This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൌറ്റി, ചാള്‍സ് മൊണ്ടേഗ് (1843 - 1926)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:09, 17 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡൗറ്റി, ചാള്‍സ് മൊണ്ടേഗ് (1843 - 1926)

Doughty,Charles Montagu

ഇംഗ്ളീഷ് കവിയും സഞ്ചാര സാഹിത്യകാരനും. സഫോക്കില്‍ തെബേര്‍ട്ടന്‍ ഹാളിലെ റവ. സി.എം. ഡൗറ്റിയുടെ ഇളയ മകനായി 1843 ആഗ. 19-ന് ജനിച്ചു. ലണ്ടന്‍, കേംബ്രിജ് സര്‍വകലാശാല കളിലായിരുന്നു വിദ്യാഭ്യാസം. യൂറോപ്പിലും ലെവന്റിലും വ്യാപകമായി സഞ്ചരിച്ചിട്ടുണ്ട്. 1876-ല്‍ ഡമാസ്കസില്‍ നിന്നായിരുന്നു ഡൗറ്റിയെ പ്രസിദ്ധനാക്കിയ അറേബ്യന്‍ പര്യടനത്തിന്റെ തുടക്കം. ഹജ്ജ് തീര്‍ഥാടകരോടൊപ്പം രണ്ടു വര്‍ഷത്തോളം ഖൈബര്‍, തൈമ, ഹെയില്‍, അനെയ്സ്, ബുറെയ്ദ തുടങ്ങിയ സ്ഥലങ്ങളില്‍ സഞ്ചരിച്ച ഇദ്ദേഹം തന്റെ യാത്രാനുഭവങ്ങള്‍ വിവരിക്കുന്ന ട്രാവല്‍സ് ഇന്‍ അറേബ്യാ ഡെസെര്‍ട്ട എന്ന ഗ്രന്ഥം 1888-ല്‍ പ്രസിദ്ധീകരിച്ചു. അക്കാലത്ത് വളരെയൊന്നും ജനശ്രദ്ധയാകര്‍ഷിച്ചില്ലെങ്കിലും പില്ക്കാലത്ത് സഞ്ചാര സാഹിത്യരംഗത്ത് ഇതിഹാസ തുല്യമായ സ്ഥാനം ഈ കൃതി നേടുകയുണ്ടായി. തന്റെ യാത്രാനുഭവങ്ങള്‍ വിവരിക്കുകയെന്നതിനേക്കാള്‍ 'ശുദ്ധ ഇംഗ്ളീഷ്' ഗദ്യത്തിന്റെ മാതൃക കാഴ്ചവയ്ക്കുകയെന്നതായിരുന്നു ഡൗറ്റിയുടെ ലക്ഷ്യം. ഇതിനുവേണ്ടി എലിസബീത്തന്‍ ശൈലി തന്നെ ഉപയോഗിച്ച ഇദ്ദേഹം ഇംഗ്ളീഷ് ഭാഷയില്‍ വാക്യരചനയിലും പദപ്രയോഗത്തിലും പില്ക്കാലത്തുണ്ടായ സകല വ്യതിയാനങ്ങളെയും പാടേ തള്ളിക്കളയുകയാണുണ്ടായത്. ഡൗറ്റിയുടെ ഉദാത്ത ശൈലി വിഭ്രാമകമായി സാധാരണ വായനക്കാര്‍ക്ക് അനുഭവപ്പെടാമെങ്കിലും വിദൂരദേശത്തെ തന്റെ ഏകാന്ത സാഹസികതകളെക്കുറിച്ചുള്ള പ്രതീതി വായനക്കാരില്‍ ജനിപ്പിക്കാന്‍ അത് സഹായകമായി.

ജീവിതത്തിന്റെ ശിഷ്ടകാലം കാവ്യോപാസനയ്ക്കു വേണ്ടി നീക്കിവയ്ക്കുകയാണ് ഡൗറ്റി ചെയ്തത്. ഇദ്ദേഹത്തിന്റെ കാവ്യ ശൈലി പൊതുവേ പരുഷമാണെങ്കിലും ഉദാത്തമായ കാവ്യഭാവനയില്‍ നിന്നു ജന്മം കൊണ്ട നിരവധി ഖണ്ഡങ്ങള്‍ കവി പ്രതിഭയ്ക്കു നിദര്‍ശനമായി വിളങ്ങുന്നു. നിരവധി മഹാകാവ്യങ്ങളും കാവ്യനാടകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ദ ഡോണ്‍ ഇന്‍ ബ്രിട്ടന്‍ (വാല്യം, 1906), ആഡം കാസ്റ്റ് ഫോര്‍ത്ത് (1908), ദ് ക്ളിഫ്സ് (1909), ദ് ക്ളൌഡ്സ് (1912), ദ് ടൈറ്റില്‍സ് (1916), ദ് മാന്‍സോള്‍ (1920) എന്നിവ ഇക്കൂട്ടത്തില്‍ മികച്ചു നില്ക്കുന്നു.

1926 ജനു. 20-ന് കെന്റിലെ സിസിങ് ഹേഴ് സ്റ്റില്‍ ഡൗറ്റി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍