This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ഷീരപാന ചികിത്സ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:25, 1 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ഷീരപാന ചികിത്സ

പാല്‍ ഔഷധങ്ങള്‍ ചേര്‍ക്കാതെയോ ചേര്‍ത്തു സംസ്കരിച്ചോ ക്രമേണ അളവു കൂട്ടിക്കൂട്ടി മൂന്നോ അഞ്ചോ ഏഴോ ദിവസം ഉപയോഗിക്കുന്ന ഒരു ചികിത്സാരീതി. ഈ ദിവസങ്ങളില്‍ മറ്റു യാതൊരാഹാരവും കൊടുക്കാവുന്നതല്ല. സ്വസ്ഥന് ആരോഗ്യസംരക്ഷണത്തിനും രോഗിക്ക് രോഗശമനത്തിനും ഈ ചികിത്സ സ്വീകരിച്ചുവരുന്നു. പശു, ആട്, എരുമ, ഒട്ടകം, കഴുത തുടങ്ങിയവയുടെ പാല്‍ ഇതിനായി ഉപയോഗിക്കാമെങ്കിലും പ്രധാനമായും പശുവിന്‍പാലും ആട്ടിന്‍പാലുമാണ് ഉപയോഗിച്ചുവരുന്നത്. രാജയക്ഷ്മം (ക്ഷയം), മഹോദരം, രക്തപിത്തം എന്നിവയില്‍ ഈ ചികിത്സാരീതി ഫലപ്രദമാണ്.

ജ്വരം, അതിസാരം, കാസം എന്നീ രോഗങ്ങളിലും ലശുനരസായനത്തിന് അനുപാനമായും, ശരീരം ക്ഷീണിച്ചിരിക്കുന്നവരില്‍ രസായനമായും, ഓജക്ഷയത്തിലും പാല്‍ ഉപയോഗിക്കാന്‍ വിധിക്കുന്നുണ്ട്. പാല്‍ എടുക്കുന്ന മൃഗത്തിന്റെ പ്രായം, നിറം, പ്രസവിച്ചശേഷമുള്ള കാലം തുടങ്ങിയവ ഭേദങ്ങള്‍ക്കനുസരിച്ച് ഗുണവ്യത്യാസം കണ്ടുവരുന്നതിനാല്‍ അതതവസ്ഥകളില്‍ വിധിച്ച പ്രകാരംതന്നെ പാല്‍ ഉപയോഗിക്കേണ്ടതാണ്. ജ്വരത്തില്‍ രോഗലക്ഷണങ്ങള്‍ പൂര്‍ത്തീകരിക്കുകയും കഫത്തിന് വിലയത്വം വന്നതായി കാണുകയും ചെയ്താല്‍ ആ അവസ്ഥയില്‍ പാല്‍കൊടുക്കുന്നത് അമൃത് നല്കുന്നതുപോലെ തന്നെ ഗുണപ്രദമാണ്. വിവിധ രോഗഘട്ടങ്ങളില്‍ പാല്‍ പ്രയോഗിക്കേണ്ട അവസ്ഥ സസൂക്ഷ്മം, മനസ്സിലാക്കിയശേഷം മാത്രമേ ഈ ചികിത്സ ചെയ്യാവൂ. അല്ലെങ്കില്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്.

ഓരോ രോഗത്തിനും പ്രത്യേകം പാകപ്പെടുത്തിയ പാലാണ് ഉപയോഗിക്കേണ്ടത്. പാലിന്റെ സമം, രണ്ടിരട്ടി, നാലിരട്ടി, എട്ടിരട്ടി എന്നീ ക്രമത്തില്‍ വെള്ളം ചേര്‍ത്തുകാച്ചി പാലിനുസമമാക്കി ഉപയോഗിക്കണം. സ്വസ്ഥനിലും രസായനൌഷധ സേവാകാലത്തും പാല്‍ ഉപയോഗിക്കുമ്പോള്‍ പാലിന്റെ പകുതി മാത്രം വെള്ളം ചേര്‍ത്തുകാച്ചി പാലിന്റെ അളവാക്കി വറ്റിച്ചുപയോഗിക്കണം. വ്യാധി, ഔഷധം, വ്യായാമം, ഭാഷണം ഇവകൊണ്ട് വളരെ ക്ഷീണിച്ചുപോയവര്‍ക്കും ക്ഷീരം ഫലവത്താണ്. പ്രയോഗിക്കുന്ന കാലത്തിനനുസരിച്ചും ഉപയോഗിക്കുന്ന വ്യക്തിയുടെ ദൂഷ്യ, ദേശ, കാലാദികളനുസരിച്ചും മാത്രയില്‍ വ്യത്യാസം വരുത്തേണ്ടതായിട്ടുണ്ട്. പാല്‍ രാവിലെ ഉപയോഗിക്കുന്നത് ബൃംഹണവും ബലവര്‍ധനവുമാണ്. അഗ്നിദീപ്തിയെ ഉണ്ടാക്കുകയും ചെയ്യും. മധ്യാഹ്നത്തില്‍ ഉപയോഗിക്കുന്നത് ബലം, രുചി ഇവയെ വര്‍ധിപ്പിക്കുന്നതും മൂത്രകൃഛ്രം, അശ്മരി എന്നീ രോഗങ്ങളില്‍ പ്രത്യേകമായി ഹിതമായിട്ടുള്ളതുമാണ്. രാത്രിയില്‍ പാല്‍ ഉപയോഗിക്കുന്നത് വിവിധതരം ദോഷങ്ങളെ ശമിപ്പിക്കുന്നതിനു സഹായകമാണ്. അവസ്ഥാനുസാരേണയും പാലിനു ഗുണവ്യത്യാസമുണ്ട്. കാച്ചിയ പാല്‍ ചൂടോടുകൂടി വാതകഫ രോഗങ്ങളിലും കാച്ചി തണുത്തശേഷം പിത്തപ്രധാനമായ രോഗങ്ങളിലും ഉപയോഗിക്കാം. കറന്ന പാല്‍ ചൂടോടുകൂടിത്തന്നെ ഉപയോഗിക്കുന്നതും അമൃതസമാനമാണ്.

പ്രകൃതി ചികിത്സാരീതിയില്‍ ക്ഷീരപാന ചികിത്സയ്ക്കു ചില ഭിഷഗ്വരന്മാര്‍ പ്രത്യേകം പ്രാധാന്യം കല്പിച്ചിട്ടുണ്ട്. ഡോ. ഇനോസെംസെഫ്, ഡോ. ഫിലിപ്പ് സി കരോള്‍ എന്നിവരാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍. ഈ ചികിത്സയില്‍ സര്‍വസാധാരണമായി പ്രയോഗിക്കുന്ന പൂര്‍വകര്‍മം 'ഗ്വെലാസ്ഫാസ്റ്റ്' എന്നറിയപ്പെടുന്നു. ആവണക്കെണ്ണ കുടിപ്പിച്ച് വയറിളക്കിയശേഷം രോഗിക്ക് രണ്ടുമുതല്‍ ഏഴുദിവസം വരെ ചൂടുവെള്ളമോ അല്പം പഴങ്ങളോ മാത്രം കൊടുക്കുന്നു. പിന്നീട് പാല്‍ കൊടുത്തുതുടങ്ങുന്നു. പാലിന്റെ അളവു കുറേശ്ശെ വര്‍ധിപ്പിച്ച് 30 മുതല്‍ 200 ഔണ്‍സുവരെ ക്രമേണ കൊടുക്കുന്നു. പ്രമേഹരോഗാവസ്ഥയിലും മറ്റും ഇത്തരത്തില്‍ ഒന്നുമുതല്‍ നാലുമാസം വരെ ചികിത്സ തുടരാറുണ്ട്.

(ഡോ. സി.പി.ആര്‍ നായര്‍, ഡോ. പി.എസ്. ശ്യാമളകുമാരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍