This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തരൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:29, 23 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തരൂര്‍

പാലക്കാട് ജില്ലയില്‍, ആലത്തൂര്‍ താലൂക്കിലെ ആലത്തൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമ പഞ്ചായത്ത്. തരൂര്‍ 1, തരൂര്‍ 2 എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന തരൂര്‍ ഗ്രാമപഞ്ചായത്തിനെ 10 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. വിസ്തൃതി: 34.27 ച.കി.മീ. അതിര്‍ത്തി പങ്കുവയ്ക്കുന്ന പഞ്ചായത്തുകള്‍: വ.കി. പെരിങ്ങാട്ടുശ്ശേരി, കുത്തന്നൂര്‍, തിരുവില്വാമല; കി.കാവശ്ശേരി, എരിമയൂര്‍; തെ.കാവുശ്ശേരി. ഗായത്രിപ്പുഴയാണ് തെക്കും പടിഞ്ഞാറും അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നത്. 10-ാം ശ.-ത്തില്‍ പാലക്കാട് എത്തിയ തരുവൈ എന്ന നെടുംപുറയൂര്‍ നാട്ടുടയര്‍ പാലക്കാട് ചുരത്തിന്റെ മധ്യഭാഗം കയ്യടക്കി ആധിപത്യം സ്ഥാപിച്ചെന്നാണു വിശ്വാസം. 'തരുവൈ' ലോപിച്ചാണ് 'തരൂര്‍'എന്ന ഗ്രാമനാമം നിഷ്പന്നമായതെന്ന് കരുതപ്പെടുന്നു. 1930-ല്‍ ഇവിടം സന്ദര്‍ശിച്ച മഹാകവി വള്ളത്തോള്‍ തരൂരിനെ 'തരുക്കളുടെ ഊരാ'യും 'തരുന്നവരുടെ ഊരാ'യും വ്യാഖ്യാനിച്ചിട്ടുണ്ട്. 1956-ല്‍ ഭൂദാന പ്രസ്ഥാനത്തിന്റെ പ്രചരണാര്‍ഥം വിനോബാ ഭാവേ തരൂര്‍ സന്ദര്‍ശിച്ചു.

മലമ്പുഴ ജലസേചന പദ്ധതി തരൂരിന്റെ ഭൂരിഭാഗത്തെയും ജലസിക്തമാക്കുന്നു. പഞ്ചായത്തിന്റെ തെ. ഭാഗത്തുകൂടി ഒഴുകുന്ന ഗായത്രിപ്പുഴയിലെ ജലം പഞ്ചായത്തിലെ 6 വാര്‍ഡുകളിലെ കൃഷിക്ക് ഉപയുക്തമാണ്. നെല്ലാണ് മുഖ്യവിള. മുമ്പ് നെല്ലിനു പുറമേ ചാമ, കോറ, ഉഴുന്ന്, ചെറുപയര്‍, മുതിര എന്നിവയും ഇവിടെ കൃഷി ചെയ്തിരുന്നു. ഇപ്പോള്‍ ഇവയുടെ സ്ഥാനം റബ്ബര്‍, വാഴ, മരച്ചീനി, തെങ്ങ്, പച്ചക്കറി, പയറുവര്‍ഗങ്ങള്‍ എന്നിവയ്ക്കാണ്.

കളിമണ്‍ പാത്രങ്ങളുടേയും ഈറ, മുള എന്നിവ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടേയും നിര്‍മാണം, കെട്ടിട നിര്‍മാണം, നെയ്ത്ത്, കള്ളുചെത്ത് തുടങ്ങിയവ തരൂരിലെ പ്രധാന പാരമ്പര്യ- ചെറുകിട വ്യവസായങ്ങളാണ്. കൃഷി ഭവന്‍, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ആരോഗ്യ കേന്ദ്രങ്ങള്‍, പോസ്റ്റ് ഓഫീസ്, സ്കൂളുകള്‍, സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന സര്‍ക്കാര്‍ പൊതു സ്ഥാപനങ്ങള്‍.

ബ്രിട്ടീഷുകാര്‍ക്കു മുമ്പ് പാലക്കാട് രാജവംശത്തിന്റെ ഭാഗമായിരുന്ന തരൂര്‍ദേശം കാലക്രമേണ ജന്മിത്വത്തിന് വഴി മാറി. ജാതി വ്യവസ്ഥ, അയിത്തം, ജന്മിത്വം, അടിമത്തം എന്നിവ പരമ്പരാഗതമായി നിലനിന്നിരുന്ന തരൂരില്‍ ദേശീയ പ്രസ്ഥാനത്തിന്റെ അലയടികള്‍ ശക്തമായി പ്രതിഫലിച്ചു. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ അംഗമായിരുന്ന കെ.പി. കേശവമേനോന്‍, ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് 1943 ഫെ. 16-ന് അലിപ്പൂര്‍ ജയിലില്‍ വീരചരമം പ്രാപിച്ച ടി.പി. കോമ്പുക്കുട്ടി മേനോന്‍ തുടങ്ങിയ നിരവധി നേതാക്കള്‍ക്ക് തരൂര്‍ ജന്മം നല്കിയിട്ടുണ്ട്. ഭീമന്‍ ഗുരുജിയുടേയും മറ്റും നേതൃത്വത്തിലായിരുന്നു ദേശീയ പ്രസ്ഥാനം തരൂരില്‍ ശക്തി പ്രാപിച്ചത്. കെ.പി. കേശവമേനോന്‍ സ്മാരക ഓഡിറ്റോറിയം, കോമ്പുക്കുട്ടി മേനോന്‍ സ്മാരക ഗ്രന്ഥശാല, 1948-ല്‍ സ്ഥാപിച്ച ഗാന്ധിപ്രതിമ എന്നിവ ദേശീയ പ്രസ്ഥാനത്തില്‍ തരൂര്‍ നല്കിയ സംഭാവനകളെ അനുസ്മരിപ്പിക്കുന്നു.

ഒരു കാലത്ത് വിവിധ നാടന്‍ കലാരൂപങ്ങളുടെ സങ്കേതമായിരുന്നു തരൂര്‍. ഇവിടത്തെ കലാ-സാംസ്കാരിക രംഗം കര്‍ഷക തൊഴിലാളി സൗഹൃദം ഊട്ടിയുറപ്പിക്കുന്ന കന്നിമാസത്തിലെ ചേറ്റൊടുക്കം കെങ്കേമമായി ആഘോഷിച്ചിരുന്നു. നടീല്‍ തീരുന്ന മുറയ്ക്ക് എല്ലാ തൊഴിലാളികള്‍ക്കും 'ചോറും ചാറും' നല്കുന്ന ദിവസമായിരുന്നു കര്‍ക്കടകത്തിലെ നിറയും ചെറുപുത്തരിയും. വൃശ്ചികമാസത്തിലെ കുതിരവേലയായിരുന്നു മറ്റൊരു പ്രധാന ആഘോഷം. കാര്‍ഷികാഭിവൃദ്ധിക്കുവേണ്ടി നടത്തിയിരുന്ന മറ്റാഘോഷങ്ങളായിരുന്നു മകരച്ചൊവ്വയും മകരക്കൊയ്ത്തും. നിരവധി ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം ആരാധനാലയങ്ങളും തരൂരിലുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%B0%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍