This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുൽക്കർണി, കെ.എസ്‌. (1918 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:00, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുൽക്കർണി, കെ.എസ്‌. (1918 - 94)

ശില്‌പകലാ വിദഗ്‌ധന്‍. ശ്യാമ്‌റാവുവിന്റെയും പാർവതിയുടെയും പുത്രനായി കർണാടകത്തിലെ ബൽഗാമിൽ 1918 ഏപ്രിലിൽ കൃഷ്‌ണാജി ശ്യാമ്‌റാവു കുൽക്കർണി ജനിച്ചു. ബോംബെയിലെ ജെ.ജെ. സ്‌കൂള്‍ ഒഫ്‌ ആർട്‌സിൽ നിന്ന്‌ ശില്‌പരചനയിൽ ബിരുദം കരസ്ഥമാക്കിയശേഷം ഡൽഹി ക്ലോത്ത്‌മിൽസിലെ ടെക്‌സ്റ്റൈൽ ഡിസൈനിങ്‌ വിഭാഗത്തിൽ ഉദ്യോഗസ്ഥനായി (1944-46). 1951 മുതൽ 67 വരെ ത്രിവേണിയുടെ കലാവിഭാഗത്തിന്റെ അധ്യക്ഷനായിരുന്നു. പിന്നീട്‌ ബനാറസ്‌ ഹിന്ദു സർവകലാശാലയിലെ ചിത്രരചനാവിഭാഗത്തിന്റെ പ്രാഫസറും അധ്യക്ഷനുമായി സേവനമനുഷ്‌ഠിച്ചു. മനോഹരങ്ങളായ നിരവധി രചനകളുടെ ഉടമയായ കുൽക്കർണിയുടെ ശില്‌പങ്ങളുടെ പ്രദർശനം അനേകം തവണ ഇന്ത്യയിലും വിദേശങ്ങളിലും നടത്തിയിട്ടുണ്ട്‌. ഇന്ത്യാഗവണ്‍മെന്റിനു വേണ്ടിയും ഇന്ത്യയിലെയും വിദേശങ്ങളിലെയും വിവിധ വ്യവസായ സ്ഥാപനങ്ങള്‍ക്കുവേണ്ടിയും നിരവധി ശില്‌പങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. മൂന്നു ദേശീയ ബഹുമതികളും ഒരു അന്താരാഷ്‌ട്ര ബഹുമതിയും കരസ്ഥമാക്കിയ ഇദ്ദേഹം ഉത്തർപ്രദേശ്‌ സംസ്ഥാന ലളിതകലാ അക്കാദമിയുടെ ഉപാധ്യക്ഷനും (1972-75) ആയിരുന്നു. ഭാരതീയ പാരമ്പര്യമനുസരിച്ചും പാശ്ചാത്യകലാരംഗത്തും മാനദണ്ഡങ്ങള്‍ക്കനുസരിച്ചും ഒരേപോലെ അനായാസം കലാസൃഷ്‌ടി നടത്തിയിരുന്ന ഇദ്ദേഹം മെക്‌സിക്കൊ, ഈജിപ്‌ത്‌ തുടങ്ങിയ രാജ്യങ്ങളിലെ നാടോടി കലകളിൽ നിന്നും പ്രചോദനമുള്‍ക്കൊണ്ടിരുന്നു. തന്റെ വിഷയങ്ങള്‍ ഒരിക്കലും പ്രാദേശികമായി ചുരുക്കാനാവില്ല എന്നും മനുഷ്യചൈതന്യത്തെ സാർവത്രികമാക്കുന്നതിലാണ്‌ തനിക്ക്‌ താത്‌പര്യമെന്നും ഇദ്ദേഹം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ആഗോളാന്തരീക്ഷത്തിൽ, ചുറ്റുമുള്ള ജീവിതത്തിന്റേതായി തനിക്കനുഭവപ്പെടുന്ന താളമനുസരിച്ചാണ്‌ തന്റെ ഉള്ളിലെ കല ആവിഷ്‌കരിക്കപ്പെടുന്നത്‌ എന്നും ഇദ്ദേഹം പറഞ്ഞു. ഇന്ത്യയിലെയും വിദേശ രാഷ്‌ട്രങ്ങളിലെയും ലോകപ്രശസ്‌ത ആർട്ട്‌ ഗ്യാലറികളിലും കാഴ്‌ചബംഗ്ലാവുകളിലും കുൽക്കർണിയുടെ രചനകള്‍ക്ക്‌ അർഹമായ സ്ഥാനം നല്‌കി പ്രദർശിപ്പിച്ചുവരുന്നു. ശില്‌പരചനയെ ആധാരമാക്കി ഇദ്ദേഹം രചിച്ച ഹ്യൂമന്‍ഫോം ഇന്‍ ഇന്ത്യന്‍ സ്‌കള്‍പ്‌ചേഴ്‌സ്‌ ഈ മേഖലയിലെ ഒരു ആധികാരിക ഗ്രന്ഥമാണ്‌. 1994-ൽ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍