This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൂറാസിക് കല്പം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൂറാസിക് കല്പം

ഭൂവിജ്ഞാനീയ ചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടം. ഇതിന്റെ കാലഗണനയെപ്പറ്റി വ്യത്യസ്താഭിപ്രായങ്ങളുണ്ട്. 208 ദശലക്ഷം വര്‍ഷം മുമ്പു മുതല്‍ 140 ദശലക്ഷം വര്‍ഷം മുമ്പുവരെയുള്ള സമയമാണിതെന്ന് എച്ച്.ഡി. ഹെഡ്ബെര്‍ഗ് കണക്കാക്കിയിട്ടുണ്ട്. ജൂറാസിക് കല്പത്തിന്റെ ഘട്ടം 180 ദശലക്ഷം വര്‍ഷം മുമ്പു മുതല്‍ 135 ദശലക്ഷം വര്‍ഷം വരെയാണെന്ന ഒരഭിപ്രായവും 190 ദശലക്ഷം വര്‍ഷം മുമ്പു മുതല്‍ 135 ദശലക്ഷം വര്‍ഷം വരെയാണെന്ന മറ്റൊരഭിപ്രായവുമുണ്ട്. സു. 65 ദശലക്ഷം വര്‍ഷത്തോളം ഈ കല്പം ദീര്‍ഘിച്ചിരുന്നു. പാലിയോസോയിക് കല്പത്തിനും സിനോസോയിക് മഹാകല്പത്തിനും ഇടയ്ക്കുള്ള കാലഘട്ടമാണ് മിസോസോയിക് മഹാകല്പം. ഈ മഹാകല്പത്തെ ട്രയാസിക്, ജുറാസിക്, ക്രിറ്റേഷസ് എന്നിങ്ങനെ മൂന്നു കല്പങ്ങളായി വിഭജിച്ചിരിക്കുന്നു.

ഫ്രാന്‍സിലെ ജൂറാ പര്‍വതനിരകളിലെ ചുണ്ണാമ്പു പാറകളെപ്പറ്റി ആദ്യമായി പഠനം നടത്തിയത് (1799) ജര്‍മന്‍ പ്രകൃതി ശാസ്ത്രജ്ഞനായ അലക്സാണ്ടര്‍ ഫൊണ്‍ ഹും ബോള്‍ട് (1769-1859) ആണ്. ജൂറാ പര്‍വതങ്ങളോടു ബന്ധപ്പെടുത്തിയാണ് ഈ കല്പത്തിന് 'ജൂറാസിക്' എന്ന സംജ്ഞ നല്കിയത്. ഇംഗ്ലണ്ടിലെയും ഫ്രാന്‍സിലെ പാരിസ് ബേസിനിലെയും ജര്‍മനിയിലെ ആല്‍പ്സ് പര്‍വതങ്ങളിലെയും പാറകളുടെ പഠനങ്ങളാണ് ജൂറാസിക് ഘടനയ്ക്കാധാരം. ഫോസിലുകള്‍ കൊണ്ടു സമ്പന്നമായ ഈ പാറകളെ സംബന്ധിച്ച പഠനങ്ങളാണ് ജന്തു പിന്തുടര്‍ച്ചാ നിയമം (വില്യം സ്മിത്ത്, 1799), ഭൂവിജ്ഞാന ഘട്ടങ്ങള്‍ എന്ന ആശയം (ആല്‍സി ഡെ ദോര്‍ ബിഗ്നി, 1842), പാലിയന്റോളജിക് മേഖലകള്‍ (ആല്‍ബെര്‍ട്ട് ഓപ്പല്‍, 1856-58) എന്നിവ ഉള്‍പ്പെടുന്ന ഐതിഹാസിക ഭൂവിജ്ഞാനം എന്ന ശാസ്ത്രശാഖയ്ക്കു വഴിതെളിച്ചത്.

ജൂറാസിക് കല്പമായപ്പോഴേക്ക് യൂറേഷ്യയില്‍ നിന്ന് അമേരിക്ക വ്യതിരിക്തമാകത്തക്കവണ്ണം പാന്‍ജിയ എന്ന ബൃഹദ്വന്‍കരയുടെ വിഭജനം പുരോഗമിച്ചിരുന്നു. ജൂറാസിക് കല്പത്തിന്റെ അന്ത്യമായപ്പോഴേക്കും ഗോണ്ട്വാനാലാന്‍ഡില്‍ നിന്ന് തെ. അമേരിക്ക തികച്ചും വേര്‍പെട്ടിരുന്നു. യൂറേഷ്യയെയും ഗോണ്ട്വാനാലാന്‍ഡിനെയും വേര്‍തിരിച്ചിരുന്ന തെഥിസ് സമുദ്രം വീണ്ടും ഋജുവാകുകയും ഗോണ്ട്വാനാലാന്‍ഡില്‍ നിന്നും ആഫ്രിക്ക വേര്‍തിരിയാന്‍ തുടങ്ങുകയും ചെയ്തു. ട്രയാസിക്-ജൂറാസിക് കല്പങ്ങളെ വേര്‍തിരിക്കുന്നത് ജന്തുജീവിതത്തിലെ ആകസ്മികവും സാരവത്തുമായ പരിണാമങ്ങളാണ്. ക്രിറ്റേഷസ് കല്പത്തിന്റെ തുടക്കത്തില്‍ ഈ പരിണാമങ്ങള്‍ ക്രമികവും ഹ്രസ്വവുമായിരുന്നു. ട്രയാസിക്കിനെ അപേക്ഷിച്ച് ജൂറാസിക് കാലാവസ്ഥ പ്രസന്നവും ഈര്‍പ്പസഹിതവും ഐകരൂപ്യമുള്ളതുമായിരുന്നു. മാത്രമല്ല, സസ്യജീവിതത്തിലെ വ്യതിയാനങ്ങള്‍ നന്നേ കുറവുമായിരുന്നു. ട്രയാസിക്കിലും ജൂറാസിക്കിലും സൈക്കഡിയോയ്ഡുകള്‍, കോണിഫറുകള്‍, ജിങ്കോകള്‍, പന്നലുകള്‍ എന്നിവയുടെ പ്രാമുഖ്യമുണ്ടായിരുന്നു. ചൈന, സൈബീരിയ, ഇറാന്‍, മെക്സിക്കോ, ബ്രിട്ടീഷ്, കൊളംബിയ എന്നിവിടങ്ങളില്‍ വാണിജ്യപ്രാധാന്യമുള്ള കല്‍ക്കരി നിക്ഷേപങ്ങള്‍ രൂപം കൊള്ളുകയും ചെയ്തു. ട്രയാസിക്കിന്റെ അന്ത്യമായപ്പോഴേക്കു കാര്‍ബോണിഫെറസ് കല്പഘട്ടത്തിലെ (മിസ്സിസ്സിപ്പിയന്‍, പെന്‍സില്‍വാനിയന്‍ കല്പങ്ങള്‍ ചേര്‍ന്ന കാലം) അവശിഷ്ടങ്ങളായ കല്‍ക്കരി ശിലാ (coal measures) സസ്യങ്ങളോടൊപ്പം പാലിയോസോയിക് കല്പത്തെ അതിജീവിച്ച വലിയ ഉഭയജീവികളും ഉരഗവര്‍ഗങ്ങളും നശിച്ചു. എന്നാല്‍ ഓര്‍ണിതിഷ്യന്‍-സൗറിഷ്യന്‍ ദിനോസറുകള്‍ ജൂറാസിക്കിലും തുടര്‍ന്നു. ഉരഗജന്തുക്കളുടെ ആധിപത്യം അഭംഗുരം നിലനിന്നിരുന്ന ഒരു കാലഘട്ടമായിരുന്നു ഈ കല്പം.

ഈ കാലഘട്ടത്തില്‍ ഭൂമിയിലെ ഏകച്ഛത്രാധിപതികളായി ദിനോസറുകള്‍ വാണു. ജൂറാസിക് കല്പത്തിലെ സമുദ്ര ഉരഗങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതാണ് അന്നത്തെ ജലരാജാക്കന്മാരായിരുന്ന ഡോള്‍ഫിനോടു സാദൃശ്യമുള്ള ഇക്തിയോസറുകളും (Ichthyosours) പൂര്‍വ പ്ളേസ്റ്റോസോറുകളും (pleistosaurs). മത്സ്യങ്ങളുമായി നിരന്തരം പോരാടി അവ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരുന്നു. ദിനോസറുകളുടെ പല ഇനങ്ങള്‍ ഈ കല്പത്തില്‍ ഉണ്ടായി. ഇരുകാലികളും നാല്ക്കാലികളുമായ സസ്യഭോജികളും മാംസഭോജികളും ഉദയംചെയ്തു. ഏറ്റവും ഉയരമുള്ളതും എക്കാലത്തെയും വലിയ കരജീവിയുമായ ബ്രാക്കിയോസോറുകള്‍ ഈ കല്പത്തിലാണുദയം ചെയ്തത്. ബ്രാക്കിയോസോറിഡേ (Brachio sauridae ) കുടുംബത്തില്‍പ്പെട്ട ബ്രാക്കിയോ സോറസ് (ജിറാഫറ്റിറ്റാന്‍) ബ്രാന്‍കായ് ( Brachio saurus (giraffatitan) brancai) ഇതില്‍പ്പെടുന്നു. ജൂറാസിക് കല്പത്തിലെ മറ്റു ദിനോസറാണ് സെറ്റിയോ സാറസ് ഓക്സോനിയെന്‍സിസ് (Cetio saurus oxoniensis). പൂര്‍വ കല്പങ്ങളില്‍ പ്രബലരായിരുന്ന സ്റ്റീഗോ സെഫാലിയ നഷ്ടപ്രഭരായതും ജൂറാസിക് കല്പത്തിലാണ്.

വവ്വാലിനോടു സാദൃശ്യമുള്ള റ്റിറോസോറുകള്‍ (Pterosaurs) ഈ കല്പത്തിന്റെ തുടക്കത്തില്‍ ആധിപത്യം സ്ഥാപിച്ചു. പറവകള്‍ ഉദയം ചെയ്തിട്ടില്ലാത്ത കാലഘട്ടമായിരുന്നതിനാല്‍ പ്രായേണ ശൂന്യമായിക്കിടന്ന ആകാശം അവര്‍ കീഴടക്കി. ജൂറാസിക് കല്പത്തിന്റെ അവസാനഘട്ടത്തിലെ പ്രധാന സംഭവം പറവ വര്‍ഗത്തിലെ ആദിമരൂപങ്ങളായ ആര്‍ക്കിയോപ്ടെറിക്സ്, ആര്‍ക്കിയോണിസ് എന്നിവയുടെ ഉദ്ഭവമാണ്. ഇവയുടെ ഫോസിലുകള്‍ ഇക്കാലത്തെ ഊറല്‍പ്പാറകളില്‍ നിന്നു പില്ക്കാലത്തു കണ്ടെടുത്തിട്ടുണ്ട്. ഉരഗങ്ങളെയും പക്ഷികളെയും തമ്മില്‍ കൂട്ടിയിണക്കുന്ന ഒന്നാന്തരം കണ്ണിയെന്ന നിലയില്‍ പ്രസ്തുത ഫോസിലുകള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഈ കല്പവാസത്തിനു മുമ്പായി ആദിമ സസ്തനങ്ങളായ മോണട്രീമുകള്‍, സഞ്ചിമൃഗങ്ങള്‍ തുടങ്ങിയവ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

ജൂറാസിക് കല്പത്തിലെ മത്സ്യവര്‍ഗങ്ങളില്‍ പ്രഭാവികള്‍ സ്രാവും മറ്റു തരുണാസ്ഥി (cartilaginous) മത്സ്യങ്ങളുമായിരുന്നു. ശുദ്ധജല മത്സ്യങ്ങളായ ബൌഫിന്‍ (Bowfin ), ഗാര്‍പൈക്ക് (Garpike) എന്നിവയുടെ പൂര്‍വികരായ ഹോളോസ്റ്റിയന്‍ മത്സ്യങ്ങളും (Holostean fishes) ഈ കല്പകാലത്തു ധാരാളമുണ്ടായിരുന്നു. ടെലിയോസ്റ്റിയൈ (Teleostei) കുടുംബത്തില്‍പ്പെട്ട റ്റെലിയോസറുകള്‍ക്കും ഈ ഘട്ടം ജന്മം നല്കി. ഇവയാണ് അസ്ഥിമത്സ്യങ്ങളായി രൂപാന്തരം പ്രാപിച്ചത്.

ട്രയാസിക് കല്പത്തില്‍ അവശേഷിച്ച ഒരു അമ്മൊണൈറ്റ് ഫോസിലില്‍ നിന്നാണ് ജൂറാസിക് കല്പത്തില്‍ പ്രമുഖമായ അകശേരുകികള്‍ രൂപം കൊണ്ടത്. ജൂറാസിക് സിസ്റ്റത്തെ 40-ലധികം മേഖലകളായി വിഭജിക്കാന്‍ ഇവയുടെ ഫോസിലുകള്‍ സഹായകമാകുന്നു. ഇക്കാലത്ത് ബെലെംനൈറ്റുകള്‍ (Belemnites) ധാരളമായുണ്ടായി. ജൂറാസിക് കല്പത്തിലാണ് ആദ്യമായി കടല്‍ അര്‍ച്ചിനുകള്‍ (എക്കൈനോയിഡുകള്‍) സാര്‍വത്രികമായത്. ജൂറാസിക് കല്പത്തിന്റെ അവസാനമായപ്പോഴേക്ക് പവിഴപ്പുറ്റുകള്‍ സര്‍വസാധാരണമായി. അവസാനകാലത്ത് പുറ്റുകള്‍ നിര്‍മിക്കുന്ന റൂഡിസ്റ്റിഡ് കക്കകള്‍ കാണപ്പെട്ടുതുടങ്ങി.

കാലാവസ്ഥ. പൊതുവേ സന്തുലിതവും താരതമ്യേന ഈര്‍പ്പസഹിതവുമായിരുന്നു ജൂറാസിക് കാലാവസ്ഥ. ട്രയാസിക് കല്പത്തെ അപേക്ഷിച്ച് വരള്‍ച്ചയെ സൂചിപ്പിക്കുന്ന ബാഷ്പീകാരികളും കുറവായാണ് കാണപ്പെട്ടത്. ഉള്ളവതന്നെ ജൂറാസിക് പുരാഭൂമധ്യരേഖ (Palaeoequator)യ്ക്ക് 10° ക്കുള്ളിലായിരുന്നു. വ്യതിയാനമില്ലാത്ത കാലാവസ്ഥയെ സൂചിപ്പിക്കുന്നതാണ് 70° അക്ഷാംശത്തില്‍ ധ്രുവം വരെയുള്ള കല്‍ക്കരിനിക്ഷേപങ്ങളുടെ സാന്നിധ്യം, ഉയര്‍ന്ന അക്ഷാംശങ്ങളിലെ പവിഴപ്പുറ്റുകളുടെ ധാരാളിത്തം, ഹിമപാളികളുടെ അസാന്നിധ്യം എന്നിവ.

ജൂറാസിക് പാറകളില്‍ കല്‍ക്കരിക്കു പുറമേ പെട്രോളിയവും ധാരാളമായി കാണപ്പെടുന്നു. കാലിഫോര്‍ണിയയിലെ സ്വര്‍ണവും; ന്യൂമെക്സിക്കോ, ഉത്തരകൊളറാഡോ എന്നിവിടങ്ങളിലെ യുറേനിയം നിക്ഷേപങ്ങളും ജുറാസിക് കല്പത്തിലേതാണ്. ഇംഗ്ലണ്ടിലെയും ഫ്രാന്‍സിലെ ലൊറേയ്ന്‍ പ്രദേശത്തെയും ജൂറാസിയന്‍ ഇരുമ്പയിര് വ്യവസായ വിപ്ളവകാലത്ത് സാമ്പത്തികമായി പ്രയോജനപ്പെട്ടു.

ജൂറാസിക് കല്പം ഇന്ത്യയില്‍. ഗോണ്ട്വാനാ ക്രമത്തിലെ മുകള്‍ഭാഗത്തെ ശിലാപടലങ്ങള്‍ ജൂറാസിക് മുതല്‍ ക്രിറ്റേഷസ് വരെയുള്ള കല്പങ്ങളെ സൂചിപ്പിക്കുന്നു. അപൂര്‍വങ്ങളായ ഉരഗവര്‍ഗത്തില്‍പ്പെട്ട ജീവികളുടെയും പന്ന, സൈക്കാഡ്, സൂചികാഗ്രവൃക്ഷങ്ങള്‍ എന്നിവയുടെയും ഫോസിലുകളാണ് ഇവ ഉള്‍ക്കൊള്ളുന്നത്. ബിഹാറിലെ രാജ്മഹാള്‍ കുന്നുകളില്‍ തുടങ്ങി ചെന്നൈ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങള്‍ വരെ ഈ ക്രമത്തിലെ ശിലകള്‍ അനാച്ഛാദിതമായി കാണുന്നു. ഈയിനം ശിലകള്‍ രാജ്മഹാള്‍, കോട്ട, ജബല്‍പൂര്‍, ഉമൈയാ എന്നിങ്ങനെ വിവിധ ക്രമങ്ങളായി വ്യവഹരിക്കപ്പെടുന്നു. ഇവയുടെ മാതൃകാരൂപങ്ങള്‍ സത്പുരാനിരകളിലും ഗോദാവരി തടത്തിലും കണ്ടെത്തിയിട്ടുണ്ട്. രാജ്മഹാള്‍ കുന്നുകളില്‍ ദാമുഡാ ശിലാപടലങ്ങള്‍ക്കു തൊട്ടു മുകളിലായിട്ടാണ് ഉത്തര ഗോണ്ട്വാനാക്രമം അവസ്ഥിതമായിട്ടുള്ളത്. ഇതില്‍ സു. 600 മീ. കനത്തില്‍ ബസാള്‍ട്ട്, ഡോളറൈറ്റ് എന്നിവ കലര്‍ന്നുള്ള അഗ്നിപര്‍വത ശിലകളും കണ്ടുവരുന്നു. ഉത്തരഗോണ്ട്വാനാ ക്രമത്തിലെ സവിശേഷ ജീവാശ്മങ്ങള്‍ രാജ്മഹാള്‍ കുന്നുകളില്‍ ധാരാളമായി കാണപ്പെടുന്നു. കച്ച്, കത്തിയവാര്‍ എന്നിവിടങ്ങളിലെ ഈ ക്രമത്തില്‍പ്പെട്ട ശിലകള്‍ ഉത്തര ജൂറാസിക് കല്പത്തിലെ സമുദ്രാന്തരിത ശിലകളുമായി ഇടചേര്‍ന്നു സ്ഥിതിചെയ്യുന്നു. സെഫലപോഡ, ലാമെല്ലി ബ്രാങ്കിയ തുടങ്ങിയ ജീവാശ്മങ്ങള്‍ ഈ ശിലകള്‍ക്കിടയില്‍ കണ്ടെത്തിയിട്ടുണ്ട്. ഗോണ്ട്വാനാ ശിലകളുടെ ആവിര്‍ഭാവകാലത്തു തന്നെ ഇന്ത്യയുടെ മറ്റു പ്രദേശങ്ങളില്‍ പല പര്‍വതനങ്ങളും സംഭവിച്ചു. ടെഥിസ് കടലില്‍ അടിഞ്ഞുകൂടിയ അവസാദങ്ങള്‍ മടങ്ങിയൊടിഞ്ഞുയര്‍ന്നു. 9,000 മീ.ലേറെ കനത്തില്‍ നിക്ഷിപ്തമായിരുന്ന ഈ സമുദ്രാന്തര്‍ഗതശിലകള്‍ ജൂറാസിക് കല്പത്തെ സൂചിപ്പിക്കുന്ന പ്രത്യേക ജീവാശ്മങ്ങളും ഉള്‍ക്കൊള്ളുന്നു. കാശ്മീരില്‍ പെര്‍മോ കാര്‍ബോണിഫറസ് ശിലാക്രമം 6,000 മീ. ഓളം കനത്തില്‍ കാണപ്പെടുന്നു. ഇതിനുമുകളിലായി ട്രയാസിക് ശിലാപടലങ്ങളും അവയ്ക്കു മുകളിലായി ജൂറാസിക് കല്പത്തിലെ ശിലകളും രൂപം കൊണ്ടിട്ടുണ്ട്. എവറസ്റ്റിന്റെ വടക്കേ ചരിവിലൂടെ തിബത്ത് പീഠഭൂമിയിലേക്കു നീങ്ങുമ്പോള്‍ ജൂറാസിക് ഉള്‍പ്പെടെയുള്ള കല്പങ്ങളിലെ ശിലകള്‍ തുടര്‍ച്ചയായും സമവിന്യസ്തമായും കാണപ്പെടുന്നു. രാജസ്ഥാനിലെ ജയ്സാല്‍മറിലും കച്ച്, കത്തിയവാര്‍ എന്നിവിടങ്ങളിലും ജൂറാസിക് കല്പത്തിലെ സമുദ്രാന്തരിത നിക്ഷേപങ്ങള്‍ കാണപ്പെടുന്നു. ഡക്കാണിന്റെ സീമാന്ത പ്രദേശങ്ങളിലും ഇത്തരം ശിലാസ്തരങ്ങള്‍ കാണാം. ഉത്തര ജൂറാസിക് കല്പത്തിലേതായി കച്ച് പ്രദേശത്തുള്ള ശിലാസഞ്ചയത്തില്‍ ചുണ്ണാമ്പുകല്ല്, മണല്‍ക്കല്ല്, ഷെയ്ല്‍ എന്നിവ കൂട്ടുചേര്‍ന്നു കാണുന്നു. സു. 1,800 മീ. കനത്തിലുള്ള ഈ അട്ടികള്‍ക്കിടയില്‍ അമ്മൊണൈറ്റ് ജീനസ്സില്‍പ്പെട്ട ആയിരക്കണക്കിനു സ്പീഷീസുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍