This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

== കാമന്‍, മാര്‍ട്ടിന്‍ ഡേവിഡ്‌ (1913 - 2002) ==

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാമന്‍, മാര്‍ട്ടിന്‍ ഡേവിഡ്‌ (1913 - 2002)

Kamen, Martin David

കനേഡിയന്‍ രസതന്ത്രജ്ഞന്‍. 1940ല്‍ സാമുവല്‍ റൂബനുമൊത്ത്‌ ഇ14 എന്ന റേഡിയോ ആക്‌റ്റീവ്‌ കാര്‍ബണ്‍ ഐസോടോപ്പ്‌ കണ്ടെത്തി. 1913 ആഗ. 27നു ഒണ്ടേറിയോയിലെ ടൊറന്റോയില്‍ ജനിച്ചു. ഷിക്കാഗോ സര്‍വകലാശാലയില്‍ നിന്ന്‌ 1933ല്‍ രസതന്ത്രത്തില്‍ ബി.എസ്‌. ബിരുദവും 1936ല്‍ ഭൗതികരസതന്ത്രത്തില്‍ ഡോക്‌ടറേറ്റ്‌ ബിരുദവും നേടി. 1938ല്‍ ഇദ്ദേഹം അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. 1937 മുതല്‍ 44 വരെ കാലിഫോര്‍ണിയാ സര്‍വകലാശാലയിലെ റേഡിയേഷന്‍ ലബോറട്ടറിയില്‍ റിസര്‍ച്ച്‌ അസോസിയേറ്ററായി സേവനമനുഷ്‌ഠിച്ചു. പിന്നീട്‌ വാഷിങ്‌ടണ്‍, ബ്രാന്റെസ്‌, കാലിഫോര്‍ണിയ, ദക്ഷിണകാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ പ്രാഫസറായിരുന്നു.

ഐസോട്ടോപ്പുകളെ സംബന്ധിച്ച പഠനങ്ങളാണ്‌ കാമനെ പ്രശസ്‌തനാക്കിയത്‌. സസ്യങ്ങളിലെ പ്രകാശസംശ്ലേഷണവും അനുബന്ധ കാര്‍ബണ്‍ഡൈ ഓക്‌സൈഡ്‌ സ്വാംശീകരണവും കുറിച്ചുള്ള പഠനങ്ങളില്‍ കാമന്‍ തത്‌പരനായിരുന്നു. പ്രകാശസംശ്ലേഷണ ഫലമായി ഉത്‌പാദിപ്പിക്കപ്പെടുന്ന തന്മാത്രീയ ഓക്‌സിജന്റെ സ്രാതസ്‌ കാര്‍ബണ്‍ഡൈ ഓക്‌സൈഡല്ല, ജലമാണെന്ന്‌ 1938ല്‍ സാമുവല്‍ റൂബനുമൊത്ത്‌ നടത്തിയ പഠനങ്ങളിലൂടെ കാമന്‍ തെളിയിക്കുകയുണ്ടായി. പ്രസ്‌തുത പഠനം കാമന്‍ പൂര്‍ത്തിയാക്കിയത്‌ അതുവരെ അറിയപ്പെട്ടിരുന്ന ഒരേയൊരു റേഡിയോ കാര്‍ബണ്‍ ഐസോടോപ്പായ ഇ11 ന്റെ സഹായത്തോടെയാണ്‌. എന്നാല്‍ ഹ്രസ്വമായ അര്‍ധായുസ്‌ (21 മിനിട്ട്‌) ഉള്ള കാര്‍ബണ്‍11നു പകരം ട്രസറായി ഉപയോഗിക്കാവുന്ന പുതിയൊരു റേഡിയോ കാര്‍ബണ്‍ ഐസോടോപ്പ്‌ കണ്ടെത്തുവാന്‍ തീരുമാനിച്ചു. 1940ല്‍ കാമഌം റൂബഌം ചേര്‍ന്ന്‌ ഒരു 60 ഇഞ്ച്‌ സൈക്ലോട്രാണില്‍ ഗ്രാഫൈറ്റ്‌ ഡ്യുട്ടീരിയം ന്യൂക്ലിയസുമായി കൂട്ടിയിടിപ്പിച്ച്‌ കാര്‍ബണ്‍14 എന്ന റേഡിയോ ആക്‌റ്റീവ്‌ ഐസോടോപ്പ്‌ ഉത്‌പാദിപ്പിച്ചു. ജൈവരസതന്ത്രത്തിലും ചരിത്രപുരാവസ്‌തു വിജ്ഞാനമേഖലയിലും ഏറ്റവും കൂടുതല്‍ ഉപയോഗമുള്ള റേഡിയോ ആക്‌റ്റീവ്‌ കാര്‍ബണ്‍ ഐസോടോപ്പ്‌ ആണ്‌ കാര്‍ബണ്‍14. പ്രകാശ സംശ്ലേഷണവമായി ബന്ധപ്പെട്ട്‌ ഓക്‌സിജന്‍18 എന്ന ഐസോടോപ്പിനെ സംബന്ധിച്ചും കാമന്‍ പഠനം നടത്തിയിട്ടുണ്ട്‌. 1950കളില്‍ വാഷിങ്‌ടണ്‍ സര്‍വകലാശാലയില്‍വച്ച്‌ എ.വി. ഹെര്‍ഷിയുമായി സഹകരിച്ച്‌ ന്യൂക്ലിയോറ്റൈഡ്‌ മെറ്റബോളിസത്തെ സംബന്ധിച്ചും ഇദ്ദേഹം ഗവേഷണം നടത്തുകയുണ്ടായി. യീസ്റ്റിലെ ഫോസ്‌ഫേറ്റ്‌ ടേണോവര്‍, ബാക്‌റ്റീരിയല്‍ അയണ്‍ പ്രാട്ടീനുകള്‍, സൈറ്റോക്രാം എന്നിവയെക്കുറിച്ചും ഇദ്ദേഹം പിന്നീട്‌ ഗവേഷണം നടത്തി. ജൈവരസതന്ത്രത്തിന്റെ വിവിധ മേഖലകളെ പുരസ്‌കരിച്ച്‌ കാമന്‍ അനവധി ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്‌. അവയില്‍ പ്രധാനപ്പെട്ടവയാണ്‌ ഐസോടോപിക്‌ ട്രസേഴ്‌സ്‌ ഇന്‍ ബയോളജി (1947), പ്രമറി പ്രാസസ്‌ ഇന്‍ ഫോട്ടോസിന്തസിസ്‌ (1963), എ ട്രസര്‍ എക്‌സ്‌പെരിമെന്റ്‌ (1964) എന്നിവ. സ്റ്റ്രക്‌ചര്‍ ആന്‍ഡ്‌ ഫങ്‌ഷന്‍സ്‌ ഒഫ്‌ സൈറ്റോക്രാംസ്‌ എന്ന ഗ്രന്ഥത്തിന്റെ എഡിറ്റര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു കാമന്‍. ജൈവരസതന്ത്രരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്തുകൊണ്ട്‌ അനവധി ബിരുദങ്ങളും അവാര്‍ഡുകളും ഇദ്ദേഹത്തിനു നല്‌കിയിട്ടുണ്ട്‌. ഷിക്കാഗോ സര്‍വകലാശാല നല്‌കിയ അലമ്‌നിമെഡല്‍, സി.എഫ്‌. കെറ്റെറിങ്‌ അവാര്‍ഡ്‌, സി.എഫ്‌. കെറ്റെറിങ്‌ റിസര്‍ച്ച്‌ അവാര്‍ഡ്‌, അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി അവാര്‍ഡ്‌ എന്നിവ ഇവയില്‍പ്പെടുന്നു. കൂടാതെ, ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്‍ വേള്‍ഡ്‌ അവാര്‍ഡ്‌ ഒഫ്‌ സയന്‍സ്‌ (1989), എന്റിക്കോഫെര്‍മി അവാര്‍ഡ്‌ (1996) എന്നിവയും ഇദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. 2002 ആഗ. 31ന്‌ കാമന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍