This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഛോട്ടാ നാഗ്പൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:07, 4 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഛോട്ടാ നാഗ്പൂര്‍

ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശത്തുള്ള ഒരു പീഠഭൂമിയും അതുള്‍ക്കൊള്ളുന്ന പ്രദേശവും. ബിഹാര്‍ സംസ്ഥാനത്തില്‍പ്പെടുന്നു. 'ഛുട്ടിയ നാഗ്പൂര്‍' എന്നും പേരുണ്ട്. കോയല്‍, സുവര്‍ണരേഖ, ദാമൂദ എന്നീ നദികള്‍ ഈ പ്രദേശത്തു നിന്നും ഉദ്ഭവിക്കുന്നു. ധാതുസമ്പന്നമായ ഈ പ്രദേശം സിന്ധ് ഗൂജഭാഗങ്ങളിലേക്കു വ്യാപിച്ചാണ് 'ഊപര്‍ ഗഢ്' അഥവാ ജസ്പൂര്‍ ഹൈലന്‍ഡ്സ് ഉണ്ടായിരിക്കുന്നത്. അനേകം ചെറുകുന്നുകളാല്‍ ഈ ഭൂവിഭാഗം വിന്ധ്യന്‍-ഖൈമൂര്‍ മലനിരകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഛോട്ടാ നാഗ്പൂര്‍ പീഠഭൂമിക്ക് 18,000 ച.കി.മീ. വിസ്തൃതിയുണ്ട്.

ഡക്കാണ്‍ പീഠഭൂമിയിലെ സുവര്‍ണനദിക്കു കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഛോട്ടാ നാഗ്പൂര്‍ പീഠഭൂമി പൂര്‍വഘട്ടമലനിരകളുമായും ഛോട്ടാ നാഗ്പൂര്‍ കുന്നുകള്‍ വഴി പൂര്‍വഘട്ട മലനിരകള്‍ 'സാത്പുര' നിരകളുമായും ബന്ധപ്പെട്ടിരിക്കുന്നു. അപരദനപ്രതലങ്ങള്‍ ഈ പീഠഭൂമിയില്‍ സമൃദ്ധമാണ്. പൊതുവേ ഇവയ്ക്ക് ഉയരം കുറവാണ് (600 മീറ്ററില്‍ താഴെ). ഉപദ്വീപിന്റെ തന്നെ ഭൌതികപരിണാമത്തിന്റെ വിവിധഘട്ടങ്ങള്‍ക്കു തെളിവായി വര്‍ത്തിക്കുന്നവയാണ് ഈ പ്രതലങ്ങള്‍.

ബംഗാള്‍ തടത്തിനു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഛോട്ടാനാഗ്പൂര്‍ പീഠഭൂമിയിലെ ഏറ്റവും വലുതും പ്രധാനവുമായ ഭാഗമാണ് റാഞ്ചി പീഠഭൂമി. ഇതിന്റെ ഏറ്റവും ഉയരമേറിയ ഭാഗത്തിന് 700 മീറ്ററാണ് പൊക്കം. ഉരുണ്ടു വലുപ്പമേറിയ കൃഷ്ണശിലാഖണ്ഡങ്ങളും (monad rocks) വെള്ളപ്പൊക്കത്തിന്റെ ഫലമായി നദികളിലുണ്ടാകുന്ന സമതലത്തിട്ടകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.

ഛോട്ടാ നാഗ്പൂര്‍ പീഠഭൂമിയുടെ ചരിവുകളില്‍ കയറിപ്പറ്റുക ദുഷ്കരമാണ്. നിമ്നോന്നതമായ ഇവിടം വനസമ്പത്തുകൊണ്ട് അനുഗൃഹീതമാണ്. ചെറുകുന്നുകളുടെ നിരകള്‍ ധാരാളമുള്ള ഈ ഭൂവിഭാഗത്തിലെ കാലാവസ്ഥ അത്യന്തം ആരോഗ്യപ്രദമാകുന്നു. ഈ ഭാഗത്തു ലഭിക്കുന്ന ഉയര്‍ന്ന തോതിലുള്ള മഴയും അന്തരീക്ഷ ഈര്‍പ്പവുമാണ് ഇലപൊഴിയുന്ന ഉഷ്ണമേഖലാവനങ്ങള്‍ തഴച്ചുവളരാന്‍ സഹായകരമായിരിക്കുന്ന മുഖ്യഘടകങ്ങള്‍. ഛോട്ടാ നാഗ്പൂര്‍ പീഠഭൂമിയുടെ അതിരുകള്‍ ക്രമരഹിതമായതിനാല്‍ കുത്തനെയുള്ള ചരിവുകള്‍ ഏറെയുണ്ട്. ഈ പ്രദേശത്തിന്റെ പടിഞ്ഞാറുഭാഗത്ത് മേശയുടെ ആകൃതിയില്‍ കാണപ്പെടുന്ന പീഠഭൂമികള്‍ മുമ്പുണ്ടായിരുന്ന വിസ്തൃതമായ 'പ്ളീനിപ്ളേനു'കളുടെ (മണ്ണൊലിപ്പുമൂലം പ്രായേണ സമതലമായിത്തീര്‍ന്ന പ്രദേശങ്ങള്‍) ഭാഗമാണ്.

ഛോട്ടാ നാഗ്പൂര്‍ പ്രദേശത്തെ മണ്ണിന് മുഖ്യമായും ചുവപ്പുനിറമാണ്. ഇവിടെക്കാണുന്ന കായാന്തരശിലകളിലെ ഇരുമ്പിന്റെ സമൃദ്ധമായ സാന്നിധ്യമാണ് ഈ നിറത്തിനു കാരണം. എന്നാല്‍ ഈ മണ്ണിന് എക്കല്‍മണ്ണിനെ അപേക്ഷിച്ച് വളക്കൂറ് കുറവാണ്. മാത്രമല്ല, സ്ഥാനീയസ്വഭാവവ്യത്യാസങ്ങളും ഇതു പ്രകടമാക്കുന്നുണ്ട്. ഡക്കാണ്‍ പീഠഭൂമിയുടെ അതിരുകളിലായി വരുന്ന പ്രദേശങ്ങളില്‍ ഈ ഇനം മണ്ണാണ് കാണപ്പെടുക.

വടക്കു നിന്ന് ആര്യന്മാരുടെ കടന്നുകയറ്റത്തോടെ ആദിവാസികള്‍ സമതലങ്ങളില്‍ നിന്നു പിന്‍വാങ്ങി ഛോട്ടാ നാഗ്പൂര്‍ പ്രദേശത്ത് വാസമുറപ്പിച്ചു. യൂറോപ്യന്മാര്‍ 'കോള്‍' എന്നു വിശേഷിപ്പിച്ചിരുന്ന ഈ ഭൂവിഭാഗങ്ങള്‍ ജനസാന്ദ്രതയുടെ കാര്യത്തില്‍ മധ്യമമായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍