This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഷ്ണയ്യര്‍, കെ.വി. (1894 - 1982)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:28, 9 ജൂലൈ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കൃഷ്ണയ്യര്‍, കെ.വി. (1894 - 1982)

കേരള ചരിത്രകാരന്‍. 1894 ന. 23-ന് പാലക്കാട്ട് ചിറ്റൂര്‍ താലൂക്കില്‍പ്പെട്ട പല്ലാവൂരില്‍ ജനിച്ചു. മദ്രാസ് സര്‍വകലാശാലയില്‍ നിന്നു ചരിത്രവും ധനതത്ത്വശാസ്ത്രവും ഐച്ഛികവിഷയമായെടുത്തു ബി.എ. ഓണേഴ്സ് ബിരുദം നേടി (1917). തുടര്‍ന്ന് സാമൂതിരികോളജില്‍ (ഇന്നത്തെ ഗുരുവായൂരപ്പന്‍ കോളജ്) അധ്യാപകനായി (1919-52) സേവനമനുഷ്ഠിച്ചു. അധ്യാപക വൃത്തിയിലിരിക്കുമ്പോള്‍ത്തന്നെ മദ്രാസ് സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി.

കേരള ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും മേഖലയില്‍ വെളിച്ചം പകരുന്ന ചില ഗവേഷണ കൃതികള്‍ ഇദ്ദേഹം രചിച്ചു. ഇദ്ദേഹത്തിന്റെ ദ് സാമിറന്‍സ് ഒഫ് കാലിക്കട്ട് (1938) പ്രസ്തുത വിഷയത്തിലുള്ള ആധികാരിക ഗ്രന്ഥങ്ങളില്‍ ഒന്നാണ്. എ ഷോര്‍ട്ട് ഹിസ്റ്ററി ഒഫ് കേരള (1966), ദ് ക്രോസിങ് ഒഫ് ദ് സ്വോര്‍ഡ് ആന്‍ഡ് ദ് ബിഡ് ഫോര്‍ ദി എംപയര്‍, ആന്‍ ഔട്ട് ലൈന്‍ ഹിസ്റ്ററി ഒഫ് ഗ്രീസ് എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു കൃതികള്‍. മേരിസാമുവല്‍ ഡേവിഡുമായിച്ചേര്‍ന്നു ദ് മേക്കിങ് ഒഫ് ഹിസ്റ്ററി എന്ന ഒരു ചെറുകൃതി കൂടി ഇദ്ദേഹം രചിച്ചിട്ടുണ്ട്. കേരള ഹിസ്റ്ററി അസോസിയേഷന്‍ പ്രസിദ്ധപ്പെടുത്തിയ കേരളചരിത്രത്തില്‍ (രണ്ടു വാല്യങ്ങള്‍) ഇദ്ദേഹം എഴുതിയ 'സാമൂതിരിമാര്‍', 'പരദേശബ്രാഹ്മണര്‍', 'ഭക്തിപ്രസ്ഥാനത്തിന്റെ പുനരുജ്ജീവനം' എന്നീ അധ്യായങ്ങളും ശ്രദ്ധേയങ്ങളാണ്. ചരിത്രഗവേഷണ പ്രധാനങ്ങളായ നൂറിലേറെ ലേഖനങ്ങളും ഇദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ഹിസ്റ്ററി അസോസിയേഷന്റെ വൈസ് പ്രസിഡന്റായും (1968-76), കേരള ഗസറ്റിയേഴ്സ്, കേരള സംസ്ഥാന സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉപദേശക സമിതികളിലും റീജിയണല്‍ റിക്കാര്‍ഡ്സ് സര്‍വേ കമ്മിറ്റിയിലും കോഴിക്കോടു സര്‍വകലാശാലാ റിസര്‍ച്ച് കൌണ്‍സിലിലും അംഗമായി സേവനം അനുഷ്ഠിച്ചിട്ടുള്ള കൃഷ്ണയ്യര്‍ 1982 മാ. 4-ന് കോയമ്പത്തൂരില്‍ അന്തരിച്ചു.

(ഡോ. കെ.കെ. കുസുമന്‍; എസ്.എം. മുഹമ്മദ് കോയ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍