This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാട്ടുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:53, 19 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജാട്ടുകള്‍

പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പശ്ചിമ പാകിസ്താനിലും അധിവസിക്കുന്ന ഒരു ജനവിഭാഗം. ജാട്ടുകളില്‍ ഹിന്ദു-മുസ്ലിം-സിക്ക് മതവിഭാഗങ്ങളുണ്ട്. പശ്ചിമപാകിസ്താനിലെ ജാട്ടുകളില്‍ ബഹുഭൂരിപക്ഷവും മുസ്ലിങ്ങളാണ്. ഇന്ത്യന്‍ ജാട്ടുകളില്‍ ഹിന്ദുക്കളുടെയും സിക്കുകാരുടെയും സംഖ്യ ഏതാണ്ടു തുല്യമാണ്.

ലോകത്തിലെ അതിപ്രാചീനമായ ഭരണഗോത്രങ്ങളാണ് ജാട്ടുകള്‍ എന്നൊരു വാദമുണ്ട്. സംസ്കൃതിയുടെ ശൈശവഘട്ടത്തില്‍ തന്നെ രൂപവത്കൃതമായ ഒരു യുദ്ധവംശമാണ് ജാട്ടുകള്‍. ഇവര്‍ക്കിടയില്‍ പ്രബലമായ ഒട്ടേറെ കുല-ഗോത്രങ്ങളുണ്ട്. ജാട്ടുകള്‍ക്ക് സ്ട്രോബോയിലെ സീനിയര്‍മാരുമായി ബന്ധമുണ്ടെന്നും പ്ലിനിയും ടോളമിയും പരാമര്‍ശിക്കുന്നു 'ജാട്ടി'കളാണ് ജാട്ടുകളെന്നും ജനറല്‍ കണ്ണിങ്ഹാം അഭിപ്രായപ്പെട്ടിട്ടുണ്ട്. പഞ്ചാബിലെ ആദിമനിവാസികളായിരുന്ന 'ബഹിക'രുടെയും 'ടാക്ക'കളുടെയും വംശജരാണ് ജാട്ടുകളെന്നും ഒരഭിപ്രായമുണ്ട്. ശ്രീകൃഷ്ണന്റെ വംശമായ 'യദു' എന്ന വാക്കിന്റെ ഹിന്ദി ഉച്ചാരണമാണ് ജാട്ട് എന്ന് നസ്ഫീല്‍ഡ് കരുതുന്നു. യദു 'ജദു' ആയും ക്രമേണ 'ജാട്ട്' ആയും പരിണമിച്ചു എന്ന് കരുതപ്പെടുന്നു. ബി.സി. 2-ാം ശ.-നും എ.ഡി. 5-ാം ശ.-നും ഇടയ്ക്ക് മധ്യേഷ്യയില്‍ നിന്നും ഇന്ത്യയിലേക്കും കുടിയേറിയ സിതിയന്മാരുടെ ഒരു ഉപവിഭാഗമായ ശകരുടെ പിന്‍ഗാമികളാണ് ജാട്ടുകള്‍ എന്നും ഒരഭിപ്രായമുണ്ട്.

'യോദ്ധാ' എന്ന സംസ്കൃത പദത്തില്‍ നിന്നാണ് ജാട്ട് എന്ന വാക്ക് നിഷ്പന്നമായിട്ടുള്ളത്. യുദ്ധസേവനം തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒരു വിഭാഗം എന്ന അര്‍ഥത്തിലാണ് 'ജാട്ട്' എന്ന പദം വിവക്ഷിക്കപ്പെടുന്നത്. രാജാവിന്റെ പുത്രന്‍ എന്നര്‍ഥം വരുന്ന 'വിഷ്പുര്‍' എന്ന പഹ്ലവി വാക്കിന്റെ സംസ്കൃതരൂപമാണ് 'രജപുത്രര്‍'. സിക്ക് ജാട്ടുകള്‍ പേരിനൊപ്പം ചേര്‍ക്കുന്ന സര്‍ദാര്‍ എന്ന വിശേഷണം നിഷ്പന്നമായിട്ടുള്ളത് ഗ്രാമത്തിന്റെ അധിപനായ ഭൂവുടമ എന്നര്‍ഥമുള്ള 'ഷഹര്‍ദാര്‍' എന്ന ഇറാനിയന്‍ പദത്തില്‍ നിന്നാണ്. ഇറാന്‍ ചക്രവര്‍ത്തി ഹെര്‍മിസദിനെതിരെ കലാപം ചെയ്ത (എ.ഡി. 309) ഷഹര്‍ദാര്‍മാരും വിഷ്പുറുകളും ഇന്ത്യയിലേക്കും കുടിയേറിയതായി വിശ്വസിക്കപ്പെടുന്നു.

പുറത്തുനിന്നും വന്ന ജാട്ടുകള്‍ ക്രമേണ ഹിന്ദുമതം സ്വീകരിച്ചു. എന്നാല്‍ ബ്രാഹ്മണരുടെ ആചാരാനുഷ്ഠാനങ്ങള്‍ പൂര്‍ണമായി സ്വാംശീകരിക്കാന്‍ ഒരു വിഭാഗം ജാട്ടുകള്‍ സന്നദ്ധമായിട്ടില്ല. ഹിന്ദുമതം സ്വീകരിക്കുകയും ബ്രാഹ്മണവത്കരണത്തിനു വിധേയരാവുകയും ചെയ്തവരാണ് രജപുത്രര്‍ എന്നൊരു വാദമുണ്ട്. ഇതര ജാട്ടുവിഭാഗങ്ങളെ അപേക്ഷിച്ച് ഈ വിഭാഗത്തിന് ഹിന്ദു ജാതിശ്രേണിയില്‍ ലഭിച്ച ഉയര്‍ന്ന സ്ഥാനവും പദവിയുമായിരിക്കാം ഈ വാദത്തിന് ആസ്പദമായിട്ടുള്ളത്. പ്രാചീന രജപുത്രഗോത്രങ്ങളില്‍ ഒന്നാണ് ജാട്ടുകള്‍ എന്ന് മേജര്‍ തോഡ് കരുതുന്നു. സാമൂഹികവും ആചാരപരവുമായ വൈജാത്യങ്ങളുണ്ടെങ്കിലും ജാട്ടുകളും രജപുത്രരും വംശീയമായി ഒരേ ഗണത്തില്‍പ്പെട്ടവരാണ്. രാഷ്ട്രീയമായി ഉന്നതാധികാരത്തിലേക്കുയര്‍ന്ന രജപുത്രര്‍ കര്‍ശനമായ ആചാരാനുഷ്ഠാനങ്ങളുടെ പിന്‍ബലത്തില്‍ തങ്ങളുടെ സാമൂഹിക-രാഷ്ട്രീയപദവി നിര്‍ത്തുന്നതില്‍ അതീവ ശുഷ്കാന്തിയാണ് പ്രകടിപ്പിക്കുന്നത്. ജാതിശ്രേണിയില്‍ തങ്ങള്‍ക്കു കീഴെയാണ് ജാട്ടുകളുടെ സ്ഥാനമെന്ന് രജപുത്രര്‍ വിശ്വസിക്കുന്നു. അഭിജാതരും കുലീനരുമെന്ന് സ്വയം വിശ്വസിക്കുന്ന രജപുത്രര്‍ക്ക് ജാട്ട് ജനസാമാന്യവുമായി കാര്യമായ ബന്ധമൊന്നുമില്ല. രജപുത്രരെയും ജാട്ടുകളെയും തമ്മില്‍ വേര്‍തിരിക്കുന്ന സുപ്രധാന കണ്ണി വിധവാ വിവാഹത്തോടുള്ള സമീപനമാണ്. രജപുത്രര്‍ക്കിടയില്‍ വിധവാ വിവാഹം നിഷിദ്ധമാണെങ്കില്‍, ജാട്ടുകള്‍ക്കിടയില്‍ അത് അനുവദനീയമാണ്. ഒരു ജാട്ടു സ്ത്രീയെ വിവാഹം കഴിക്കുന്ന രജപുത്രനു തന്റെ ജാതിസ്ഥാനം നഷ്ടപ്പെടുന്നില്ല. എന്നാല്‍ അയാളുടെ പിന്‍ഗാമികള്‍ വിധവാ വിവാഹം നടത്തുകയാണെങ്കില്‍ അവര്‍ക്ക് രജപുത്രസ്ഥാനം നഷ്ടപ്പെടും.

ജാട്ടുകളില്‍ ഭൂരിഭാഗവും ചെറുകിട ഭൂവുടമകളായ കൃഷിക്കാരാണ്. ജിപ്സികളെപ്പോലെ അലഞ്ഞുനടന്ന് കച്ചവടം നടത്തുന്നവരും ജാട്ടുകള്‍ക്കിടയിലുണ്ട്. സ്ത്രീകളും പുരുഷന്മാരോടൊപ്പം കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നു. കുടുംബത്തില്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍ അധികാരം. ഉയരം കൂടിയവരും ദൃഢഗാത്രരുമായ ജാട്ടുകള്‍ ധിഷണാബലത്തിന്റെ കാര്യത്തില്‍ പിന്നോക്കമാണെങ്കിലും കൗശലക്കാരും സൂത്രശാലികളുമാണെന്ന് പറയപ്പെടുന്നു. ബഹുഭര്‍ത്തൃത്വം അപൂര്‍വമാണെങ്കിലും ബഹുഭാര്യാത്വം ഇവര്‍ക്കിടയില്‍ നിലവിലുണ്ട്. ചെറുപ്രായത്തില്‍ തന്നെ വിവാഹനിശ്ചയം നടത്തുകയാണ് പതിവ്. പെണ്‍കുട്ടികളുടെ വിവാഹനിശ്ചയം വലിയൊരു ചടങ്ങാണ്. വിവാഹനിശ്ചയത്തിനും വിവാഹത്തിനും ബ്രാഹ്മണപുരോഹിതന്മാരാണ് കാര്‍മികത്വം വഹിക്കുന്നത്. വിവാഹനിശ്ചയസമയത്ത് വധുവിന്റെ പിതാവ് വരന് ഒരു രൂപ നല്കുന്ന ഒരു ചടങ്ങുണ്ട്. ഇത് 'മംഗണി' എന്നറിയപ്പെടുന്നു. വിവാഹനാളില്‍ ഘോഷയാത്രയായി വരന്‍ വധുവിന്റെ വീട്ടിലെത്തുന്നു. നവഗ്രഹങ്ങളുടെ പ്രതീകമെന്ന നിലയില്‍ 9 ബ്രാഹ്മണപുരോഹിതന്മാര്‍ വിവാഹച്ചടങ്ങുകള്‍ക്കു കാര്‍മികത്വം വഹിക്കുന്നു. ഇവരുടെ ശവസംസ്കാരച്ചടങ്ങുകള്‍ ലളിതമാണ്. ശവശരീരം ദഹിപ്പിക്കുകയാണ് പതിവ്. 7 വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ മൃതദേഹം കുഴിച്ചിടും. ഭര്‍ത്താവ് മരിച്ചാല്‍ ജഡത്തിനു ചുറ്റും ഭാര്യ ഏഴുവട്ടം വലംവയ്ക്കും. വിവാഹബന്ധം അവസാനിപ്പിച്ചു എന്നതിനു പ്രതീകമായി ഭാര്യയുടെ കൈവളകള്‍ പൊട്ടിക്കുക പതിവാണ്.

ജാട്ടുകളുടെ ഗ്രാമസഭയുടെ തലവന്‍ ചൌധരി എന്നറിയപ്പെടുന്നു. തലവന്റെ മരണശേഷം അധികാരം മൂത്തപുത്രനില്‍ നിക്ഷിപ്തമാകുന്നു. സിന്ധ് ആക്രമിച്ച (8-ാം ശ.) മുഹമ്മദ് ഇബ്ന്‍കാസിമിന് 4,000 ജാട്ടുകളടങ്ങുന്ന ഒരു സേനയെ അയച്ചുകൊടുത്തതായി പറയപ്പെടുന്നു. അറംഗസീബ് അമുസ്ലിങ്ങളോട് സ്വീകരിച്ച ക്രൂരമായ വിവേചനങ്ങള്‍ക്കെതിരെ 1861-ല്‍ ജാട്ടുകള്‍ കലാപം സംഘടിപ്പിക്കുകയുണ്ടായി. 18-ാം ശ.-ത്തിന്റെ ആരംഭത്തില്‍ ചുരമാന്‍സിങ്ങിന്റെ നേതൃത്വത്തില്‍ ഒരു സ്വതന്ത്രരാജ്യം സ്ഥാപിക്കുവാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. 19-ാം ശ.-ത്തിന്റെ തുടക്കത്തില്‍ സിക്കുരാജാവായിരുന്ന രണ്‍ജിത്സിങ് ജാട്ട് വംശജനാണ്. സിക്ക് ഭരണചരിത്രത്തിലെ ഏറ്റവും ശക്തനായ രാജാവായിരുന്നു രണ്‍ജിത്സിങ്. ഭരത്പൂരില്‍ സ്ഥാപിതമായിരുന്ന സ്വതന്ത്രജാട്ടുരാജ്യം 1826-ല്‍ ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഫലമായി ശിഥിലമായി. ഇന്ന്, ജാട്ട് എന്ന വാക്കിന്റെ അര്‍ഥം തന്നെ 'കര്‍ഷകന്‍' എന്നായിട്ടുണ്ട്. ഉത്തരേന്ത്യയിലെ രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളില്‍ വമ്പിച്ച സ്വാധീന ശക്തിയുള്ള ഒരു വിഭാഗമായി ഇന്ന് ജാട്ടുകള്‍ വളര്‍ന്നിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍