This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജഹോര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:57, 14 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജഹോര്‍

Johor

മലേഷ്യയിലെ തെക്കന്‍ മലായ് ഉപദ്വീപിലുള്ള ഒരു സംസ്ഥാനം. തെക്കന്‍ ചൈനാക്കടലിനും മലാക്കാ ജലസന്ധിക്കും ഇടയിലായി സ്ഥിതിചെയ്യുന്നു. വിസ്തീര്‍ണം: 19,210 ച.കി.മീ.; ജനസംഖ്യ: 33,48,283 (2010). പ്രധാനനഗരവും തലസ്ഥാനവും ജഹോര്‍ ബഹാറൂ. സംസ്ഥാനാതിര്‍ത്തികള്‍ വ. പഹാങ്; വ. പ. മലാക്കയും നെഗേരി സെംബൈലനും; തെ. ജഹോര്‍ കടലിടുക്ക്. ജഹോര്‍ കടലിടുക്കിന് 1.2 കി.മീ. വീതിയും 51.5 കി.മീ. നീളവുമുണ്ട്.

ചതുപ്പുനിറഞ്ഞ തീരപ്രദേശവും ഒറ്റപ്പെട്ട കുന്നുകളുമുള്ള സമതലങ്ങളും ജഹോറിന്റെ പ്രത്യേകതയാണ്. ഏറ്റവും ഉയരം കൂടിയ പ്രദേശം: ഓഫര്‍ മല (1170 മീ.). ഇവിടത്തെ മുഖ്യവിള റബ്ബറാണ്. തേങ്ങ, എണ്ണപ്പന, കൈതച്ചക്ക എന്നിവയും മറ്റു പ്രധാനവിളകളില്‍പ്പെടുന്നു. നെല്‍ക്കൃഷിക്കു താരതമ്യേന പ്രാധാന്യം കുറവാണ്.

ധാരാളം കാടുകളുള്ള ജഹോറില്‍ വര്‍ഷം മുഴുവനും ഈര്‍പ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥ അനുഭവപ്പെടുന്നു. വര്‍ഷത്തിലെ എല്ലാ മാസങ്ങളിലും ഇവിടെ മഴ ലഭ്യമാണ്. സിംഗപ്പൂര്‍ നഗരത്തിനു മുഴുവന്‍ ആവശ്യമായ ജലം ഈ പ്രദേശത്തുനിന്നു കിട്ടുന്നു. 15,300 കി.മീ. നീളമുള്ള റോഡുകളും 195 കി.മീ. ദൈര്‍ഘ്യമുള്ള റെയില്‍പ്പാതയും ഉള്ള ഈ സംസ്ഥാനത്തിന്റെ വാണിജ്യം പ്രധാനമായും സിംഗപ്പൂര്‍ നഗരത്തിലൂടെയാണ്. തലസ്ഥാനമായ ജഹോര്‍ ബഹാറൂവിന് 29 കി.മീ. വടക്കു പടിഞ്ഞാറു മാറിയുള്ള സെനൈയില്‍ 1973 മുതല്‍ പ്രവര്‍ത്തിക്കുന്ന ഒരു വിമാനത്താവളമുണ്ട്.

15-ാം ശ.-ല്‍ മലാക്കാ സുല്‍ത്താന്റെ ഭരണത്തിലായിരുന്ന ഈ പ്രദേശം 1511-ല്‍ സ്വതന്ത്ര രാഷ്ട്രമായിരുന്ന ജഹോര്‍ റീയൂവിന്റെ ഭാഗമായി മാറി. 1946-ലെ മലയായൂണിയന്റെ രൂപീകരണത്തിനു മുമ്പ് മലയന്‍ ഫെഡറേഷന്റെ ഭാഗമല്ലാത്ത സംസ്ഥാനങ്ങളിലൊന്നായിരുന്നു ഇത്. സിംഗപ്പൂരിനടുത്തായി സ്ഥിതി ചെയ്യുന്നതുകൊണ്ട് 19-ാം ശ.-ല്‍ ബ്രിട്ടന് ഇവിടവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്റെ അധീനതയിലായ ഈ പ്രദേശം 1948-ല്‍ മലയന്‍ ഫെഡറേഷന്റെയും തുടര്‍ന്ന് 1962-ല്‍ മലേഷ്യന്‍ ഫെഡറേഷന്റെയും ഭാഗമായിത്തീര്‍ന്നു. ഭരണഘടനാവിധേയമായ രാജഭരണമാണ് ഇവിടെ നിലവിലുള്ളത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%B9%E0%B5%8B%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍