This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്‌ണഗീതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:34, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കൃഷ്‌ണഗീതി

1654-ാമാണ്ടിനടുത്ത്‌ കോഴിക്കോട്ട്‌ മാനവേദ രാജാവ്‌ നിർമിച്ച ഒരു ഗീതകാവ്യം. ജയദേവകവിയുടെ അഷ്‌ടപദിയെന്നുകൂടി പേരുള്ള ഗീതഗോവിന്ദ കാവ്യം പോലെ ശ്ലോകങ്ങളും ഗീതങ്ങളും ഇടകലർത്തി രചിച്ചിട്ടുള്ള ഒരു കാവ്യമാണിത്‌.

""ഭ്രാജിഷ്‌ണർ ഗുരുവായുമന്ദിര വിരോചിഷ്‌ണുഃ
				സജിഷ്‌ണുഃ സ്വയം
	ധൃഷ്‌ണുർ വിശ്വജനോപതാപഹരണേ കാവ്യം മമ
				ഖ്യാപയേൽ''
 

എന്ന ശ്ലോകത്തിൽ ഗുരുവായൂരപ്പന്‍ തന്റെ കാവ്യത്തിനു പ്രസിദ്ധിയുണ്ടാക്കിത്തരണേ എന്നും ""വിക്രമാഖ്യസ്യരാജ്ഞഃ സ്വാസ്രീയോ മാനവേദോ മുരമഥന കഥാവർണനാലോഭനുന്നഃ വിഷ്‌ണോർ വൃഷ്‌ണീശ്വരസ്യ പ്രഥയതി പദ രൂപേണ കിഞ്ചിൽ കഥാം താം എന്ന ശ്ലോകത്തിൽ വിക്രമരാജാവിന്റെ സഹോദരീപുത്രനായ മാനവേദന്‍ കൃഷ്‌ണകഥയെ പദങ്ങളായി നിർമിക്കുന്നുവെന്നും കവി പറഞ്ഞിട്ടുണ്ട്‌. പദങ്ങള്‍ രസഭാവപ്രധാനങ്ങളായ ഗീതങ്ങളാണ്‌. കഥകളിപ്പദങ്ങള്‍ എന്നാണല്ലോ പ്രസിദ്ധി. കൃഷ്‌ണഗീതിയെന്നു പേരുള്ള ഈ സ്‌തുതി പാട്ടുകാർ സ്വീകരിക്കണമെന്നും ഈ സ്‌തുതി ചൊല്ലുന്നവർക്കു മോക്ഷം നല്‌കണമെന്നും അവസാനപദ്യത്തിൽ കവി ഗുരുവായൂരപ്പനോട്‌ പ്രാർഥിക്കുന്നുമുണ്ട്‌. ആ ശ്ലോകം ഇതാണ്‌:

""സ്‌ഫായദ്‌ ഭക്തി ഭരേണനുന്നമനസാ
				ശ്രീമാനവേദാഭിധ-
	ക്ഷോണീന്ദ്രണ കൃതാനിരാകൃത കലിർഗ്രാഹ്യാ
				സ്‌തുതിർ ഗാഥകൈഃ
	ലക്ഷ്‌മീവല്ലഭ! കൃഷ്‌ണഗീതിരിതിവിഖ്യാതാ
				തവാനുഗ്രഹാ-
	ദേഷാ പുഷ്‌കര ലോചനേഹ പഠതാം പുഷ്‌ണാതു
				മോക്ഷ ശ്രിയം''
 

ഇതിൽ "ഗ്രാഹ്യാസ്‌തുതിർഗാഥകൈഃ' എന്നത്‌ അക്ഷരസംഖ്യാപ്രകാരം 17,36,612 എന്ന കലിദിന സംഖ്യയാണ്‌. അതുവച്ചു കണക്കാക്കിയാൽ കൊല്ലവർഷം 829 (എ.ഡി. 1654)ലാണ്‌ ഇതിന്റെ നിർമാണമെന്നു കിട്ടും.

അഷ്‌ടപദിയിലെ ഗീതങ്ങളിൽ പ്രായേണ എട്ടെട്ടു ചരണങ്ങളാണ്‌. "അഷ്‌ടപദി'യെന്ന പേർ വരാന്‍ അതാണ്‌ കാരണം, ക്ഷേത്രസോപാനങ്ങളിൽ കൊട്ടിപ്പാടി സേവയ്‌ക്ക്‌ അഷ്‌ടപദി ഗാനങ്ങളെപ്പോലെ പ്രചാരമുള്ള പാട്ടുകള്‍ വേറെയില്ല. അതുപോലെ കൊട്ടിപ്പാടി സേവയ്‌ക്കു വേണ്ടിത്തന്നെ നിർമിച്ചിട്ടുള്ള ഒരു ഗീതകാവ്യമാണ്‌ കൃഷ്‌ണഗീതിയും. പാട്ടുകാർ ഈ സ്‌തുതി സ്വീകരിക്കണമെന്നു കവി പ്രാർഥിക്കാനുള്ള കാരണവും അതാണ്‌. കൃഷ്‌ണനാട്ടത്തിലെ പാട്ടുകാർ ഇപ്പോഴും കൃഷ്‌ണഗീതി പാടി ഗുരുവായൂരപ്പനെ സ്‌തുതിക്കാറുണ്ട്‌. മേല്‌പുത്തൂർ ഭട്ടപാദരുടെ നാരായണീയം പോലെ ഗുരുവായൂരപ്പനെ നേരിട്ടു സംബോധന ചെയ്‌തുകൊണ്ടു രചിച്ചിട്ടുള്ള ഒരു ഭക്തികാവ്യമാണ്‌ കൃഷ്‌ണഗീതി.

അഷ്‌ടപദിയുടെ മൂന്നിരട്ടി വലുപ്പമുണ്ട്‌ കൃഷ്‌ണഗീതിക്ക്‌. ഇരുപത്തിനാലു ഗീതവും തൊണ്ണൂറ്റാറു ശ്ലോകവുമാണ്‌ അഷ്‌ടപദിയിലുള്ളത്‌. കൃഷ്‌ണഗീതിയിലാകട്ടെ എഴുപതു ഗീതവും മുന്നൂറ്റിനാല്‌പത്തഞ്ചു ശ്ലോകവും ഒരു ദണ്ഡകവുമുണ്ട്‌. ശ്ലോകങ്ങള്‍ മുഴുവനും പതിനേഴു ഗീതങ്ങളും ദണ്ഡകവും നാരായണീയത്തിലെന്നപോലെ കവി ഗുരുവായൂരപ്പനോടു നേരിട്ടു പറയുന്നവയാണ്‌. കഥാപാത്രങ്ങള്‍ ചെയ്യുന്ന സംഭാഷണം, വിചാരം, ഉപദേശം, സ്‌തുതി മുതലായവയാണ്‌ അമ്പത്തിമൂന്നു ഗീതങ്ങള്‍. പൊതുവിൽ ദീർഘങ്ങളാണ്‌ ഗീതങ്ങളെന്നു പറയാം. താളമേള വൈചിത്യ്രം അവയ്‌ക്കു കുറെയൊക്കെയുണ്ട്‌. താളഗതിക്കനുസരിച്ചു പല ഭംഗിയിലും ഗീതങ്ങളിൽ ഗുരുലഘുക്കള്‍ വിന്യസിച്ചിരിക്കുന്നു. ചമ്പ, പഞ്ചാരി, ത്രിപുട, അട, ഏകം എന്ന പ്രധാനമായ അഞ്ചു താളങ്ങള്‍ ഇതിൽ ഉപയോഗിച്ചു കാണുന്നുണ്ട്‌. രംഗവൈചിത്യ്രത്തിലും കവി മനസ്സിരുത്തിയിട്ടുണ്ട്‌. ഇരുപത്തിയഞ്ചു രാഗങ്ങളുടെ പേരുകള്‍ യഥോചിതം നിർദേശിച്ചു കാണുന്നു.

ഭാഗവതം ദശമസ്‌കന്ധത്തിലെ കഥയാണ്‌ കൃഷ്‌ണഗീതിയിലെ പ്രതിപാദ്യം. ഒടുവിൽ ഏകാദശ ദ്വാദശസ്‌കന്ധങ്ങളുടെ സാരസംഗ്രഹവുമുണ്ട്‌. അവതാരം, കാളിയമർദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വർഗാരോഹണം ഇങ്ങനെ എട്ടു കഥകളായിട്ടാണ്‌ കൃഷ്‌ണഗീതി വിഭജിച്ചിട്ടുള്ളത്‌. അവതാരത്തിൽ 18 രംഗങ്ങളുണ്ട്‌. ബ്രഹ്മാവിനോടു ഭൂമിദേവി സങ്കടം ഉണർത്തുന്നതു മുതൽ ഉണ്ണിക്കൃഷ്‌ണന്റെ നവനീതാദിചോരണം വരെയുള്ള കഥാഭാഗമാണ്‌ ഇതിലെ പ്രതിപാദ്യം. 14 രംഗങ്ങളുള്ള കാളിയമർദനത്തിൽ രാമകൃഷ്‌ണന്മാരുടെ വൃന്ദാവനയാത്ര മുതൽ ഗോവർധനോദ്ധാരണം വരെയുള്ള കഥാഭാഗം അടങ്ങിയിരിക്കുന്നു. രാസക്രീഡയിൽ 11 രംഗങ്ങളാണുള്ളത്‌. ഇത്‌ വേണുഗാനം മുതൽ ശംഖചൂഡ നിഗ്രഹം വരെയുള്ള കഥാംശം ഉള്‍ക്കൊള്ളുന്നു. 15 രംഗങ്ങള്‍ അടങ്ങിയതാണ്‌ കംസവധം. കംസനാരദസംഭാഷണം മുതൽ ദേവകീവസുദേവന്മാരുടെ ബന്ധനമോചനം വരെയുള്ള കഥ ഇതിൽ വിവരിച്ചിരിക്കുന്നു. സ്വയംവരത്തിൽ 16 രംഗങ്ങള്‍ ഉണ്ട്‌. രാമകൃഷ്‌ണന്മാരുടെ വിവിധ വിലാസങ്ങള്‍ മുതൽ സത്യഭാമാപരിണയം വരെയാണ്‌ കഥാംശം. നരകാസുരവധം മുതൽ നൃഗമോക്ഷം വരെയുള്ള കഥാഭാഗം വിവരിക്കുന്ന ബാണയുദ്ധത്തിൽ 11 രംഗങ്ങളാണുള്ളത്‌. ബലരാമന്റെ മദിരോത്സവം മുതൽ കുചേലോപാഖ്യാനം വരെയുള്ള കഥാഭാഗം ഉള്‍ക്കൊള്ളുന്ന വിവിദവധത്തിൽ 17 രംഗങ്ങളും സന്താനഗോപാലം കഥ മുതൽ ശ്രീകൃഷ്‌ണന്റെ വൈകുണ്‌ഠപ്രവേശം വരെയുള്ള കഥാഭാഗം വർണിക്കുന്ന സ്വർഗാരോഹണത്തിൽ 10 രംഗങ്ങളും ആണുള്ളത്‌.

ഈ കൃഷ്‌ണഗീതിയെ അനുകരിച്ച്‌ മഹാകവി രാമപാണിവാദന്‍ മുക്കോലഭഗവതിയെക്കുറിച്ച്‌ ശിവാഗീതി എന്നൊരു ഗീതകാവ്യം നിർമിച്ചിട്ടുണ്ട്‌. ചുരുക്കത്തിൽ ഗീതഗോവിന്ദത്തിന്റെ മാതൃകയിൽ കേരളത്തിൽ ആദ്യമായുണ്ടായ സംസ്‌കൃത ഗീതകാവ്യമാണ്‌ കൃഷ്‌ണഗീതിയെന്നു പറയാം. ആട്ടക്കഥകള്‍ക്കു മാർഗദർശനം നല്‌കിയത്‌ ആടാനും പാടാനും പറ്റിയ ഈ കൃഷ്‌ണഗീതിയാണ്‌.

(പ്രാഫ. കെ.പി. നാരായണപ്പിഷാരടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍