This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജവാഹര്‍ലാല്‍ നെഹ്റു - കൃഷി വിശ്വവിദ്യാലയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:51, 19 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജവാഹര്‍ലാല്‍ നെഹ്റു - കൃഷി വിശ്വവിദ്യാലയ

മധ്യപ്രദേശിലെ ജബല്‍പൂരില്‍ സ്ഥിതിചെയ്യുന്ന ഒരു അഫിലിയേറ്റിങ് സര്‍വകലാശാല. 1963-ല്‍ മധ്യപ്രദേശ് നിയമസഭയുടെ ജവാഹര്‍ലാല്‍ നെഹ്റു കൃഷി വിശ്വവിദ്യാലയ ആക്റ്റു പ്രകാരം നിലവില്‍ വന്ന സര്‍വകലാശാലയ്ക്ക് സംസ്ഥാനത്താകമാനം അധികാരപരിധിയുണ്ട്. ബിരുദ ബിരുദാനന്തര കോഴ്സുകള്‍ നടത്തിവരുന്ന വ്യത്യസ്ത ഫാക്കല്‍റ്റികള്‍ ഈ സര്‍വകലാശാലയ്ക്കുണ്ട്. ഫാക്കല്‍റ്റി ഒഫ് അഗ്രികള്‍ച്ചര്‍, ഫാക്കല്‍റ്റി ഒഫ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ഫാക്കല്‍റ്റി ഒഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡ്രി തുടങ്ങിയവ.

ജബല്‍പൂരിലെ കാര്‍ഷികകോളജ്, വെറ്ററിനറി കോളജ്, അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് കോളജ്, റായ്പൂരിലെ കാര്‍ഷികോളജ്, കോളജ് ഒഫ് ഡയറി ടെക്നോളജി, മൗവിലെ വെറ്ററിനറി കോളജ്, റേവ, സെഹോര്‍, ഇന്‍ഡോര്‍, ഗ്വാളിയര്‍ എന്നീ സ്ഥലങ്ങളിലെ കാര്‍ഷിക കോളജുകള്‍ എന്നിവയാണ് സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രധാന സ്ഥാപനങ്ങള്‍. രണ്ടു ഘട്ടങ്ങളായി തിരിച്ചിട്ടുള്ള അധ്യയനവര്‍ഷം ജൂലായില്‍ ആരംഭിച്ച് ജൂണില്‍ അവസാനിക്കുന്നു. ഭോപ്പാലിലെ വ്യാവസായിക് പാഠ്യക്രമ് പ്രവേശ് പരീക്ഷാമണ്ഡല്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ ജയിക്കുന്നവര്‍ക്കേ ബിരുദതലത്തില്‍ പ്രവേശനമുള്ളൂ. ആന്തരികമായ വിലയിരുത്തല്‍ വഴി ഗ്രേഡിങ് സമ്പ്രദായം ഉപയോഗിച്ചു മൂല്യനിര്‍ണയം നടത്തുന്നു. പ്രൈവറ്റായി പരീക്ഷയെഴുതുന്നതിനുള്ള സൗകര്യം ഈ സര്‍വകലാശാലയിലില്ല.

വിദ്യാര്‍ഥികള്‍ക്കാവശ്യമായ ഗ്രന്ഥശാലാ സൗകര്യങ്ങള്‍, താമസസൗകര്യങ്ങള്‍, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ സര്‍വകലാശാലയിലുണ്ട്. സര്‍വകലാശാലയുടെ കീഴിലുള്ള ഏതാണ്ട് എല്ലാ കോളജുകളിലും വിശാലമായ കളിക്കളങ്ങളുമുണ്ട്.

സംസ്ഥാനത്തൊട്ടാകെ എക്സ്റ്റന്‍ഷന്‍ പ്രവര്‍ത്തനം നടത്തുന്നതിനായി സര്‍വകലാശാലയില്‍ ഡയറക്ടറേറ്റ് ഒഫ് എക്സ്റ്റന്‍ഷന്‍ സര്‍വീസ് (Directorate of Extension Service) പ്രവര്‍ത്തിക്കുന്നു. ഈ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ കര്‍ഷകര്‍ക്കായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, സസ്യസംരക്ഷണം, ജലവിനിയോഗം, കോഴി വളര്‍ത്തല്‍, താറാവു വളര്‍ത്തല്‍ മുതലായവയില്‍ വിദഗ്ദോപദേശം നല്കുക മുതലായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഈ സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ അഗ്രികള്‍ച്ചര്‍, വെറ്ററിനറി വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് പഠനാനന്തര പരിശീലനവും നല്കിവരുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍