This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐറിഷ്‌ ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഐറിഷ്‌ ഭാഷയും സാഹിത്യവും

Irish Language and Literature

ഇന്തോ-യൂറോപ്യന്‍ ഗോത്രത്തിലെ കെല്‍റ്റിക്‌ ഉപസമൂഹത്തില്‍ ഗോയ്‌ഡെലിക്‌ ശാഖയില്‍പ്പെട്ട ഒരു ഭാഷ. പ്രധാനമായും അയര്‍ലണ്ടിലെ ജനങ്ങളുടെ ഭാഷ. ഇംഗ്ലീഷിനു പുറമേ അയര്‍ലണ്ടിലെ പ്രധാനഭാഷകള്‍ കെല്‍റ്റിക്‌ വിഭാഗത്തില്‍പ്പെടുന്നവയാണ്‌. ഏകദേശം അഞ്ച്‌ ലക്ഷം ജനങ്ങള്‍ സംസാരിക്കുന്ന ഈ ഭാഷ ഔദ്യോ ഗികഭാഷകൂടിയാണ്‌. രൂപിമ വിജ്ഞാനം (morphology), സ്വനവിജ്ഞാനം (phonetics), വാക്യവിന്യാസം (syntactical structure) തുടങ്ങിയവയില്‍ അനേ്യാന്യ സാപേക്ഷങ്ങളാണ്‌ കെല്‍റ്റിക്‌ ഭാഷകള്‍. ഇന്തോ-യൂറോപ്യന്‍ ഗോത്രത്തില്‍പ്പെട്ട ഇറ്റാലിക്‌-ട്യൂട്ടോണിക്‌ തായ്‌വഴികളുടെ മധ്യത്തിലാണ്‌ കെല്‍റ്റിക്‌ ഭാഷകളുടെ സ്ഥാനം. ബ്രിട്ടണില്‍നിന്ന്‌ റോമാക്കാര്‍ പിന്‍വാങ്ങിയതിനുശേഷമാണ്‌ ഈ ഭാഷയുടെ ആദ്യ ഉത്‌പരിവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌. ഗാളിഷ്‌, ഗെയ്‌ലിക്‌-മാന്‍കസ്‌ എന്നിവ ഉള്‍പ്പെടുന്ന ഗോയിഡെലിക്‌, വെല്‍ഷ്‌ ബ്രറ്റന്‍-കോര്‍ണിഷ്‌ എന്നിവ ഉള്‍പ്പെടുന്ന ബ്രിഥോനിക്‌ എന്നിവയാണ്‌ കെല്‍റ്റിക്‌ വിഭാഗത്തിലെ പ്രധാനഭാഷകള്‍. കെല്‍റ്റിക്‌ വിഭാഗത്തില്‍പ്പെടുന്ന ഗെയ്‌ലിക്‌ ഉപവിഭാഗത്തിലെ ഒരേ ഒരു പ്രതിനിധിയാണ്‌ ഐറിഷ്‌ഭാഷ.

ഐറിഷ്‌ ഭാഷയിലുള്ള എഴുത്തുരൂപങ്ങള്‍ ഒന്നുംതന്നെ എട്ടാം ശതകത്തിനു മുന്‍പ്‌ ലഭ്യമായിരുന്നില്ല. ഈ ഭാഷ ലത്തീന്റെ ബ്രിട്ടീഷ്‌ ഉച്ചാരണത്തെ ആസ്‌പദമാക്കിയാണ്‌ എഴുതിയിരുന്നത്‌. ഇതും അപര്യാപ്‌തമായിരുന്നു. 18-ാം ശതകത്തില്‍ ഐറിഷ്‌ ലിപിയെ ആധാരമാക്കി സ്‌കോട്ടിഷ്‌ ഗെയിലിക്‌ രൂപംകൊണ്ടു. അപര്യാപ്‌തമെങ്കില്‍പ്പോലും അയര്‍ലണ്ടില്‍ ഈ എഴുത്തു വ്യവസ്ഥയാണ്‌ നിലവിലുള്ളത്‌.

സാഹിത്യം. അയര്‍ലണ്ട്‌ സാഹിത്യത്തെ സംബന്ധിച്ചിടത്തോളം വളരെ സമ്പന്നമായിരുന്നു. ദേശീയഭാഷയിലെ സാഹിത്യംപോലെ തന്നെ ഇംഗ്ലീഷ്‌ ഭാഷയിലെ സാഹിത്യസംഭാവനകളും പ്രാധാന്യമര്‍ഹിക്കുന്നു. നോര്‍മന്‍ ആക്രമണകാലത്ത്‌ അയര്‍ലണ്ടില്‍ പ്രചാരം സിദ്ധിച്ച ലത്തീന്‍-ഫ്രഞ്ച്‌ സാഹിത്യസംഭാവനകള്‍കൂടി ഉള്‍പ്പെടുത്തിയാല്‍ ഐറിഷ്‌ സാഹിത്യസമ്പത്തിന്റെ വ്യാപ്‌തി കുറച്ചുകൂടി വര്‍ധിക്കുന്നു.

ഗെയ്‌ലിക്‌ സാഹിത്യം. നാലും അഞ്ചും ശതകങ്ങളില്‍ അയര്‍ലണ്ടിലെത്തിയ ക്രസ്‌തവ മതപ്രചാരകന്മാര്‍ രചിച്ച ഓംഘാം ലിപിയിലുള്ള ആധ്യാത്മിക ശാസനങ്ങളാണ്‌ ഗെയ്‌ലിക്‌ സാഹിത്യത്തിലെ ആദ്യകാല സമ്പത്തുകളായി കരുതപ്പെടുന്നത്‌. വിശുദ്ധ പാറ്റ്രിക്കിന്റെതെന്നു കണക്കാക്കുന്ന ചില സങ്കീര്‍ത്തന സംഹിതകള്‍ അഞ്ചാം ശതകത്തില്‍ ലഭ്യമായിരുന്നു. ഈ കാലഘട്ടം മുതല്‍ ഏതാനും നൂറ്റാണ്ടുകള്‍വരെ മതപ്രാധാന്യമുള്ള ധാരാളം സൃഷ്‌ടികള്‍ ഉണ്ടായി. ഇക്കാലത്തെ പല കവിതകളും ഇപ്പോള്‍ ലഭ്യമാണെങ്കിലും രചയിതാക്കളുടെ പേരുകള്‍ അജ്ഞാതമാണ്‌.

ആദ്യകാല ഇതിഹാസങ്ങള്‍ മിക്കവാറും ഗദ്യത്തിലാണു രചിച്ചിരുന്നത്‌. സംസ്‌കൃത സാഹിത്യസൃഷ്‌ടികളായ വേദങ്ങളുടെ രചനാരീതിയുമായി ഗെയ്‌ലിക്‌ ഗദ്യസാഹിത്യസൃഷ്‌ടികള്‍ക്കുള്ള സാജാത്യം ഇന്തോ-യൂറോപ്യന്‍ ഗോത്രസംഭവമെന്ന നിലയില്‍ ഇവിന്‍ഡിഷ്‌ക്‌ എന്ന ജര്‍മന്‍ പണ്ഡിതന്‍ എടുത്തുകാണിച്ചിട്ടുണ്ട്‌. ക്രി.പി. ഏഴാം ശതകത്തില്‍ രചിക്കപ്പെട്ട ഈ സാഹിത്യസൃഷ്‌ടികളുടെ പുനരാഖ്യാനം 11-12 എന്നീ ശതകങ്ങളില്‍ നടന്നതായി കണക്കാക്കുന്നു. ആധുനിക ഐറിഷ്‌ സാഹിത്യകാരന്മാരായ ജെ.എം. സിങ്‌, ഡബ്ല്യു.ബി. യേറ്റ്‌സ്‌ തുടങ്ങിയവര്‍ ഉലൈദ്‌ ജനതയെ സംബന്ധിക്കുന്ന ചില ഇതിഹാസകഥകള്‍ പുനരാഖ്യാനം ചെയ്‌തിട്ടുണ്ട്‌. മതാചാര്യന്മാരെയും പ്രശസ്‌തകുടുംബങ്ങളെയും സംബന്ധിക്കുന്ന കഥകള്‍ കൂടാതെ നിയമം, വൈദ്യം തുടങ്ങിയ സാങ്കേതിക ശാസ്‌ത്രങ്ങള്‍ പ്രതിപാദിക്കുന്ന ഏതാനും പ്രാചീന ഗെയ്‌ലിക്‌ കൃതികള്‍ ഇന്നും ലഭ്യമാണ്‌.

മധ്യയുഗത്തില്‍ അതായത്‌ 12-ാം ശതകത്തോടുകൂടി അതുവരെ ഗെയ്‌ലിക്‌ സാഹിത്യം കൈകാര്യം ചെയ്‌തിരുന്നവര്‍ സാഹിത്യത്തിന്റെ രക്ഷാധികാരികളെന്ന നിലയില്‍ സ്ഥാനമുറപ്പിച്ചു. സാഹിത്യതലത്തില്‍ പല സവിശേഷതകളും ഈ കാലഘട്ടത്തില്‍ ഉണ്ടായി. ഭാഷാസംസ്‌കരണത്തിലും പ്രകരണശുദ്ധിയിലും ശ്രദ്ധ കേന്ദ്രീകരിച്ചതുകൂടാതെ കവിതയിലെ ഛന്ദസ്സുകള്‍ വ്യവസ്ഥാപിതമായി പുനഃസംവിധാനം ചെയ്യുകയും വിവിധതരത്തിലുള്ള ശബ്‌ദാലങ്കാരങ്ങള്‍കൊണ്ട്‌ അതിനെ മോടിപിടിപ്പിക്കുകയും ചെയ്‌തു. ഈ കാലഘട്ടത്തിലെ ഗെയ്‌ലിക്‌ ഗദ്യസാഹിത്യത്തിന്റെ സിംഹഭാഗവും ഫിന്‍ എന്ന്‌ അറിയപ്പെടുന്ന ഐറിഷ്‌ വീരസാഹസിക നായകന്റെ അപദാനങ്ങളെ പ്രകീര്‍ത്തിക്കുന്നതാണ്‌.

ഈ കാലഘട്ടത്തില്‍ നാടോടിക്കഥകള്‍ക്ക്‌ പ്രചാരം സിദ്ധിച്ചു. ജൊനാഥന്‍ സ്വിഫ്‌റ്റിന്റെ ഗള്ളിവരുടെ സഞ്ചാരകഥകള്‍ ഈ കാലയളവില്‍ പ്രചരിച്ച നാടോടിക്കഥകളില്‍നിന്ന്‌ ഉടലെടുത്തതായി ചില സാഹിത്യകാരന്മാര്‍ വിശ്വസിക്കുന്നു. മാര്‍ക്കോപോളോ, പ്രസ്റ്റര്‍ ജോണ്‍, ആര്‍തര്‍ രാജാവ്‌ ആദിയായവരെക്കുറിച്ചുള്ള വിവര്‍ത്തനകഥകള്‍ ഈ കാലഘട്ടത്തിലാണ്‌ രൂപംകൊണ്ടത്‌. മധ്യയുഗത്തിന്റെ അവസാനംവരെയും ഐറിഷ്‌ സാഹിത്യം സാമാന്യജനങ്ങള്‍ക്ക്‌ അപ്രാപ്യമായിരുന്നെന്നു മാത്രമല്ല, അഭിജാത വര്‍ഗത്തിന്റെ കുടുംബസ്വത്തായി മാത്രമാണു നിലകൊണ്ടത്‌.

17-ാം ശതകത്തിന്റെ ആരംഭത്തോടുകൂടി അയര്‍ലണ്ടിലെ രാഷ്‌ട്രീയസ്ഥിതി ആകെ മാറി. മുഖ്യവ്യവഹാര ഭാഷയായി ശോഭിച്ചിരുന്ന ഐറിഷി(ഗെയ്‌ലിക്‌)ന്റെ ഉന്നതപദവിക്കു ഹാനി സംഭവിച്ചു. ഈ കാലഘട്ടത്തില്‍ അവശേഷിച്ചിരുന്ന സാഹിത്യാഭിമാനികള്‍ സമരം കൂടാതെ കീഴടങ്ങാന്‍ തയ്യാറില്ലായിരുന്നെങ്കിലും അവരുടെ പ്രതിഷേധത്തിനു ശക്തിയില്ലാതാവുകയും നൂറ്റാണ്ടുകളായി ആധിപത്യം പുലര്‍ത്തിയിരുന്ന ഗെയ്‌ലിക്‌ അയര്‍ലണ്ടില്‍നിന്നു ക്രമേണ അപ്രത്യക്ഷമായിത്തുടങ്ങുകയും ചെയ്‌തു.

17-ാം ശതകത്തില്‍ രചിക്കപ്പെട്ട ഗെയ്‌ലിക്‌ ഗദ്യകൃതികള്‍ ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നു. ചരിത്രപ്രധാനമായ പ്രാചീനരേഖകളില്‍നിന്നു പല പൂര്‍വകാലചരിതങ്ങളും പരാവര്‍ത്തനം ചെയ്‌തു പ്രകാശിപ്പിച്ചു. ഒരു ഫ്രാന്‍സിസ്‌കന്‍ പാതിരിയായ മൈഖേല്‍ ഒ ക്ലെറി രചിച്ച 1616 വരെയുള്ള ഐറിഷ്‌ ചരിത്രം ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ട സംഭാവനയായി പരിഗണിച്ചുപോരുന്നു. എന്നാല്‍ ജെഫ്രി കീറ്റിങ്‌ (1570-1646) രചിച്ച ഫോറസ്‌ ഫീസാ അര്‍ എയ്‌റിന്‍ എന്ന കൃതിയാണ്‌ ഐറിഷ്‌ ഭാഷയെ സംബന്ധിച്ചിടത്തോളം ആധികാരികമായ ആദ്യത്തെ ചരിത്രകൃതി. ബ്രിട്ടനിലെ ആഭ്യന്തരയുദ്ധത്തെക്കുറിച്ച്‌ (1642-51) വിവരിക്കുന്ന ആക്ഷേപഹാസ്യ കൃതി പെയര്‍ലിമെന്റ്‌ ക്ലോയിനേ റ്റോമെയ്‌ഡ്‌ ഐറിഷ്‌ ഗദ്യസാഹിത്യത്തിനൊരു മുതല്‍ക്കൂട്ടാണ്‌. ഈ കൃതിയുടെ കര്‍ത്താവ്‌ ആരെന്നത്‌ അജ്ഞാതമാണ്‌, 18-ാം ശതകത്തിലും 19-ാം ശതകത്തിന്റെ ആരംഭത്തിലും വളരെ കുറച്ച്‌ ഭക്തിസാഹിത്യ കൃതികള്‍ മാത്രമേ പ്രസിദ്ധീകരിച്ചുള്ളൂ. 19-ാം ശതകത്തിന്റെ മധ്യത്തോടുകൂടി ഗെയ്‌ലിക്‌ വരമൊഴി ഏതാണ്ട്‌ നശിക്കുകയും ഇതിലുള്ള രചനകള്‍ കുറയുകയും ചെയ്‌തു.

തലമുറകളായി ഇംഗ്ലീഷ്‌ ഭാഷ സ്വീകരിച്ചിരുന്ന അയര്‍ലണ്ടുകാര്‍ക്ക്‌ 19-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ ഗെയ്‌ലിക്‌ വാങ്‌മയത്തോടു പ്രതേ്യകതാത്‌പര്യം ഉണ്ടായി. ജെ. ഹാര്‍ഡിമാന്‍, ജെ.ഒ. സൊനോവല്‍ മുതലായവരുടെ നേതൃത്വത്തില്‍ 1873-ല്‍ ഒരു ഗവേഷണഗ്രന്ഥം ഓണ്‍ ദ്‌ മാനേഴ്‌സ്‌ ആന്‍ഡ്‌ കസ്റ്റംസ്‌ ഒഫ്‌ ദ്‌ ഏഷ്യന്റ ഐറിഷ്‌ പ്രസിദ്ധീകരിക്കപ്പെട്ടു. 1873-ല്‍ ഗെയ്‌ലിക്‌ ലീഗ്‌ രൂപീകൃതമാവുകയും ഗെയ്‌ലിക്‌ ഭാഷാ നവോത്ഥാനത്തിനുവേണ്ടി പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്‌തു. 20-ാം ശതകത്തില്‍ രചിക്കപ്പെട്ട അപൂര്‍വം ചില സാഹിത്യ സൃഷ്‌ടികളാണ്‌ പാറ്റ്രിക്‌ പീയേഴ്‌സ്‌ (1879-1916), പാദ്രാഗ്‌ ഒകൊറെണര്‍ (1881-1928) എന്നിവരുടെ ചെറുകഥകള്‍. നോവല്‍, കവിത എന്നീ രംഗങ്ങളില്‍ വലിയ സംഭാവനകളൊന്നും ഉണ്ടായില്ലെങ്കിലും ബ്രന്‍ഡന്‍ ബെഹാന്റെ ആന്‍ ഗിയാള്‍ എന്ന നാടകം ഈ രംഗത്തെ ഈടുറ്റ സംഭാവനയത്ര.

ഇംഗ്ലീഷും ഐറിഷും പരസ്‌പരം നല്‌കിയിട്ടുള്ള സാഹിത്യ സംഭാവനകള്‍ വിഭജിച്ചു പറയാവുന്നതല്ല. അയര്‍ലണ്ടുമായി പൂര്‍വികബന്ധം മാത്രമുള്ള ബ്രാണ്‍ടി സഹോദരിമാര്‍ (ബ്രിട്ടണ്‍), എഡ്‌ഗാര്‍ അലന്‍ പോ (യു.എസ്‌.), എഡേ്വഡ്‌ ഫിറ്റ്‌സ്‌ ജെറാള്‍ഡ്‌ (ബ്രിട്ടണ്‍), ടി. ഇ. ലോറന്‍സ്‌ (ബ്രിട്ടണ്‍), യൂജിന്‍ ഓനീല്‍ (യു.എസ്‌.) എന്നിവര്‍ ഇംഗ്ലീഷ്‌ സാഹിത്യത്തിനു മഹത്തായ സംഭാവനകള്‍ നല്‌കിയവരാണ്‌. റിച്ചാഡ്‌ ബ്രിന്‍സ്‌ലി ഷെറിഡന്‍, ഓസ്‌കര്‍ വൈല്‍ഡ്‌, ജോര്‍ജ്‌ ബെര്‍നാഡ്‌ ഷാ തുടങ്ങിയവരും ഈ വിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍ എഡ്‌മണ്‍ഡ്‌ സ്‌പെന്‍സര്‍, വില്യം കോണ്‍ഗ്രീവ്‌, ആന്റണി ട്രാല്ലോപ്‌ എന്നീ സാഹിത്യകാരന്മാര്‍ ബ്രിട്ടനില്‍ ജനിച്ച്‌, അയര്‍ലണ്ടില്‍ ജീവിച്ച്‌, ഇംഗ്ലീഷ്‌ സാഹിത്യസേവനം നടത്തിയ മഹാന്മാരാണ്‌.

1169-ലുണ്ടായ ആംഗ്ലോ-നോര്‍മന്‍ ആക്രമണത്തെത്തുടര്‍ന്നാണ്‌ ഇംഗ്ലീഷ്‌ ഭാഷ ആദ്യമായി രംഗപ്രവേശം ചെയ്യുന്നത്‌. ഭരിക്കുന്നവരുടെയും ഭരിക്കപ്പെടുന്നവരുടെയും ഭാഷ വ്യത്യസ്‌തമാകയാല്‍ ഇരുവര്‍ഗക്കാരും തമ്മില്‍ ഉരസലുകള്‍ ഉണ്ടായിക്കൊണ്ടിരുന്നു. 19-ാം ശതകത്തിന്റെ മധ്യംവരെ ഗെയ്‌ലിക്‌ ഭാഷതന്നെയായിരുന്നു ഐറിഷ്‌ ജനതയുടെ വ്യവഹാരഭാഷ. 20-ാം ശതകത്തില്‍പ്പോലും അയര്‍ലണ്ടുകാരും ഇംഗ്ലീഷുകാരും തമ്മില്‍ വൈകാരികമായ യാതൊരു ഉദ്‌ഗ്രഥനവും ഉണ്ടായില്ലെന്നു മാത്രമല്ല, ഇക്കൂട്ടര്‍ ആംഗ്ലോ-ഐറിഷ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. ഇംഗ്ലീഷ്‌ സാഹിത്യരചനയില്‍ പേരെടുത്ത ആദ്യത്തെ ഐറിഷ്‌ എഴുത്തുകാരനാണ്‌ ജൊനാഥന്‍ സ്വിഫ്‌റ്റ്‌ (1667-1745) എന്ന്‌ വിശ്വസിച്ചുപോരുന്നു.

14-ാം ശതകത്തില്‍ അയര്‍ലണ്ടിലെ ദേവാലയങ്ങളില്‍ സദാചാര നാടകങ്ങള്‍ (morality plays) അവതരിപ്പിച്ചിരുന്നു എന്ന്‌ ഡബ്‌ളിനില്‍ കണ്ടെടുത്ത ദ്‌ പ്രസ്‌ ഒഫ്‌ ലൈഫ്‌ എന്ന കൈയെഴുത്തുപ്രതി സാക്ഷ്യം നിര്‍ത്തി നിരൂപകന്മാര്‍ സ്ഥാപിക്കുന്നു. ഒസ്സോറിയിലെ പ്രാട്ടസ്റ്റന്റ്‌ ബിഷപ്പായിരുന്ന ജോണ്‍ ബേല്‍ (1495-1563) എഴുതിയ രണ്ട്‌ ഇംഗ്ലീഷ്‌ നാടകങ്ങള്‍ 1533 ആഗ. 20-ന്‌ അരങ്ങേറുകയുണ്ടായി. ജോണ്‍ ഡന്‍ഹാം (1615-69) ജോണ്‍ ഓഗില്‍ ബൈ (1600-76), റോജര്‍ ബോയ്‌ല്‍ (1621-79), റ്റോമസ്‌ സൗതേണ്‍ (1600-1746), ജോര്‍ജ്‌ ഫാര്‍ക്വാബാര്‍ (1678-1707), വില്യം കോണ്‍ഗ്രവ്‌ (1670-1729), റിച്ചഡ്‌ സ്റ്റീല്‍ (1672-1729) എന്നിവര്‍ പ്രസിദ്ധരായ ആംഗ്ലോ-ഐറിഷ്‌ നാടകകൃത്തുക്കളാണ്‌. റിച്ചഡ്‌ സ്റ്റീല്‍ തിയറ്റര്‍ എന്ന ഒരു ദ്വൈവാരികയുടെ പത്രാധിപരെന്ന നിലയില്‍ മാത്രമല്ല, പ്രശസ്‌തനായ ഒരു ഉപന്യാസകാരന്‍ എന്ന നിലയിലും അറിയപ്പെട്ടിരുന്നു. ഒലിവര്‍ ഗോള്‍ഡ്‌സ്‌മിത്തും (1728-74) ഷെറിഡനും 18-ാം ശതകത്തില്‍ ആഗോളാടിസ്ഥാനത്തില്‍ ആംഗ്ലോ-ഐറിഷ്‌ നാടകകൃത്തുക്കളെന്ന നിലയില്‍ പ്രശസ്‌തി നേടിയവരാണ്‌. ഇരുപത്തിയൊന്ന്‌ നാടകങ്ങള്‍ രചിച്ച ആര്‍തര്‍ മര്‍ഫിയും (1727-1805) പ്രശസ്‌തനടനായ ഡേവിഡ്‌ഗാറിക്കിന്റെ (1717-79) സുഹൃത്തായ ഹ്യൂകെല്ലിയും (1739-77) നിരവധി ഓപ്പറകളുടെ രചയിതാവായ ജോണ്‍ ഒ കീഫിയും (1747-1833) ഈ കാലയളവില്‍ നാടകപ്രസ്ഥാനത്തിന്‌ വിലയേറിയ സംഭാവനകള്‍ നല്‌കിയവരത്ര. 19-ാം ശതകമായപ്പോഴേക്കും നാടകരചനാരംഗം പക്വമായി. ഡിയോണ്‍ ബൗമ്പികാള്‍ട്‌ (1820-90), ജെയിംസ്‌ കെന്നി (1780-1849), ജോര്‍ജ്‌ ഫ്രാന്‍സിസ്സ്‌ ആംസ്റ്റ്രാങ്‌ (1845-1906) ആദിയായവര്‍ ഈ ഘട്ടത്തില്‍ സ്‌മരണീയരാണ്‌. അയര്‍ലണ്ടിലെ ആദ്യത്തെ ദുരന്തനാടക കര്‍ത്താവെന്ന പദവി ജോണ്‍ ഷെറിഡന്‍ നോലസീ(1784-1862)നു ലഭിച്ചു.

ആംഗ്ലോ-ഐറിഷ്‌ നാടകകൃത്തുകളില്‍ പ്രഥമസ്ഥാനത്തിനര്‍ഹനായത്‌ ഓസ്‌കര്‍ വൈല്‍ഡ്‌ (1856-1900) ആണ്‌. പ്രഗല്‌ഭ ഐറിഷ്‌ കവിയായ ഡബ്ല്യൂ.ബി. യേറ്റ്‌സ്‌ (1865-1939) ഇംഗ്ലീഷ്‌ ഭാഷയുടെ ഉന്നമനത്തിനുവേണ്ടി യത്‌നിച്ചതോടൊപ്പം ആധുനിക ഐറിഷ്‌ നാടകകൃത്തുക്കളില്‍ ദേശാന്തര പ്രശസ്‌തി നേടിയ ജോണ്‍ മില്ലിങ്‌റ്റണ്‍ സിങ്ങിന്റെ (1871-1909) പ്രതിഭയെ ആദ്യമായി മനസ്സിലാക്കി ലോകത്തിനു പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്‌തു. അയര്‍ലണ്ടിലെ ലേഡി ഗ്രിഗറി (1859-1909) യേറ്റ്‌സിന്റെ പ്രചോദനം ലഭിച്ച എഴുത്തുകാരിയാണ്‌. 1904-ല്‍ ആനി എലിസബത്ത്‌ ഫ്രഡറിക്‌ ഹോര്‍ത്തിമാന്‍ എന്ന ഒരു സമ്പന്ന വനിത യേറ്റ്‌സിന്റെ ഓര്‍മയ്‌ക്കായി ആബിതിയെറ്റര്‍ എന്ന പേരില്‍ ഒരു നാടകശാല നിര്‍മിച്ചു. ഈ സ്ഥാപനത്തെ ലക്ഷ്യമാക്കിക്കൊണ്ടാണു പിന്നീടുള്ള ഐറിഷ്‌ നവോത്ഥാനം നടന്നത്‌. ഷാന്‍ ഒകേസി(1884-1964)യും ജോര്‍ജ്‌ ബെര്‍ണാഡ്‌ഷാ(1856-1950)യുമാണ്‌ ആംഗ്ലോ-ഐറിഷ്‌ നാടകവേദിയില്‍ വളരെ പ്രശസ്‌തരായവര്‍. കവിതാരംഗത്തു പ്രഥമ ആംഗ്ലോ-ഐറിഷ്‌ കവി എന്ന പദവിക്കര്‍ഹനായത്‌ റ്റോമസ്‌ പാര്‍ണല്‍ (1679-1718) ആണ്‌. സ്വിഫ്‌റ്റും ഗോള്‍ഡ്‌സ്‌മിത്തും ഈ രംഗത്തു ചില സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. നാഹും ടേറ്റ്‌ (1652-1715), നിക്കോളാസ്‌ ബ്രഡി (1659-1726) എന്നിവരെ ആദ്യകാല കവികളായി ഗണിക്കപ്പെടുന്നു. തോമസ്‌ മൂറിന്റെ (1779-1852) കവിതകളിലൂടെ ഐറിഷ്‌ കവിതകള്‍ക്കു പക്വതയും പ്രായപൂര്‍ത്തിയും കൈവന്നു. ഇദ്ദേഹത്തിന്റെ കൃതികളാണ്‌ "ഉട്ട്യോപ്യന്‍' ആശയസംഹിതയ്‌ക്ക്‌ കളിത്തൊട്ടിലുകളായത്‌. ജെ.ജെ. കല്ലൗന്‍ (1795-1829), ജോര്‍ജ്‌ ഡാര്‍ലി (1795-1846), മേരി ടിഘേ (1772-1810), സാമുവല്‍ ഫെര്‍ഗൂസ്സന്‍ (1810-86), ഡെനിസ്‌ ഫ്‌ളോറന്‍സ്‌ മക്‌കാര്‍ത്തി (1817-82), ഓബ്രിഡിവെരെ (1814-1902) ആദിയായവര്‍ കവിതാരംഗത്തു പ്രശസ്‌ത സേവനം കാഴ്‌ചവച്ചവരാണ്‌. അയര്‍ലണ്ടിലെ ദേശീയകവിയായി അറിയപ്പെടുന്നത്‌ ഡബ്ല്യു.ബി. യേറ്റ്‌സ്‌ തന്നെയാണ്‌. ഐറിഷ്‌ ദേശീയ നവോത്ഥാനത്തില്‍ എല്ലാ സാംസ്‌കാരികരംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്‌ ഇദ്ദേഹം. ജോര്‍ജ്‌ വില്യം റസ്സല്‍ (1879-1935), ന്യൂമാസ്‌ ഒ സള്ളിവന്‍ (1879-1958), എഫ്‌.ആര്‍. ഹിഗിന്‍സ്‌ (1896-1958), കാവ്യനാടക കര്‍ത്താവായ ഡണ്‍സാനി പ്രഭു (1879-1941) എന്നിവരും അറിയപ്പെടുന്ന കവികളത്ര. കവിതയില്‍ ആധുനിക പ്രവണതകള്‍ ഉള്‍ക്കൊള്ളിക്കാന്‍ യത്‌നിച്ചവരാണ്‌ പാറ്റ്രിക്‌ കാവന്നാഗ്‌ (1904-), തോമസ്‌കിന്‍സെല്ലാ (1927-) എന്നിവര്‍.

അയര്‍ലണ്ടില്‍ രചിക്കപ്പെട്ട ആദ്യത്തെ ഗദ്യകൃതിയായി കരുതപ്പെടുന്നത്‌ റാഫേല്‍ ഹോളിന്‍ഷെഡ്‌, റിച്ചഡ്‌ സ്റ്റാനിഹര്‍സ്റ്റ്‌ എന്നിവര്‍ ചേര്‍ന്ന്‌ എഴുതിയ കൃതിയാണ്‌. ഹസ്‌തലിഖിതരൂപത്തിലാണ്‌ ഇതു ലഭ്യമായത്‌ (1577). ഇതിനുശേഷം സര്‍ ജോണ്‍ ടെമ്പിള്‍ (1600-77) ഒരു ഐറിഷ്‌ ചരിത്രം രചിച്ചു. സ്വിഫ്‌റ്റ്‌, സ്റ്റീല്‍, സ്റ്റേണ്‍, ഗോള്‍ഡ്‌സ്‌മിത്ത്‌ എന്നീ സാഹിത്യകാരന്മാരെ ആംഗ്ലോ-ഐറിഷ്‌ സാഹിത്യത്തിന്റെ പിതാക്കന്മാരായി കണക്കാക്കുന്നു. ഇവരെ അനുകരിച്ച എഡ്‌മണ്‍ഡ്‌ ബര്‍ക്ക്‌ (1729-97), ഹെന്‌റി ഗ്രാറ്റന്‍ (1749-1820) മുതലായവരും ആദരണീയരത്ര. എലിസബത്ത്‌ റൈസ്‌ (1750-97), ബ്ലസിംങ്‌ടണ്‍ പ്രഭ്വി (1789-1849), ഹെന്‌റി ബ്രൂക്ക്‌ (1703-83), ചാള്‍സ്‌ ജോണ്‍സണ്‍ (1719-1800), എലിസബത്ത്‌ ഹാര്‍ഡി (1794-1854) എന്നീ സാഹിത്യകാരന്മാരും ആംഗ്ലോ-ഐറിഷ്‌ സാഹിത്യചരിത്രത്തില്‍ സ്‌മരണീയരാണ്‌.

ഐറിഷ്‌ പാരമ്പര്യത്തെയും സംസ്‌കാര സമ്പത്തിനെയും വിദേശികള്‍ക്കു വ്യാഖ്യാനിച്ചുകൊടുക്കുന്നതില്‍ ആവേശം കാണിച്ചിട്ടുള്ളവരാണ്‌ മറിയാ എജ്‌വെര്‍ഥ്‌ (1767-1849), ചാള്‍സ്‌ ലെവര്‍ (1806-72), സാമുവല്‍ ലെവര്‍ (1797-1868), വില്യംഹാമില്‍റ്റന്‍ മാക്‌സ്‌വെല്‍ (1792-1850) മുതലായവര്‍. 20-ാം ശതകത്തില്‍ ഐറിഷ്‌ സാഹിത്യരംഗം സമ്പന്നമാക്കാന്‍ പല സാഹിത്യകാരന്മാരും സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. സാഹിത്യ നിരൂപണ രംഗത്തു വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‌കിയവരാണ്‌ ജെയിംസ്‌ സ്റ്റീഫന്‍സ്‌ (1882-1950), യേറ്റ്‌സ്‌, റസ്സല്‍ മുതലായവര്‍.

ഐറിഷ്‌ സാഹിത്യത്തില്‍ പല ഗദ്യാഖ്യാനങ്ങളും വിരചിതമായിട്ടുണ്ടെങ്കിലും ഗള്ളിവറുടെ സഞ്ചാരകഥകള്‍ (1726) എന്ന കൃതിയാണു ശ്രദ്ധേയം. നോവല്‍ രചനാരംഗത്ത്‌ വില്യം ഹാമില്‍റ്റന്‍ മാക്‌സ്‌വെല്ലും സാമുവല്‍ ലെവറും (1797-1808) സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. 20-ാം ശതകത്തിലാകട്ടെ പല ആധുനിക രീതികളും അരങ്ങേറി. ഫ്രഞ്ച്‌ നോവലിസ്റ്റുകളെ അനുകരിച്ച ജോര്‍ജ്‌ മൂര്‍ (1852-1933) ആദ്യത്തെ ആംഗ്ലോ-ഐറിഷ്‌ റിയലിസ്റ്റിക്‌ നോവലിസ്റ്റായി അറിയപ്പെട്ടു. യുളീസസ്‌ (1922) എന്ന പ്രശസ്‌ത നോവല്‍ രചിച്ച ജെയിംസ്‌ ജോയ്‌സ്‌ (1882-1941) ഐറിഷ്‌ സംസ്‌കാരത്തിന്റെ സന്തതിയെന്ന നിലയില്‍ അറിയപ്പെടുന്നു. ജെയിംസ്‌ സ്റ്റീഫന്‍സ്‌ (1882-1950) സാങ്കല്‌പിക നോവലുകള്‍ രചിച്ചപ്പോള്‍ എമിലിലാലെസ്‌ (1845-1913), ജെയിംസ്‌ ഒഗ്രസി (1846-1928) എന്നിവര്‍ ചരിത്ര നോവലുകളാണ്‌ എഴുതിയത്‌. ഷാണ്‍ ഒ ഹാവ്‌ലെയ്‌ന്‍ (1900-) ആണ്‌ അത്യാധുനിക നോവലിസ്റ്റുകളില്‍ പ്രമുഖന്‍. നിരവധി ഗെയ്‌ലിക്‌ വിവര്‍ത്തനങ്ങള്‍ നടത്തുകയും ധാരാളം കൃതികള്‍ രചിക്കുകയും ചെയ്‌ത ഫ്രാങ്ക്‌ ഒകോണറും (1903-66), ആക്ഷേപഹാസ്യ പ്രധാനമായ ഇതിവൃത്തങ്ങള്‍ അവലംബിച്ച ലിയം ഓഫ്‌ളെയര്‍റ്റിയും (1897-) ചെറുകഥാ ശാഖയിലാണ്‌ പ്രശസ്‌തരായത്‌.

പ്രസിദ്ധ നാടകകൃത്തായ ഷാന്‍ ഒകേസി (1884-1964) ആറു വാല്യങ്ങളിലായി രചിച്ച (1939-54) ആത്മകഥ ആംഗ്ലോ-ഐറിഷ്‌ ഗദ്യസാഹിത്യത്തിന്‌ ഒരു മുതല്‍ക്കൂട്ടാണ്‌. 20-ാം ശതകത്തിലുണ്ടായ ഐറിഷ്‌ സാഹിത്യ നവോത്ഥാനത്തിനുവേണ്ടി യത്‌നിച്ച ശക്തനായ കവി വില്യം ബട്‌ലര്‍ യേറ്റ്‌സ്‌ ആയിരുന്നു. മന്ദീഭവിക്കാന്‍ തുടങ്ങിയ ഐറിഷ്‌ സാഹിത്യരംഗം പുനരുജ്ജീവിപ്പിക്കാന്‍ യേറ്റ്‌സ്‌ പ്രതിജ്ഞാബദ്ധനായി മുന്നിട്ടിറങ്ങി.

20-ാം ശതകത്തില്‍ ഐറിഷ്‌ സാഹിത്യത്തിനുണ്ടായ നവോത്ഥാനത്തില്‍ ലോകത്തു പൊതുവിലും അയര്‍ലണ്ടില്‍ പ്രതേ്യകിച്ചും നിലനിന്നിരുന്ന രാഷ്‌ട്രീയ സാമൂഹിക സ്ഥിതി സാരമായ പങ്കുവഹിച്ചിട്ടുണ്ട്‌. ആധുനിക അയര്‍ലണ്ടിന്റെ ചരിത്രത്തെ രാഷ്‌ട്രീയാടിസ്ഥാനത്തില്‍ മൂന്നായി വിഭജിക്കാം:

(1) 1916-കാലഘട്ടത്തില്‍ സ്വദേശസ്‌നേഹത്താലുണ്ടായ പുനരുത്ഥാനം,

(2) ദിവലേറയുടെയും പിന്‍ഗാമികളുടെയും ആഗമനത്തെത്തുടര്‍ന്നുണ്ടായ രാഷ്‌ട്രീയ ഏകീകരണം,

(3) 1960-ന്റെ ആരംഭത്തില്‍ ലിമാസ്‌ ഭരണത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക വളര്‍ച്ച എന്നിവയാണ്‌ വിവിധ ഘട്ടങ്ങള്‍.

ആധുനിക കാലഘട്ടത്തിലുണ്ടായ ഐറിഷ്‌ സാഹിത്യ സൃഷ്‌ടികളെയും മൂന്നായി തരംതിരിക്കാം. യേറ്റ്‌സ്‌, ഹിദേ, മൂര്‍, സിങ്‌ ആദിയായ സാഹിത്യകാരന്മാരെയും അവരുടെ പിന്‍ഗാമികളെയും കേന്ദ്രീകരിച്ചുണ്ടായ സാഹിത്യ നവോത്ഥാനമാണ്‌ ആധുനിക ഐറിഷ്‌ സാഹിത്യത്തില്‍ പ്രഥമമായി ഗണിച്ചുപോരുന്നത്‌. ഇതില്‍ യേറ്റ്‌സ്‌, സിങ്‌ എന്നിവര്‍ വളരെ പ്രധാനപ്പെട്ട എഴുത്തുകാരാണ്‌. ഇക്കാലത്തുണ്ടായ സാഹിത്യസൃഷ്‌ടികള്‍ മതത്തിനും ദേശത്തിനും സ്‌നേഹത്തിനും പ്രാധാന്യം കല്‌പിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ യേറ്റ്‌സും ജോയ്‌സും പ്രശസ്‌തരാണ്‌. അത്യാധുനികരുടെ മൂന്നാംഘട്ടത്തില്‍ പ്രസിദ്ധരാണ്‌ ഫ്‌ളാന്‍ ഒബ്രന്‍, ആസ്റ്റിന്‍ ക്ലാര്‍ക്‌ എന്നിവര്‍. പ്രഗല്‌ഭരായ സാഹിത്യകാരന്മാരുടെ ഒരു വലിയ സമൂഹം ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍