This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാമിനി റോയ് (1887 - 1972)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:02, 21 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജാമിനി റോയ് (1887 - 1972)

ജാമിനി റോയ്

ബംഗാളി ചിത്രകാരന്‍. 1887 ഏപ്രിലില്‍ ബംഗാളിലെ ബാങ്കുറാ ജില്ലയിലെ ബെലിയാത്തോറില്‍ ചെറിയ ഭൂവുടമകുടുംബത്തില്‍ ജനിച്ചു. 17-ാമത്തെ വയസ്സില്‍ കല്‍ക്കത്താ സ്കൂള്‍ ഒഫ് ഫൈന്‍ ആര്‍ട്സില്‍ ചേര്‍ന്നു. പഠനാനന്തരം പ്രകൃതി, നിശ്ചല ദൃശ്യങ്ങള്‍, ഛായാചിത്രങ്ങള്‍ എന്നിവ വരച്ചു തുടങ്ങി. ക്രമേണ യൂറോപ്യന്‍ ശൈലിയോടു വിട പറഞ്ഞ റോയ് ഇംപ്രഷണിസ്റ്റ്, ബംഗാള്‍ സ്കൂള്‍ ശൈലികളില്‍ ചില രചനകള്‍ ചെയ്തെങ്കിലും തനതായ നൂതനശൈലിക്കു വേണ്ടിയുള്ള അന്വേഷണം തുടര്‍ന്നു. ഇദ്ദേഹത്തിന്റെ ശ്രദ്ധ നാടോടിക്കലകളിലേക്കും നാടോടി വിജ്ഞാനീയത്തിലേക്കും തിരിഞ്ഞു. കാളിഘട്ട് 'പട' രചനാരീതി, കന്താസ് തുന്നല്‍വേല, അല്‍പന നിലമെഴുത്തുരീതി എന്നിവയില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടു രചിച്ച റോയ് ചിത്രങ്ങളെ 'പ്രാകൃത'മെന്ന് ചിലര്‍ വിശേഷിപ്പിക്കുകയുണ്ടായി. ബംഗാള്‍ ക്ഷാമത്തെക്കുറിച്ച് (1943-44) റോയ് വരച്ച ചിത്രങ്ങള്‍ ഇദ്ദേഹത്തിനു രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്തു.

സ്വാതന്ത്ര്യസമര പ്രസ്ഥാനവും ദേശീയതയും റോയിക്കാവേശമായി. റോയ് ചിത്രങ്ങളില്‍ അന്തര്‍ലീനമായ രചനാസൗകുമാര്യവും ദേശീയ ബോധവും ഭാവപരമായ ധ്വന്യാത്മകതയും ബഹുജനശ്രദ്ധയില്‍ കൊണ്ടുവന്നത് ഷഹീദ് സുഹ്രവര്‍ദിയെന്ന നിരൂപകനാണ്.

തന്റെ രചനാരീതികള്‍ വീണ്ടും പരിണാമ വിധേയമായപ്പോഴാണ് റോയ് ക്യാന്‍വാസിനു പകരം തടിപ്പലകയും കടലാസും സ്വീകരിച്ചതും സ്വയം തിരിച്ചെടുത്ത വര്‍ണങ്ങള്‍ മുട്ടയിലും പുളിങ്കുരു എണ്ണയിലും ചാലിച്ചെടുത്തു ചിത്രമെഴുതാന്‍ തുടങ്ങിയതും. ഇന്ത്യന്‍ റെഡ്, യെല്ലോ ഓക്കര്‍, കാഡ്മിയം പച്ച, വേര്‍മിലിയന്‍, ഗ്രേ, നീലം, ഹിംഗുല്‍, ഹരിതാന്‍, കക്ഖോരി, വിളക്കു കരി, ചോക്ക് എന്നിവ ഉപയോഗിച്ചും രചന നടത്തിയിട്ടുണ്ട്. കുശവന്മാര്‍, കൊല്ലന്മാര്‍, ആശാരിമാര്‍, ജിപ്സികള്‍ എന്നിവര്‍ക്കു പുറമേ ബാഉല്‍, ബോറി, സന്താള്‍ (മല്ലാസ്) എന്നീ നാടോടി ജനവിഭാഗങ്ങളെയും ഇദ്ദേഹം മോഡലാക്കി. ഗ്രാമീണ ജീവിത മുഹൂര്‍ത്തങ്ങള്‍, അധ്വാനവേളകള്‍ എന്നിവയോടൊപ്പം ക്രൈസ്തവ-ഹിന്ദു പുരാണകഥാപാത്രങ്ങളും പൂച്ച, നായ്, പശു, കുതിര, പക്ഷികള്‍ മുതലായ ജന്തുജാലങ്ങളും രചനയ്ക്കു വിഷയമായി. ഭാരതീയ ചിത്രകല പട്ടണ പരിഷ്കാരത്തിലല്ല, നാട്ടിന്‍പുറങ്ങളിലെ കരകൗശല വസ്തുക്കളിലും കൈത്തൊഴിലുകളിലുമാണ് നിറഞ്ഞു നില്ക്കുന്നതെന്ന് റോയ് സിദ്ധാന്തിച്ചു.

1946-ല്‍ ലണ്ടനിലും 1953-ല്‍ ന്യൂയോര്‍ക്കിലും റോയ് പ്രദര്‍ശനങ്ങള്‍ നടത്തി ബുദ്ധിജീവികളുടെയും കലാസ്വാദകരുടെയും അംഗീകാരം നേടി. കവികളായ സുധീന്ദ്രനാഥദത്ത, ബിഷ്ണുദേ എന്നിവരും നിരൂപകനായ ജോണ്‍ ഇര്‍വിനും ഇദ്ദേഹത്തിന്റെ രചനകളെ വളരെയധികം പ്രശംസിച്ചിട്ടുണ്ട്. 1955-ല്‍ പദ്മഭൂഷണ്‍ നല്കി രാഷ്ട്രം ഇദ്ദേഹത്തെ ആദരിച്ചു. താന്ത്രിക കലയ്ക്കു ബീജാവാപം ചെയ്തത് റോയ് ആണെന്ന് അഭിപ്രായമുണ്ട്. 1972-ല്‍ ജാമിനി റോയ് അന്തരിച്ചു.

(പ്രൊഫ. എം. ഭാസ്കര പ്രസാദ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍