This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

വൈജ്ഞാനികോപന്യാസങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

വൈജ്ഞാനികോപന്യാസങ്ങള്‍

സാമൂഹിക ജീവിതത്തിൽ സയന്‍സിന്റെ സ്വാധീനം പ്രകടമായിക്കഴിഞ്ഞിട്ടുള്ള ആധുനികയുഗത്തിൽ ശാസ്‌ത്രസാഹിത്യത്തിന്‌ സർഗാത്മകസാഹിത്യത്തിന്റെ പ്രാധാന്യം കൈവന്നിട്ടുണ്ട്‌. ശാസ്‌ത്ര, സാങ്കേതിക മാനവികവിഷയങ്ങളിൽ ഏതും മലയാളത്തിൽത്തന്നെ പഠിക്കാനും പഠിപ്പിക്കാനും കഴിയുമെന്നായതോടെ നിരവധി വൈജ്ഞാനികോപന്യാസങ്ങളും അവയുടെ സമാഹാരങ്ങളും ഉണ്ടായിത്തുടങ്ങി. ഡോ. ഹെർമന്‍ ഗുണ്ടർട്ട്‌ (1814-93) ആണ്‌ ഈ പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ചത്‌. അദ്ദേഹം പ്രസാധനം ചെയ്‌ത പശ്ചിമോദയം (1847) മാസികയിൽ ജ്യോതിഷം, കേരളപ്പഴമ, ഭൂമിശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്‌ ചെറിയ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. വേദസംയുക്തി, ബാലാഭ്യസനം മുതലായ കൃതികളുടെ കർത്താവും ഭാഷാപണ്ഡിതനുമായ റവറന്റ്‌ ജോർജ്‌ മാത്തന്‍ (1819-70) തന്റെ രനചകളിൽ ചില ശാസ്‌ത്രലേഖനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. കേരളവർമ വലിയകോയിത്തമ്പുരാന്റെ നേതൃത്വത്തിൽ ആരംഭിച്ച പാഠപുസ്‌തക നിർമാണത്തോടൊപ്പം ശാസ്‌ത്രസാഹിത്യ രചനയും ഒട്ടൊക്കെ പുരോഗമിച്ചു. എം. രാമവർമത്തമ്പാന്റെ (1856-1940) ഭൂഗോളചരിതം, പ്രഭാഷണങ്ങള്‍, കെ.ആർ. കൃഷ്‌ണപിള്ളയുടെ പാശ്ചാത്യശാസ്‌ത്രവൃത്താന്തം, ഒ.എം. ചെറിയാന്റെ (1874-1944) സാഹിത്യവിചാരം, ഭൂവിവരണസിദ്ധാന്തസംഗ്രഹം, എം. രാജരാജവർമ(1879-1959)യുടെ നവീനശാസ്‌ത്രദീപിക, ഉപന്യാസാരാമം, ഭൂവിജ്ഞാനീയം മുതലായവയാണ്‌ ശാസ്‌ത്രലേഖനങ്ങള്‍ സമാഹരിച്ചിട്ടുള്ള ആദ്യകാല കൃതികള്‍. ഭാഷാപോഷിണി മാസികയിൽ ഐ.സി. ചാക്കോയും ടി. രാമലിംഗപിള്ള(1880-1968)യും ഗണിത, ജ്യോതിഷ ലേഖനങ്ങള്‍ എഴുതിയിരുന്നു. ഡോ. എൽ.എ. രവിവർമയുടെ (1884-1958) ആരോഗ്യ മാർഗം, ആരോഗ്യരക്ഷാവിധികള്‍, കെ.പി. കേശവമേനോന്റെ വിജയത്തിലേക്ക്‌, പി.കെ. കോരുവിന്റെ (1890-1967) നക്ഷത്രദീപിക, പരഗണിത പ്രവേശിക, കെ.പി. ശങ്കരന്‍നായരുടെ (1892-1964) ലോകാലോകം തുടങ്ങി വിവിധ ജ്ഞാനമേഖലകളെ അധികരിച്ചുള്ള ഉപന്യാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന അനേകം പുസ്‌തകങ്ങള്‍ തുടർന്നു പ്രസിദ്ധീകരിക്കപ്പെട്ടു.

വി.ആർ. പരമേശ്വരന്‍പിള്ള, മാത്യു എം. കുഴിവേലി, ഡോ.എ. അയ്യപ്പന്‍, ടി.കെ. ജോസഫ്‌, കെ. ദാമോദരന്‍, കെ.സി. ചാക്കോ, ഡോ. സി.ആർ. നാരായണന്‍, കെ.എസ്‌. ലക്ഷ്‌മണപ്പണിക്കർ, സി. നാരായണന്‍, ടി.സി. ശങ്കരമേനോന്‍, പി.എന്‍. മൂസത്‌, ഡോ. കെ. ഭാസ്‌കരന്‍ നായർ, ഡോ. പി.ജെ. തോമസ്‌, എം.സി. നമ്പൂതിരിപ്പാട്‌, എം.ബാലരാമമേനോന്‍, പി.ടി. ഭാസ്‌കരപ്പണിക്കർ, ഡോ.എം.പി. പരമേശ്വരന്‍, കെ.സി. ജോസഫ്‌, കെ.കെ. നീലകണ്‌ഠന്‍, ഒ.പി. നമ്പൂതിരിപ്പാട്‌, സി.പി. മേനോന്‍, പി.എ. സെയ്‌തു മുഹമ്മദ്‌, ജി. സുകുമാരന്‍നായർ, കെ.ജി. അടിയോടി തുടങ്ങി അനേകം എഴുത്തുകാർ ആനുകാലികങ്ങളിലൂടെയും പുസ്‌തകങ്ങളിലൂടെയും വൈജ്ഞാനികോപന്യാസങ്ങള്‍ സംഭാവന ചെയ്‌തിട്ടുണ്ട്‌. ശാസ്‌ത്രാഭിമുഖ്യം പുലർത്തുന്ന പുതിയ എഴുത്തുകാർ പരമാണുശക്തിമുതൽ പാചകവിദ്യവരെ സർവമേഖലകളെയും കുറിച്ചുള്ള ഉപന്യാസങ്ങള്‍ മലയാളത്തിൽ എഴുതിക്കൊണ്ടിരിക്കുന്നു.

ഉപന്യാസം എന്ന വിഭാഗത്തിൽ മലയാളത്തിൽ അച്ചടിയുടെ ആരംഭം (1850) മുതൽ 1975 വരെ ഏകദേശം 244 പുസ്‌തകങ്ങള്‍ കേരള സാഹിത്യ അക്കാദമി പ്രകാശനം ചെയ്‌ത മലയാള ഗ്രന്ഥസൂചി(1979)യിൽ കാണുന്നു. ഉപന്യാസത്തിൽപ്പെടുത്താവുന്നതായി ഏകദേശം അത്രയും തന്നെ കൃതികള്‍ ഗ്രന്ഥസൂചിയിലുള്ള ഹാസ്യം, മറ്റു ഗദ്യകൃതികള്‍, നിരൂപണങ്ങളും പഠനങ്ങളും, വിവർത്തനങ്ങള്‍ എന്നീ വിഭാഗങ്ങളിലുണ്ട്‌. സ്വതന്ത്രങ്ങളായും അനുകരണങ്ങളായും വിവർത്തനങ്ങളായും ഉപന്യാസസാഹിത്യം മലയാളത്തിൽ വളർച്ചയെത്തിയ ഒരു പ്രസ്ഥാനമായിരിക്കുന്നു. ആദ്യകാല ലക്ഷണങ്ങളിൽനിന്നും സ്വഭാവങ്ങളിൽനിന്നും ഉപന്യാസം വളരെ അകന്നു കഴിഞ്ഞു. ആധുനിക വിജ്ഞാനശാഖകളുമായി കലർന്ന്‌ അതിന്റെ രൂപവും ഭാവവും സങ്കീർണമായിട്ടുണ്ട്‌.

21-ാം ശതകത്തിലെ ഉപന്യാസ സാഹിത്യം പോസ്റ്റ്‌ മോഡേണിസ്റ്റ്‌, പോസ്റ്റ്‌ കൊളോണിയലിസ്റ്റ്‌ പ്രസ്ഥാനങ്ങളിലൂടെ വളർന്ന്‌ ഇന്റർനെറ്റിലെ "ബ്ലോഗെഴുത്തിൽ' (Blog Writing) വരെ വന്നുചേർന്നിരിക്കുന്നു. ഫ്രഞ്ച്‌ ഉപന്യാസകാരനായ ഫിന്‍കിൽക്രാന്തി(1949-)ന്റെ ദ്‌ ന്യൂ ലവ്‌ ഡിസ്‌ഓർഡർ (1977), പ്രസന്റ്‌ ഇംപെർഫെക്‌ട്‌ (2002) തുടങ്ങിയവ ഉപന്യാസരചനയ്‌ക്ക്‌ പുതിയ മാനം നൽകുന്നു. ബ്രിട്ടീഷ്‌ ഉപന്യാസകാരന്മാരായ ക്രിസ്റ്റഫർ ഡെറിക്‌ (1921-2007), റിബേക്ക വെസ്റ്റ്‌ (1892-1983), എറിക്‌ വാള്‍ട്ടർ ഫ്രഡറിക്‌ ടോംലിന്‍ (1913-88), പെനിലപ്പി ഫിറ്റ്‌സ്‌ജെറാള്‍ഡ്‌ (1916-2000) തുടങ്ങിയവരും ഈ മേഖലയ്‌ക്ക്‌ ചാരുതയേകി. ഇപ്പോഴും ഇംഗ്ലീഷ്‌ ഉപന്യാസ സാഹിത്യത്തെ പരിപോഷിപ്പിക്കുന്ന ക്രിസ്റ്റഫർ റീഡ്‌ (1949-), പോളിന്‍ ഹോള്‍സ്റ്റോക്ക്‌ (1948-), ക്രിസ്‌ ആർതർ (1955-), മിഖിത ബോറ്റ്‌മാന്‍ (1966-), സിമോണ്‍ ഗാർഫീൽഡ്‌ (1960-), ഡേവിഡ്‌ ബ്രൂസ്‌ മക്‌ഡൊണാള്‍ഡ്‌ (1973-) തുടങ്ങിയവരും ഈ സാഹിത്യശാഖയുടെ മാറ്റുവർധിപ്പിക്കുന്നവരാണ്‌.

വിവിധ ഭാഷകളിലും രാജ്യങ്ങളിലുമായി ഉപന്യാസ സാഹിത്യം നിത്യേനയെന്നോണം വികാസം പ്രാപിക്കുകയാണ്‌. ബ്ലോഗെഴുത്ത്‌ പോലെയുള്ള നൂതന പാതകളിൽ എത്തിനില്‌ക്കുന്ന ഉപന്യാസ വിഭാഗത്തിന്റെ സ്വാധീനം അനുദിനമെന്നോണം വർധിച്ചുവരുന്നു.

(റ്റി.ആർ. രാമന്‍ നമ്പൂതിരിപ്പാട്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍