This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖണ്ഡകാവ്യം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഖണ്ഡകാവ്യം
ഒരു കഥയോ സംഭവമോ വൈകാരികഭാവമോ പിരിമുറുക്കത്തോടെ പ്രതിപാദിക്കുന്ന നാതിദീര്‍ഘമായ പദ്യസാഹിത്യരൂപം.
ഖണ്ഡകാവ്യസ്വരൂപം. 19-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ മലയാളത്തില്‍ ആവിര്‍ഭവിച്ച ലഘുകാവ്യങ്ങളെ നിര്ദേശിക്കുവാന് പ്രചാരത്തില്‍ വന്ന ഒരു സാങ്കേതിക പദമാണിത്. ആട്ടക്കഥയില്‍ നിന്നും ചമ്പുവില്‍നിന്നും തുള്ളലില്‍നിന്നും മറ്റും ഭിന്നമായതും, മഹാകാവ്യത്തിന്റെ വലുപ്പവും ഘടനയും സങ്കീര്‍ണതയും ഇല്ലാത്തതുമായ, സാമാന്യം ചെറിയകാവ്യം എന്ന പരിണതാര്‍ഥമാണ് ഖണ്ഡകാവ്യശബ്ദത്തിനുള്ളത്.
പാശ്ചാത്യ റൊമാന്റിക് (കാല്പനിക) കവിതാരീതി മലയാളസാഹിത്യത്തില്‍ കൂടുതല്‍ പ്രേരണ ചെലുത്തുകയും തന്മൂലം പുതിയ രൂപഭാവങ്ങള്‍ ഉള്ള ചെറുതരം കവിതകള്‍ ധാരാളം ഉണ്ടാവുകയും ചെയ്തതോടെ, ഭാവസാന്ദ്രവും ആത്മാവിഷ്കാരപരവുമായ ലഘുകവിതകള്‍ക്ക് 'സ്വച്ഛന്ദഗീതം', 'ഭാവഗീതം' (lyric) എന്നും മറ്റും പേരു നല്കി. പിന്നെ അവയ്ക്ക് ആംഗല ലിറിക് ഭേദങ്ങള്‍ക്കൊപ്പിച്ച് വിലാപകാവ്യം (Elegy), ഗീതകം (ലഘുപദി-sonnet), അഭിഗീതകം (അര്‍ച്ചനാഗീതം-Ode), നാടകീയ സ്വഗതം (Dramatic Monologue) തുടങ്ങിയ അവാന്തരവിഭാഗങ്ങള്‍ ഉണ്ടായി. ഭാവഗീതം ഒരു പ്രസ്ഥാനമായി വികസിച്ചപ്പോള്‍ ഖണ്ഡകാവ്യം എന്നതിന് ആദ്യമുണ്ടായിരുന്ന വിവക്ഷിതാര്‍ഥം ഏതാണ്ട് അസ്വീകാര്യമായി. ഭാവഗീതങ്ങളെ പ്രത്യേക സാഹിത്യരൂപമായി ഗണിക്കണമെന്നു വന്നപ്പോള്‍ ഏകഭാവനിഷ്ഠമായ പദ്യരൂപങ്ങളെ ഖണ്ഡകാവ്യപ്രസ്ഥാനത്തില്‍ നിന്ന് ഒഴിച്ചുനിര്‍ത്തി. ഖണ്ഡകാവ്യങ്ങള്‍ക്ക് വസ്തുനിഷ്ഠമായ ഇതിവൃത്തവും പ്രതിപാദനരീതിയും വേണം എന്നും അഭിപ്രായമുണ്ടായി.
ഖണ്ഡകാവ്യങ്ങള്‍ക്കും ഭാവഗീതങ്ങള്‍ക്കും തമ്മില്‍ അതിര്‍വരമ്പു നിശ്ചയിക്കുക എളുപ്പമല്ല. ഖണ്ഡകാവ്യമെന്ന് വ്യവഹരിച്ചുപോരുന്നതോ വ്യവഹരിക്കാവുന്നതോ ആയ ഒട്ടേറെ ലഘുകാവ്യങ്ങള്‍ മലയാളത്തിലുണ്ട്; അവയ്ക്ക് ചില സാമാന്യ ധര്‍മങ്ങളുമുണ്ട്. അതിനാല്‍, വര്‍ണനാപരമോ തത്ത്വചിന്താപ്രധാനമോ കഥാപരമോ ആയ പ്രതിപാദ്യം സ്വീകരിച്ച്, അതിദീര്‍ഘമോ അതിഹ്രസ്വമോ ആകാതെ, കാല്പനിക പ്രസ്ഥാനലക്ഷണങ്ങള്ക്ക് അനുരോധമായി രചിക്കപ്പെടുന്ന കാവ്യം എന്നു ഖണ്ഡകാവ്യത്തെ നിര്‍വചിക്കാം. പ്രാചീനഖണ്ഡകാവ്യമാതൃകകളെയും നവീന ഖണ്ഡകാവ്യപ്രസ്ഥാനത്തെയും ഈ നിര്‍വചനം ഉള്‍ക്കൊള്ളുന്നു.
ഖണ്ഡകാവ്യം സംസ്കൃതത്തില്‍. ഖണ്ഡകാവ്യം എന്നൊരു പദ്യവിഭാഗം സംസ്കൃതസാഹിത്യത്തില്‍ അംഗീകരിച്ചിട്ടുണ്ട്. മഹാകാവ്യലക്ഷണം തീര്‍ത്തും ഉള്‍ക്കൊള്ളാത്ത ഏകദേശ സ്വഭാവമുള്ള പദ്യകൃതിയെ ഖണ്ഡകാവ്യമായി വ്യവഹരിക്കാമെന്നാണ് വിശ്വനാഥ കവിരാജന്റെ (17-ാം ശ.) സാഹിത്യദര്‍പ്പണത്തില്‍ നിര്‍വചിച്ചിരിക്കുന്നത്. മേഘദൂതം ഇതിനു ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കാം.
ഖണ്ഡകാവ്യത്തില്‍ ഇതിവൃത്തം ഉദാത്തമാകാം; അല്ലാത്തതുമാകാം. നായകന് ദേവനോ രാജാവോ തൊഴിലാളിയോ ആകാം. കഥാപരമായ പ്രതിപാദ്യം വേണമെന്നുമില്ല. ഖണ്ഡകാവ്യങ്ങള്‍ ഏതെങ്കിലും ഒരംശത്തെ ഏകാഗ്രമായി ലക്ഷീകരിക്കുന്നു. ഒന്നോ രണ്ടോ കഥാപാത്രങ്ങളെ സംബന്ധിച്ച രംഗങ്ങളിലേക്കോ മാനസികഭാവങ്ങളിലേക്കോ നേരെ കടന്നുചെല്ലുകയാണ് ഖണ്ഡകാവ്യത്തിന്റെ ധര്‍മം. മുഖ്യമായ പ്രമേയത്തിന് ആലംബമായ കഥാപാത്രമായിരിക്കും കേന്ദ്രബിന്ദു. അതിനൊപ്പിച്ചായിരിക്കും ഘടനയും രംഗസംവിധാനവും.
'നഗരാര്‍ണവശൈലര്‍ത്തു' തുടങ്ങിയ വിഷയങ്ങളുടെ വര്‍ണനകളെ ഖണ്ഡകാവ്യത്തില്‍ ആരും വിലക്കിയിട്ടില്ല. രസഭാവങ്ങളുടെ ഉന്മീലനമാണ് പ്രധാനം. അതിനു നിയമമുണ്ടാവുക ബുദ്ധിമുട്ടാണ്. എങ്കിലും വിചിത്രഭാവനയും കൃത്രിമസങ്കേതങ്ങളും പദജടിലതയും പാണ്ഡിത്യപ്രകടനവും ഖണ്ഡകാവ്യങ്ങളില്‍നിന്ന് ഒഴിവാക്കാന്‍ കവികള്‍ ശ്രദ്ധിച്ചു. 'കാന്‍വാസ്' നന്നേ ചെറുതാകകൊണ്ട് മിതത്വവും ദ്രുതപരിണതിയും ഏകാഗ്രതയും ദീക്ഷിക്കേണ്ടിവന്നു. മഹാകാവ്യത്തിന്റെ ലക്ഷണങ്ങള്‍ ചിലതൊക്കെയാവാം എന്നല്ലാതെ മറ്റു നിബന്ധനകള്‍ ഇല്ലാത്തതിനാല്‍ ചില സ്തോത്രകൃതികളും സന്ദേശകാവ്യങ്ങളും യമകകാവ്യങ്ങളും കൃഷ്ണഭക്തികാവ്യങ്ങളും ബൌദ്ധകഥാഖ്യാനപരമായ കാവ്യങ്ങളും പ്രബോധനാത്മക പദ്യനിബന്ധങ്ങളും വിഡംബനകൃതികളും രാജാപദാനകീര്ത്തനങ്ങളും ഒക്കെ ഖണ്ഡകാവ്യത്തിന്റെ വ്യാപ്തിയില്പ്പെടും. സംസ്കൃതത്തില്‍ ഇത്തരം കാവ്യങ്ങള്‍ പ്രാചീനകാലം മുതല്‍ കാണുവാന്‍ കഴിയും. പ്രകൃതിസൗന്ദര്യത്തോടു കാവ്യാത്മക സമീപനം പ്രകടമാക്കുകയും സംഭാഷണരൂപത്തിലും പ്രാര്ഥനാരൂപത്തിലുമുള്ള മിതമായ വാങ്മയത്തില്‍ പല തലങ്ങളിലുള്ള അര്‍ഥസംവേദനം സാധിക്കുകയും ചെയ്യുന്ന വേദസൂക്തങ്ങളില്‍ നിന്ന് കവിതയിലേക്കുള്ള ദൂരം അധികമില്ല. കാളിദാസന്റെ ഋതുസംഹാരം ഇതു വ്യക്തമാക്കുന്നു. ബുദ്ധകഥകള്‍ ആഖ്യാനം ചെയ്യുന്ന ലളിതവിസ്തരം, അവദാനശതകം, ദിവ്യാപദാനം തുടങ്ങിയ കാവ്യങ്ങളുടെ പാരമ്പര്യം മേല്പുത്തൂരിന്റെ നാരായണീയം (16-ാം ശ.) വരെ തുടര്‍ന്നുകാണാം. ഭര്‍ത്തൃഹരി (7-ാം ശ.)യുടെ നീതിശതകവും വൈരാഗ്യശതകവും ശൃംഗാരശതകവും അന്യാപദേശ രീതിയിലുള്ള പ്രബോധനാത്മക കാവ്യങ്ങളാണ്; മനുഷ്യപ്രകൃതിയും ജീവിതസത്യവും ആഴത്തില്‍ പ്രതിഫലിക്കുന്നവയാണ് ഈ കൃതികള്‍. വിശ്വദേവതയെക്കുറിച്ചുള്ള അദ്വിതീയമായ സങ്കീര്‍ത്തനമാണ് ശങ്കരാചാര്യരുടെ (8-ാം ശ.) സൗന്ദര്യലഹരി. താന്ത്രികപ്രതീകങ്ങളിലൂടെ പ്രപഞ്ചപരിണാമത്തിന്റെ ആറ് അവസ്ഥകള്‍ ഇതില്‍ ചിത്രീകരിക്കുന്നു. ബാണന്റെ (7-ാം ശ.) ചണ്ഡീശതകം, മയൂരന്റെ (7-ാം ശ.) സൂര്യശതകം, കുലശേഖരന്റെ (9-ാം ശ.) മുകുന്ദമാല, അശ്വഘോഷന്റെ (1-ാംശ.) ചതുശ്ശതകസ്ത്രോത്രം, ശതപഞ്ചശതകസ്തോത്രം എന്നീ ബുദ്ധാപദാന കീര്‍ത്തനങ്ങള്‍ തുടങ്ങിയവ സവിശേഷ സ്ഥാനം അര്‍ഹിക്കുന്നു. എന്നാല്‍ ഖണ്ഡകാവ്യങ്ങളുടെ കൂട്ടത്തില്‍ കാളിദാസന്റെ മേഘദൂതിന് അദ്വിതീയ സ്ഥാനമാണുള്ളത്. ഇതിനെ അനുകരിച്ച് ധാരാളം സന്ദേശകാവ്യങ്ങളുണ്ടായി.
ജയദേവന്റെ (12-ാം ശ) ഗീതഗോവിന്ദം വിവരണാഖ്യാനവും സംഭാഷണവും ഇടകലര്‍ത്തി നാടകീയമായി രചിക്കപ്പെട്ടതാണ്. വനം, നദി, സന്ധ്യാനിശകള്, ആകാശം, ചന്ദ്രിക, പുഷ്പങ്ങള്‍ തുടങ്ങിയവ ചേര്‍ന്ന് ഗ്രാമഭംഗിയും പ്രകൃതിചൈതന്യവും തുടിക്കുന്ന പശ്ചാത്തലത്തില്‍ വര്‍ണിക്കപ്പെടുന്ന ഈ കൃഷ്ണകഥ ഭക്തിസാഹിത്യത്തില്‍ കാവ്യഭംഗിയും സംഗീതമാധുര്യവും പ്രതിഷ്ഠിച്ചു. ഇതുപോലെ ഉത്കൃഷ്ടമായൊരു കൃതിയാണ് വില്വമംഗലത്തിന്റെ (13-ാം ശ.) കൃഷ്ണകര്‍ണാമൃതം. വൃന്ദാവനത്തിലെ ഗ്രാമീണാന്തരീക്ഷത്തില്‍ ഓടക്കുഴലിന്റെ അലൌകികാകര്ഷകത അനുഭവവേദ്യമാക്കുന്നതാണീ കൃതി.
ജീവിതനിരൂപണം കാവ്യലക്ഷ്യമാക്കി രചിക്കപ്പെട്ടവയാണ് ക്ഷേമേന്ദ്രന്റെ (11-ാം ശ.) ദര്പ്പദലനം കാവ്യവും നീലകണ്ഠദീക്ഷിതരുടെ (17-ാം ശ.) കലിവിഡംബനവും ആക്ഷേപഹാസ്യമാണ് ഇവയില്‍ മുന്നിട്ടുനില്‍ക്കുന്നത്.
ഖണ്ഡകാവ്യം മലയാളത്തില്‍. സംസ്കൃതത്തിലെ കാവ്യമാതൃകകളെല്ലാം അനുകരണരൂപത്തില്‍ മണിപ്രവാളകാലം മുതല്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. പാട്ടുകള്‍ എന്നുവിളിക്കുന്ന പുരാണകഥാഖ്യാനങ്ങള് 10-ാം ശതകം മുതല്‍ കേരളീയശൈലിയില്‍ ധാരാളമായി രചിക്കപ്പെട്ടു. അനേകം കിളിപ്പാട്ടുകളും (ഉദാ. കപിലോപാഖ്യാനം, സീതാദുഃഖം, വില്വാദ്രിമാഹാത്മ്യം) മറ്റു പാട്ടുകളും (ഓണപ്പാട്ട്, പടപ്പാട്ട്, വഞ്ചിപ്പാട്ട്) വീരഗാഥകളും (വടക്കന്‍ പാട്ട്, തെക്കന്‍പാട്ട്) ഉണ്ടായി. കിളിപ്പാട്ടിന്റെയും പാനയുടെയും വളര്‍ച്ച 18-ാം ശതകത്തിലെ കുഞ്ചന്‍നമ്പ്യാരുടെയും മച്ചാട്ടിളയതിന്റെയും കാവ്യങ്ങളിലാണ് പൂര്‍ണമാകുന്നത്. ദൂതവാക്യം പതിന്നാലുവൃത്തം, രുക്മിണീസ്വയംവരം പത്തുവൃത്തം, ശീലാവതി നാലുവൃത്തം, ഏകാദശീമാഹാത്മ്യം, നളചരിതം, ശിവപുരാണം, പഞ്ചതന്ത്രം, വിഷ്ണുഗീത എന്നീ ദീര്‍ഘങ്ങളായ ഭാഷാഗാനങ്ങള്‍ ഖണ്ഡകാവ്യ പരിഗണനയില്‍ നിന്ന് ഒഴിച്ചുനിര്‍ത്തേണ്ടതില്ല. അതുപോലെ രാമപുരത്തു വാര്യരുടെ പ്രഖ്യാതമായ കുചേലവൃത്തം വഞ്ചിപ്പാട്ടും. എന്നാല്‍ നമ്പ്യാരുടെ അറുപതോളം വരുന്ന തുള്ളല്‍ക്കഥകള്‍ക്ക് രംഗകലയിലാണ് മുഖ്യസ്ഥാനം. കുഞ്ചന്‍നമ്പ്യാരെ അനുകരിച്ച് ഇത്തരം അസംഖ്യം കാവ്യങ്ങള്‍ 18, 19 ശതകങ്ങളില്‍ എഴുതപ്പെട്ടു. മച്ചാട്ടുനാരായണന് ഇളയതിന്റെ (1765-1842) പാര്‍വതീസ്വയംവരം പന്ത്രണ്ടുവൃത്തം, അംബരീഷചരിതം പന്ത്രണ്ടുവൃത്തം, ശാകുന്തളം എട്ടുവൃത്തം, സീതാസ്വയംവരം നാലുവൃത്തം തുടങ്ങിയ ദീര്ഘഗാനങ്ങളും വ്യാസോത്പത്തി, പാത്രചരിതം തുടങ്ങിയ കുറത്തിപ്പാട്ടുകളും കൃഷ്ണലീല, നളചരിതം തുടങ്ങിയ പാനകളും മലയാളത്തിലെ ഖണ്ഡകാവ്യശാഖയില്പ്പെടുന്നു. മേഘസന്ദേശത്തിന്റെ രൂപഘടന സ്വീകരിച്ച് 14-ാം ശതകത്തില്‍ എഴുതപ്പെട്ടതാണ് ഉണ്ണുനീലിസന്ദേശം. സംസ്കൃതകാവ്യങ്ങളെ അനുകരിച്ചോ ഭാഷാഗാനപാരമ്പര്യത്തെ പിന്തുടര്ന്നോ എഴുതപ്പെട്ട മലയാള ഖണ്ഡകാവ്യങ്ങള്‍ക്ക് 20-ാം ശതകത്തിന്റെ തുടക്കംവരെ ഒരു കുറവും വന്നില്ല. വര്‍ണനകള്‍ക്കും ഉല്ലേഖാദി രസികതകള്ക്കും പ്രബോധനത്തിനും ഹാസ്യത്തിനും പ്രാമുഖ്യം നല്കുന്ന ഈ കാവ്യമാര്‍ഗം ക്ളാസ്സിസിസത്തിന്റെ തുടര്‍ച്ചയാകുന്നു. കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ (1845-1915) ദൈവയോഗം, യമപ്രണാമശതകം, മയൂരസന്ദേശം, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ (1864-1913) കംസന്, തുപ്പല്ക്കോളാമ്പി, വെണ്മണിമഹന് നമ്പൂതിരിയുടെ (1844-93) പൂരപ്രബന്ധം, കുണ്ടൂര്‍ നാരായണമേനോന്റെ (1861-1936) കണ്ണന്, കോമപ്പന്‍, ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്റെ (1869-1916) വിനോദിനി, കെ.സി. കേശവപിള്ളയുടെ (1868-1913) ആസന്നമരണചിന്താശതകം എന്നിങ്ങനെ ധാരാളം കൃതികള്‍ രചിക്കപ്പെട്ടു. ഒപ്പം നവോത്ഥാനത്തിന്റെ പ്രതിഫലനമെന്നോണം കാല്പനികഭാവന പ്രകടമാവുകയും ഖണ്ഡകാവ്യസങ്കല്പത്തിന് ഗുണപരമായ ഒരു പരിണാമം, കാല്പനികതാപ്രസൂതമായ പരിവേഷം ഉണ്ടാവുകയും ചെയ്തു. ഖണ്ഡകാവ്യം എന്ന വാക്കിന് സാങ്കേതികമായ അര്ഥക്ളിപ്തിയും ഉണ്ടായി. അങ്ങനെ നവീനഖണ്ഡകാവ്യമായി ഗണിക്കാവുന്നതാണ് ഏ.ആര്. രാജരാജവര്‍മയുടെ (1863-1918) മലയവിലാസം, സി.എസ്. സുബ്രഹ്മണ്യന് പോറ്റിയുടെ (1875-1954) ഒരു വിലാപം, കുമാരനാശാന്റെ (1873-1924) വീണപൂവ്, വി.സി. ബാലകൃഷ്ണപ്പണിക്കരുടെ (1889-1915) ഒരു വിലാപം, വിശ്വരൂപം എന്നിവ.
മലയാളത്തിലെ നവീനഖണ്ഡകാവ്യം. നവീനഖണ്ഡകാവ്യം എന്ന ഈ പുതിയ പ്രസ്ഥാനം ഉരുത്തിരിഞ്ഞത് മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ കാലത്തോ (1894) അതിനുതൊട്ടുമുമ്പോ ആണ്. മഹാകാവ്യങ്ങളുടെ രചനയും ഇക്കാലത്തു നടന്നിരുന്നു. നൂതനസരണിയിലേക്ക് കുമാരനാശാനും വള്ളത്തോളും (1878-1958) ഉള്ളൂരും (1877-1949) പ്രവേശിച്ചതോടെയാണ് ഖണ്ഡകാവ്യപ്രസ്ഥാനത്തിന് അംഗീകാരവും അഴകും മിഴിവും അനുഭൂതിസമുത്കര്ഷവും വന്നുചേര്‍ന്നത്. ബധിരവിലാപം, വീണപൂവ്, നളിനി, കര്‍ണഭൂഷണം എന്നിവ പ്രസിദ്ധം ചെയ്തതോടെ ഖണ്ഡകാവ്യപ്രസ്ഥാനം ലബ്ധപ്രതിഷ്ഠമായി. ലീല, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, ചിന്താവിഷ്ടയായ സീത, പ്രരോദനം, കരുണ എന്നീ ആശാന്‍കൃതികളും ബന്ധനസ്ഥനായ അനിരുദ്ധന്, മഗ്ദലനമറിയം, ശിഷ്യനും മകനും തുടങ്ങിയ വള്ളത്തോള്‍ കൃതികളും പിങ്ഗള, ഭക്തിദീപിക എന്നീ ഉള്ളൂര്‍ കൃതികളും ശില്പഭംഗിയുള്ള ഖണ്ഡകാവ്യങ്ങളായി അംഗീകരിക്കപ്പെട്ടു. ഘടന, ദാര്‍ഢ്യം, ഭാവദീപ്തി, കഥാപാത്രങ്ങളുടെ വ്യക്തിത്വം, ധ്വനിയുടെ ഭാവോന്മീലനപടുത്വം, ആധുനിക ജീവിതത്തിന്റെ മൂല്യസങ്കല്പങ്ങള്ക്കും സ്ഥിതിവിശേഷങ്ങള്‍ക്കും അനുരോധമായി പുരോഗമനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന രചന, കവികളുടെ വിഭിന്ന വ്യക്തിത്വങ്ങളുടെ വിലാസം എന്നിവയാണ് ഇവയുടെ പ്രത്യേകതകള്‍. വൈചിത്യ്രം അവയ്ക്കു വേണ്ടുവോളമുണ്ട്. പാത്രചിത്രീകരണ പാടവവും ജീവിതാവബോധവുംകൊണ്ട് കുമാരനാശാന്റെ കൃതികള്‍ ശ്രദ്ധേയങ്ങളാണ്. നാടകീയതയും ശില്പസംവിധാനവും വള്ളത്തോള്‍ കൃതികള്‍ക്കു കലാഭംഗി നല്കുന്നു. ഉദ്ബോധനാത്മകങ്ങളായ ആശയങ്ങള്‍ ജീവിതത്തില്‍ പ്രയോഗിക്കുമ്പോഴത്തെ ഉദാത്തത ഉള്ളൂരിന്റെ വ്യക്തിമുദ്രയാണ്. ആധുനികഖണ്ഡകാവ്യങ്ങളുടെ കൂട്ടത്തില്‍ വി.സി. ബാലകൃഷ്ണപ്പണിക്കരുടെ ഒരു വിലാപത്തിനും (1907) നാലപ്പാട്ടു നാരായണമേനോന്റെ കണ്ണുനീര്‍ത്തുള്ളിക്കും (1924) ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണനും (1937) സവിശേഷമായ സ്ഥാനമുണ്ട്. ആധുനിക പ്രമേയങ്ങളുടെ സ്വതന്ത്രവും ആഖ്യാനപ്രധാനവുമായ ആവിഷ്കാരം എന്നനിലയില്‍ ജി. ശങ്കരക്കുറുപ്പിന്റെ മൂന്നരുവിയും ഒരു പുഴയും (1963), എന്‍.വി.കൃഷ്ണവാരിയരുടെ നീണ്ടകവിതകളും (1948), അക്കിത്തത്തിന്റെ ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസവും (1958), വൈലോപ്പിള്ളിയുടെ കുടിയൊഴിക്കലും (1952), ഒളപ്പമണ്ണയുടെ നങ്ങേമക്കുട്ടിയും (1967) ശ്രദ്ധേയമാണ്. ഖണ്ഡകാവ്യപ്രസ്ഥാനത്തിനുവന്ന ശില്പപരവും ഭാവപരവുമായ മാറ്റങ്ങള്‍ ഈ കൃതികള്‍ ഉദാഹരിക്കുന്നു. നോ. ഭാവഗീതം.
(ഇടയാറന്മുള കെ.എസ്. വറുഗീസ്; സ.പ.)