This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഗേന്ദ്ര മത്സ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:49, 3 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാഗേന്ദ്ര മത്സ്യം

Konti barb

സൈപ്രിനിഡെ (Cyprinidae) മത്സ്യകുടുംബത്തില്‍പ്പെടുന്ന വളര്‍ത്തുമത്സ്യം. ശാ.നാ.: ഓസ്റ്റിയോക്കൈലസ് തോമാസ്സി (Osteochilus thomassi). ദക്ഷിണേന്ത്യയിലെ ഗോദാവരി, കൃഷ്ണ, തുംഗഭദ്ര എന്നീ നദികളില്‍ ഈ മത്സ്യം ധാരാളമായി കാണുന്നു.

60 സെ.മീ. നീളത്തില്‍ വളരുന്ന നാഗേന്ദ്ര മത്സ്യത്തിന് ദീര്‍ഘായതാകൃതിയാണ്. ഇതിന്റെ മുതുകുഭാഗവും ഉദരഭാഗവും മങ്ങിയ വെളുപ്പും പാര്‍ശ്വങ്ങള്‍ വെള്ളിനിറവുമാണ്. ശരീരത്തിന്റെ പാര്‍ശ്വഭാഗം അല്പം പതിഞ്ഞിരിക്കുന്ന ഇതിന്റെ മോന്ത വായയുടെ മുകളിലേക്ക് അല്പം ഉന്തിനില്‍ക്കുന്നു. മോന്തയില്‍ നിരവധി സൂക്ഷ്മസുഷിരങ്ങളുമുണ്ട്. മേല്‍ച്ചുണ്ടില്‍ ഞൊറികളുണ്ടായിരിക്കും; തൊങ്ങലുകളില്ല. മുന്‍പാര്‍ശ്വച്ചിറകുകള്‍ തലയുടെ അത്രതന്നെ നീളമുള്ളതാണ്. നാഗേന്ദ്ര മത്സ്യത്തിന് ക്രമത്തില്‍ അടുക്കിയിരിക്കുന്ന വലിയ ചെതുമ്പലുകളാണുള്ളത്. പാര്‍ശ്വരേഖയില്‍ 35-45 ചെതുമ്പലുകളുണ്ടായിരിക്കും. മുതുച്ചിറകില്‍ 11-13 ശാഖകളുള്ള 'റേ'കള്‍ കാണപ്പെടുന്നു. വാല്‍ച്ചിറകിന്റെ അരികിനു കറുപ്പുനിറമാണ്.

നാഗേന്ദ്ര മത്സ്യം പ്രധാനമായും ജലോപരിതലത്തിലാണ് ഇരതേടുന്നത്. ജലാശയങ്ങളുടെ കരയോടടുത്ത ഭാഗങ്ങളിലും അടിത്തട്ടിലും ചുണ്ടുകള്‍ കൊണ്ട് ചികഞ്ഞു നടന്ന് ഇരയെ കണ്ടെത്തുന്നു. സസ്യപ്ലവകങ്ങളും പായലുകളും ക്രസ്റ്റേഷ്യ വര്‍ഗത്തില്‍പ്പെട്ട ജന്തുപ്ലവകങ്ങളുമാണ് ഇവ ഭക്ഷിക്കുന്നത്.

നാഗേന്ദ്ര മത്സ്യം പ്രജനനം നടത്തുന്നത് ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസക്കാലയളവിലാണ്. ഇക്കാലത്ത് അമ്പതോളം മത്സ്യങ്ങള്‍ കൂട്ടം ചേര്‍ന്ന് ആഴം കുറഞ്ഞതും ചരല്‍നിറഞ്ഞതുമായ നല്ല ഒഴുക്കുള്ള നദീതീരങ്ങളിലേക്കു പ്രജനനത്തിനായി എത്തിച്ചേരുന്നു. 25 സെന്റിമീറ്ററോളം വളര്‍ച്ചയെത്തിയ ഒരു പെണ്‍മത്സ്യം 30,000 മുട്ടകള്‍ വരെ ഇടുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുട്ടകള്‍ക്ക് ഏകദേശം 1.5 മി.മീ. വരെ വ്യാസമുണ്ടാകും.

തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും നാഗേന്ദ്ര മത്സ്യക്കൃഷിയുണ്ട്. പായലുകളും സസ്യപ്ലവകങ്ങളും നിറഞ്ഞ ഉള്‍നാടന്‍ കുളങ്ങളിലും ജലാശയങ്ങളിലും ഈ മത്സ്യം വളര്‍ത്തുന്നത് വളരെ ആദായകരമാണെന്ന് കണ്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍