു വിവാഹം കഴിച്ചുകൊടുത്ത് ഇദ്ദേഹം തന്റെ രാഷ്ട്രീയനില ഭദ്രമാക്കി. അംബര്‍ പ്രധാനമന്ത്രിയായി യഥാര്‍ഥത്തില്‍ അഹമ്മദ്നഗര്‍ ഭരിക്കാനും തുടങ്ങി. നാട്ടിലുള്ള പ്രഭുക്കന്മാരുടെ കലാപങ്ങളെ അടിച്ചമര്‍ത്തുന്നതിലും മുഗള്‍ ആക്രമണങ്ങളെ ചെറുത്തുനില്ക്കുന്നതിലും അംബര്‍ വിജയിച്ചു. അഹമ്മദ്നഗര്‍ ആക്രമിച്ചിരുന്ന ശത്രുക്കളെ ഇദ്ദേഹം പരാജയപ്പെടുത്തി.

1610-ല്‍ ബീജാപ്പൂരുമായി അഹമ്മദ്നഗര്‍ സൗഹാര്‍ദസഖ്യത്തിലൊപ്പുവച്ച്, അവരുടെ സഹായത്തോടെ മുഗള്‍സൈന്യത്തെ തോല്പിച്ചു. അറംഗബാദ് നഗരം സ്ഥാപിച്ചത് (1610) മാലിക് അംബറായിരുന്നു. മുഗളന്മാര്‍ 1617-ല്‍ വീണ്ടും ഖുറം രാജകുമാരന്റെ (പിന്നീട് ഷാജഹാന്‍ ചക്രവര്‍ത്തി) നേതൃത്വത്തില്‍ അഹമ്മദ്നഗര്‍ ആക്രമിച്ച്, ചില പ്രദേശങ്ങള്‍ കീഴടക്കി. ഈ ദുര്‍ഘടസന്ധിയില്‍ ബീജാപ്പൂര്‍ പഴയ സൌഹാര്‍ദസഖ്യം മറന്ന് മുഗള്‍സൈന്യത്തെ സഹായിക്കുകയാണു ചെയ്തത്. എന്നാല്‍ ഇതിലൊന്നും കൂസാതെ മാലിക് അംബര്‍ മുഗള്‍ സൈന്യത്തോടെതിരിട്ടു. 1624-ല്‍ അഹമ്മദ്നഗറിന് 16 കി.മീ. അകലെയുള്ള 'ഭട്ടൂരി'യില്‍ വച്ചു നടന്ന യുദ്ധത്തില്‍ മുഗള്‍-ബീജാപ്പൂര്‍ സൈന്യങ്ങളെ മാലിക് അംബര്‍ തോല്പിച്ചു. ചരിത്രപ്രസിദ്ധമായ ഈ വിജയം മൂലം ബീജാപ്പൂരിനെ തന്റെ ഭാഗത്തേക്കു കൊണ്ടുവരാനും മുഗളന്മാരെ ഭയചകിതരാക്കാനും അംബര്‍ക്കു കഴിഞ്ഞു. 1626-ല്‍ അംബര്‍ നിര്യാതനാകുന്നതുവരെ അഹമ്മദ്നഗര്‍ സ്വതന്ത്രരാജ്യമായി നിലനിന്നു. അഹമ്മദ്നഗര്‍കോട്ടയില്‍നിന്ന് 68 കി.മീ. വ.കി. ഉള്ള അമരപുരം ഗ്രാമത്തില്‍ അംബറുടെ ശവക്കല്ലറ ഇപ്പോഴും കാണാം. നോ: അഹമ്മദ്നഗര്‍; അറംഗബാദ്; നിസാംഷാഹി വംശം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍