This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടോഡ്, ജെയിംസ് (1782-1835)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടോഡ്, ജെയിംസ് (1782-1835)
Tod,James
രജപുത്രരുടെ ചരിത്രം രചിച്ച ബ്രിട്ടിഷ് പട്ടാളമേധാവി. ജെയിംസ് ടോഡ് സീനിയറിന്റെ മകനായി 1782 മാ. 20-ന് ലണ്ടനിലെ ഇസ്ലിങ്ടണില്‍ ജനിച്ചു. പിതാവ് ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ താമസമാക്കിയതുകൊണ്ട് ജെയിംസ് ടോഡ് ബാല്യകാലം മുതല്ക്കേ ഇന്ത്യന്‍ അന്തരീക്ഷത്തിലാണ് വളര്‍ന്നത്. 1798-ല്‍ സൈനികനായി ഈസ്റ്റിന്ത്യാ കമ്പനിയില്‍ ചേര്‍ന്ന ഇദ്ദേഹം 1800-ല്‍ ലഫ്റ്റനന്റ് പദവിയിലെത്തി. 1805 മുതല്‍ രാജസ്ഥാന് പ്രദേശങ്ങളായിരുന്നു പ്രവര്‍ത്തന മേഖല. രജപുത്താനയിലെയും മധ്യ ഇന്ത്യയിലെയും ബ്രിട്ടന്റെ രാഷ്ട്രീയ സൈനിക കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. 1813-ല്‍ ക്യാപ്റ്റന്‍ പദവിയിലേക്കുയര്‍ന്നു. പശ്ചിമ രജപുത്താന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പ്രതിനിധിയായി ഇദ്ദേഹത്തെ 1818-ല്‍ നിയമിച്ചു. 1822-ല്‍ വിരമിക്കുന്നതുവരെ ഈ സ്ഥാനത്തു തുടര്‍ന്നു. ഔദ്യോഗിക കാലത്ത് ഇദ്ദേഹം ചരിത്രരചനയ്ക്കായുള്ള വസ്തുതകള്‍ ശേഖരിക്കുന്നതിലും വ്യാപൃതനായിരുന്നു.
ഇന്ത്യയിലെ ജോലിയില്‍നിന്നും വിരമിച്ച് ഇംഗ്ലണ്ടിലെത്തിയ ഇദ്ദേഹത്തിന് 1824-ല്‍ മേജര്‍ പദവിയും 1826-ല്‍ ലഫ്റ്റനന്റ് കേണല്‍ പദവിയും ലഭിച്ചു. ഇന്ത്യയില്‍ നിന്നും സമാഹരിച്ച വസ്തുതകള്‍ ഉപയോഗിച്ച് ഇംഗ്ലണ്ടില്‍ വച്ചാണ് ഇദ്ദേഹം രജപുത്രരുടെ ചരിത്ര രചന നടത്തിയത്. ദി അനല്‍സ് ആന്‍ഡ് ആന്റിക്വിറ്റീസ് ഒഫ് രാജസ്ഥാന് എന്ന ചരിത്രഗ്രന്ഥം രണ്ടു വാല്യങ്ങളിലായി 1829-നും 32-നും ഇടയ്ക്ക് പ്രസിദ്ധീകരിച്ചു. 1822-ല്‍ നടത്തിയ സഞ്ചാരങ്ങളെ അടിസ്ഥാനമാക്കി രചിച്ച ട്രാവല്‍ ഇന്‍ വെസ്റ്റേണ്‍ ഇന്ത്യ എന്ന ഗ്രന്ഥം മരണാനന്തരം 1839-ലാണ് പ്രസിദ്ധീകൃതമായത്. റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം കുറച്ചുകാലം അവിടെ ലൈബ്രേറിയനായും സേവനമനുഷ്ഠിച്ചിരുന്നു. 1835 ന. 17-ന് ലണ്ടനില്‍ മരണമടഞ്ഞു.